|

കെ.വി. തോമസിന് എന്‍.സി.പിയിലേക്ക് സ്വാഗതം; തോമസ് പറഞ്ഞ പല കാര്യങ്ങളിലും ഞാനും അനുഭവസ്ഥനാണ്: പി.സി. ചാക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.വി. തോമസിനെ എന്‍.സി.പിയിലേക്ക് ക്ഷണിക്കുന്നതായി അധ്യക്ഷന്‍ പി.സി. ചാക്കോ. വിഷയം വിശാല അര്‍ത്ഥത്തില്‍ കാണണമെന്നും കോണ്‍ഗ്രസിന് സങ്കുചിത കാഴ്ചപ്പാടാണെന്നും പി.സി. ചാക്കോ പറഞ്ഞു.

‘കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണ്. കെ.വി. തോമസിന്റേത് പോലെ ഒരു തീരുമാനമെടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. തോമസ് പറഞ്ഞ പല കാര്യങ്ങളിലും ഞാനും അനുഭവസ്ഥനാണ്,’ പി.സി. ചാക്കോ പറഞ്ഞു.

സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്നാണ് കെ.വി. തോമസ് പറഞ്ഞത്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നത്.

മാര്‍ച്ചില്‍ യെച്ചൂരിയുമായി സംസാരിച്ചു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്, അതുകൊണ്ടാണ് പങ്കെടുക്കാന്‍ അനുമതി തേടിയത്. സമീപകാല തെരഞ്ഞെടുപ്പുകളൊന്നും കോണ്‍ഗ്രസിന് അനുകൂലമല്ല. രാഹുല്‍ ഗാന്ധിയടക്കം സി.പി.ഐ.എം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.വി. തേമസിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസില്‍ നിന്നുമുയരുന്നത്. എല്ലാ സ്ഥാനങ്ങളും കെ.വി. തോമസിന് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞത്.

അതേസമയം, കെ.വി. തോമസ് പുറത്താക്കപ്പെടേണ്ട ഒരാളാണെന്ന് അത് തോന്നുന്നുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. കെ.വി. തോമസ് സി.പി.ഐ.എമ്മിന്റെ സെമിനാറിലാണ് പങ്കെടുക്കുന്നത്, അതിന്റെ പേരില്‍ ഒരാളെ പുറത്താക്കുന്ന പാര്‍ട്ടിയായി മാറുകയാണ് കോണ്‍ഗ്രസെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ കാരണം കണ്ണൂരിലുള്ള നേതാക്കളും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ സി.പി.ഐ.എമ്മിലേക്ക് വന്നപ്പോള്‍ അവരൊന്നും വഴിയാധാരമായിട്ടില്ല. അതുകൊണ്ടാണ് കെ.വി. തോമസ് വഴിയാധാരമാകില്ലെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: PC Chacko invites KV Thomas to NCP Party