| Friday, 23rd February 2024, 7:38 pm

ഭ്രമയുഗം: സ്തുതിക്കുന്നവര്‍ക്ക് സ്തുതി!

പി.ബി ജിജീഷ്

ഭ്രമയുഗം കണ്ടു. സ്‌കൂള്‍ ഉപജില്ലാ തലത്തിലൊക്കെ ‘ആശയ ഗാംഭീര്യം’ കാണിക്കാനായി അവതരിപ്പിക്കാവുന്ന നിലവാരത്തിലുള്ള ‘വര്‍ക്ക്’ എന്നതിനപ്പുറമെത്തിയിട്ടില്ലാത്ത സിനിമാ അനുഭവമായിട്ടാണ് തോന്നിയത്. തിരക്കഥ, സംഭാഷണം, സംവിധാനം, കാസ്റ്റിങ്, പശ്ചാത്തല സംഗീതം എന്നു തുടങ്ങി എഡിറ്റിങ് വരെ പാളിപ്പോയൊരു സിനിമ.

ആസ്വാദനത്തെ ഏറ്റവും കൂടുതല്‍ തടസ്സപ്പെടുത്തുന്നത് ടി.ഡി. രാമകൃഷ്ണന്‍ എഴുതിയ അറുബോറന്‍ സംഭാഷണമാണ്. പതിനേഴാം നൂറ്റാണ്ടിനെ സൂചിപ്പിക്കാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമ എടുത്താല്‍ മതിയെന്ന തെറ്റിദ്ധാരണ സിനിമയുടെ സ്രഷ്ടാക്കള്‍ക്ക് ഉണ്ടെന്ന് തോന്നുന്നു.

സ്‌കൂള്‍ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധം അച്ചടി ഭാഷയുടെ ആറാട്ടാണ് സിനിമയില്‍. പ്രത്യേകിച്ച് പാണന്റെ സംസാരം. പോറ്റിയുടെ നമ്പൂരി ഭാഷയും, പാണന്റെ അച്ചടി ഭാഷയും എല്ലാം കൂടി ആരോചകത്വത്തിന്റെ അങ്ങേയറ്റം.

ഏറ്റവും ദയനീയമായ കാര്യം, സിനിമയുടെ ഭാഷയിലൂടെ ആശയം പ്രതിഫലിപ്പിക്കാനാകാത്ത, സ്‌ക്രിപ്റ്റിന്റെ ദൗര്‍ബല്യം കാരണം അനിമേഷന്‍ കഥകളിലെ ഗുണപാഠ കമന്ററിക്കു സമാനമായി, എഴുതി വായിക്കുന്നതുപോലെയുള്ള ഡയലോഗുകളിലൂടെ, ‘ആശയം വ്യക്തമാക്കേ’ണ്ടി വരുന്നു എന്നതാണ്.

ഉദാഹരണത്തിന് പാണന്റെ ഓര്‍മ നഷ്ടപ്പെടുന്നു എന്നൊക്കെ സിദ്ധാര്‍ത്ഥിന്റെ ഒറ്റ സീനിലെ വളരെ കൃത്രിമമായ കുറെ കുറെ ചോദ്യങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കേണ്ടി വരുന്നത്. സിനിമയ്ക്ക് സ്വന്തം നിലയ്ക്ക് ആശയസംവേദനത്തിനുള്ള കാമ്പില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാവണം ‘അധികാരം ദുഷിപ്പിക്കും’ എന്നൊക്കെ കഥാപാത്രങ്ങളെക്കൊണ്ടുതന്നെ വലിയവായില്‍ വിളിച്ചു പറയിക്കുന്നുണ്ട്. (വെടി വെക്കുകയും, ഒപ്പം ഒച്ച കേള്‍പ്പിക്കുകയും ചെയ്യുന്ന പരിപാടിയാണ് സിനിമ മുഴുവന്‍).

പാണന്റെ ഭാഷപോലെ തന്നെ ശരീരവും വൃത്തിക്ക് പോളീഷ് ചെയ്‌തെടുത്തിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍ ആ റോളില്‍ അന്യായ മിസ്‌കാസ്റ്റ്. ആഴ്ചകളോളം പട്ടിണി കിടന്നിട്ട്, കാടും മലയും താണ്ടി, യക്ഷിയെയും ഇരുട്ടിനെയും പേടിച്ച് അവശനായി വരുന്നതിന്റെ യാതൊരു അടയാളങ്ങളും പാണന്റെ ശരീരത്തില്‍ ഇല്ലാതെ അവതരിപ്പിച്ചത് എന്തേലും ‘ഗംഭീര ആശയമാണെന്ന്’ റിവ്യൂക്കാര്‍ പറയുമായിരിക്കും.

പറഞ്ഞുവരുമ്പോള്‍ ഉപരിപ്ലവ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ കുത്തിനിറച്ച ഒരു സ്‌കിറ്റ്. സൂക്ഷ്മവായനയില്‍ പ്രതിലോമതകളുടെ കുത്തൊഴുക്കും കാണാം. തിന്മയുടെ പക്ഷത്തു നിരന്നു നില്‍ക്കുന്ന ചാത്തനും, മാംസാഹാരവും പൂണൂലില്ലാത്ത മന്ത്രവാദിയും.

കര്‍മം കൊണ്ടാണ് ഒരാള്‍ ബ്രഹ്‌മണനാകുക എന്നു പറഞ്ഞ് പാണനെ അകത്തു കയറ്റുന്ന ചാത്തനാണോ അതോ ആ നേരം മുഖത്ത് പുച്ഛം നിറയ്ക്കുകയും ഒടുവില്‍ ചാത്തനെ തളയ്ക്കാനെത്തുന്ന സമയത്ത് രക്തബന്ധം കൊണ്ടു ബ്രഹ്‌മണാനായവന്റെ വീമ്പ് പറയുകയും ചെയ്യുന്ന സിദ്ധാര്‍ത്ഥിന്റെ കഥാപാത്രമാണോ പ്രേഷകനോട് കൂടുതല്‍ സംവദിക്കുന്നത്?

