രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ സവിശേഷത കൊണ്ടായിരിക്കാം, വീണ്ടും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയാവുകയാണ്. ഉത്തരാഖണ്ഡില്‍, ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കുവാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും, അവര്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. നാലുലക്ഷത്തിലേറെ നിര്‍ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത് എന്ന് ഗവണ്‍മെന്റ് പറയുന്നു. രാഷ്ട്രീയ മുതലെടുപ്പിനപ്പുറം രാഷ്ട്രീയമണ്ഡലത്തില്‍ ഇതുസംബന്ധിച്ച് ഗൗരവമായ ചര്‍ച്ച ഉണ്ടായിട്ടില്ല.
ഒരു രാജ്യം, ഒരു നിയമം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ് എന്ന തരത്തിലേക്കുള്ള രാജ്യത്തിന്റെ രാഷ്ട്രീയ പരിണാമത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഏകീകൃത സിവില്‍ കോഡിനെ കാണുക വയ്യ. ഏകീകൃത സിവില്‍ കോഡ് എന്തിനുവേണ്ടിയാണ് എന്ന ചോദ്യമാണ് ഉയര്‍ന്നു വരേണ്ടത്.
അത് തുല്യനീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണോ? രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിന് വേണ്ടിയാണോ? രാജ്യത്ത് എല്ലായിടത്തും ഒരേ നിയമം വേണമെന്ന ആഗ്രഹം കൊണ്ടാണോ? ഇതൊക്കെയാണ് ലക്ഷ്യമെങ്കില്‍ ഏകീകൃത സിവില്‍ കോഡ് അതിനൊരു പരിഹാരമാകുമോ?
നിയമങ്ങളിലെ വൈവിധ്യങ്ങള്‍
1835ലെ രണ്ടാം ലോ കമ്മീഷന്റെ കാലം മുതല്‍ക്കെങ്കിലും ഇന്ത്യയിലെ നിയമങ്ങളുടെ ഏകരൂപത ഒരു ചര്‍ച്ചാവിഷയമാണ്. ക്രിമിനല്‍ നിയമങ്ങളും തെളിവ് നിയമവും കോണ്‍ട്രാക്ട് നിയമവും ഏകാത്മകമാക്കണമെന്ന നിര്‍ദേശമാണ് ലോ കമ്മീഷന്‍ മുന്നോട്ടുവച്ചത്. എന്നാല്‍ വ്യക്തി നിയമങ്ങള്‍ മതപരമായതിനാല്‍ അവയെ ഏകീകരിക്കാന്‍ ശ്രമിക്കേണ്ടതില്ല എന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 1858ലെ വിക്ടോറിയ രാജ്ഞിയുടെ പ്രഖ്യാപനവും മതകാര്യങ്ങളില്‍ ഗവണ്‍മെന്റ് ഇടപെടില്ല എന്ന് തന്നെയായിരുന്നു.
ഇന്ത്യന്‍ സിവില്‍ നിയമങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഏകീകൃതമാണ്. ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട്, സിവില്‍ പ്രൊസീജിയര്‍ കോഡ്, ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട്, പാര്‍ട്ണര്‍ഷിപ്പ് ആക്ട്, എവിഡന്‍സ് ആക്ട് എന്നിവ രാജ്യത്ത് മുഴുവന്‍ ബാധകമായ നിയമങ്ങളാണ്.
മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തി നിയമങ്ങളിലാണ് ഏകീകരണം കൊണ്ടുവരാത്തത്. അതിനര്‍ത്ഥം മതേതരമായ എല്ലാ നിയമങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ ആണ് എന്നല്ല.
പ്രാദേശികമായ നിയമങ്ങളും വൈവിധ്യവും വകഭേദവും എല്ലാമുണ്ട്. മോട്ടോര്‍ വാഹന നിയമത്തില്‍ 2019ല്‍ കേന്ദ്ര നിയമം വന്നപ്പോള്‍ ആ വ്യത്യാസം നമ്മള്‍ കൃത്യമായി മനസ്സിലാക്കിയതാണ്. വ്യക്തി നിയമങ്ങളല്ലാത്ത മേഖലകളില്‍ പോലും വിവിധ പ്രദേശങ്ങളിലെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങളില്‍ ചില വ്യതിയാനങ്ങളും പ്രത്യേകതകളും ആവശ്യമാണ് എന്ന് സാരം. എന്തിന് ക്രിമിനല്‍ നിയമങ്ങളില്‍ വരെ ഏകതാനത കൈവന്നിട്ടില്ല.
സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് വിവിധ കുറ്റകൃത്യങ്ങള്‍ ഉണ്ട്. നടപടിക്രമങ്ങള്‍ ഉണ്ട്. പല കുറ്റകൃത്യങ്ങളും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് ഗുജറാത്തില്‍ മദ്യനിരോധനം ഉണ്ട്. മദ്യപിച്ചാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബീഹാറില്‍ മറ്റൊരു നിയമമാണ്. പശുവിനെ കൊന്നാല്‍ അത് കുറ്റകൃത്യമാകുന്ന നിരവധി സംസ്ഥാനങ്ങള്‍ ഉണ്ട്.
മക്കോക്ക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) പോലെ ചില സംസ്ഥാനങ്ങളില്‍ മാത്രം ബാധകമായ നിയമങ്ങളുണ്ട്. അതായത് സമ്പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു രാജ്യം ഒരു നിയമം എന്ന് പറയുന്നത് ക്രിമിനല്‍ നിയമങ്ങളില്‍ പോലും നിലവിലില്ല. ഭരണഘടനയുടെ അനുഛേദം 370 നല്‍കിയ പ്രത്യേക പദവി അനുസരിച്ച് ഇന്ത്യയിലെ നിയമങ്ങളെല്ലാം ജമ്മു കശ്മീരില്‍ ബാധകമായിരുന്നില്ല.
നമ്മള്‍ എപ്പോഴും അനുഛേദം 370നെ കുറിച്ച് മാത്രമാണ് ഓര്‍ക്കുക. എന്നാല്‍ അനുഛേദം 371 കൂടിയുണ്ട്.
ആസാം, നാഗാലാന്‍ഡ്, മിസോറാം, ആന്ധ്രപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കുടുംബ നിയമങ്ങളെ സംബന്ധിച്ച് ചില പ്രത്യേക പരിരക്ഷകളുണ്ട്. 1915ലെയും 1935ലെയും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്റ്റില്‍ വടക്കുകിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക പരിരക്ഷ ഉണ്ടായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 371 (എ) അനുസരിച്ച്, നാഗാ വിഭാഗങ്ങളുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങള്‍, വ്യാവഹാരിക നിയമങ്ങള്‍, നടപടിക്രമങ്ങള്‍, വ്യാവഹാരിക നിയമങ്ങള്‍ ഉള്‍പ്പെടുന്ന സിവില്‍/ക്രിമിനല്‍ നീതി നിര്‍വഹണം, ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും മുതലായ കാര്യങ്ങള്‍ക്ക് പരിരക്ഷയുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ യാതൊരു നിയമവും, നാഗാലാന്‍ഡ് നിയമസഭയുടെ അംഗീകാരമില്ലാതെ, അവിടെ ബാധകമാവുകയില്ല. ഉദാഹരണത്തിന് 1973ലെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ (CrPC) നാഗാലാന്‍ഡില്‍ ബാധകമല്ല.
