ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥിനെ നിയമിച്ചതില്‍ ഇടപെടേണ്ടെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും പി.ബി വിലയിരുത്തി. അതേ സമയം നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഗീത ഗോപിനാഥിന്റെ നിയമനത്തിനെതിരെ പി.ബിയില്‍ എതിരഭിപ്രായവും ഉയര്‍ന്നു. എന്നാല്‍ ഇതു സംബന്ധിച്ച് വിശദ ചര്‍ച്ച വേണമെന്ന് അംഗങ്ങളാരും തന്നെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടില്ല.
സാമ്പത്തിക ഉപദേഷ്ടാവായി ഗീതയെ നിയമിക്കുന്നതിനുള്ള സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വിശദീകരിച്ചു. ഗീതാഗോപിനാഥ് ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധയാണ്. നല്ലതില്‍ ദോഷം കണ്ടെത്തുന്നവരാണ് അതില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ഇടതുപക്ഷ സ്വഭാവം ഉപേക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്ലതാണ്. ആ ജാഗ്രതപ്പെടുത്തലിന് നന്ദി. ഇപ്പോള്‍ ഉണ്ടായ ആശങ്കകളെല്ലാം സദുദ്ദേശപരമാണ്. പിണറായി പറഞ്ഞു.
യോഗത്തില്‍ ഗീത ഗോപിനാഥിന്റെ നിയമനത്തിനെതിരെ വി.എസ് നല്‍കിയ കത്ത് വിതരണം ചെയ്തിരുന്നു. വിഷയത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ പ്രൊഫ. പ്രഭാത് പട്‌നായിക്കും കത്ത് നല്‍കിയിരുന്നു.
അതേ സമയം വി.എസ് അച്യുതാനന്ദനെതിരായ പരാതിയില്‍ പിബി കമ്മീഷന്‍ ഉടന്‍ യോഗം ചേരുവാനും ധാരണയായിട്ടുണ്ട്.