ഗവണ്മെന്റ് സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വത്തെയോ കാര്യശേഷിയില്ലായ്മയെയോപ്രതി ജനരോഷമുയരുമ്പോള്‍ എല്ലാ ഭരണകൂടങ്ങളും സ്വീകരിക്കുന്ന കുറുക്കുവഴിയാണ് നിയമനിര്‍മാണം. ഇതുവഴി രണ്ടു കാര്യങ്ങളാണ് ഭരണകൂടങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്.
1. നിങ്ങളുടെ രോഷം ഞങ്ങള്‍ മനസിലാക്കുന്നു. ഇതാവര്‍ത്തിക്കാതിരിക്കാനുള്ള അതിശക്തമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കുകയാണ്.
2. നിങ്ങളുടെ രോഷത്തിന്റെ കാരണം ഞങ്ങളുടെ കഴിവുകേടല്ല, നിയമത്തിന്റെ അപര്യാപ്തതയാണ്.
അങ്ങനെ ജനരോഷം തണുപ്പിക്കുവാനും സ്വയം കുറ്റവിമുക്തരാകാനും ഇതൊരു നല്ല ഉപായമാണ്. ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിര്‍ഭയ സംഭവത്തിന് ശേഷം രാജ്യത്തെ തെരുവുകളില്‍ ഉയര്‍ന്ന പ്രതിഷേധാഗ്‌നി ഒടുവില്‍ നിയമനിര്‍മാണത്തിലാണ് അവസാനിച്ചത്. അതിനുശേഷം ഒരു പതിറ്റാണ്ടോളം പിന്നിടുമ്പോള്‍, നമ്മള്‍ എത്തിനില്‍ക്കുന്നത് ഹാത്രാസിലാണ്.
നീതിയെവിടെ എന്ന ചോദ്യത്തിന് ‘വേണമെങ്കില്‍ നിയമമുണ്ടാക്കാം’ എന്ന മറുപടിയല്ല നമുക്ക് വേണ്ടത്. പറ്റിയ വീഴ്ചയ്ക്ക് ഭരണ സംവിധാനത്തേക്കൊണ്ടു സമാധാനം പറയിക്കുന്നിടത്താണ് ജനാധിപത്യം ജീവിക്കുന്നത്.
കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 118 (എ) ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറത്തു വന്നപ്പോള്‍ ഇവിടെത്തന്നെ പ്രസിദ്ധീകരിച്ച ലേഖനം തുടങ്ങിയത് ഇങ്ങനെയാണ്. ഒരേ കാര്യം പലവുരു ആവര്‍ത്തിക്കേണ്ടി വരുന്നത് ദുഃഖകരമാണ്. 118 (എ) ഭേദഗതി ഗവണ്‍മെന്റ് തിരുത്തി. എന്നാല്‍ വീണ്ടും ഇത്തരം കുറുക്കുവഴികളിലേക്ക് ചെന്ന് ചാടുന്നത് ദൗര്‍ഭാഗ്യകരമാണ്. അതും ഓര്‍ഡിനന്‍സ് വഴി. ഇത്ര തിടുക്കപ്പെട്ട് നിയമം കൊണ്ടുവരേണ്ട സാഹചര്യം വ്യക്തമല്ല.
ഗവര്‍ണര്‍മാര്‍ക്ക് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുവാന്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ 213-ാം അനുച്ഛേദം ഒരു സാധാരണ അധികാരമല്ലെന്നും, അസാമാന്യ സാഹചര്യങ്ങളില്‍ അനിവാര്യമാണ് എന്നു കണ്ടാല്‍ മാത്രം പ്രയോഗിക്കേണ്ടതാണ് എന്നും ഓര്‍ക്കേണ്ടതുണ്ട്.
213(2)ല്‍ പറഞ്ഞിരിക്കുന്നതുപോലെ ഈ ബില്ലിന് നിയമത്തിന്റെ അതേ ഫലം അതിന്റെ വാച്യാര്‍ത്ഥത്തില്‍ ഉണ്ടാകുകയില്ല എന്ന് കൃഷ്ണകുമാര്‍ കേസില്‍ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഓര്‍ഡിനന്‍സിന് ഭരണഘടനാ സാധുത ഉണ്ടാകണമെങ്കില്‍ ‘അടിയന്തര നടപടി അനിവാര്യമായ’ ഘട്ടമെന്ന് ഗവര്‍ണറെ ബോദ്ധ്യപ്പെടുത്തുന്ന രേഖകള്‍ വേണം. അക്കാരണത്താല്‍ തന്നെ ഓര്‍ഡിനന്‍സുകളെ ചോദ്യം ചെയ്യാന്‍ കഴിയും എന്നും സുപ്രീം കോടതി പ്രസ്താവിച്ചു.
