രാജ്യദ്രോഹം: ഒരു കൊളോണിയൽ 'കുറ്റകൃത്യം'
sedition charge
രാജ്യദ്രോഹം: ഒരു കൊളോണിയൽ 'കുറ്റകൃത്യം'
പി.ബി ജിജീഷ്
Tuesday, 8th February 2022, 10:05 am
'രാഷ്ട്രീയ നിയമങ്ങള്‍ക്കിടയിലെ രാജ്ഞി' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഐ.പി.സി. 124എ, സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഭാഗമാണ് എന്നത് ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ വൈരുദ്ധ്യമാണ്. 'രാജ്യദ്രോഹം' എന്ന വാക്ക് തന്നെ ഒഴിവാക്കണം. കാരണം ഗവണ്‍മെന്റിനെതിരായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ആത്മാവ്.

രാജ്യദ്രോഹം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. കേള്‍ക്കുമ്പോള്‍ തന്നെ അതിഹീനമായ ഒരു കുറ്റകൃത്യം എന്നാണ് നമ്മള്‍ മനസിലാക്കുക. എന്നാല്‍ ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്ക്, ഏറ്റവും നിരാലംബരായ മനുഷ്യരെ വരെ ഈ വകുപ്പ് ഉപയോഗിച്ച് വേട്ടയാടുന്നു എന്നതാണ് യാഥാര്‍ഥ്യം.

മാധ്യമപ്രവര്‍ത്തകരുടെയും നിയമജ്ഞരുടെയും വൈജ്ഞാനികരുടെയും ഗവേഷക കൂട്ടായ്മയായ ‘ആര്‍ട്ടിക്കിള്‍ 14’, ഇന്ത്യയില്‍ രാജ്യദ്രോഹം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ‘ഒരു ഇരുണ്ട പതിറ്റാണ്ട്’ എന്ന പേരില്‍ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളില്‍ രാജ്യമെമ്പാടും നടത്തിയ പഠനത്തില്‍ ശ്രദ്ധേയമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

876 കേസുകളിലായി 13,000 പേരാണ് സെഡീഷന്‍ (Sedition) കേസില്‍ പെട്ടിട്ടുള്ളത്. ഒരു മോട്ടോര്‍ ബൈക്കില്‍ സൈലന്‍സര്‍ വെക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പോലും രാജ്യദ്രോഹ കേസായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രേ! ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒക്കെ രാജ്യദ്രോഹം ചാര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ രാജ്യദ്രോഹത്തെപ്രതി ഗൗരവതരമായ രാഷ്ട്രീയ സംവാദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

 

നിയമം

ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 124(എ):

‘സംസാരമോ, എഴുത്തോ, ചിഹ്നങ്ങളോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ദൃശ്യചിത്രീകരണമോ ഉപയോഗിച്ച് ഗവണ്‍മെന്റിനെതിരെ അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കുകയോ, ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും ജീവപര്യന്തം തടവും പിഴയുമോ, 3 വര്‍ഷം വരെ തടവും പിഴയുമോ വരെയുള്ള ശിക്ഷയ്ക്ക് വിധേയമാക്കാവുന്നതാണ്.’ എന്നാണ് നിയമം.

അതില്‍ ‘വിരോധം’ എന്നതില്‍ ‘അവിശ്വസ്ഥത’യും എല്ലാ തരത്തിലുള്ള ‘ശത്രുത’യും ഉള്‍പ്പെടും എന്ന് വിശദീകരണമുണ്ട്. അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കാതെ നിയമപരമായ മാര്‍ഗത്തിലൂടെ ഗവണ്‍മെന്റ് നയങ്ങളെയും നടപടികളെയും മാറ്റുവാനുള്ള ശ്രമങ്ങള്‍ ഇതിന്റെ പരിധിയില്‍ വരില്ല എന്നും ചേര്‍ത്തിട്ടുണ്ട്.

നിയമത്തിലെ വിശാലവും അസ്പഷ്ടവുമായ പദപ്രയോഗങ്ങള്‍ അധികാരികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന വകുപ്പുകളില്‍ ഒന്നാണിത്. പ്രത്യേകിച്ച്, എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദേശദ്രോഹക്കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

2010ന് ശേഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 65 ശതമാനവും 2014ന് ശേഷമുള്ളവയാണ്. 2016-2021 കാലഘട്ടത്തില്‍ സെഡീഷന്‍ കേസുകളുടെ എണ്ണം 190 ശതമാനം കണ്ടു വര്‍ധിച്ചു, എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളും ‘ആര്‍ട്ടിക്കിള്‍ 14’ നടത്തിയ പഠനവും സൂചിപ്പിക്കുന്നു.

ഈ വകുപ്പിന് കീഴില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള പ്രസ്താവനകള്‍ പോലും ദേശദ്രോഹമായി കണക്കാക്കി പ്രതികാരനടപടികള്‍ സ്വീകരിച്ചു പോരുന്നു. രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ചതിന് രാജ്യദ്രോഹകുറ്റം ചാര്‍ത്തിയ കേസുകളുടെ 96 ശതമാനവും ഉണ്ടായത് 2014ന് ശേഷമാണ് എന്ന് ‘ആര്‍ട്ടിക്കിള്‍ 14’ റിപ്പോര്‍ട്ട് ചെയ്യുന്നു.

നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ 149 പേരെയാണ് ദേശദ്രോഹക്കേസില്‍ പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ യോഗി ആദിത്യനാഥാണ്- 144 കേസുകള്‍.