മേഘാലയയിലെ ആദിവാസി മേഖലയില്‍ നിലനില്‍ക്കുന്ന പിന്തുടര്‍ച്ചാവകാശ നിയമം മറ്റിടങ്ങളില്‍ ഉള്ളതില്‍ നിന്നും വ്യത്യസ്തമാണ്. അമ്മ വഴിയാണ് അവിടെ സ്വത്ത് മാറ്റം ചെയ്യപ്പെടുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ മകള്‍ക്കാണ് അവകാശം. വിവാഹം കഴിഞ്ഞ് അവരുടെ ഭര്‍ത്താക്കന്മാര്‍ സ്ത്രീകളുടെ വീട്ടില്‍ വന്ന് കഴിയുന്നതാണ് അവിടത്തെ രീതി.
ഹിന്ദു നിയമങ്ങള്‍ പോലും ഒരേപോലെയല്ല എല്ലായിടത്തും നിലനില്‍ക്കുന്നത്. ഹിന്ദു വിവാഹനിയമമനുസരിച്ച് അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം കുറ്റകരമാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അത് സാധാരണമാണ്. മുറ ചെറുക്കനും മച്ചമ്പിയും എല്ലാം സ്ത്രീയുടെ സ്വാഭാവിക ഭര്‍ത്താക്കന്മാരാണ്. ഇത്തരം വൈരുധ്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ഉള്‍ച്ചേര്‍ക്കുകയും അവധാനതയോടെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നതാണ് ഇന്ത്യയുടെ ഭരണഘടനാപരമായ കീഴ്വഴക്കം.
ഭരണഘടനയില്‍ ഏക സിവില്‍ നിയമത്തിന്റെ സ്ഥാനം
ടി.എം.എ പൈ ഫൗണ്ടേഷന്‍ കേസില്‍ സുപ്രീംകോടതി പറഞ്ഞതുപോലെ ‘ജാതി-മത-ഭാഷാ-വിശ്വാസഭേദങ്ങളെ തിരിച്ചറിയുകയും സംരക്ഷിക്കുകയും അങ്ങനെ എല്ലാവരെയും ഒരൊറ്റ ഇന്ത്യയുടെ ഭാഗമായി അണിനിരത്തുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്ത:സത്ത.’ ഈ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇന്ത്യന്‍ ഭരണഘടന നമ്മുടെ ജനാധിപത്യത്തെ വിഭാവനം ചെയ്തത്. അതുകൊണ്ടാണ് ഭരണഘടനയില്‍ ‘ഏക സിവില്‍ നിയമം’ മൗലികാവകാശങ്ങള്‍ വിവരിക്കുന്ന മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്താതെ നാലാം ഭാഗത്തിലേക്ക് മാറ്റിയത്.
ഭരണഘടന നിര്‍മാണ സഭയില്‍ ഏകീകൃത സിവില്‍ നിയമം വലിയ ചര്‍ച്ചയായിരുന്നു. കെ.എം. മുന്‍ഷിയെ പോലെയുള്ള നിരവധി അംഗങ്ങള്‍ ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്കൊപ്പം ചേര്‍ക്കണമെന്ന് വാദിച്ചു. എന്നാല്‍ ശക്തമായ എതിര്‍പ്പുണ്ടായി. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന മഹത്തായ മുദ്രാവാക്യം നമുക്ക് സമ്മാനിച്ച മൗലാന ഹസ്രത്ത് മൊഹാനി ഉള്‍പ്പെടെയുള്ളവര്‍ അതിനെ ശക്തമായെതിര്‍ത്തു.
മതം, ഭാഷ, സംസ്‌കാരം മുതലായ കാര്യങ്ങളില്‍ അതാത് വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഭരണകൂടം ഇടപെടലുകള്‍ നടത്തുന്നത് വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കും എന്ന് അവര്‍ വാദിച്ചു. ‘ഇത് കേവലമായ ആദര്‍ശനിഷ്ഠയ്ക്കുള്ള സമയമല്ല. നമ്മള്‍ നേരിടേണ്ടുന്ന ഒരു സാമൂഹികയാഥാര്‍ത്ഥ്യമാണിത്.’ നസ്രുദീന്‍ അഹമ്മദ് പറഞ്ഞു. അവസാനം വോട്ടിനിട്ടപ്പോള്‍ വളരെ നേരിയ വ്യത്യാസത്തില്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഭരണഘടന നിര്‍മാണ സഭയില്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം നല്‍കിയ, ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയുടെ നിര്‍ദേശവും ഏകീകൃത സിവില്‍ കോഡ് മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു. അങ്ങനെ യൂണിഫോം സിവില്‍ കോഡ് ഭരണഘടനയുടെ നാലാം ഭാഗത്തില്‍ നിര്‍ദേശകതത്വങ്ങള്‍ക്കൊപ്പം ഇടം നേടി.
ന്യൂനപക്ഷങ്ങള്‍ ഭയപ്പെടേണ്ടതില്ല എന്ന് അംബേദ്കര്‍ വ്യക്തമാക്കി: ‘നിയമങ്ങള്‍ ഇല്ലാതാക്കാനുള്ള ബാധ്യത ഒന്നും ഭരണകൂടത്തിനില്ല. അത്തരം ഒരു നിയമനിര്‍മാണത്തിനുള്ള അധികാരം ഗവണ്‍മെന്റുകള്‍ക്ക് നല്‍കുന്നു എന്ന് മാത്രമേയുള്ളൂ. അതിന്റെ പേരില്‍ ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവരെയും വിശ്വാസത്തില്‍ എടുത്തുകൊണ്ട് മാത്രമേ ഏക സിവില്‍ കോഡ് സാധ്യമാകൂ. അത് തീര്‍ച്ചയായും നിര്‍ബന്ധിതമായിരിക്കുകയുമില്ല. 1937ല്‍ നോര്‍ത്ത് വെസ്റ്റ് ഫ്രണ്ടിയര്‍ പ്രൊവിന്‍സ് ഒഴികെയുള്ള പ്രദേശങ്ങളില്‍ ആ നിയമം ബാധകമാക്കിയപ്പോള്‍, ഈ നിയമത്തിന് കീഴില്‍ വരാന്‍ രേഖാമൂലം സന്നദ്ധത പ്രകടിപ്പിച്ച ആളുകള്‍ക്ക് മാത്രമേ അത് ബാധകമാകൂ എന്ന സ്ഥിതിയായിരുന്നു.’