2020 മെയ് 29-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഡോ. എന്‍. രമേശ് കുമാര്‍ കേസില്‍ ഓര്‍ഡിനന്‍സ് അനിവാര്യമെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ട കാരണങ്ങളെ സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് വിധി പറയുന്ന സാഹചര്യവും ഉണ്ടായി. എന്നാല്‍ ഈ രണ്ട് വിധികളും ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കുന്നതിന് രാഷ്ട്രീയ-ഭരണ തലപ്പത്ത് ഉള്ളവരെ പ്രേരിപ്പിച്ചിട്ടില്ല എന്നാണ് അനുഭവം.
ഇവിടെ ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകം എങ്ങനെയാണ് ഇത്തരം ഒരു നിയമത്തിന് കാരണമാകുന്നത്? തികച്ചും അസാധാരണമായ ഒറ്റപ്പെട്ട സംഭവമായിരുന്നു. ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ കഴിയാത്ത തരത്തില്‍ നടന്നത്. നിയമമില്ലാത്തതുകൊണ്ട് ഉണ്ടായതായിരുന്നില്ല. നിയമത്തില്‍ കുറ്റകൃത്യത്തിന്റെ ശിക്ഷ കൂട്ടിയാല്‍ കുറ്റകൃത്യം ഇല്ലാതാകും എന്ന വാദത്തിനും അടിസ്ഥാനമില്ല. പ്രത്യേകിച്ചും ഒരു നിമിഷത്തിന്റെ പ്രചോദനയില്‍ വൈകാരികമായി ചെയ്തുപോകുന്ന കുറ്റകൃത്യങ്ങള്‍ക്ക്.
ആശുപത്രി ജീവനക്കാര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ ഭൂരിഭാഗവും അത്തരത്തില്‍ സംഭവിക്കുന്നതാണ്. മുന്‍കൂട്ടി പദ്ധതിയിട്ട് ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് നിയമം ഒരു തടസ്സമേ ആകുന്നില്ല. അതുകൊണ്ടുതന്നെ ഓര്‍ഡിനന്‍സിനെ ന്യായീകരിക്കുന്ന അടിയന്തര കാരണങ്ങളൊന്നും ഇവിടെ കാണുന്നില്ല. നിയമം കൊണ്ട് എന്തു മാറ്റമാണ് ഉണ്ടാവുക എന്നു പരിശോധിക്കുന്നതിന് മുന്‍പ് രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും അവയുടെ സ്വഭാവവും കാരണവും പരിശോധിക്കേണ്ടതുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് സമഗ്രമായ പഠനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാനപ്രശ്‌നം. ഡോക്ടര്‍മാരില്‍ എഴുപത്തിയഞ്ചു ശതമാനം പേരും അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു എന്നാണ് ഐ.എം.എ. പറയുന്നത്. അവര്‍ 2015-ല്‍ നടത്തിയ പഠനം അനുസരിച്ചാണ് ഈ കണക്ക്. എല്ലാവരും ഉദ്ധരിക്കുന്ന ഈ പഠനം പക്ഷേ, പൊതു സമൂഹത്തിന് ലഭ്യമല്ല. പ്രസിദ്ധീകരിച്ചിട്ടുമില്ല. അതുകൊണ്ട് എന്തു പഠനമാണ് അവര്‍ നടത്തിയത് എന്നു വ്യക്തമല്ല. എങ്ങനെയാണ് ഐ.എം.എ. ഇതു കണ്ടെത്തിയത്? അക്രമങ്ങളുടെ സ്വഭാവം, വ്യാപ്തി, സമയം, സ്ഥലം, രീതി, കാരണം, തുടര്‍നടപടി തുടങ്ങി നിരവധി വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള വിശകലനവും നിഗമനവും സാധ്യമാകൂ.
