കോണ്‍ഗ്രസ് നേതാക്കന്മാരുടേത് അലസമായ പ്രവര്‍ത്തനശൈലി; അമിത്ഷായേയും ബി.ജെ.പിയേയും പുകഴ്ത്തി പി.സി ചാക്കോ
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടതിന് പിന്നാലെ ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തേയും ദേശീയാധ്യക്ഷന്‍ അമിതാഷായുടെ നേതൃത്വപാടവത്തെയും പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. അമിത്ഷായുടെ സംഘടനാ പാടവം അംഗീകരിച്ചേ മതിയാവൂവെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനശൈലി അലസമാണെന്നും പി.സി.ചാക്കോ മനോരമാ ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസ് അതിന്റെ പ്രതാപത്തിലേക്ക് തിരിച്ചുവരണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം നന്നാവണമെന്നും തെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം അതാണെന്നും പി.സി ചാക്കോ കൂട്ടി ചേര്‍ത്തു.
‘കോണ്‍ഗ്രസ് അതിന്റെ പ്രതാപത്തിലേക്ക് തിരിച്ചുവരണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം നന്നാവണം.ഇത് അതിന്റെ സന്ദേശമാണ്. ഒരിക്കലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് ദല്‍ഹിയിലോ സംസ്ഥാനതലസ്ഥാനങ്ങളിലല്ല. ഇത് നടക്കുന്നത് ബൂത്തുകളിലാണ്. ഒരു പാര്‍ട്ടിയുടെ ആരോഗ്യം പരിശോധിക്കണമെങ്കില്‍ അതിന്റെ ബൂത്ത് കമ്മറ്റി പരിശോധിക്കണം. ബൂത്ത് തങ്ങളുടെ കൈയിലാണോ എന്നതാണ് പ്രശ്‌നം. ‘പി.സി ചാക്കോ പറഞ്ഞു.
അമിത്ഷാ ഒരു ഉദാഹരണമായിട്ട് നമ്മുടെ മുന്നിലുണ്ടെന്നും അവര്‍ എത്തിപ്പെടാന്‍ കഴിയാത്ത ബാലികേറാമലയിലും മരുഭൂമികളിലും പോയി പ്രവര്‍ത്തിക്കുകയാണെന്നും പി.സി ചാക്കോ പറഞ്ഞു.
‘ആശയയപരമായി എല്ലാ എതിര്‍പ്പുമുണ്ടെങ്കിലും അമിത്ഷായുടെ സംഘടനാപാടവം അംഗീകരിച്ചേ പറ്റൂ. അത് പോലെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ക്ക് അലസമായൊരു പ്രവര്‍ത്തനശൈലിയാണുള്ളത്. ഉപരിതലത്തില്‍ ആളുകളുണ്ടെങ്കിലും താഴേക്ക് പോകുമ്പോള്‍ ആളുകളുടെ എണ്ണം കുറയുകയാണ്. അത്തരത്തില്‍ നിര്‍വീര്യമായ ബൂത്തുകള്‍ക്ക് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിയില്ല. കഴിയുന്നകാലമുടണ്ടായിരുന്നു. അന്ന് എതിരാളികള്‍ ഇല്ലായിരുന്നു. ‘
കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതിനെകുറിച്ച് സംസാരിച്ചതായി പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു
വാര്‍ത്താസമ്മേളനം വിളിച്ച് രാജിക്കാര്യം അറിയിക്കാനാണ് തീരുമാനം. മെയ് 25 ന് നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രാജി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു
നാളെ അടിയന്തരമായി പ്രവര്‍ത്തക സമിതി ചേരുന്നത് രാജിക്കാര്യം തീരുമാനിക്കാനാണെന്നും പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കാനാണ് സോണിയ നിര്‍ദേശിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.