2016ല്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യ കുമാറും ഉമര്‍ ഖാലിദും മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ വരെ എത്രയോ വിദ്യാര്‍ത്ഥികളെ ഭരണകൂടം ഈ നിയമം ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്നു!

ഉമര്‍ ഖാലിദ്

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചതിനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ 124എ ചാര്‍ത്തിയത്. കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധിച്ചതിന് 8,856 ഗ്രാമീണര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഗ്രെറ്റ തന്‍ബര്‍ഗിന്റെ ‘ടൂള്‍ കിറ്റ്’ പ്രചരിപ്പിച്ചു എന്ന കേസില്‍ ദിഷ രവിക്കെതിരെ, കാര്‍ട്ടൂണിസ്‌റ് അസീം ത്രിവേദിക്കെതിരെ, അരുന്ധതി റോയിക്കെതിരെ, ബിനായക് സെന്നിനെതിരെ, കര്‍ഷക സമരം സംബന്ധിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മിനാല്‍ പാണ്ഡെ, അനന്ത് നാഥ്, പരേഷ് നാഥ്, സഫര്‍ ആഘ, വിനോദ് ദുവ, പാര്‍ലമെന്റേറിയന്‍ ശശി തരൂര്‍- അങ്ങനെ പ്രമുഖരും അല്ലാത്തവരുമായ അനേകര്‍ ഈ വകുപ്പിന്റെ ഇരകളാണ്.

മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധക്കാര്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍, മുദ്രാവാക്യം വിളിച്ചവര്‍, വ്യക്തിപരമായി ചില സന്ദേശങ്ങള്‍ അയച്ചവര്‍, ക്രിക്കറ്റ് കളിയില്‍ പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ അഭിനന്ദനസന്ദേശം കൈമാറിയവര്‍ തുടങ്ങി നിരവധി പേര്‍, ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ചാര്‍ത്തപ്പെട്ടവരാണ്. അതില്‍ നല്ലൊരു ശതമാനം കേസുകളും യാതൊരു തെളിവും നിരത്താനില്ലാത്തവയാണ്. അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടാറുമില്ല.

2019ലെ കണക്കുകള്‍ നോക്കിയാല്‍ കോടതി ശിക്ഷിച്ച കേസുകള്‍ 3.3 ശതമാനം മാത്രമാണ്. എന്നിരുന്നാലും ദീര്‍ഘമായ വിചാരണാ നടപടികള്‍ തന്നെ കുറ്റാരോപിതര്‍ക്ക് ശിക്ഷയായി മാറുകയാണ് പതിവ്.

സമകാലിക സാഹചര്യങ്ങളില്‍ ഈ നിയമത്തിന്റെ പ്രധാന ഉപയോഗം ‘ദുരുപയോഗം’ മാത്രമാണെന്ന കാര്യം രാജ്യത്തെ ഭരണഘടനാ കോടതികള്‍ തന്നെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ”തങ്ങളുടെ നയങ്ങളോട് വിയോജിക്കുന്നു എന്ന കാരണം കൊണ്ട് ഒരു പൗരനെ ജയിലിലാക്കാന്‍ ഗവണ്‍മെന്റിന് കഴിയില്ല. ഈ നിയമത്തെ, സര്‍ക്കാരിന്റെ ദുരഭിമാനം സംരക്ഷിക്കാനുള്ള ഉപകരണമാക്കാന്‍ കഴിയില്ല,”- ദിഷ രവിയുടെ കേസ് പരിഗണിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.

ദിഷ രവി

ഭരണഘടനാ വിരുദ്ധമായ 124(എ) റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നാല് കേസുകള്‍ നിലവിലുണ്ട്. മാധ്യമപ്രവര്‍ത്തകരായ കിഷോര്‍ ചന്ദ്ര വംഖേം, കനയ്യ ലാല്‍ ശുക്ല എന്നിവരുടെ ഹര്‍ജി പരിഗണനക്കെടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. ”രാജ്യദ്രോഹം ഒരു കൊളോണിയല്‍ നിയമമാണ്. ഗാന്ധിയേയും തിലകിനെയും ശിക്ഷിച്ചിട്ടുള്ള നിയമം. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷവും ഇങ്ങനെയൊരു നിയമം നമുക്ക് ആവശ്യമുണ്ടോ?” അദ്ദേഹം ചോദിച്ചു.

1922ലാണ് ബ്രിട്ടീഷുകാര്‍ ഗാന്ധിജിയെ ദേശദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124എ തന്നെ. നിയമം മൂലം സ്ഥാപിതമായ ഗവണ്‍മെന്റിനെതിരെ വിരോധമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവെന്നാണ് കുറ്റം. വിചാരണക്കോടതിയില്‍ ഗാന്ധി കുറ്റമേറ്റ് പറയുകയാണ്:

