|

മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാം, നല്ല പബ്ലിസിറ്റി കിട്ടും; മുഖ്യമന്ത്രിക്കെതിരായ പി.സി. ചാക്കോയുടെ ശബ്ദരേഖ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. തിരുവനന്തപുരം ജില്ല കമ്മിറ്റി യോഗത്തില്‍ പി.സി. ചാക്കോ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്ക്‌കൊള്ളും വിധം സംസാരിക്കാനറിയാമായിരുന്നു എന്നാണ് തിരുവനന്തപുരം ജില്ല കമ്മിറ്റി യോഗത്തില്‍ പി.സി. ചാക്കോ പ്രസംഗിച്ചത്.

ഈ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒരു മാറ്റം വേണോ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും പുറത്തു വന്ന പ്രസംഗത്തില്‍ പി.സി. ചാക്കോ പറയുന്നു. അതിനായി നിര്‍ബന്ധം പിടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.സി. ചാക്കോയുള്ള പ്രസംഗത്തിലുണ്ട്.

മന്ത്രിമാറ്റമെന്നത് ശരദ്പവാറിന്റെയും തങ്ങളുടെ പാര്‍ട്ടിയുടെയും തീരുമാനമാണെന്നും അത് നടപ്പാക്കണമെന്നും താന്‍ ആവശ്യപ്പെട്ടെന്നും അതിനപ്പുറത്തേക്ക് ഒന്നും പറഞ്ഞിട്ടില്ലെന്നും പി.സി. ചാക്കോ പറയുന്നു. തനിക്ക് ഇടതുപക്ഷ മുന്നണിയില്‍ പലതും പറയാമായിരുന്നെന്നും മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്ക് കൊള്ളുവിധം ഇക്കാര്യങ്ങള്‍ പറയാമായിരുന്നു എന്നും പി.സി. ചാക്കോ പ്രസംഗത്തില്‍ പറയുന്നുണ്ട്. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ തനിക്ക് വലിയ പബ്ലിസിറ്റി ലഭിച്ചേനെയെന്നും പി.സി. ചാക്കോയുടേതായി പുറത്തു വന്ന ശബ്ദരേഖയില്‍ പറയുന്നുണ്ട്.

2025 ജനുവരി 27ന് തിരുവനന്തപുരത്ത് നടന്ന എന്‍.സി.പിയുടെ ജില്ല കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മന്ത്രി മാറ്റം സംഭവിക്കാത്തതിലുള്ള കടുന്ന അതൃപ്തി പി.സി. ചാക്കോ നേരത്തെയും പാര്‍ട്ടി വേദികളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതുമുന്നണി വിടണമെന്ന് പി.സി. ചാക്കോ ആഗ്രഹിക്കുന്നതായും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കാര്യം 27ന് നടന്ന യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ പേരില്‍ യോഗത്തില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായതായും റിപ്പോര്‍ട്ടുകളിലുണ്ട്.

ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ല പ്രസിഡന്റായിരുന്നു ആറ്റുകാല്‍ സജി പി.സി. ചാക്കോക്കെതിരെ കോഴ ആരോപണം ഉന്നയിച്ചത്. എന്‍.സി.പിക്ക് അനുവദിച്ച പി.എസ്.സി അംഗത്വത്തിന് പി.സി. ചാക്കോ കോഴ വാങ്ങി എന്നായിരുന്നു ആരോപണം. പിന്നാലെ ആറ്റുകാല്‍ സജിയെ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.

content highlights: PC Chacko’s against CM  soundtrack is out