ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പി ശ്രമത്തിനുള്ള മറുപടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടേയും ലക്ഷ്യം. അതിന് വേണ്ടി അധികാരം ദുരുപയോഗപ്പെടുത്തിയും പണം ഒഴുക്കിയും പ്രചരണം നടക്കുകയാണ്. അത്തരത്തില് കേരളത്തില് അക്കൗണ്ട് തൂറക്കാന്‍ വരുന്നവര്‍ സൂക്ഷിക്കുക എന്നതാണ് രാഹുല്‍ഗാന്ധിയുടെ മത്സരത്തിന്റെ സന്ദേശമെന്നും പി.സി ചാക്കോ പറഞ്ഞു.
ഇതൊരിക്കലും രാഹുല്‍ഗാന്ധിയുടെ നിലപാടുകളില്‍ നിന്നുള്ള വ്യതിചലനമല്ലെന്നും വലതുപക്ഷ ഫാഷിസ്റ്റ് ശക്തികള്‍ക്കുള്ള പോരാട്ടത്തിന്റെ നടുനായകത്വം രാഹുല്‍ഗാന്ധിക്കാണെന്നും പി.സി ചാക്കോ പറഞ്ഞു.
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം രാഹുല്‍ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇന്നാണ് പ്രഖ്യാപനമുണ്ടായത്. അമേഠിയിലും വയനാട്ടിലും രാഹുല്‍ഗാന്ധി മത്സരിക്കും.ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കേരളത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി സ്വീകരിച്ചെന്നും ആന്റണി പറഞ്ഞു.വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ഘടകക്ഷികളും രംഗത്തെത്തിയിരുന്നു.
തീരുമാനം എത്രയും വേഗം വേണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിയെ നേതാക്കള്‍ സമീപിച്ചിരുന്നു.