| Wednesday, 7th April 2021, 4:41 pm

എസ്.ഡി.പി.ഐക്കാരോട് വളരെ നന്ദിയുണ്ട്, അവര്‍ തീവ്രവാദം ഇനിയും ഇങ്ങനെ തുടരണം; ബി.ജെ.പിക്കാരുടെ ഉള്‍പ്പെടെ വോട്ട് കിട്ടിയെന്ന് പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂഞ്ഞാര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്നത് നൂറ് ശതമാനം ഉറപ്പാണെന്ന് പി.സി ജോര്‍ജ്ജ്. എസ്.ഡി.പി.ഐ പോലുള്ള ഒരു തീവ്രവാദ സംഘടന സി.പി.ഐ.എമ്മിന് പിന്തുണ കൊടുത്തത് സി.പി.ഐ.എമ്മുകാര്‍ക്കിടയില്‍ വേദനയുണ്ടാക്കിയെന്നും നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ടെന്ന് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ഇവിടെ പ്രസ്താവന നടത്തിയതൊന്നും വിലപ്പോയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഈരാറ്റുപേട്ടയില്‍ എന്നോട് വര്‍ഗീയമായി പെരുമാറിയത് കണ്ടതോടെ മറ്റ് പഞ്ചായത്തുകളിലെ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ വലിയ പിന്തുണ എനിക്ക് നല്‍കി. അതുകൊണ്ടാണ് ഞാന്‍ ജയിക്കുന്നത്. ഞാന്‍ പ്രതീക്ഷിക്കാത്ത ഇന്നുവരെ എനിക്ക് വോട്ട് ചെയ്യാത്തവര്‍ എനിക്ക് വേണ്ടി പരസ്യമായി വോട്ട് തേടി ഇറങ്ങുന്നത് കാണാന്‍ കഴിഞ്ഞു.

ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ എനിക്ക് വേണ്ടി വോട്ട് ചോദിച്ചു. അവര്‍ വളരെ ആത്മാര്‍ത്ഥമായി എന്നെ സഹായിച്ചു. എനിക്ക് എസ്.ഡി.പി.ഐയോട് വളരെ നന്ദിയുണ്ട്. അവര്‍ ഇനിയും ഈ തീവ്രവാദം തുടരണം, പി.സി ജോര്‍ജ്ജിന് എതിരായിട്ട്. അപ്പോള്‍ മറ്റു മതസ്ഥരും ബോധമുള്ളവരും എന്നോടൊപ്പം കൂടും. വളരെ നല്ലതാ അത്. ഈരാറ്റുപേട്ട ഈരാറ്റുപേട്ട ആക്കിയവനാ ഞാന്‍. എന്നോട് ഇത്രയും വൃത്തികേട് കാണിക്കാമോ?, പി.സി ജോര്‍ജ് ചോദിച്ചു.

എത്ര വോട്ടിന് ജയിക്കുമെന്ന ചോദ്യത്തിന് ഒരു വോട്ടിന് എങ്കിലും ജയിച്ചാല്‍ പോരെ എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.

എത്ര എന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ഇലക്ഷന്‍ വരെ ഭൂരിപക്ഷത്തെ കുറിച്ച് എന്തും പറയാം. പക്ഷേ ഇനി പറയുന്ന കണക്ക് തെറ്റാന്‍ പാടില്ല. ബൂത്തുകളില്‍ നിന്ന് കണക്ക് വരാനുണ്ട്. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പി സി ജോര്‍ജ് പറയുന്നു.

ഈരാറ്റുപേട്ടയില്‍ ഞാന്‍ താഴെപ്പോകും. അതില്‍ എനിക്ക് സങ്കടമില്ല. അവര്‍ എന്നോട് നന്ദി കാണിക്കുന്നു. സന്തോഷം.