ആലോചനകളില്‍, സിനിമ പടിപ്പുരയ്ക്ക് പുറത്തു കടക്കുന്നുണ്ടോ എന്നു സംശയമാണ്. പോര്‍ച്ചുഗീസുകരുടെ വരവോട് കൂടി എഴുത്തുകാരന്റെ ‘ങ്ങളുടെ ഗൃഹാതുരത്വം’ പുരോഗമനം കലക്കിയ പുഴവഴികളെ കീഴടക്കുകയാണെന്നു തോന്നുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് കളര്‍ വീഡിയോപിടുത്തം വന്നതെങ്കിലും, പതിനേഴാം നൂറ്റാണ്ടിലും മനുഷ്യര്‍ക്ക് കളര്‍ വിഷന്‍ ഉണ്ടായിരുന്നു എന്ന കാര്യം വെറുതെ ഓര്‍ക്കാന്‍ തോന്നി. ഒരുകണക്കിന് നോക്കുമ്പോ, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചത് നന്നായി. സബ് സ്റ്റാന്‍ഡേര്‍ഡ് കലാസംവിധാനം കളറില്‍ ആണെങ്കില്‍ പൊളിഞ്ഞു പാളീസായി പോയേനെ!

പിന്നെ മമ്മൂട്ടി വാ തുറക്കുമ്പോള്‍ വെളിച്ചം വരുന്ന സ്പെഷ്യല്‍ ഇഫക്ട് ഒക്കെ ശരിക്കും ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രിന്‍സ് പായിക്കാട്ടിന്റെ യക്ഷിയെ ക്രഡിറ്റ് പോലും നല്‍കാതെ പകര്‍ത്തിയെന്നൊഴിച്ചാല്‍ ക്രിയേറ്റിവിറ്റിയില്‍ എടുത്തുപറയേണ്ടതായി ഒന്നുമില്ല.

സംഭാഷണത്തിനൊപ്പം പിന്നോക്കം നില്‍ക്കുന്നതാണ് സിനിമയിലെ പശ്ചാത്തല സംഗീതം. കാതടപ്പിക്കുന്ന ശബ്ദവിന്യാസം ഉണ്ടെങ്കില്‍ ആളുകള്‍ പേടിക്കുമെന്ന തെറ്റിദ്ധാരണ സംഗീതകാരനുണ്ടെന്നു തോന്നുന്നു. ഒരൊറ്റ സീനില്‍ പോലും പശ്ചാത്തല ശബ്ദവിന്യാസം വര്‍ക്ക് ആവുന്നില്ല.

നിശബ്ദതയുടെ സൗന്ദര്യവും, അനുഭവതീവ്രതയും, സംവേദനശേഷിയും ഈ നൂറ്റാണ്ടിലും ഇക്കൂട്ടര്‍ക്ക് മനസിലായിട്ടില്ലെന്നത് എന്തൊരു ദുരന്തമാണ്. എല്ലാത്തിനെയും കെട്ടിയിട്ട് ഭാര്‍ഗവിനിലയം ഒരു പത്തു തവണ കാണിക്കണം.

സിനിമയില്‍ അഭിനയം കൊണ്ടു ശ്രദ്ധ നേടുന്നത് സിദ്ധാര്‍ത്ഥ് ആണ്. മമ്മൂട്ടിയിലെ നടനെ ഈ സിനിമ കണ്ടിട്ട് വിലയിരുത്തേണ്ട കാര്യമൊന്നുമില്ല. നമ്മള്‍ മമ്മൂട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറത്തേക്ക് കഥാപാത്രത്തെ വളര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല. സംഭാഷണങ്ങളിലെ കൃത്രിമത്വം അഭിനയ സാധ്യതകളെ സാരമായി ബാധിച്ചിട്ടുണ്ട് താനും.

ആകെ മൊത്തം ടോട്ടല്‍ നോക്കിയാല്‍, കാലത്തിന്റെ ചുരുളിയും, മാഞ്ഞുപോകുന്ന ഓര്‍മകളും, ഐതീഹ്യത്തിന്റെ പശ്ചാത്തലവും ഒക്കെ ചേര്‍ത്ത് എന്തൊക്കെയോ ആണെന്ന് ധരിപ്പിക്കാന്‍ ചെയ്തത് പോലെയുള്ള ഒരു സിനിമയാണ് ഭ്രമയുഗം. വയ്‌ക്കോലില്‍ ഇട്ടു ചക്കവെട്ടിയത് പോലെ എന്നു നാടന്‍ ഭാഷയില്‍ പറയാം.

അതിലും രസം ഈ സിനിമ കണ്ടിട്ട് പലരും പുറത്തുപറയുന്ന അഭിപ്രായങ്ങളിലെ ആശയഗരിമയാണ്. എല്ലാത്തിനെയും പിടിച്ചിരുത്തി ആകാശഗംഗ ഒന്നൂടി കാണിക്കണം. ഇഡലി തിന്നുന്ന പ്രേതം മുന്നോട്ടു വയ്ക്കുന്ന ദാര്‍ശനിക പരിപ്രേക്ഷ്യത്തിന്റെ ജാജ്വലദീപ്തിയെക്കുറിച്ച് ഒരു തീസിസിനുള്ള സാധ്യതയുണ്ട്.

Content Highlight: PB Jijeesh Writes about Bramayugam

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more