‘ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങള്‍ ഗവണ്‍മെന്റുകള്‍ക്കുള്ള ഒരു ധാര്‍മിക സൂചന മാത്രമാണ്’ എന്നായിരുന്നു ഭരണഘടന നിര്‍മാണ സഭയുടെ ഉപദേശകന്‍ ബി.എന്‍. റാവുവിന്റെ അഭിപ്രായം. നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെയും എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന ബോധ്യത്തോടെയാണ് നിയമം കടന്നുവന്നത്.
ഭരണഘടനയുടെ അനുഛേദം 38 മുതല്‍ 46 വരെയുള്ള നിര്‍ദേശക തത്വങ്ങള്‍ പരിശോധിച്ചാല്‍ ഏറ്റവും മൃദുവായ ഭാഷയില്‍ എഴുതിചേര്‍ത്തിട്ടുള്ളത് അനുഛേദം 44 ആണെന്ന് കാണാം. ‘ഇന്ത്യയിലാകെ ഏക സിവില്‍ നിയമം കൊണ്ടുവരുവാന്‍ ഗവണ്‍മെന്റ് പരിശ്രമിക്കണം’ എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. The State shall Secure എന്നല്ല endeavour എന്നാണ് പ്രയോഗം. മറ്റെല്ലാ അനുച്ഛേദങ്ങളും the State shall secure, the State shall in particular strive to, എന്നൊക്കെയാണ് ആരംഭിക്കുന്നത്.
എന്നിട്ടും രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ നീതിയും, വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണവും, മികച്ച തൊഴില്‍ സൗകര്യങ്ങളും, വിദ്യാഭ്യാസവും ഒക്കെ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന ഇതിലേറെ കര്‍ശനമായ ഭാഷയില്‍ എഴുതപ്പെട്ട മറ്റ് അനുച്ഛേദങ്ങള്‍ക്ക് ഇല്ലാത്ത പ്രാധാന്യം ഇതിന് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത ഒന്നുകൊണ്ടുമാത്രമാണെന്ന് സ്പഷ്ടമാണ്.
സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്കൊപ്പം ചേര്‍ക്കാത്തതിന് കൃത്യമായ കാരണമുണ്ട്. മൗലികാവകാശങ്ങള്‍ ഓരോ വ്യക്തിയുടെയും ജന്മനായുള്ള അവകാശങ്ങളാണ്. ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പേയുള്ള അവകാശങ്ങള്‍. അവ സംരക്ഷിക്കുവാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്. മൗലികാവകാശ ലംഘനം ഉണ്ടായാല്‍ ഗവണ്‍മെന്റിനെതിരെ കോടതിയെ സമീപിക്കുവാനും, ഭരണഘടനാപരമായ പരിഹാരം തേടാനും പൗരര്‍ക്ക് അവകാശമുണ്ട്.
എന്നാല്‍ നിര്‍ദേശകതത്വങ്ങള്‍ അങ്ങനെയല്ല. കോടതിയില്‍ അവതരിപ്പിച്ച് നിവൃത്തി തേടാന്‍ കഴിയുന്ന വിഷയമല്ല. സര്‍ക്കാരിന്റെ ബാധ്യതയല്ല. ഒരു മാര്‍ഗനിര്‍ദേശമാണ്. വിഖ്യാത നിയമത്തിന് ഐവാന്‍ ജന്നിങ്‌സ് പറഞ്ഞതുപോലെ ‘ഒരു ധാര്‍മിക അഭിലാഷം’ മാത്രമാണത്.
സാമൂഹ്യനീതി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുവാന്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമായി വരുന്ന ഘട്ടത്തില്‍ പാര്‍ലമെന്റിന് അത് ആലോചിക്കാം എന്നാണ്. ‘ഇന്ത്യയിലാകെ ബാധകമായ സിവില്‍ നിയമം’ എന്നാണ് ഭരണഘടനയില്‍. അങ്ങനെ ഒരു നിയമം ഇന്ത്യന്‍ പാര്‍ലമെന്റിനേ നിര്‍മിക്കാന്‍ കഴിയൂ. (ഉത്തരാഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങള്‍ക്ക് എത്രത്തോളം ഭരണഘടനാപരമായ സാധ്യതയുണ്ട് എന്ന ചോദ്യം ആ അര്‍ത്ഥത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ്.)
മൗലികാവകാശങ്ങളുടെ പട്ടികയില്‍ പെടുത്താതിരുന്നതോടുകൂടി, ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് വിരുദ്ധമായി വന്നാല്‍, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കഴിയില്ല എന്ന സാഹചര്യം നിലവിലുണ്ട്. കാരണം വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ അനുഛേദം 25, 26, 29 എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഛേദം 25 പൊതു സമാധാനത്തിനും, ധാര്‍മികതയ്ക്കും ആരോഗ്യ പരിപാലനത്തിനും വിധേയമായി ഓരോ വ്യക്തിക്കും തന്റെ മനസ്സാക്ഷിക്കും മതവിശ്വാസങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാനും ആശയ പ്രചാരണം നടത്താനും ഉള്ള അവകാശം നല്‍കുന്നു.
വ്യക്തി നിയമങ്ങള്‍ നിശ്ചയമായും മതവിശ്വാസത്തിന്റെ ഭാഗമാണ്. മതമാണ് അതിന്റെ ആധികാരിക സ്രോതസ്സ്. അപ്പോള്‍ വ്യക്തി നിയമങ്ങളെ ഭേദഗതി ചെയ്യുന്നത് അനുഛേദം 25ന്റെയും 26ന്റെയും ലംഘനമാണ് എന്ന വാദം ഉയര്‍ന്നുവരാം. എന്നാല്‍ പൊതു സമാധാനം, ധാര്‍മികത, ആരോഗ്യം എന്നീ കാരണങ്ങളാല്‍ വിശ്വാസങ്ങളില്‍ ഇടപെടാന്‍ ഗവണ്‍മെന്റുകള്‍ക്ക് കഴിയും. എന്നാല്‍ അനുഛേദം 29ന്റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ഈ അധികാരമില്ല.
ന്യൂനപക്ഷങ്ങളുടെ ഭാഷയും ലിപിയും സംസ്‌കാരവും സംരക്ഷിച്ചേ മതിയാവൂ. മൗലികാവകാശങ്ങളും നിര്‍ദേശങ്ങളും തമ്മില്‍ ഒരു സംഘര്‍ഷം വന്നാല്‍ നിലനില്‍ക്കുക മൗലികാവകാശങ്ങള്‍ ആയിരിക്കും. അതുകൊണ്ട് തന്നെ എല്ലാവരെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടല്ലാതെ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുക അസാധ്യമാണ്.