‘ഞാന്‍ മാപ്പ് പറയുവാന്‍ ഉദ്ദേശിക്കുന്നില്ല. പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങള്‍ എല്ലാം ഞാന്‍ ഏല്‍ക്കുന്നു എന്നുമാത്രമല്ല, അവര്‍ ഇവിടെ സൂചിപ്പിച്ചതിനേക്കാള്‍ മുന്‍പ് തന്നെ ഞാന്‍ ഈ ഗവണ്‍മെന്റിനെതിരെ അനാദരവ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇവിടെ നിന്ന് ഇറങ്ങുന്ന നിമിഷം മുതല്‍ ഞാന്‍ ആ പ്രവര്‍ത്തികള്‍ തുടരുകയും ചെയ്യും. എന്റെ രാജ്യത്തെയും ജനങ്ങളെയും ചൂഷണം ചെയ്യുന്ന ഒരു ഗവണ്‍മെന്റാണ് ഇവിടെ നിലനില്‍ക്കുന്നത്. ഈ ഗവണ്‍മെന്റിനെതിരെ അനാദരവ് പ്രചരിപ്പിക്കുന്നത് നിയമപരമായി തെറ്റായിരിക്കാം, പക്ഷേ, അപ്രകാരം പ്രവര്‍ത്തിക്കുക എന്നത് ഒരു പൗരന്‍ എന്ന നിലയിലുള്ള എന്റെ കടമയും എന്റെ ജനതയോടുള്ള ഉത്തരവാദിത്തവും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വിയോജിപ്പുകളെ ക്രിമിനല്‍വല്‍ക്കരിക്കാന്‍ സൃഷ്ടിച്ച ഐ.പി.സി. 124എ ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങള്‍ക്കിടയിലെ രാജ്ഞിയാണ്. അതുപ്രകാരം ശിക്ഷിക്കപ്പെടുന്നത് ഒരു അംഗീകാരമായി ഞാന്‍ കണക്കാക്കുന്നു. അതുകൊണ്ട് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ എനിക്ക് നല്‍കണമെന്നാണ് ഈ കോടതിയോട് എനിക്ക് പറയാനുള്ളത്.’ (അദ്ദേഹം കോടതിയില്‍ എഴുതി തയ്യാറാക്കി വായിച്ച പ്രസ്താവനയുടെ സംക്ഷിപ്തമാണ് ഇത്).

‘രാഷ്ട്രീയ നിയമങ്ങള്‍ക്കിടയിലെ രാജ്ഞി’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഐ.പി.സി. 124എ, സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഭാഗമാണ് എന്നത് ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ വൈരുദ്ധ്യമാണ്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം മുന്നോട്ടുവെച്ച രാഷ്ട്ര സങ്കല്‍പത്തോടും ആധുനിക ജനാധിപത്യ മൂല്യങ്ങളോടും ഒത്തുപോകാന്‍ കഴിയുന്നതല്ലായിരുന്നിട്ടും, നമ്മുടെ നിയമപുസ്തകത്തില്‍ കൊളോണിയല്‍ ശേഷിപ്പിന്റെ മര്‍ദ്ദകമുദ്രയായ ഈ വകുപ്പ് നിലനിന്നുപോരുന്നു.

രാജ്യദ്രോഹം നിയമസംഹിതയുടെ ഭാഗമാക്കിയിരുന്ന ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം തന്നെ നിയമപുസ്തകങ്ങളില്‍ നിന്ന് അത് നീക്കം ചെയ്തു കഴിഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍, കൊറോനേഴ്‌സ് ആന്‍ഡ് ജസ്റ്റിസ് ആക്ട് 2009 അവതരിപ്പിച്ചുകൊണ്ട് ജസ്റ്റിസ് മിനിസ്റ്റര്‍ ക്ലെയര്‍ വാര്‍ഡ് പറഞ്ഞത് ഇപ്രകാരമാണ്: ‘നാമിന്നു കാണുന്നത് പോലെയുള്ള ഒരവകാശമായി ‘അഭിപ്രായസ്വാതന്ത്ര്യം’ കണക്കാക്കപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തില്‍ രൂപംകൊണ്ട പ്രാകൃതമായ വകുപ്പാണ് രാജ്യദ്രോഹം. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഉരകല്ല് ആയാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത്. ഗവണ്‍മെന്റിനെ വിമര്‍ശിക്കാനുള്ള ജനങ്ങളുടെ അവകാശം സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പരമപ്രധാനമാണ്’. ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ചുപോയ ഈ കൊളോണിയല്‍ കുറ്റകൃത്യം ഇനിയും നമ്മള്‍ ചുമക്കേണ്ടതുണ്ടോ?

 

കൊളോണിയല്‍ ശേഷിപ്പ്

1860ല്‍ മെക്കാളെ ഇന്ത്യന്‍ പീനല്‍ കോഡിന് രൂപം നല്‍കുമ്പോള്‍ അതില്‍ ദേശദ്രോഹം എന്ന കുറ്റം ഉണ്ടായിരുന്നില്ല. പിന്നീട് 1870 നവംബര്‍ 25ന് കൂട്ടിച്ചേര്‍ത്തതാണിത്. ഇന്ത്യയിലെ മുസ്ലിം മതനേതൃത്വം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ട് ഫത്വ ഇറക്കിയതിന് പിന്നാലെ ആയിരുന്നു ഇത്. തുടര്‍ന്ന് ഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെ ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയിലും ‘രാജ്യദ്രോഹം’ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. ഭരണഘടനയുടെ അന്തിമ രൂപത്തില്‍, ആര്‍ട്ടിക്കിള്‍ 19 ഉറപ്പു നല്‍കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളില്‍, അനുച്ഛേദം 19(2)ല്‍, രാജ്യദ്രോഹം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭരണഘടനയുടെ ഡ്രാഫ്റ്റില്‍ ‘സെഡീഷന്‍’ ഉള്‍പ്പെടുത്തിയിരുന്നു. ഭരണഘടനാ നിര്‍മാണസഭയില്‍, കെ.എം. മുന്‍ഷിയാണ് അതിനെതിരെ ശക്തമായ നിലപാടെടുത്തത്.