ലഭ്യമായ ചുരുക്കം ചില പഠനങ്ങള്‍ ഉണ്ട്. 2018-ല്‍ പഠനവിധേയമാക്കിയത് ഉത്തര്‍പ്രദേശ് ദല്‍ഹി എന്നിവിടങ്ങളില്‍ നടന്ന ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളാണ്. അതിക്രമങ്ങളില്‍ ഭൂരിഭാഗവും പുരുഷന്മാര്‍ക്കെതിരെയാണെന്നും, 51 ശതമാനം ആക്രമണവും നടന്നത് നൈറ്റ് ഡ്യൂട്ടിക്ക് ആണെന്നും പറയുന്ന പഠനം, പക്ഷേ അതിക്രമങ്ങളുടെ കാരണം തേടുന്നില്ല. ദല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ആയ വിധി ലീഗല്‍ സ്റ്റഡീസ് 2020-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആക്രമണ കാരണങ്ങളെക്കുറിച്ച് ദല്‍ഹിയിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയുടെ ഫലമുണ്ട്.
80 ശതമാനം പേരും പറഞ്ഞത് ആക്രമണങ്ങള്‍ക്ക് കാരണം കാര്യങ്ങള്‍ നേരാംവണ്ണം പറഞ്ഞ് പഠിപ്പിക്കാനുള്ള കഴിവില്ലായ്മയാണ് എന്നാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വൈദഗ്ധ്യക്കുറവും ആക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന് 56 ശതമാനം പേരും അഭിപ്രായപ്പെട്ടു. കമ്മ്യൂണിക്കേഷന്‍ സ്‌കില്ലിന്റെ അഭാവത്തിന് പുറമേ, മയക്കുമരുന്ന് ഉപയോഗിക്കുന്ന രോഗികള്‍, ആശുപത്രികളിലെ വമ്പിച്ച തിരക്ക്, മരുന്നുകളുടെ ദൗര്‍ലഭ്യം, മോശം സൗകര്യങ്ങള്‍ എന്നിവയൊക്കെ അക്രമങ്ങള്‍ക്ക് കാരണമായേക്കാമെന്നും പറയുന്നു.
മറ്റൊരു പഠനം പറയുന്നത് 80 ശതമാനം ആക്രമണങ്ങള്‍ക്കും പിന്നില്‍ മാധ്യമങ്ങളുടെ നെഗറ്റീവ് റിപ്പോര്‍ട്ടിംഗ് ഒരു പ്രധാന ഘടകമാണെന്നാണ്. അതിലും പ്രധാനപ്പെട്ട ഒരു കാരണം മോശം കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ തന്നെയാണ്. അതുകൂടാതെ രോഗികളുടെ ബന്ധുക്കളുടെ പ്രതീക്ഷകള്‍ക്ക് ഉയരാതെ പോകുന്നത്, രോഗിയുടെ മരണം, സൗകര്യങ്ങളുടെയും മരുന്നിന്റെയും അഭാവം, ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുന്നത് എന്നിവയും ആക്രമണങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്.
മിക്ക ആശുപത്രികളും അവരുടെ കപ്പാസിറ്റിക്ക് അപ്പുറം രോഗികളെ കൈകാര്യം ചെയ്യുന്നവയാണ്. അതിനുവേണ്ട സൗകര്യങ്ങളോ ആവശ്യത്തിന് ജോലിക്കാരോ ഉണ്ടാവാറില്ല. മരുന്നുകളുടെയും ചികിത്സയുടെയും ചെലവ്, പലപ്പോഴും രോഗികളുടെ കുടുംബം പ്രതീക്ഷിക്കുന്നതിനേക്കാള്‍ മുകളിലാകുന്നതും ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ചും ചെറിയ ആശുപത്രികളിലും ക്ലിനിക്കുകളിലുമൊക്കെ ബില്ലിംഗ് സമയത്ത് ഇത് ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലും രോഗിയുടെ മരണവേളയിലും കാര്യങ്ങള്‍ ബന്ധുക്കളെ ബോധ്യപ്പെടുത്താന്‍ കഴിവുള്ള കൗണ്‍സിലര്‍മാരോ സാമൂഹ്യപ്രവര്‍ത്തകരോ ആശുപത്രികളില്‍ ഉണ്ടാവാറില്ല. ഒരുപക്ഷേ ഏറ്റവും അനുഭവപരിചയം കുറഞ്ഞ ജൂനിയര്‍ ഡോക്ടര്‍മാരാണ് ഇത് കൈകാര്യം ചെയ്യുക.
രോഗിയുടെ ബന്ധുക്കളോട് സംസാരിക്കേണ്ടത് എങ്ങനെ എന്ന് യാതൊരു ധാരണയുമില്ലാത്ത ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ പലപ്പോഴും ആക്രമണങ്ങളിലാണ് അവസാനിക്കുക.