സിവില്‍ നിയമങ്ങളില്‍ വൈവിധ്യത്തിന്റെ ആവശ്യകത ഭരണഘടനാ ശില്പികള്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ് എന്നതിന് മറ്റൊരു തെളിവ് കൂടിയുണ്ട്. ഏക സിവില്‍ കോഡ് ഒരു അഭിലാഷമായി നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയപ്പോഴും വ്യക്തി നിയമങ്ങളെ കണ്‍കറന്റ് ലിസ്റ്റില്‍ നിലനിര്‍ത്തുവാന്‍ എടുത്ത തീരുമാനമാണത്. രാജ്യവ്യാപകമായ ഒറ്റ നിയമമാണ് വേണ്ടിയിരുന്നതെങ്കില്‍ അത് യൂണിയന്‍ ലിസ്റ്റില്‍ മാത്രം വന്നാല്‍ മതിയായിരുന്നു. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ സംസ്ഥാനങ്ങള്‍ക്കും നിയമങ്ങള്‍ ഉണ്ടാക്കാം എന്ന് വരും.
ഇപ്പോള്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ വ്യതിരിക്തങ്ങളായ വ്യക്തി നിയമങ്ങളുണ്ട്. പുതുച്ചേരിയില്‍ ഫ്രഞ്ച് നിയമമാണ് ഇന്നും നിലനില്‍ക്കുന്നത്. ഇന്ത്യയിലെ എല്ലാവര്‍ക്കും ഒരുപോലെ ബാധകം എന്ന് നമുക്ക് പറയാന്‍ കഴിയുന്ന സ്‌പെഷ്യല്‍ മാരേജ് ആക്ട് ഗോവയില്‍ ബാധകമല്ല. പരിഷ്‌കരിക്കപ്പെട്ട ഹിന്ദു വ്യക്തി നിയമവും ഗോവയില്‍ പ്രാബല്യത്തില്‍ ഇല്ല. ഗോവയിലെ മുസ്‌ലീങ്ങള്‍ ശരീഅത്ത് നിയമമനുസരിച്ചല്ല വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നത്.
ഹൈന്ദവ വ്യക്തിനിയമ പരിഷ്‌കാരങ്ങള്‍
ലക്ഷ്യം തുല്യനീതിയും സ്ത്രീപുരുഷ സമത്വവും ഒക്കെയാണ് എന്ന് പറയുമ്പോഴും, ഇപ്പോള്‍ സിവില്‍ കോഡിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍, ചരിത്രത്തില്‍ നീതിയുടെ ഏത് പക്ഷത്തായിരുന്നു എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. സ്ത്രീക്ക് തുല്യമായ സ്വത്തവകാശം നല്‍കുക, ബഹുഭാര്യത്വം നിര്‍ത്തലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഹൈന്ദവ വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ നേരത്തെ ശ്രമമുണ്ടായപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് ഇവര്‍.
നിയമ മന്ത്രി ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ ഒരു അധ:സ്ഥിതന്‍ എന്ന നിലയില്‍ ഉന്നത ജാതിക്കാരോട് പകപോക്കുകയാണ് എന്ന ആരോപണമാണ് അവര്‍ ഉന്നയിച്ചത്. ആചാര സംരക്ഷണത്തിനും മത അവകാശങ്ങള്‍ക്കും വേണ്ടി അവര്‍ തെരുവിലിറങ്ങി. ആര്‍.എസ്.എസും ഹിന്ദുമഹാസഭയും മാത്രമല്ല കോണ്‍ഗ്രസിലെ പ്രബല വിഭാഗവും പരിഷ്‌കരണത്തിന് എതിരായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്ന പട്ടാഭി സീതാരാമയ്യര്‍ മുതല്‍ രാഷ്ട്രപതി ഡോക്ടര്‍ രാജേന്ദ്രപ്രസാദ് വരെ എതിര്‍പക്ഷത്തായിരുന്നു.
ഹിന്ദു കോഡ് ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ താനതില്‍ ഒപ്പു വെക്കുകയില്ല എന്ന് രാജേന്ദ്രപ്രസാദ് പ്രസ്താവിച്ചു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അവസാനം നെഹ്‌റുവിന് പോലും പിന്മാറേണ്ടി വന്നു. ഡോക്ടര്‍ അംബേദ്കര്‍ മന്ത്രിസ്ഥാനം രാജിവച്ചു. എന്നാല്‍ പിന്നീട് പല ഘട്ടങ്ങളിലായി ചെറിയചെറിയ നിയമങ്ങളിലൂടെ ഹിന്ദു വ്യക്തി നിയമം പരിഷ്‌കരിച്ച് പോന്നു. സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം നല്‍കുന്ന ഭേദഗതി വന്നത് 2005ലാണ്. സുദീര്‍ഘമായ ഒരു പ്രക്രിയയായിരുന്നു ഹിന്ദുവ്യക്തി നിയമത്തിലെ പരിഷ്‌കാരങ്ങള്‍.
ന്യൂനപക്ഷങ്ങളും സര്‍ദാര്‍ പട്ടേലും
മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പല പരിഷ്‌കാരങ്ങളും വന്നുവെങ്കിലും, ഹൈന്ദവ നിയമത്തില്‍ വന്ന മാറ്റങ്ങളുടെ വേഗത മുസ്‌ലിം വ്യക്തി നിയമത്തില്‍ ഉണ്ടായിരുന്നില്ല എന്ന് കാണാം. അത് സ്വാഭാവികമാണ്. എപ്പോഴും ഭൂരിപക്ഷ വിഭാഗത്തിന്റെ നിയമങ്ങളെ പരിഷ്‌കരിക്കുവാനാണ് എളുപ്പം. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും സ്പര്‍ശിക്കുന്ന നിയമങ്ങള്‍ വരുമ്പോള്‍ അത് അവരുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയായി വ്യാഖ്യാനിക്കപ്പെടാനും എതിര്‍പ്പുകള്‍ ഉണ്ടാവാനും ഉള്ള സാധ്യത കൂടുതലാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ്.
പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും കാര്യം നോക്കുക. അവിടങ്ങളിലെ മുസ്‌ലീം വ്യക്തി നിയമം ഒരുപാട് പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോയി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ നവീകരിച്ചിട്ടില്ല. ഈ രാജ്യങ്ങളിലെ ഹൈന്ദവര്‍ ഇപ്പോഴും ഇനിയും പരിഷ്‌കരിക്കാത്ത പഴയ ഹിന്ദു വ്യക്തി നിയമങ്ങള്‍ ആണ് അനുസരിച്ചുപോരുന്നത്. ബഹുഭാര്യാത്വം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നു.