കെ.എം. മുന്‍ഷി

പ്രസ്തുത അനുച്ഛേദത്തില്‍ രാജ്യദ്രോഹം എന്നതിന് പകരമായി ‘രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതോ ആയ പ്രവര്‍ത്തി’ എന്ന ഭേദഗതി അദ്ദേഹം ആവശ്യപ്പെട്ടു. ‘ഗവണ്‍മെന്റിനെതിരെയുള്ള ഏതൊരു പ്രവൃത്തിയും -വിയോജിപ്പും അഭിപ്രായവ്യത്യാസവും എല്ലാം- കുറ്റകൃത്യമായി വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള വാക്കാണ് ‘രാജ്യദ്രോഹം’. സമ്മേളനം സംഘടിപ്പിക്കുന്നതോ ജാഥ നടത്തുന്നതോ പോലും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു.

ഒരു ജില്ലാ മജിസ്‌ട്രേറ്റിനെ വിമര്‍ശിച്ചത് 124എ ക്ക് കീഴില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ നമുക്ക് ഒരു ജനാധിപത്യ ഭരണകൂടമുള്ള സാഹചര്യത്തില്‍, ഗവണ്‍മെന്റിനെതിരായ വിമര്‍ശനങ്ങളെയും രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഭരണകൂടത്തെ അട്ടിമറിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. അതുകൊണ്ട് ‘രാജ്യദ്രോഹം’ എന്ന വാക്ക് ഒഴിവാക്കണം. കാരണം ഗവണ്‍മെന്റിനെതിരായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ആത്മാവ്.

ഈ സാഹചര്യത്തില്‍ ‘രാജ്യദ്രോഹം’ എന്നത് മാറ്റി, ഇന്നത്തെ തലമുറ രാജ്യദ്രോഹം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണോ അതേ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഈ ഭേദഗതി നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ ഇനിയും നിലനിര്‍ത്തണം എന്ന ഒരു തെറ്റായ സന്ദേശമായിരിക്കും അത് നല്‍കുക. ‘1948 ഡിസംബര്‍ ഒന്നിന് കെ.എം. മുന്‍ഷി മുന്നോട്ടുവെച്ച ഈ ഭേദഗതി അംഗീകരിക്കപ്പെട്ടു. ഭരണഘടനാ നിര്‍മാണസഭയില്‍ അന്ന് നടന്ന ചര്‍ച്ചയുടെ അന്ത:സത്ത ഇന്ത്യന്‍ ശിക്ഷാനിയമം 124എ മുന്നോട്ടുവെക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയില്‍ സ്ഥാനമുണ്ടാവരുത് എന്നതായിരുന്നുവെന്ന് കാണാം. പക്ഷേ തുടര്‍ന്ന് സംഭവിച്ചത് അതല്ല.

 

നെഹ്‌റുവിന്റെ നിലപാടും ഒന്നാം ഭരണഘടനാ ഭേദഗതിയും

രാജ്യദ്രോഹക്കുറ്റം ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല എന്ന കാര്യത്തില്‍ നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും സംശയമൊന്നും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ രണ്ടുതവണ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചേര്‍ത്ത് കേസെടുക്കുകയും ചെയ്തതാണ്; 1930ലും 1934ലും. ഗാന്ധിജിയെ പോലെ തന്നെ നെഹ്‌റുവും കുറ്റം ഏറ്റുപറയുകയും ശിക്ഷ ചോദിച്ച് വാങ്ങുകയും ചെയ്തു.

പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്റിലും നെഹ്‌റു രാജ്യദ്രോഹത്തെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്: ‘എന്നെ സംബന്ധിച്ചിടത്തോളം 124എ നിന്ദ്യവും ദോഷകരവുമായ ഒരു വകുപ്പാണ്. നാം നിര്‍മിക്കുന്ന ഒരു നിയമസംഹിതയിലും ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഇത്തരമൊരു വകുപ്പിന് ഇടമുണ്ടാകാന്‍ പാടില്ലാത്തതാണ്. എത്ര പെട്ടെന്ന് ഈ വകുപ്പ് നീക്കം ചെയ്യുന്നോ അത്രയും നല്ലത്.’

എന്നാല്‍ നെഹ്‌റു ഈ അഭിപ്രായം രേഖപ്പെടുത്തിയത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കൊണ്ടുള്ള പ്രസംഗത്തിലായിരുന്നു. പരിപൂര്‍ണ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 19ാം അനുച്ഛേദത്തില്‍ ഗവണ്‍മെന്റിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള അധികാരങ്ങള്‍ വിപുലീകരിക്കുന്ന ഭേദഗതി ആയിരുന്നു 1951ലേത്. ആധുനിക ലിബറല്‍ ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകനായി അറിയപ്പെടുന്ന നെഹ്‌റുവിന്റെ പ്രധാനമന്ത്രി പദത്തിലെ അനുകരണീയമല്ലാത്ത ഒരു ഏടായിരുന്നു ഒന്നാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് സംഭവിച്ചത്.