2018-19 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 56 വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ‘വിധി’ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 30 കേസുകളിലും രോഗിയുടെ മരണം, ചികിത്സയ്ക്ക് ഉണ്ടായ കാലതാമസം, ചികിത്സ പിഴവ് എന്നിവ ഉണ്ടായിരുന്നു എന്നാണ്. മറ്റു കാരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ആക്രമണ സ്വഭാവമുള്ള ബന്ധുക്കള്‍, ജാതി വിവേചനം, കുഴപ്പക്കാരായ രോഗികള്‍, ജീവനക്കാരുടെ മോശം പെരുമാറ്റം, മോശം കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ എന്നിവയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമങ്ങളില്‍ കുറെയൊക്കെ ആരോഗ്യപ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയവയുമായിരുന്നു.
ഈ പഠനങ്ങള്‍ ഒന്നും സമ്പൂര്‍ണ്ണമല്ല. പല വിദേശ രാജ്യങ്ങളിലും വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്, എന്നാല്‍ ഇന്ത്യയില്‍ അങ്ങനെ ഉണ്ടായിട്ടില്ല. പരമാവധി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് സമഗ്രമായ അന്വേഷണം ഇത് സംബന്ധിച്ച് നടത്തേണ്ടതുണ്ട്. കാരണം ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഉണ്ടാവും. ജാതിയും മതവും പ്രദേശവും വര്‍ഗ്ഗവും വംശവും എല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ആശുപത്രികളിലെ ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ പ്രാഥമികമായ ഉത്തരവാദിത്തം ആശുപത്രി മാനേജ്‌മെന്റിലും ആശുപത്രിയിലെ ജീവനക്കാരിലും നിക്ഷിപ്തമാണ്. ഗവണ്‍മെന്റ് ആയാലും സ്വകാര്യ സ്ഥാപനങ്ങളായാലും ജീവനക്കാര്‍ക്ക് ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ട് എന്ന് ഉറപ്പുവരുത്തണം. അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കണം. തൊഴിലിടങ്ങളിലെ അക്രമ സംഭവങ്ങളെക്കുറിച്ച് നിരന്തരമായി പരിശോധിക്കുകയും വിലയിരുത്തുകയും കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യണം. അതിനുതകുന്ന നയങ്ങളും പദ്ധതികളും നിരീക്ഷണ സംവിധാനവും കൊണ്ടുവരണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും അത് പരിശോധിക്കുന്നതിനും സഹായകമായ വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഒരുക്കണം. ഇരയാകുന്നവരുടെ ചികിത്സയും അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്ങും സ്ഥാപനത്തിന്റെ പിന്തുണയും നിയമസഹായവും പുനരധിവാസവും ഉറപ്പുവരുത്താനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഉണ്ടാവണം.
അമേരിക്കയിലെ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ആക്റ്റിലും ഇത്തരം കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുള്ളതായി കാണാം. തൊഴിലിടം പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന അപകടങ്ങള്‍ക്ക് സാധ്യത ഇല്ലാത്ത ഇടമാക്കി മാറ്റാനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കുണ്ട്. അത്തരം അപകടസാധ്യതകള്‍ നേരത്തെ തിരിച്ചറിഞ്ഞ് മനസ്സിലാക്കി വയ്‌ക്കേണ്ടതാണ്. അത് നടപ്പിലാക്കാനുള്ള മെച്ചപ്പെട്ട സംവിധാനം നിര്‍ബന്ധമായും വേണം. അതിന് കൃത്യമായ പ്രോട്ടോകോളും ഉണ്ടായിരിക്കണം.
അതിലേറെ പ്രാധാന്യമുണ്ട് വൈദ്യ വിദ്യാഭ്യാസ രംഗത്ത് കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും പ്രശ്‌നപരിഹാര വൈദഗ്ധ്യവും ഉറപ്പുവരുത്തുന്ന പരിഷ്‌കാരങ്ങള്‍ക്ക്. ആറ്റിറ്റിയൂഡ്, എത്തിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (AETCOM) മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നു. ഇതിനായി 139 മണിക്കൂറുകള്‍ മാറ്റിവെക്കണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇതിനപ്പുറം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചുള്ള ബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
സഹാനുഭൂതി എന്ന ഗുണം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസ സംവിധാനം.