ന്യൂനപക്ഷ അവകാശ സംരക്ഷണം ഏതൊരു ജനാധിപത്യ സംവിധാനത്തിന്റെയും പ്രാഥമിക പരിഗണനയാണ്.ഭരണഘടന നിര്‍മാണ സഭയില്‍, ഉപദേശക സമിതിയുടെ ആദ്യ മീറ്റിംഗില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇതു വ്യക്തമാക്കുന്നുണ്ട്;
‘ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല എന്ന വാദം തെറ്റാണ് എന്ന് തെളിയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. നമ്മുടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തില്‍ ഏറ്റവും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത് നമ്മള്‍ ഇന്ത്യക്കാര്‍ തന്നെയായിരിക്കും. ഓരോ ന്യൂനപക്ഷങ്ങളെയും തൃപ്തിപ്പെടുത്തുക എന്നതാണ് നമ്മുടെ പദ്ധതി. നമുക്ക് നമ്മളെ തന്നെ ഭരിക്കാന്‍ കഴിയുമെന്നും, മറ്റുള്ളവരെ ഭരിക്കുവാന്‍ യാതൊരു താല്‍പര്യവും ഇല്ലായെന്നും, നമ്മളെ തന്നെ ബോധ്യപ്പെടുത്താനെങ്കിലും നമുക്ക് കഴിയണം.’ അദ്ദേഹം നേതൃത്വം നല്‍കിയ ന്യൂനപക്ഷകാര്യ ഉപസമിതി ഏക സിവില്‍ കോഡിനെ മൗലികാവകാശങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതിന് എതിരായിരുന്നു.
ഏക സിവില്‍ കോഡ് എന്നാല്‍ തുല്യനീതി അല്ല
ഏക സിവില്‍ കോഡ് നിലവില്‍ വരുന്നതോടുകൂടി തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്താന്‍ കഴിയും എന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഗോവയിലെ ഏകീകൃത നിയമം. ആദ്യമായി, അത് എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു നിയമം അല്ല.
ചില ഹൈന്ദവ ആചാരങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഉണ്ട്. വിവാഹവും എല്ലാവര്‍ക്കും ഒരുപോലെയല്ല. കത്തോലിക്ക വിവാഹങ്ങള്‍ മറ്റുള്ള വിവാഹ നടപടിക്രമങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. വിവാഹമോചനത്തിനും കത്തോലിക്കര്‍ക്കും മറ്റുള്ളവര്‍ക്കും വെവ്വേറെ നടപടിക്രമമാണ്. കത്തോലിക്കാ വിവാഹമോചനം സഭാ കോടതികള്‍ക്ക് നിശ്ചയിക്കാമെങ്കില്‍ മറ്റുള്ള വിഭാഗങ്ങള്‍ക്ക് സിവില്‍ കോടതി വഴിയേ ഇത് സാധ്യമാകൂ. വിവാഹമോചനത്തിനുള്ള കാരണങ്ങളിലും പുരുഷ പക്ഷപാതിത്വം കാണാം. ഹിന്ദുക്കളില്‍ ബഹുഭാര്യാത്വം അനുവദനീയമാണ് ഗോവന്‍ സിവില്‍ കോഡില്‍.
സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചാണെങ്കില്‍ വിവാഹസമയത്ത് നാല് തരത്തിലുള്ള കരാറുകള്‍ സാധ്യമാണെങ്കിലും എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്ത്രീവിരുദ്ധമാണ് എന്ന് കാണാം. ലഭിക്കുമ്പോഴും അതിന്റെ നടത്തിപ്പവകാശം പുരുഷന് ലഭിക്കുന്ന വിചിത്ര കാഴ്ചയും ഗോവന്‍ സിവില്‍ കോഡിലുണ്ട്. ഭര്‍ത്താവിന്റെ സ്വത്തിന്‍മേലുള്ള പിന്തുടര്‍ച്ച അവകാശത്തിന്റെ കാര്യത്തിലും തികച്ചും സ്ത്രീവിരുദ്ധമായ നിയമമാണ് ഗോവയിലുള്ളത്. ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കാര്‍ക്കും, സഹോദരനും സഹോദരിക്കും, അവളുടെ മക്കള്‍ക്കും ശേഷം മാത്രമാണ് ഭാര്യ അവകാശിയാകുന്നത്.
ഗോവയിലെ നിയമം പരിശോധിച്ചാല്‍ ഏക സിവില്‍ നിയമം വന്നതുകൊണ്ട് മാത്രം തുല്യനീതി ഉറപ്പുവരികയില്ല എന്ന് വ്യക്തമാകും. മതവും സമൂഹവും കൊണ്ടുനടക്കുന്ന അനീതികളും നിവേദനങ്ങളും അതേപടി പകര്‍ത്തിവെക്കുന്ന സിവില്‍ കോഡ് ആണ് വരാന്‍ പോകുന്നതെങ്കില്‍ അത് അനീതിയെ സാര്‍വത്രികമാക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഇനിയൊരു ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ആലോചിക്കുന്നതിനു മുന്‍പ് ഇപ്പോള്‍ വിവിധ വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിച്ചു പോകേണ്ടതുണ്ട്. അത്തരത്തില്‍ പരിഹരിച്ചു പോയാല്‍ പിന്നെ ഏക സിവില്‍ കോഡ് ആവശ്യമേയില്ല എന്നും വരും (നീതിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍).
ചര്‍ച്ചകളില്‍ പൊതുവേ ഉയര്‍ന്നുവരുന്ന ധാരണകളില്‍ ഒന്ന് ഏക സിവില്‍ കോഡ് വരുന്നത് എന്തോ ‘മുസ്‌ലീങ്ങളെ മാത്രം ബാധിക്കുന്ന’ കാര്യമാണെന്നാണ്. പരിഷ്‌കരിക്കപ്പെട്ട ഹിന്ദു വ്യക്തി നിയമങ്ങളിലും ഇത്തരത്തിലുള്ള ധാരാളം അനീതികള്‍ കാണാം. 2006ലെ ഒരു നിയമത്തിലൂടെ ഉത്തര്‍പ്രദേശില്‍ കാര്‍ഷിക ഭൂമിക്ക് പിന്തുടര്‍ച്ച അവകാശം ഉള്ളത് അവിവാഹിതയായ മകള്‍ക്ക് മാത്രമാണ്. വിവാഹിതരായ പെണ്‍മക്കള്‍ക്ക് കാര്‍ഷിക ഭൂമിയില്‍ അവകാശം ഒന്നുമില്ല. പ്രത്യക്ഷത്തില്‍ തന്നെ തുല്യതയ്ക്ക് വിരുദ്ധമായ ഈ നിയമം ചോദ്യം ചെയ്യപ്പെടാതിരിക്കാനായി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഹിന്ദു സ്വത്തവകാശ നിയമത്തില്‍ മകള്‍ തുല്യ അവകാശി ആണെങ്കിലും ജീവിച്ചിരിക്കെ മാതാപിതാക്കള്‍ക്ക് ഒസ്യത്തെഴുതാനുള്ള അവകാശം ഉണ്ട് എന്ന മാര്‍ഗത്തിലൂടെ പെണ്‍കുട്ടികള്‍ക്ക് സ്വത്തവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്.