അതിന് കാരണമായത് സുപ്രീംകോടതിയുടെ രണ്ട് വിധികളാണ്. ‘ക്രോസ് റോഡ്‌സ്’, ‘ഓര്‍ഗനൈസര്‍’ എന്നീ പ്രസിദ്ധീകരണങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഗവണ്‍മെന്റിനെതിരെ വിധി പ്രസ്താവിച്ചത്. ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ക്രോസ് റോഡ്‌സ്’ എന്ന ഇംഗ്ലീഷ് ആഴ്ചപ്പതിപ്പില്‍, നെഹ്‌റു ഗവണ്‍മെന്റിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രൊമേശ് ഥാപ്പര്‍ ഒരു ലേഖനം എഴുതുകയുണ്ടായി. ഇതേത്തുടര്‍ന്ന് അന്ന് മദ്രാസ് പൊതുസമാധാനനിയന്ത്രണ നിയമത്തിലെ വകുപ്പ് 9 (7എ) അനുസരിച്ച്, കോണ്‍ഗ്രസ് ഗവണ്‍മെന്റ് ‘ക്രോസ് റോഡ്‌സ്’ നിരോധിച്ചു. അതുപോലെ, പഞ്ചാബില്‍ ഈസ്റ്റ് പഞ്ചാബ് സേഫ്റ്റി നിയമത്തിലെ വകുപ്പ് 7(1സി) പ്രകാരം ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. നിരന്തരം വര്‍ഗീയ ചുവയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു എന്നതായിരുന്നു കാരണം.

 

രൊമേശ് ഥാപ്പര്‍ കേസ്

ഗവണ്‍മെന്റ് ഉത്തരവിനെതിരെ ‘ക്രോസ്‌ റോഡ്‌സ്’ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് എച്ച്.ജെ. കനിയ, ജസ്റ്റിസുമാരായ സയ്യിദ് ഫസല്‍ അലി, എം. പതഞ്ജലി ശാസ്ത്രി, എം.സി. മഹാജന്‍, ബി.കെ. മുഖര്‍ജി, എസ്.ആര്‍. ദാസ് എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ ഫുള്‍ ബെഞ്ച് ഗവണ്‍മെന്റിന് എതിരായി വിധിയെഴുതി.

‘കരട് ഭരണഘടനയുടെ അനുച്ഛേദം 13(2)ല്‍ നിന്നും ‘ദേശദ്രോഹം’ എന്ന വാക്ക് നീക്കം ചെയ്തതിലൂടെ, ഗവണ്‍മെന്റിനെതിരായ വിമര്‍ശനങ്ങളോ അനാദരവോ വിരോധമോ ഒന്നും ദേശസുരക്ഷയ്ക്ക് ഭീഷണി ആവുകയോ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെടാന്‍ കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം, അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള ന്യായീകരണമാകുകയില്ല. ‘പൊതു സമാധാനത്തെയോ ഭരണകൂടത്തിന്റെ അധികാരത്തെയോ ദുര്‍ബലപ്പെടുത്തുന്ന’ എന്ന ഐറിഷ് സങ്കല്‍പവും ഭരണഘടനാ ശില്‍പികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. അങ്ങനെ അഭിപ്രായസ്വാതന്ത്ര്യത്തെ നിയമം കൊണ്ട് മറികടക്കുന്നതിന് വളരെ കര്‍ക്കശമായ നിയന്ത്രണങ്ങളാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്.

രൊമേശ് ഥാപ്പര്‍

ഒരുപക്ഷേ ക്രമസമാധാനപാലനം ലക്ഷ്യം വെച്ചിട്ടുള്ളതാണെങ്കില്‍ പോലും, രാജ്യസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന അഭിപ്രായങ്ങളെ നിരോധിക്കുന്ന നിയമങ്ങളല്ലാതെ മറ്റൊന്നും ഭരണഘടനയുടെ അനുച്ഛേദം 19(2)ന് കീഴില്‍ സംരക്ഷണം അര്‍ഹിക്കുന്നില്ല’, എന്നായിരുന്നു കോടതിയുടെ അഭിപ്രായം. അക്കാലത്ത് അനുച്ഛേദം 19(2)ന് കീഴിലുള്ള നിയന്ത്രണങ്ങളില്‍ പൊതുസമാധാനം ഉള്‍പ്പെട്ടിരുന്നില്ല.

 

ബ്രിജ് ഭൂഷന്‍ കേസ്

സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനെതിരെ ഓര്‍ഗനൈസറും സുപ്രീംകോടതിയെ സമീപിച്ചു. ഇവിടെയും ഗവണ്‍മെന്റ് നടപടി അംഗീകരിക്കാന്‍ സുപ്രീംകോടതി കൂട്ടാക്കിയില്ല.

1950ലെ ഈ കോടതി വിധികളെ മറികടക്കുന്നതിന് വേണ്ടിയിട്ടാണ് സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി ഭരണഘടന ഭേദഗതി ചെയ്യുന്നത്. അങ്ങനെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളില്‍ പൊതുസമാധാനം, സുഹൃത് രാജ്യങ്ങളുമായുള്ള ബന്ധം, കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതുവഴി രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കാര്യങ്ങളെ മാത്രമല്ല, പൊതു ക്രമപ്രശ്‌നമുണ്ടാക്കുന്നതോ ഏതെങ്കിലും ഒരു കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതോ സുഹൃത് രാജ്യങ്ങളുമായുള്ള ബന്ധം അപകടപ്പെടുത്തുന്നതോ ആയ അഭിപ്രായ പ്രകടനങ്ങളെയും നിരോധിക്കാന്‍ കഴിയുമെന്ന് വന്നു.

