തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി. സി ചാക്കോ ഇനി ഏത് മുന്നണിയിലേക്കാണ് പോകുന്നതെന്ന് സംബന്ധിച്ച് പല രീതിയിലുള്ള വാര്‍ത്തകളാണ് വരുന്നത്. ഇതിനിടയില്‍ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എന്‍.സി.പി രംഗത്തെത്തുകയും ചെയ്തു. കയ്യിലെ ചരട് കണ്ടവര്‍ ചാക്കോ ബി.ജെ.പിയിലേക്കാണോ പോകുന്നതെന്ന സംശയത്തിലാണ്.
എന്നാല്‍ ചരട് കെട്ടിയത് ബി.ജെ.പിയില്‍ ചേരുന്നത് കൊണ്ടല്ലെന്ന് വ്യക്തമാക്കുകയാണ് പി.സി ചാക്കോ. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ ചരടും ബി.ജെ.പിയുടെത് അല്ലല്ലോ. ഇന്നലെ ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പോയി വന്ന എന്റെ ഒരു സുഹൃത്ത് കൊണ്ടുവന്ന പ്രസാദമാണിത്. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന്. അപ്പോള്‍ അദ്ദേഹം തന്നെയാണ് ഈ പ്രസാദം എന്റെ കയ്യില്‍ കെട്ടി തന്നത്. ഈ രാജ്യത്തെ ഈശ്വരവിശ്വാസമെല്ലാം ബി.ജെ.പിക്കാര്‍ക്ക് തീറെഴുതി കൊടുക്കാന്‍ പറ്റില്ലല്ലോ. ഞങ്ങളൊക്കെ ഈശ്വരവിശ്വാസികളാണ്. അവരൊക്കെ കപട ഈശ്വര വിശ്വാസികളാണ്. ഇന്ത്യയെ തകര്‍ക്കുന്ന ഒരു ആശയമാണ് അവരുടേത്. സ്വാതന്ത്ര്യ ഇന്ത്യയുടെ കാലം മുതല്‍ക്കേ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതാണ് ജനാധിപത്യ ഇന്ത്യ. ആ അര്‍ത്ഥത്തില്‍ അവരാണ് ഇന്ത്യയുടെ വലിയ ശത്രുക്കള്‍ എന്നാണ് എന്റെ വിശ്വാസം,’പി. സി ചാക്കോ പറഞ്ഞു.
ദല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പാണ് രാജിക്ക് കാരണമായത്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചാക്കോ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും രാജിക്കത്ത് സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡില്‍ ജനാധിപത്യമില്ലെന്നും പലതവണ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എം സുധീരനും താനും പലപ്പോഴും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നേതൃത്വം ഇത് പരിഗണിക്കാന്‍ തയ്യാറായില്ല എന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
കേരളത്തില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. മറ്റൊരു പരിഗണനയും ഭാരവാഹിത്വത്തിനോ സ്ഥാനാര്‍ത്ഥിത്വത്തിനോ നല്‍കാന്‍ ഗ്രൂപ്പ് നേതൃത്വം തയ്യാറാവുന്നില്ല. സീറ്റുകള്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പുമായി വീതം വെക്കുകയാണിവിടെയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്നത് ബി.ജെ.പിയുടെ കഴിവുകൊണ്ടല്ല എന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ദേശീയ നേതൃത്വത്തിനെതിരെ കത്തു നല്‍കിയവര്‍ തന്നെ സമീപിച്ചിരുന്നു എന്നാല്‍ താനതില്‍ ഒപ്പിടാന്‍ തയ്യാറായില്ലെങ്കിലും അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ശരിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പി.സി ചാക്കോ പറഞ്ഞു.
1980ല്‍ പിറവത്തു നിന്നാണ്. പി.സി ചാക്കോ ആദ്യമായി മത്സരിക്കുന്നത്. 1975ല്‍ അദ്ദേഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. എഴുപതുകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിലുമിരുന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PC Chacko responds over he is going to BJP