അവിഭക്ത ഹൈന്ദവ കുടുംബം (ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി) എന്ന സംഗതി ഹിന്ദുമത വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് മാത്രം വലിയ നികുതി ഇളവുകള്‍ നല്‍കുന്നതാണ്. പ്രായത്തില്‍ മുതിര്‍ന്ന ഒരു വ്യക്തി, അയാളുടെ പിന്മുറക്കാര്‍, അവരുടെ മരുമക്കള്‍ എന്നിവര്‍ ചേര്‍ന്ന് ഒരു എച്ച്.യു.എഫ് രൂപീകരിച്ചു കഴിഞ്ഞാല്‍ അതിനെ വരുമാന നികുതി നിയമത്തിന്റെ 23 (1) വകുപ്പ് അനുസരിച്ച് ഒരു വ്യക്തിയായി കണക്കാക്കാം. സ്വന്തമായി പാന്‍കാര്‍ഡും ലഭിക്കും.
ഒരു വ്യക്തിക്ക് ലഭിക്കുന്ന എല്ലാ ടാക്‌സ് ആനുകൂല്യങ്ങളും; സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയും ഉള്‍പ്പെടെ എല്ലാം അവിഭക്ത ഹിന്ദു കുടുംബത്തിനും കിട്ടും. പൊതുവായി അടയ്‌ക്കേണ്ട നികുതി ഇത്തരത്തില്‍ വ്യക്തിപരമായും എച്ച്.യു.എഫ് ആയും വിഭജിക്കുക വഴി നികുതി ഇനത്തില്‍ വലിയ നേട്ടമാണ് സമ്പന്ന ഹൈന്ദവ കുടുംബങ്ങള്‍ക്ക് ഉള്ളത്. കൂട്ടുകുടുംബ സമ്പ്രദായം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അവിഭക്ത ഹിന്ദു കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് തികച്ചും ഏകപക്ഷീയമായ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന ഈ നിയമം, നമ്മുടെ നികുതി വരുമാനത്തില്‍ എന്തുമാത്രം കുറവാണ് വരുത്തുന്നത് എന്ന് വ്യക്തമാക്കുന്നു. ഇത്തരം പക്ഷപാതിത്വത്തിനൊന്നും ഏകീകൃത സിവില്‍ കോഡില്‍ ഇടം നേടാന്‍ കഴിയില്ല.
1986ലെ ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ട് സ്ത്രീകള്‍ പുരുഷന്മാരുടെ രക്ഷാകര്‍തൃത്വത്തില്‍ കഴിയേണ്ടവരാണ് എന്ന പരമ്പരാഗത വിശ്വാസത്തെ പിന്തുടരുന്നതാണ്. അച്ഛന്റെയോ ഭര്‍ത്താവിന്റെയോ സംരക്ഷണത്തില്‍ കഴിയേണ്ടവര്‍. അതുപോലെതന്നെ പ്രായപൂര്‍ത്തിയാവാത്ത കുഞ്ഞുങ്ങളുടെ രക്ഷാകര്‍തൃത്വം അനുവദിക്കുമ്പോഴും മാതാപിതാക്കള്‍ക്ക് തുല്യ അവകാശം നല്‍കേണ്ടതുണ്ട്.
ഹിന്ദു നിയമപ്രകാരം സ്ത്രീയുടെ മരണശേഷം അവരുടെ സ്വത്തുക്കളിന്‍മേലുള്ള അവകാശം ഭര്‍ത്താവിന്റെ ബന്ധു നിരക്കാണ് മുന്‍ഗണന. അവളുടെ സ്വന്തം അച്ഛനോ സഹോദരങ്ങള്‍ക്കോ അല്ല. പുരുഷന്റെ കാര്യത്തില്‍ കാര്യങ്ങള്‍ നേരെ തിരിച്ചുമാണ്.
മതവിശ്വാസങ്ങളുടെ അടിസ്ഥാനശിലയെ ബാധിക്കുന്ന ചില പ്രശ്‌നങ്ങളും ഏക സിവില്‍ കോഡ് വരുമ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരും. ചില മതങ്ങളില്‍ വിവാഹം ഒരു സിവില്‍ കരാറാണ്. നിലവിലുള്ള മതേതര സിവില്‍ കോഡ് ആയ സ്‌പെഷ്യല്‍ മാരേജ് ആക്ടിലും വിവാഹം ഒരു കരാറാണ്. ഗോവന്‍ സിവില്‍ കോഡിലും അങ്ങനെതന്നെ. എന്നാല്‍ ഹിന്ദുമതം ഉള്‍പ്പെടെയുള്ള മതങ്ങളില്‍ വിവാഹം ഒരു ആത്മീയ ശുശ്രൂഷയാണ്, ദൈവികമായ ഒരു സംഗതിയാണ്.ദൈവികമായ ഒരു ചടങ്ങിനെ സിവില്‍ കരാറായി മാറ്റാന്‍ ഈ മതനേതൃത്വം സമ്മതിക്കുമോ? അങ്ങനെ മാറ്റിയത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
അതിലുപരി വിവാഹവും വിവാഹമോചനവും ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങള്‍ മതവിശ്വാസത്തിന്റെയും ആചാരക്രമങ്ങളുടെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് എന്നുകരുതുന്നവരാണ് രാജ്യത്ത് ഭൂരിപക്ഷവും. ഇന്ത്യ പോലെ ഇത്രയേറെ വൈവിധ്യങ്ങള്‍ ഉള്ള ഒരു രാജ്യത്ത് അത് വളരെ പ്രധാനമാണ്. ഈ വൈവിധ്യങ്ങളെ അംഗീകരിക്കുകയും അനുവദിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതുകൊണ്ട് കൂടിയാണ് ഈ രാജ്യം വിഭജിക്കപ്പെടാതെ നിലനില്‍ക്കുന്നത്.