ഡോക്ടറും രോഗിയും തമ്മിലുള്ള പരമ്പരാഗതമായ ബന്ധത്തിന്റെ ഗോത്രീയ സ്വഭാവം നല്‍കുന്ന ഒരു സുപ്പീരിയോറിറ്റി കോംപ്ലക്‌സ് പലപ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്നു. അതിനെ കുടഞ്ഞു കളയാന്‍ പോകുന്ന സാമൂഹ്യബോധം ആരോഗ്യ പ്രവര്‍ത്തകരില്‍ സൃഷ്ടിക്കേണ്ടതുണ്ട്. തന്റെ മുന്നില്‍ നിന്ന് പരാതി പറയുന്ന വ്യഥകളും ആകുലതകളും അവര്‍ തിരിച്ചറിയേണ്ടതുണ്ട്. അവന്റെ സാമൂഹ്യ പശ്ചാത്തലം മനസ്സിലാക്കി വേണം പ്രതികരിക്കാന്‍.
ഉദാഹരണത്തിന് ജാതീയമായ വിവേചനം അനുഭവിക്കുന്നവരോട്, ലൈംഗിക അതിക്രമങ്ങള്‍ അതിജീവിച്ച മനുഷ്യരോട്, ഇതര ലിംഗങ്ങളില്‍ പെട്ടവരോട്, ഒക്കെ എങ്ങനെ പെരുമാറണം എന്ന് പഠിക്കേണ്ടതുണ്ട്. ഉറ്റവര്‍ മരണപ്പെട്ട മനുഷ്യരുടെ ദുഃഖം, ആശങ്ക, വൈകാരിക വിക്ഷോഭം ഒക്കെ മനസ്സിലാക്കാന്‍ കഴിയണം. അത്തരം സന്ദര്‍ഭങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് അവരും രോഗിയും തമ്മിലുള്ള വിശ്വാസത്തിന് ദൃഢത കൈവരികയുള്ളൂ. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും അവര്‍ ചെയ്യുന്ന ജോലിയുടെ കാഠിന്യത്തെക്കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഭരണസംവിധാനങ്ങള്‍ നടത്തണം. പരസ്യങ്ങളിലൂടെ, ബോധവല്‍ക്കരണ പരിപാടികളിലൂടെ, അത് സാധ്യമാക്കണം.
അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ആരോഗ്യ മേഖലയില്‍ വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്ക് കീഴില്‍ കൈക്കൂലി ഒരു വലിയ വിഷയമാണ്. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഇടങ്ങളില്‍ പോയി പണം മുടക്കി കാണാത്ത രോഗികളെ നേരാംവണ്ണം ചികിത്സിക്കാത്ത ഒരുപാട് ഡോക്ടര്‍മാരുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ കൈക്കൂലി മുന്‍കൂറായി വീട്ടില്‍ കൊണ്ടുപോയി കൊടുത്തില്ലെങ്കില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറാന്‍ വിസമ്മതിക്കുന്ന ഡോക്ടര്‍മാരുണ്ട്. ഇതിനൊന്നും മാര്‍ഗമില്ലാത്ത മനുഷ്യനെ അവജ്ഞയോടെ പരിഗണിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു യാഥാര്‍ത്ഥ്യമാണ്.
ഇതൊന്നും നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രം കാണുന്ന പ്രതിഭാസമല്ല എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ദരിദ്രരും ജാതീയമായി താഴ്ന്ന തട്ടിലും ഉള്ള ആളുകള്‍ നേരിടേണ്ടിവരുന്ന അവഗണന അസഹനീയമാണ്. സംസാരത്തിനും പെരുമാറ്റത്തിലും പരിഗണനയിലും എല്ലാം കാണുന്ന വ്യത്യാസം വളരെ വലുതാണ്. അത്തരം നിരവധി അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഉള്ളില്‍ നീറിയുറയുന്ന ദേഷ്യവും പ്രതിഷേധവും എപ്പോഴാണ്, എങ്ങനെയാണ്, പുറത്തേക്ക് വരിക എന്നത് മുന്‍കൂട്ടി പറയാനാവില്ല.
