തിരുവനന്തപുരം: എന്‍.സി.പിയില്‍ ചേരുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും ചാക്കോ വ്യക്തമാക്കി.
പാര്‍ട്ടി വേദികളില്‍ അടുത്ത കാലത്ത് അത്ര സജീവമല്ലാതിരുന്ന പി.സി ചാക്കോ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണയോടെ എന്‍.സി.പിയില്‍ ചേരുന്നുവെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചരണം. ഇതിന് പിന്നാലെയാണ് മറുപടിയുമായി പി.സി ചാക്കോ രംഗത്തെത്തിയത്.
കെ.വി. തോമസ് പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും തോമസിനെ കെ.പി.സി.സി ഗൗരവമായി പരിഗണിക്കണമായിരുന്നുവെന്നും പി.സി. ചാക്കോ പറഞ്ഞു. കെ.വി. തോമസിന്റെ വിമത നീക്കങ്ങളില്‍ നേതൃത്വത്തെ പി.സി ചാക്കോ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് പുതിയ ചുമതല നല്‍കിയതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അതിശയോക്തി നിറഞ്ഞതാണെന്നും പി.സി. ചാക്കോ പറഞ്ഞു.
അതേസമയം തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം കെ.വി തോമസ് നാളെ പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി എറണാകുളത്ത് അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.
കേരളത്തിലെത്തിയ അശോക് ഗെലോട്ടുമായി ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കെ.വി തോമസ് അതിന് തയ്യാറായിരുന്നില്ല.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടും സംസ്ഥാന നേതൃത്വത്തോടുമുളള ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് ഭാവി രാഷ്ടീയ നിലപാട് പ്രഖ്യാപിക്കാന്‍ കെ.വി തോമസ് ഒരുങ്ങുന്നത്. കെ.പി.സി.സി നേതൃത്വം തന്നെ ഒതുക്കുന്നുവെന്ന പരാതി ഹൈക്കമാന്‍ഡ് അവഗണിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് അദ്ദേഹം.
അതേസമയം കടുത്ത തീരുമാനത്തിലേക്ക് തോമസ് പോകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PC Chacko rejects rumours regarding joining NCP