2018ലെ ലോ കമ്മീഷന്റെ റിപ്പോര്‍ട്ടും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഏകീകൃത സിവില്‍ കോഡ് അനിവാര്യമോ അഭിലഷണീയമോ അല്ല എന്ന് വിലയിരുത്തിയ റിപ്പോര്‍ട്ട് വിവിധ വ്യക്തി നിയമങ്ങളില്‍ കൊണ്ടുവരേണ്ട പരിഷ്‌കാരങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിന് ശേഷം ഉള്ള ബഹുഭാര്യാത്വം അംഗീകരിക്കരുത്, അവിവാഹിതരായ മാതാപിതാക്കള്‍ക്കുണ്ടാവുന്ന കുട്ടികളുടെ ക്ഷേമത്തിന് ഉതകുന്ന പരിഷ്‌കാരങ്ങള്‍ നിയമത്തില്‍ കൊണ്ടുവരിക, അവര്‍ക്കും മാതാപിതാക്കളുടെ സ്വത്തില്‍ പിന്തുടര്‍ച്ചാവകാശം നല്‍കുക. ഗാഡിയന്‍സ് ആന്‍ഡ് വാര്‍ഡ്‌സ് ആക്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ രക്ഷകര്‍ത്താവാണ് (ഭര്‍ത്താവിന് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പോലും) എന്ന നില ഒഴിവാക്കുക, കുട്ടികള്‍ക്കുമേലും തുല്യ അവകാശം നല്‍കുക, അഡോപ്ഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി ലിംഗ ഭേദമന്യേ ആര്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുക, എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും തുല്യമായ ജീവനാംശം നല്‍കുക, ഒരാള്‍ മരണപ്പെട്ടാല്‍ അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് അവകാശം നല്‍കുന്ന രീതിയിലേക്ക് നിയമങ്ങള്‍ മാറ്റിയെഴുതുക- അങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ കമ്മീഷന്‍ മുന്നോട്ടുവെക്കുന്നുണ്ട്.
ഈ നിര്‍ദേശങ്ങള്‍ക്ക് പുറമേ, ഓരോ മതവിഭാഗത്തിന്റെ വ്യക്തി നിയമത്തിലും വേണ്ട പ്രത്യേക മാറ്റങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തി നിയമങ്ങള്‍ക്കകത്ത് നടത്തുന്ന മാറ്റങ്ങളിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ കഴിയും എന്നാണ് കമ്മീഷന്‍ കരുതുന്നത്.
ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്
ആധുനിക ജനാധിപത്യ സമൂഹത്തിന്റെ പാകത അളക്കുന്നത്, ഓരോ സമൂഹവും അതിലെ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് എങ്ങനെ എന്ന് പരിശോധിച്ചാണ്. സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്ത്, വ്യക്തിപരമായ അവകാശങ്ങളും അഭിലാഷങ്ങളും മത-വിശ്വാസ-സാംസ്‌കാരിക തെരഞ്ഞെടുപ്പുകളും എത്രമാത്രം സ്വതന്ത്രമായി ഓരോ വ്യക്തിക്കും സാധ്യമാണെന്നത് പ്രധാനമാണ്. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയില്‍ വ്യക്തിപരമായ അവകാശങ്ങള്‍ എന്നതുപോലെ വിഭാഗങ്ങളുടെ അവകാശങ്ങളും ഇടം നേടിയത്. വിശ്വാസവും മതവും സംസ്‌കാരവും ഭാഷയും ലിപിയും എല്ലാം മൗലികാവകാശങ്ങളുടെ ഭാഗമായത്.
വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യം. അല്ലാതെ എല്ലാവരും ഒരേപോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതല്ല. പരസ്പരം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒത്തൊരുമയോടെയുള്ള സമൂഹമാണ് രാജ്യത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് അനിവാര്യം.
ഏകരൂപതയല്ല, മൈത്രിയാണ് രാജ്യത്തിന്റെ അഖണ്ഡതയുടെ അടിസ്ഥാനം. നമ്മുടെ ഭരണഘടനയില്‍ സാഹോദര്യം (fraternity) എന്ന വാക്ക് കടന്നുവരുന്നത് അങ്ങനെയാണ്. ‘സാഹോദര്യം’ എന്നത് ഫ്രഞ്ച് വിപ്ലവത്തിലെ മുദ്രാവാക്യത്തില്‍ നിന്ന് എടുത്ത കേവലം ഒരു വാക്കല്ല എന്നും, അതിനര്‍ത്ഥം ‘മൈത്രി’ എന്നാണെന്നും അംബേദ്കര്‍ എഴുതിയിട്ടുണ്ട്. സ്‌നേഹത്തിനും സാഹോദര്യത്തിനും അപ്പുറമുള്ള ഒരു ബൗദ്ധ സങ്കല്‍പ്പമാണ് മൈത്രി. ഇത്രയേറെ വൈവിധ്യപൂര്‍വമായ നമ്മുടെ രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് നിദാനമായ അദൃശ്യതന്തുവാണ് മൈത്രി. അതിനെ ചേര്‍ത്തുപിടിച്ചു കൊണ്ടാവണം സാമൂഹ്യനീതിയിലേക്കുള്ള നമ്മുടെ യാത്ര.
അതിന് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ ഇല്ലാതാക്കുകയല്ല വേണ്ടത്. ഓരോ വിഭാഗത്തിനും അനന്യമായ വിശ്വാസ-സാംസ്‌കാരിക പശ്ചാത്തലമുണ്ട്. അത് സംരക്ഷിക്കുവാനുള്ള അവകാശവും അവര്‍ക്കുണ്ട്. നീതിയാണ് നമ്മുടെ പ്രശ്‌നമെങ്കില്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തുല്യതയല്ല, വിഭാഗങ്ങള്‍ക്കകത്തുള്ള തുല്യതയാണ് നമ്മള്‍ അഭിസംബോധന ചെയ്യേണ്ട വിഷയം.
ഓരോ വിഭാഗങ്ങള്‍ക്കകത്തും, ഓരോ വ്യക്തി നിയമങ്ങളിലും അന്തര്‍ലീനമായ അനീതിയെ, അസമത്വത്തെ അതാത് വിഭാഗങ്ങള്‍ക്ക് അകത്തു നിന്നുകൊണ്ട് പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുണ്ടാവുകയും വേണം.
സര്‍ള മുഗ്ദ കേസില്‍ സുപ്രീംകോടതി ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്: ‘ഇതൊരു മതേതര ജനാധിപത്യ രാജ്യമാണ്. വിശ്വാസസ്വാതന്ത്ര്യം നമ്മുടെ സംസ്‌കാരത്തിന്റെ കാതലാണ്. അതില്‍ ചെറിയൊരു മാറ്റംപോലും നമ്മുടെ സാമൂഹിക വ്യവസ്ഥയെ ഉലച്ചേക്കാം. എന്നാലും മനുഷ്യാവകാശങ്ങളെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന മതാചാരങ്ങളും അടിസ്ഥാന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങളും സ്വയം നിര്‍ണയ അവകാശമല്ല മറിച്ച് അടിച്ചമര്‍ത്തലാണ്.’
ഈയൊരു വികാരം കൊണ്ട് ഓരോ വ്യക്തി നിയമങ്ങള്‍ക്കകത്തും പരിഷ്‌കാരങ്ങള്‍ നടത്തുവാനുള്ള നിര്‍ദേശങ്ങള്‍ ലോ കമ്മിഷന്‍ മുന്നോട്ടുവെക്കുന്നുണ്ട്. മുസ്‌ലിം നിയമം ഭേദഗതി ചെയ്തു മുസ്‌ലിം പിന്തുടര്‍ച്ച അവകാശം ക്രോഡീകരിച്ച നിയമമാക്കി മാറ്റാം. ആ സമയം സ്ത്രീക്കും പുരുഷനും തുല്യ അവകാശം ലഭിക്കുന്ന തരത്തിലാക്കാം. നിക്കാഹ് നാമയില്‍ തന്നെ ബഹുഭാര്യാത്വം ഒരു ക്രിമിനല്‍ കുറ്റമാണ് എന്ന് രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദേശവുമുണ്ട്. ക്രിസ്ത്യന്‍ നിയമത്തില്‍ വിവാഹമോചനത്തിന് എടുക്കുന്ന ദീര്‍ഘമായ കാലവിളംബം ഒഴിവാക്കേണ്ടതുണ്ട്.