പി.സി ജോര്‍ജ്ജിന് കിട്ടേണ്ട വോട്ടുകള്‍ രണ്ടായിപ്പോയോ എന്ന ചോദ്യത്തിന് രണ്ടായിപ്പോയി എന്നായിരുന്നു ജോര്‍ജിന്റെ മറുപടി. ‘പടച്ചോന്‍ അവിടെ ഇരിക്കുന്നുണ്ട്. അള്ളാഹു എന്നൊക്കെ പറയില്ലേ. പുള്ളി കൈകാര്യം ചെയ്തിട്ടുണ്ട്.

ബി.ജെ.പിയുടെ ഒത്തിരി വോട്ടുകള്‍ കിട്ടി. ഒരു ചായപോലും ബി.ജെ.പിക്കാരന് വാങ്ങിക്കൊടുത്തിട്ടില്ല. ഒരു വോട്ടുകച്ചവടവും ഇല്ല. ബി.ജെ.പി നേതാക്കളോട് ഞാന്‍ മോശമായി സംസാരിച്ചിട്ടില്ല. എല്ലാവരോടും പറയുന്നതുപോലെ അവരോടും സഹായിക്കാമോ എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’, പി.സി ജോര്‍ജ് പറഞ്ഞു.

പാലായില്‍ മാണി സി കാപ്പന്‍ വിജയിക്കുമെന്നും കാപ്പന്‍ ജയിക്കണം എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെന്നും ജോര്‍ജ് പറഞ്ഞു. മാണി സി കാപ്പന്‍ ഒന്നേ മുക്കാല്‍ കൊല്ലം കൊണ്ട് ജനങ്ങളുടെ മനസ്സ് കവര്‍ന്നു. നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു. കാപ്പന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു.

ജോസ് കെ മാണിയോട് പിണക്കമൊന്നും ഉണ്ടായിട്ടല്ല. ഞാന്‍ പണ്ടേ പ്രാകി പോയതാ അതുകൊണ്ടാണ്. മാന്യമായ ഇടപെടല്‍ കൊണ്ട് ജനങ്ങള്‍ മുഴുവന്‍ കാപ്പനൊപ്പമാണ്. ഇപ്പോഴത്തെ നിലയില്‍ ജോസ് കെ മാണിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല, ജോര്‍ജ് പറഞ്ഞു.

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ജയിക്കും. ചങ്ങനാശ്ശേരിയില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍ വാസവന്‍ ജയിക്കും. കടുത്തുരുത്തിയില്‍ മോന്‍സിന്റെ നില പരുങ്ങലിലാണ്. കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനമോ ജയരാജോ ജയിക്കും. വൈക്കത്ത് ആശയും പാലായില്‍ മാണി സി കാപ്പനും ജയിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

പിണറായി വിജയന്‍ ശബരിമലയില്‍ കയറി തമാശകളിക്കാതിരുന്നില്ലെങ്കില്‍ സുഖമായി തുടര്‍ഭരണം ലഭിച്ചേനെയെന്നും പിണറായിയുടെ വിവരക്കേടോ ഉപദേശകരുടെ വിവരക്കേടോ അദ്ദേഹത്തെ ഈ വെട്ടില്‍ കൊണ്ടിട്ടെന്നും പടിക്കല്‍ കലമുടച്ചെന്നും ജോര്‍ജ് പറഞ്ഞു.

ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റിയതുകൊണ്ട് എന്തൊക്കെ ഗതികേട് ഇവിടെ ഉണ്ടായി. രണ്ട് വെള്ളപ്പൊക്കം, നിപ്പ, കൊറോണ, വരള്‍ച്ച ഒടുക്കത്തെ പെണ്ണുങ്ങളെ കയറ്റിയതാണ്. നാടു നശിച്ചു. ദൈവം ശക്തിയാണ് ആചാരങ്ങളെ അത് ഏത് മതവും ആയിക്കോട്ടെ. ദൈവ വിശ്വാസത്തില്‍ കയറി കളിക്കരുത്. രാഷ്ട്രീയക്കാര്‍ ദൈവത്തിന്റെ കാര്യത്തില്‍ ഇടപെടരുത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George About Assembly Election results

Latest Stories

We use cookies to give you the best possible experience. Learn more