അങ്ങനെ വളരെ വിശാലമായ കാഴ്ചപ്പാടോടുകൂടി സമീപിക്കേണ്ട, വിപുലമായ സംവിധാനങ്ങളിലൂടെയും പരിഷ്‌കരണങ്ങളിലൂടെയും പരിഹാരം കണ്ടെത്തേണ്ട, ഒരു വിഷയത്തെ, നിയമനിര്‍മ്മാണം എന്ന ഒറ്റമൂലിയില്‍ തളച്ചിടുന്നതു കൊണ്ട് പ്രശ്‌നപരിഹാരമാകില്ല. മാത്രമല്ല, നമ്മള്‍ ഉദ്ദേശിക്കാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സാധാരണയില്‍ കവിഞ്ഞ ശിക്ഷകള്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ള എല്ലാ നിയമങ്ങളും, അത് പരിഹരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുമ്പോള്‍ തന്നെ, വ്യാപകമായ രീതിയില്‍ ദുരുപയോഗങ്ങള്‍ക്ക് മാത്രം കാരണമാകുന്ന അനുഭവമാണ് നമുക്കുള്ളത്.
നിരവധി സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക നിയമങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അത്തരത്തില്‍ ഒരു നിയമം കൊണ്ടുവരാനുള്ള ശ്രമം നടത്തിയിരുന്നു. 2019-ല്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് പേഴ്‌സണല്‍സ് ആന്‍ഡ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌റ് (പ്രൊഹിബിഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടീം പ്രോപ്പര്‍ട്ടി) ബില്‍ കൊണ്ടുവന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയം അതിനെ എതിര്‍ത്തു. കാരണം ഇത്തരം അതിക്രമങ്ങള്‍ നേരിടാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ തന്നെ മതി എന്നായിരുന്നു അവരുടെ അഭിപ്രായം.
പ്രസ്തുത ബില്ലില്‍ മൂന്ന് കുറ്റങ്ങളാണ് നിര്‍വഹിച്ചിരുന്നത്.
കൂടാതെ ഈ കുറ്റകൃത്യങ്ങളെ ഒക്കെ കോഗ്‌നൈസബിള്‍, നോണ്‍ ബെയിലബിള്‍ കുറ്റകൃത്യങ്ങള്‍ ആക്കി നിര്‍വചിക്കുകയും ചെയ്തു. ഈ പറഞ്ഞതില്‍ ഒരു പുതിയ കുറ്റകൃത്യം പോലും നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നും ഇതൊക്കെ ഐപിസിയുടെ 323, 325, 352, 506, 425 എന്നിവയില്‍ എന്ന അതേ കാര്യങ്ങള്‍ തന്നെയാണ് എന്നുമുള്ള ശരിയായ നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചത്. ഇതേ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കൂട്ടുകയും അതിന്റെ സ്വഭാവം മാറ്റുകയും ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല.
കേരളത്തില്‍ 2012 മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി പ്രത്യേക നിയമമുണ്ട്. പ്രൊട്ടക്ഷന്‍ ഓഫ് മെഡിക്കല്‍ സര്‍വീസ് പേഴ്‌സണല്‍ ആന്‍ഡ് മെഡിക്കല്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍ (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി ആക്ട്) 2012. ഈ നിയമപ്രകാരവും നിര്‍വചിക്കപ്പെട്ടിരിക്കുന്ന ക്രൈമുകള്‍ മേല്‍പറഞ്ഞതൊക്കെ തന്നെയാണ്. ഈ കുറ്റകൃത്യങ്ങള്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നതും (കോഗ്‌നൈസബിള്‍), സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്തതും (നോണ്‍ ബെയിലബിള്‍) ആക്കി നിര്‍വചിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റവുമാണ്. ഈ നിയമത്തിലാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്.
201-2ലെ നിയമത്തിന് കീഴില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും കൂടാതെ ആശുപത്രികളിലെ സെക്യൂരിറ്റി, ആംബുലന്‍സ് ഡ്രൈവര്‍, മാനേജീരിയല്‍ സ്റ്റാഫ്, ഹെല്‍പ്പര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 4 ഭേദഗതി ചെയ്ത്, കൂടുതല്‍ കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
2020-ലെ കേന്ദ്രബില്ലിന് സമാനമായ ഭാഷയാണ് ഭേദഗതിയിലും കാണാന്‍ കഴിയുന്നത്. ആക്രമണത്തിന് മുതിരുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുക എന്നതുകൂടി കുറ്റത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. നിയമത്തില്‍ നിലവിലുണ്ടായിരുന്ന മൂന്നുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയും എന്ന ശിക്ഷാവിധി പരിഷ്‌കരിച്ച്, നിര്‍വചിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച ബില്ലിന്റെ മാതൃകയില്‍, ആറുമാസം മുതല്‍ 5 വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ പിഴയും, ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ 5 ലക്ഷം വരെ പിഴയും എന്ന തരത്തില്‍ ശിക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുന്നു.