മതത്തിന് പുറത്ത് വിവാഹിതയാകുന്ന സ്ത്രീക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന പാഴ്‌സി നിയമം ഒഴിവാക്കേണ്ടതാണ്. അങ്ങനെ അതാത് സമുദായങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് സാവധാനത്തില്‍ നടത്തുന്ന പരിഷ്‌കരണങ്ങളിലൂടെ സാമൂഹിക അനീതികളെ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുവാന്‍ സാധിക്കും. പരിഷ്‌കരണങ്ങള്‍ നടത്തുമ്പോള്‍ ഏകതാനതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ത്വര രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ആയിപ്പോകരുത് എന്നുമാത്രം.
ലോ കമ്മീഷന്‍, പ്രശ്‌നത്തെ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ‘ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കണം എന്ന് പറയുമ്പോഴും അത് സമൂഹത്തിലെ അവശവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ആകരുത്. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നത് ആകരുത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ അനാവശ്യവും അനഭിലഷണീയവുമായ ഏക സിവില്‍ കോഡിനെക്കുറിച്ചല്ല, വിവേചനപരമായ നിയമങ്ങളെ കുറിച്ചാണ് കമ്മീഷന്‍ പ്രതിപാദിക്കുന്നത്. എല്ലാ രാജ്യങ്ങളും തന്നെ വ്യത്യാസങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതകള്‍ നിലനില്‍ക്കുന്നത് വിവേചനത്തിന്റെ തെളിവല്ല മറിച്ച് ആരോഗ്യകരമായ ജനാധിപത്യം പ്രാവര്‍ത്തികമാകുന്നു എന്നതിന്റെ സൂചകമാണ്.’
എന്നാല്‍ നമ്മുടെ പൊതു ചര്‍ച്ചകളില്‍ ഈ ആശയങ്ങള്‍ ഉയര്‍ന്നുവരാറില്ല. സുപ്രീംകോടതി പോലും മറ്റൊരു വിഷയത്തിലും കാണിച്ചിട്ടില്ലാത്ത ആവേശത്തോടെ പൊതു സിവില്‍ കോഡ് എന്ന വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ബി.ജെ.പി അഭിഭാഷകന്‍ അശ്വിനി ഉപാധ്യായയുടെ പൊതുതാല്‍പര്യ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
പൊതുസമൂഹത്തില്‍ ആകട്ടെ ഇതെന്തോ മുസ്‌ലിങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ് എന്ന ധാരണയാണ് വ്യാപകമായിട്ടുള്ളത്. മുസ്‌ലിം മത സംഘടനകളും വ്യക്തിനിയമ ബോര്‍ഡും വിഷയത്തില്‍ കാണിക്കുന്ന അമിതാവേശം ഈ പൊതുബോധത്തിന് ബലം പകരുന്നു. അതിനൊക്കെ അപ്പുറം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
തുല്യനീതിയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സാമൂഹ്യ വിഭാഗങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാതെ, ഓരോരോ വിശ്വാസ സമൂഹത്തിന് അകത്തും സാംസ്‌കാരിക വിഭാഗങ്ങള്‍ക്ക് അകത്തും തുല്യനീതി ഉറപ്പുവരുത്തുന്ന പരിഷ്‌കാരങ്ങള്‍ നടത്തുകയാണ് അഭികാമ്യം.
രാജ്യത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, അതിനും മറുപടി ഏകീകൃത സിവില്‍ കോഡ് അല്ല.ഒരു രാജ്യം ഒരു നിയമം എന്നതാണ് രാജ്യത്തിന്റെ അഖണ്ഡതയുടെ അടിസ്ഥാനമെങ്കില്‍, ലോകത്തെ ഏറ്റവും അസ്ഥിരമായ രാജ്യം അമേരിക്ക ആകുമായിരുന്നു. ഒരു നിയമമല്ല എന്ന് മാത്രമല്ല, ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ ഭരണഘടന തന്നെയുണ്ട് അവിടെ.
മത രാഷ്ട്രങ്ങളില്‍ പോലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടേതായ വ്യക്തി നിയമങ്ങളും ആചാരക്രമങ്ങളും അനുവദിച്ചു കൊടുക്കാറുണ്ട്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു വ്യക്തി നിയമങ്ങള്‍ തന്നെ ഉദാഹരണം. എല്ലാ നിയമങ്ങളിലും കടന്നുവരേണ്ട ചില പൊതുതത്വങ്ങള്‍ ബാധകമാക്കുക എന്നതല്ലാതെ എല്ലാ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരും ഒരേ നിയമവും ഒരേ ആചാരക്രമങ്ങളും പിന്തുടരണം എന്ന് പറയുന്നത് ജനാധിപത്യമല്ല, ഫാഷിസമാണ്. അത്തരം ഇടപെടലുകള്‍ രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് പകരം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുവാനാണ് ഉപകരിക്കുക.
ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനവും ഭരണഘടന നിര്‍മാണ സഭയും തള്ളിക്കളഞ്ഞ ഏകാത്മകമായ രാഷ്ട്രദര്‍ശനം നെഞ്ചേറ്റുന്നവര്‍, ഹിറ്റ്‌ലര്‍ ഇന്ത്യക്കാര്‍ക്ക് അനുകരണീയമായ മാതൃകയാണ് എന്ന് പ്രസ്താവിച്ചവര്‍, നമ്മുടെ ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ഒറ്റുകൊടുത്തവര്‍ സിവില്‍ കോഡിനെ കുറിച്ച് സംസാരിക്കുമ്പോള്‍, ദേശത്തെയും അതിന്റെ സാംസ്‌കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്‌നേഹിക്കുന്ന സാധാരണ മനുഷ്യര്‍ ആശങ്കാകുലരാവുന്നത് സ്വാഭാവികമാണ്. അവരുടെ ആശങ്കകള്‍ കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്നത് രാജ്യനന്മയ്ക്ക് ഭൂഷണമാവുകയില്ല. രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മുരടിപ്പിലേക്കും തൊഴില്‍ രാഹിത്യത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, അത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ, ജനങ്ങളുടെ വൈകാരികഭാവങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകാന്‍ നമ്മള്‍ നിന്നുകൊടുക്കരുത്.
Content Highlight: PB Jijeesh write up on Uniform Civil code