1950ലെ കോടതിവിധികള്‍ ഏകകണ്ഠമായിരുന്നില്ല. ഇരു കേസുകളിലും ചീഫ് ജസ്റ്റിസ് കനിയ ഉള്‍പ്പെടെ അഞ്ച് ജഡ്ജിമാര്‍ ഗവണ്‍മെന്റിന് എതിരായി വിധി എഴുതിയപ്പോള്‍ രണ്ട് കേസുകളിലും ജസ്റ്റിസ് സയ്യിദ് ഫസല്‍ അലി, ഗവണ്‍മെന്റിന് അനുകൂലമായ വിയോജന വിധിന്യായം രചിച്ചു. ഇതിനെത്തുടര്‍ന്ന് സുപ്രീംകോടതിയില്‍ നെഹ്‌റു ഗവണ്‍മെന്റ് നടത്തിയ ഇടപെടലുകള്‍ ലജ്ജാകരമാണ്.

ചീഫ് ജസ്റ്റിസ് കനിയ ഹൃദയാഘാതംമൂലം അന്തരിച്ചപ്പോള്‍ സീനിയറായിരുന്ന ജസ്റ്റിസ് പതഞ്ജലി ശാസ്ത്രികള്‍ ചീഫ് ജസ്റ്റിസ് ആകുന്നതിനെ ഗവണ്‍മെന്റ് എതിര്‍ത്തു. അദ്ദേഹമായിരുന്നു മേല്‍പ്രസ്താവിച്ച കേസില്‍ ഭൂരിപക്ഷവിധിന്യായം എഴുതിയത്. തുടര്‍ന്ന്, സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും രാജിഭീഷണി മുഴക്കിയപ്പോഴാണ് നെഹ്‌റു വഴങ്ങിയത്. അവിടംകൊണ്ട് അവസാനിച്ചില്ല.

ആ കേസില്‍ വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് സയ്യിദ് ഫസല്‍ അലിക്ക് 1951 സെപ്റ്റംബര്‍ മാസത്തില്‍ വിരമിക്കല്‍ പ്രായം ആയിരുന്നുവെങ്കിലും, ഗവണ്‍മെന്റ് അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരോട് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം രാഷ്ട്രപതിയുടെ അംഗീകാരത്തോട് കൂടി തുടര്‍ന്നും സേവനം തുടരാന്‍ ആവശ്യപ്പെടാന്‍ കഴിയുന്ന അനുച്ഛേദം 128 ഉപയോഗിച്ചായിരുന്നു ഇത്. 1952 മെയ് മാസം ഒറീസ ഗവര്‍ണറായി നിയമിതനാകുന്നതുവരെ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി തുടര്‍ന്നു.

ഒറീസ ഗവര്‍ണര്‍ ആയിരിക്കെ, 1954ല്‍, സംസ്ഥാന പുന:സംഘടനാ സമിതിയുടെ തലവനായിട്ടായിരുന്നു അടുത്ത നിയമനം. 1956ല്‍ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച അദ്ദേഹത്തെ പിന്നീട് വീണ്ടും ഗവര്‍ണര്‍ പദവി നല്‍കി അസമിലേക്ക് അയച്ചു. അതായത് ഗവണ്‍മെന്റിന് അനുകൂലമായി വിയോജന വിധിന്യായം എഴുതിയ ജഡ്ജി തുടര്‍ച്ചയായി സര്‍ക്കാര്‍ പദവികളില്‍ നിയമിതനാവുകയും അംഗീകാരങ്ങള്‍ ഏറ്റുവാങ്ങുകയുമുണ്ടായി; ഗവണ്മെന്റിനെതിരെ വിധി എഴുതിയ ജഡ്ജിയെ ചീഫ് ജസ്റ്റിസ് ആക്കാതിരിക്കാനുള്ള ശ്രമവും നടന്നു.

അങ്ങനെ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ആദ്യ ഭരണഘടനാ ഭേദഗതി, സുപ്രീംകോടതിയിലെ അനഭിലഷണീയമായ ഇടപെടലുകള്‍ എന്നിവയെല്ലാം പ്രധാനമന്ത്രി നെഹ്‌റുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ അപമാനകരമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഗവണ്‍മെന്റുകള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യത്തെ വ്യാപകമായ തോതില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്തു എന്നുമാത്രമല്ല, പ്രസ്തുത ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചുകൊണ്ട് പാര്‍ലമെന്റിനകത്ത് താന്‍ തന്നെ വിമര്‍ശിച്ച, രാജ്യദ്രോഹക്കുറ്റം അഥവാ ഇന്ത്യന്‍ ശിക്ഷാനിയമം 124എ വകുപ്പ്, നീക്കം ചെയ്യാനും നെഹ്‌റു തയ്യാറായില്ല. ഈ വകുപ്പ് പിന്നീട് ചര്‍ച്ചയാകുന്നത് ബീഹാറിലെ ഫോര്‍വേഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കേദാര്‍നാഥ് സിംഗ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമ്പോഴാണ്.

 

കേദാര്‍നാഥ് കേസ്

രാജ്യദ്രോഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമ്പോഴെല്ലാം ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നത് 1962ലെ കേദാര്‍നാഥ് കേസിലെ സുപ്രീംകോടതി വിധിയാണ്. 1953ല്‍, ബിഹാറിലെ ബഗുസുരായിയില്‍, കേദാര്‍നാഥ് സിംഗ് നടത്തിയ പ്രസംഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചേര്‍ത്ത് കേസെടുത്തത്. പ്രസംഗത്തിന്റെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു:

