| Monday, 27th May 2019, 2:59 pm

റമദാന്‍ മാസത്തിലും ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്നവരാണ് തനിക്കെതിരായ പ്രചരണത്തിന് പിന്നില്‍: പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ചുകൊണ്ട് താന്‍ സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖ ചിലര്‍ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് പി.സി. ജോര്‍ജ്.

ശബ്ദരേഖയെ സംബന്ധിച്ച് ഞാന്‍ കൊടുത്ത പരാതിയില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ സത്യാവസ്ഥ എവര്‍ക്കും ബോധ്യപ്പെടുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും, സമൂഹത്തില്‍ വര്‍ഗ്ഗീയചേരിതിരിവ് സൃഷ്ടിക്കുവാനും നേതൃത്വം കൊടുക്കുന്നവര്‍ ആരാണെന്ന് ഇതിനോടകം ആളുകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.

പരിശുദ്ധ റമദാന്‍ മാസത്തില്‍ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികള്‍ ഇതിന് നേതൃത്വം കൊടുക്കുന്നു എന്ന് പറയുമ്പോള്‍ അവരുടെ ദുഷ്ടലാക്ക് എന്ത് എന്ന് ബോധ്യപ്പെടും.

റമദാന്‍ മാസം ഈരാറ്റുപേട്ടയില്‍ പൊതുയോഗം വെച്ച് മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്നതും പരസ്പരം സ്പര്‍ദ്ധയുണ്ടാക്കുന്നതും ശരിയല്ലാത്തത് കൊണ്ട് ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങള്‍ ഈരാറ്റുപേട്ടയില്‍ പറയുമെന്നും പി.സി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ബുധനാഴ്ച രാത്രി പി സി ജോര്‍ജ്ജ് എം.എല്‍.എയുടെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പി.സി ജോര്‍ജ്ജിന്റെ ശബ്ദരേഖയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പി.സി ജോര്‍ജ്ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.

അടുത്തിടെയാണ് പി.സി ജോര്‍ജ്ജിന്റെ ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയത്. ഓസ്‌ട്രേലിയയില്‍നിന്നെന്നു പരിചയപ്പെടുത്തി സെബാസ്റ്റ്യന്‍ എന്നയാളാണ് പി.സി ജോര്‍ജ്ജിനെ ഫോണില്‍ ബന്ധപ്പെട്ടത്. ഈ സംഭാഷണത്തിലാണ് തീവ്രവാദികളായ മുസ്‌ലീങ്ങളുടെ പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞത്.

വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് എം.എല്‍.എ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയിരുന്നു.

എഴ് മിനിറ്റോളം നീളുന്ന ശബ്ദരേഖയില്‍ വന്നിട്ടുള്ള ശബ്ദം തന്റേതല്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.അത്തരത്തില്‍ ഒരു ഫോണ്‍ കാള്‍ വന്നിരുന്നെന്നും പി.സി ജോര്‍ജ് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പി.സി. ജോര്‍ജിന്റേതായി ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പിങ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ആ ശബ്ദരേഖയുടെ മൂന്ന് മിനിറ്റോളം ഭാഗം തന്റേതാണെന്നും അതിന് ശേഷമുള്ള ശബ്ദം തന്റേതല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. .

ഇത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി സംശയമുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

ശബ്ദരേഖയില്‍ മുസ്ലിം വിഭാഗത്തെ ആക്ഷേപിച്ച് സംസാരിച്ചതായി ആരോപണം ഉയര്‍ന്നതോടെ എം.എല്‍.എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടക്കുകയും കല്ലേറ് ഉണ്ടാവുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടായ സംഭവങ്ങള്‍ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണ്. അതിന് അടിസ്ഥാനമായി പറയപ്പെടുന്ന ശബ്ദരേഖയെ സംബന്ധിച്ച് ഞാന്‍ കൊടുത്ത പരാതിയില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ സത്യാവസ്ഥ എവര്‍ക്കും ബോധ്യപ്പെടും.

എന്നാല്‍ ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും , സമൂഹത്തില്‍ വര്‍ഗ്ഗീയചേരിതിരിവ് സൃഷ്ടിക്കുവാനും നേതൃത്വം കൊടുക്കുന്നവര്‍ ആരാണെന്ന് ഇതിനോടകം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പരിശുദ്ധ റമദാന്‍ മാസത്തില്‍ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികള്‍ ഇതിന് നേതൃത്വം കൊടുക്കുന്നു എന്ന് പറയുമ്പോള്‍ അവരുടെ ദുഷ്ടലാക്ക് എന്ത് എന്ന് ബോധ്യപ്പെടും.

റമസാന്‍ മാസം ഈരാറ്റുപേട്ടയില്‍ പൊതുയോഗം വച്ച് മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്നതും പരസ്പരം സ്പര്‍ദ്ധയുണ്ടാക്കുന്നതും ശരിയല്ലാത്തത് കൊണ്ട് ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങള്‍ ഞാന്‍ ഈരാറ്റുപേട്ടയില്‍ പറയും.

We use cookies to give you the best possible experience. Learn more