മുംബൈ: കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍.സി.പി. സംസ്ഥാന അധ്യക്ഷനാവും. ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പി.സി. ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കി.
നിലവില്‍ ടി.പി. പീതാംബരനാണ് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ്. പീതാംബരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം എ.കെ ശശീന്ദ്രന്‍ പക്ഷത്തെ പ്രമുഖനായ റസാഖ് മൗലവിയെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.പി പീതാംബരന്‍ പുറത്താക്കിയിരുന്നു.
പാലായില്‍ മാണി സി. കാപ്പന്റെ വിജയത്തെ പ്രകീര്‍ത്തിച്ച സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനെ വിമര്‍ശിച്ചതിനാണ് റസാഖ് മൗലവിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തൊട്ടുപിറകെ നിശ്ചയിച്ച സമയത്ത് മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടക്കാട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.
മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതോടെ തോമസ് കെ. തോമസിന്റെ നേതൃത്വത്തില്‍ എന്‍.സി.പിയില്‍ പുതിയ ചേരി രൂപംകൊണ്ടിട്ടുണ്ട്. ടി.പി പീതാംബരന്റെ പിന്തുണയും തോമസ് കെ. തോമസിനാണ്.
രണ്ടാം പിണറായി സര്‍ക്കാരില്‍ എ.കെ ശശീന്ദ്രനാണ് എന്‍.സി.പിയില്‍ നിന്ന് മന്ത്രിയാകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PC Chacko NCP State President TP Peethambaran Sharad Pawar