”…ഇന്ന് സി.ബി.ഐയുടെ പട്ടികള്‍ ബറൗനിയില്‍ കറങ്ങി നടക്കുന്നുണ്ട്. പല ഔദ്യോഗിക നായ്ക്കളും ഇവിടെയും വന്നിരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെ നമ്മള്‍ തുരത്തിയത് പോലെ ഈ കോണ്‍ഗ്രസ് ഗുണ്ടകളെയും തുരത്തേണ്ടതുണ്ട്… ഒരു വിപ്ലവമുണ്ടാവും എന്ന് തന്നെ നമ്മള്‍ വിശ്വസിക്കുന്നു. അതിന്റെ അഗ്‌നിയില്‍ മുതലാളിമാരും ജന്മിമാരും കോണ്‍ഗ്രസ് നേതാക്കന്മാരും ഒരുപിടി ചാരമായി മാറും. അവരുടെ ചാരത്തിന് മുകളിലായിരിക്കും നമ്മള്‍ ഇന്ത്യയിലെ ദരിദ്രരുടെയും പീഡിതരുടെയും ഭരണകൂടം പടുത്തുയര്‍ത്തുന്നത്.’

ഐ.പി.സി. 124എ, അതിന്റെ വാചികാര്‍ത്ഥത്തിലെടുത്താല്‍, ഈ പ്രസംഗം രാജ്യദ്രോഹമാണ്. അതാണ് കൊളോണിയല്‍ നിയമപാരമ്പര്യവും. എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തിന് കീഴില്‍ ഭരണകൂടത്തിനെതിരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പൗരന് അവകാശമുണ്ട് എന്നായിരുന്നു കേദാര്‍നാഥിന്റെ നിലപാട്. അതുകൊണ്ട് തന്നെ, കേദാര്‍നാഥ് സിംഗ്, ഐ.പി.സി. 124എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. 1962ല്‍ ആ പ്രസംഗം ഒരു അക്രമാഹ്വാനമല്ല എന്നുകണ്ട് സുപ്രീംകോടതി അദ്ദേഹത്തെ വെറുതെവിട്ടു. എന്നിരുന്നാലും അതേവിധിയില്‍ തന്നെ 124എ വകുപ്പിന്റെ ഭരണഘടനാപരത ശരിവെക്കുകയും ചെയ്തു. അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ രാജ്യദ്രോഹം എന്ന വകുപ്പിനെയാകെ പുനര്‍നിര്‍വചിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

യഥാര്‍ത്ഥത്തില്‍ 1950ലെ രൊമേശ് ഥാപ്പര്‍ വിധിയില്‍ നിന്നുള്ള ഒരു പിന്‍നടത്തം ആണ് 1962ല്‍ ഉണ്ടായത്. ഭരണഘടനയുടെ അനുച്ഛേദം 19(2)ല്‍ നിന്ന് രാജ്യദ്രോഹം എന്ന വാക്ക് ഒഴിവാക്കിയത്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124എ മുന്നോട്ടുവെക്കുന്ന ജനാധിപത്യവിരുദ്ധമായ ആശയത്തെ നിഷേധിക്കുന്നതിനും രാജ്യദ്രോഹം എന്ന കുറ്റത്തെ നിരാകരിക്കുന്നതിനും വേണ്ടിയാണ് എന്ന ശരിയായ ചരിത്രവായനയാണ് 1950ലെ കോടതിവിധിയില്‍ പ്രതിഫലിച്ചിരുന്നതെങ്കില്‍, 124എ എന്ന വകുപ്പ് നിലനിര്‍ത്തുന്നതിന് വേണ്ടി ചരിത്രത്തെയും നിയമത്തെയും അതിനനുകൂലമായി വ്യാഖ്യാനിക്കുകയാണ് കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതി ചെയ്തത്.

ചീഫ് ജസ്റ്റിസ് എസ്. ഭുവനേശ്വര്‍ പ്രസാദ് സിന്‍ഹ ആണ് വിധിയെഴുതിയത്. രൊമേശ് ഥാപ്പര്‍ കേസില്‍ വിധിയെഴുതിയ ബെഞ്ചിലെയും അംഗമായിരുന്ന ജസ്റ്റിസ് എസ്.ആര്‍. ദാസ് പക്ഷേ ഇവിടെ വിയോജിപ്പ് രേഖപ്പെടുത്തിയില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. ജസ്റ്റിസുമാരായ എ.കെ. സര്‍ക്കാര്‍, എന്‍. രാജഗോപാല അയ്യങ്കാര്‍, ജെ.ആര്‍. മുധോല്‍കര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

എന്തായാലും 124എയില്‍ പറയുന്ന വളരെ വിപുലമായ അര്‍ത്ഥതലങ്ങളില്‍ നിന്ന് രാജ്യദ്രോഹം എന്ന വകുപ്പ് പ്രയോഗിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെ വലിയതോതില്‍ പരിമിതപ്പെടുത്തി എന്നുള്ളത് കേസിലെ ഒരു നേട്ടവുമാണ്. ഗവണ്‍മെന്റിനെതിരെയുള്ള വിമര്‍ശനങ്ങളോ വിയോജിപ്പുകളോ അനാദരവോ ഭരണത്തില്‍ ഇരിക്കുന്ന വ്യക്തികളോടുള്ള അനാദരവോ ഒന്നും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരില്ലെന്നും അക്രമത്തിനുള്ള ആഹ്വാനമാണ് കുറ്റകൃത്യത്തിന്റെ മാനദണ്ഡം എന്നും വന്നു. എന്നാല്‍ ‘പൊതുസമാധാനമോ പൊതുക്രമമോ ഇല്ലാതാക്കുന്നതിനുള്ള, ഉദ്ദേശ്യമോ പ്രവണതയോ’ എന്ന വിധിയിലെ പ്രയോഗം അവ്യക്തതകള്‍ ബാക്കിയാക്കുന്നതാണ്.

