കോട്ടയം: പിണറായിയുടെ നേട്ടമാണ് എല്‍.ഡി.എഫ് വിജയത്തിന് കാരണമെന്ന് പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്. തന്റെ തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് മുന്നണിയ്ക്കും എതിരായി ഒറ്റയ്ക്ക് മത്സരിച്ച തന്നെ രണ്ടാം സ്ഥാനത്തെത്തിച്ച പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മൂന്ന് മുന്നണിയ്ക്കും എതിരായി ഒറ്റയ്ക്ക് മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ട്. ഇത് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരു നന്ദി കെട്ടവനാവും.
എല്‍.ഡി.എഫിന്റെ, സി.പി.ഐ.എമ്മിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ത്ഥത്തില്‍ പിണറായിയുടെ നേട്ടമാണെന്നാണ് എന്റെ അഭിപ്രായം.
കാരണം, കേരള ചരിത്രത്തില്‍ പിണറായിയുടെ ഭൂരിപക്ഷം 50,000 ആണ്. ഒരു തെറ്റുമില്ല. ഈ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം, ഇടതുപക്ഷ മന്ത്രിമാരില്‍ ആരെക്കുറിച്ചും വലിയ പരാതികള്‍ ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല, പിണറായി വിജയന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് ചെയ്ത കാര്യങ്ങളില്‍ പ്രധാനപ്പെട്ടതായി, കൊറോണയെ നേരിടാന്‍ അദ്ദേഹം കാണിച്ച ആര്‍ജവം ചെറുതല്ല എന്നതാണ്. രണ്ട് വെള്ളപ്പൊക്കത്തിന്റെ സമയത്തും പിണറായി വിജയന്‍ ജനങ്ങള്‍ക്കൊപ്പം നിന്നു.
ഒരു മനുഷ്യര്‍ പട്ടിണി കിടക്കാന്‍ പിണറായി വിജയന്‍ സമ്മതിച്ചില്ല. വ്യക്തിപരമായി പിണറായി വിജയനെ അംഗീകരിക്കാതിരിക്കാന്‍ തരമില്ല,’ പി. സി ജോര്‍ജ് പറഞ്ഞു.
പാവങ്ങള്‍ക്ക് 32 കിലോ സൗജന്യ അരി, സൗജന്യ കിറ്റ് തുടങ്ങി എം.എല്‍.എമാര്‍ക്ക് വരെ കിറ്റ് കൊടുക്കും. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാര് എന്ന് നോക്കിയാണ് ജനം വോട്ടു ചെയ്തത്. അത് തനിക്ക് അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പല സ്ഥലത്തും ചെന്നപ്പോള്‍ ഞാന്‍ എല്‍.ഡി.എഫിനേ വോട്ട് ചെയ്യൂ എന്ന് ചിലരൊക്കെ പറഞ്ഞു. കണ്ണുകാണാത്ത അമ്മച്ചി വരെ പറയുന്നു എല്‍.ഡി.എഫിനാണ് വോട്ട് ചെയ്യുന്നതെന്ന്. പി. സി ജോര്‍ജ് ആണെന്ന് പറഞ്ഞപ്പോള്‍ മിണ്ടിയില്ലെന്നും ജോര്‍ജ് പറഞ്ഞു.
11,404 വോട്ടിനാണ് പി.സി ജോര്‍ജ് തോറ്റത്. എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കുലാണ് ഇവിടെ ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാണിയ്ക്ക് ഒരു ഘട്ടത്തിലും പോരാട്ടം കാഴ്ച വെക്കാനായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, സൗകര്യമുള്ളവര്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തോല്‍വിയ്ക്ക് പിന്നാലെ ഈ പ്രസ്താവന വെച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
നിലവില്‍ എല്‍.ഡി.എഫ് 98 സീറ്റുകളിലും യു.ഡി.എഫ് 41 സീറ്റുകളിലും എന്‍.ഡി.എ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PC George about his failure and LDF government