ഇത്തരം ഒരു പരിഷ്‌കരണം എന്തു ഫലമുണ്ടാകുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമല്ല. ആശുപത്രിയിലെ അതിക്രമങ്ങള്‍ തടയാന്‍ ആവശ്യമായ നിയമങ്ങള്‍ ഇപ്പോഴേ നിലവിലുണ്ട്. അതിനപ്പുറത്തേക്ക് ദുരുപയോഗത്തിന് സാധ്യതയുള്ള ഒരു കരിനിയമം കൊണ്ടുവരുന്നത് ഡോക്ടര്‍മാരുടെ സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും, കൈയ്യടി നേടാനും വേണ്ടി മാത്രമാണ്. കാരണം ആശുപത്രിയില്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ യാതൊരു പഠനങ്ങളോ കൂടിയാലോചനകളോ നടന്നിട്ടുള്ളതായി നമുക്കറിയില്ല. നിയമസഭയിലും ചര്‍ച്ച ചെയ്തിട്ടില്ല.
സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഒരു കൊലപാതകം, അതോടനുബന്ധിച്ച് ഉയര്‍ന്നുവന്ന ആശുപത്രി ജീവനക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ഉള്ള പരാതികള്‍. ഇതൊക്കെ വളരെ അവധാനതയോടെ കൈകാര്യം ചെയ്യുകയും, ആഴത്തില്‍ പഠിക്കുകയും സമഗ്രമായി മനസ്സിലാക്കുകയും, വിശാലമായ കാഴ്ചപ്പാടോടുകൂടി അഭിസംബോധന ചെയ്യുകയും ചെയ്യേണ്ട വിഷയങ്ങളാണ്. അതിനുതകുന്ന പഠനങ്ങളും ചര്‍ച്ചകളും ഉണ്ടാകണം. നിയമസഭയിലെങ്കിലും ഗൗരവതരമായ കൂടിയാലോചനകള്‍ വേണം. ഇതൊന്നുമില്ലാതെ ഓര്‍ഡിനന്‍സിന്റെ വഴി തേടുന്നത് ജനാധിപത്യപരമല്ല. അത്ര വേഗത്തില്‍ നിയമം പാസാക്കേണ്ടുന്ന യാതൊരു അടിയന്തര സാഹചര്യവും ഉണ്ടായിരുന്നില്ല. അതിനപ്പുറം പ്രത്യേക നിയമങ്ങള്‍ ഏതൊക്കെ സാഹചര്യങ്ങളില്‍ ആര്‍ക്കൊക്കെ വേണ്ടിയാണ് ഉണ്ടാവേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് വേണം.
രാജ്യത്തെ പൊതു നിയമങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത പുതിയ ഒരു കുറ്റകൃത്യം നിര്‍വചിക്കേണ്ടി വരുമ്പോഴാണ് പ്രത്യേക നിയമങ്ങള്‍ ആവശ്യമായി വരിക. അല്ലെങ്കില്‍ ചരിത്രപരമായും സാമൂഹികമായും അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നതിന് വേണ്ടി നിയമങ്ങളാകാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടിവരുന്ന അതിക്രമം, പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് എതിരായ കുറ്റകൃത്യം, സൈബര്‍ മേഖലയില്‍ എന്നപോലെ പുതിയ കാലഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ കുറ്റകൃത്യങ്ങള്‍, സ്വകാര്യത പോലെ അടുത്തകാലത്ത് മാത്രം പൊതുബോധത്തിന്റെ ഭാഗമായ വിഷയങ്ങള്‍, അങ്ങനെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാകണം പ്രത്യേക നിയമങ്ങള്‍ ഉണ്ടാവേണ്ടത്. സാധാരണ ഗതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വകുപ്പുകള്‍ കൊണ്ട് നേരിടാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പ്രത്യേക നിയമത്തിന്റെ ആവശ്യമേ ഇല്ല.
ഇന്ത്യയില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ പ്രത്യേക സംരക്ഷണം ആര്‍ക്കെങ്കിലും വേണമെങ്കില്‍, അത് അണ്ടര്‍ പ്രവിലേജ്ഡ് ആയ ജനകോടികള്‍ക്കാണ്. അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കേണ്ട കേസുകള്‍ ഉണ്ടെങ്കില്‍, അത് സ്ത്രീകള്‍ക്കെതിരെ, കുട്ടികള്‍ക്കെതിരെ, ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരായ കേസുകളാണ്.