1995ലെ ‘ബല്‍വന്ത് സിംഗ് കേസ്’ കേദാര്‍നാഥ് വിധിയെ പിന്‍പറ്റി വന്നിട്ടുള്ള മറ്റൊരു തീരുമാനമാണ്. ‘ഖലിസ്ഥാന്‍ സിന്ദാബാദ്! ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്!’ എന്ന് മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ രാജ്യദ്രോഹം ചാര്‍ത്തപ്പെട്ട വ്യക്തികളുടെ അപ്പീലില്‍ സുപ്രീംകോടതി അവരെ കുറ്റവിമുക്തരാക്കുകയും, ‘കേവലം മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമല്ല’ എന്ന് പ്രസ്താവിക്കുകയുമുണ്ടായി.

കേദാര്‍നാഥ് വിധിയെ അതുണ്ടായ പ്രത്യേക കാലഘട്ടത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കേണ്ടതാണ് എന്ന് തോന്നുന്നു. ഒന്ന്, രൊമേശ് ഥാപ്പര്‍ കേസിലെ വിധി വരുന്നത് നമ്മുടെ ഭരണഘടന നിലവില്‍ വന്നതിന് കേവലം ഒരു വര്‍ഷത്തിന് ശേഷം മാത്രമാണ്. ദേശീയപ്രസ്ഥാനവും ഭരണഘടനാ നിര്‍മാണപ്രക്രിയയുമൊക്കെ പൊതുബോധത്തില്‍ സജീവമായി നിലനിന്നിരുന്ന സമയം. അതില്‍ നിന്നും വ്യത്യസ്തമായി സ്വാതന്ത്ര്യസമര പ്രസ്ഥാനം നേരിട്ടിരുന്ന രാഷ്ട്രീയ പരിതസ്ഥിതിയെക്കുറിച്ചുള്ള ബോധം പൊതുസമൂഹത്തില്‍ നിന്നും മാഞ്ഞുതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് കേദാര്‍നാഥ് വിധി ഉണ്ടായത്. രണ്ട്, മൗലികാവകാശങ്ങള്‍ ഇത്രമേല്‍ വിശാലമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന കാലത്തുള്ള വിധിയല്ലത്. മൗലികാവകാശങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളായി നീതിപീഠം കണക്കാക്കിയ എ.കെ. ഗോപാലന്‍ കേസിന്റെ കാലമാണ്.

മൗലികാവകാശങ്ങള്‍ ഒറ്റപ്പെട്ട കമ്പാര്‍ട്ട്‌മെന്റുകള്‍ അല്ല എന്നും, അവയെല്ലാം പരസ്പരപൂരകങ്ങളാണെന്നും സുപ്രീംകോടതി വിലയിരുത്തിയ മനേക ഗാന്ധി കേസിനും, വ്യക്തിയുടെ സ്വയം നിര്‍ണയ അവകാശവും ഭരണകൂട നടപടികളുടെ ആനുപാതികത സംബന്ധിച്ചും നിര്‍ണായക നിലപാടുകള്‍ മുന്നോട്ടുവെച്ച പട്ടു സ്വാമിക്കും, മൗലികാവകാശങ്ങളുടെ വിശാലമാനങ്ങള്‍ അംഗീകരിക്കപ്പെട്ട നാസ് ഫൗണ്ടേഷന്‍ (സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമായി കണക്കാക്കിക്കൊണ്ടുള്ള ഐ.പി.സി. വകുപ്പ് 377 റദ്ദ് ചെയ്ത വിധി) വിധിക്കും ഒക്കെ മുന്നേയാണ്. ലോകരാജ്യങ്ങളിലെല്ലാം തന്നെ രാജ്യദ്രോഹക്കുറ്റം നിയമത്തില്‍ നിന്ന് നീക്കം ചെയ്ത് തുടങ്ങുന്നതിനും മുന്‍പാണ്.

സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഈ കാലഘട്ടത്തില്‍ 124എ പോലൊരു നിയമത്തിന് പ്രസക്തിയൊന്നുമില്ല. എങ്ങനെ പരിശോധിച്ചാലും തിരുത്തേണ്ട ഒരു തീരുമാനമായിരുന്നു 1962ല്‍ കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഐ.പി.സി 124എയുടെ ഭരണഘടനാ സാധുത പരിശോധിക്കുമ്പോള്‍, ഇക്കാര്യങ്ങള്‍ കൂടി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുമെന്ന് പ്രത്യാശിക്കാം. രാജ്യദ്രോഹം പോലെയുള്ള മര്‍ദ്ദക നിയമങ്ങള്‍ ഇനിയും നിയമവ്യവസ്ഥയുടെ ഭാഗമായി തുടരുന്നത് ഏറെ പൊരുതി നേടിയ നമ്മുടെ ജനാധിപത്യത്തെ തന്നെ ദുര്‍ബലപ്പെടുത്താനേ സഹായകമാകൂ, പ്രത്യേകിച്ചും ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ ഉയര്‍ത്തിപ്പിടിച്ച ജ്ഞാനോദയ മൂല്യങ്ങളെയും, ഭരണഘടനാ ധാര്‍മികതയെയും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഫാഷിസ്റ്റ് രാഷ്ട്രീയം അധികാരം കയ്യാളുന്ന കാലഘട്ടത്തില്‍.


Content Highlight: PB Jijeesh writes about the sedition charge in India