ഡോ. വന്ദന ദാസിന്റെ കൊലപാതകം തീര്‍ത്തും ഒറ്റപ്പെട്ട ഒരു സംഭവമാണ്. നിയമം ഇല്ലാത്തതുകൊണ്ടല്ല അത് സംഭവിച്ചത്.
തീര്‍ത്തും അസാധാരണമായ സംഭവമായിരുന്നുവത്. അതൊരു നിയമ നിര്‍മാണത്തിന് കാരണമാകേണ്ടതെയല്ല. Kerala Healthcare Service Perosns and Healthcare Service Institutions (Prevention of Violence and Damage to Property) Act, 2012 -ല്‍ ഇപ്പൊ കൊണ്ടുവരുന്ന ഭേദഗതി അത്തരം കൊലപാതകത്തെ തടയുമോ? ഇല്ലല്ലോ.
‘അതിക്രമം കാണിക്കാന്‍ ശ്രമിക്കുകയോ അതിക്രമത്തിന് പ്രേമിപ്പിക്കുകയോ ചെയ്താല്‍’ എന്നൊക്കെയാണ് കുറ്റകൃത്യം നിര്‍വചിച്ചിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ പറയുന്നു. എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഏതൊരു മനുഷ്യനെതിരെ ഉള്ള അക്രമത്തിനും ശിക്ഷ ഉണ്ടാവണം. ഡോക്ടറെ ചീത്ത വിളിച്ചാല്‍ 2 വര്‍ഷം തടവും ഡോക്ടര്‍ തിരിച്ചു ചീത്ത വിളിച്ചാല്‍ 3 മാസം തടവും എന്ന അവസ്ഥയുള്ള നിയമ പുസ്തകത്തെ നമ്മള്‍ ‘മനുസ്മൃതി’ എന്നാണ് വിളിക്കുക. ജാതി എന്തോ ‘തൊഴില്‍ വിഭജനം’ മാത്രമാണ് എന്നു കരുതിയിരുന്നവര്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തൊഴില്‍ മറ്റൊരു ജാതി വ്യവസ്ഥയായി മാറുന്നു. അതിക്രമങ്ങളുടെ പരിധിയില്‍ സൈബര്‍ ആക്രമണങ്ങള്‍ കൂടി പെടുത്തണം എന്നൊക്കെയുള്ള ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസ്താവന കണ്ടു. ബ്രാഹ്മണനെ അധിക്ഷേപിക്കുന്നവന്റെ നാവ് പിഴുതെടുക്കുകയോ, നാവില്‍ ശൂലം കുത്തിയിറക്കുകയോ ഒക്കെ ചെയ്യണം അല്ലെങ്കില്‍ കൊന്നു കളയണം. ബ്രാഹ്മണന്‍ തിരികെ അധിക്ഷേപിച്ചാലോ, അത് പുണ്യമായി കരുതണം. എന്നുകൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി!
കയ്യില്‍ തുന്നലിടാന്‍ വന്ന ഒരു രോഗി, തന്റെ കൈ മരവിപ്പിച്ചിട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുകയും, തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ ഡോക്ടറോട് ‘തട്ടിക്കയറുകയും’ ചെയ്തു എന്ന കുറ്റത്തിന് അറസ്റ്റിലായ വാര്‍ത്ത ഉണ്ടായിരുന്നു. സാമാന്യ നീതിക്കനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്തു കിടക്കേണ്ട കുറ്റം ആണോ അയാള്‍ ചെയ്തിട്ടുള്ളത്? ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. നിയമനിര്‍മ്മാണം കൊണ്ട് ഉണ്ടാവുന്ന ഏക ഫലവും ഒരുപക്ഷേ അതായിരിക്കാം. കാരണം ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ വിവിധ കാരണങ്ങള്‍ കൊണ്ടാണ്. കൃത്യമായി മനസ്സിലാക്കാതെ, അതിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ പ്രത്യേകതകളെ ഉള്‍ക്കൊള്ളാതെ ഒരു പരിഹാരം കാണാന്‍ കഴിയില്ല. ആ ദിശയിലുള്ള യാതൊരു പ്രവര്‍ത്തനവും നടത്താതെ ഇത്തരം കുറുക്കുവഴികള്‍ തേടുന്നത് നാടിന് ഗുണകരമായിരിക്കുകയില്ല.
content highlights: PB Jijeesh writes about the disadvantages of the new law to prevent violence against hospital staff