| Monday, 29th August 2022, 12:43 pm

വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ബോധം വെച്ചാണ് വിധി എഴുതിയതെന്ന് തുറന്നുസമ്മതിക്കുന്ന ഇന്ദു മല്‍ഹോത്ര

പി.ബി ജിജീഷ്

‘കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുകള്‍ വരുമാനത്തിനുവേണ്ടി അമ്പലങ്ങള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. വരുമാനമാണ് അവരുടെ പ്രശ്‌നം. എല്ലായിടത്തും അവരത് ചെയ്തിട്ടുണ്ട്. ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമാണ് ഇങ്ങനെ കയ്യടക്കുന്നത്. അതുകൊണ്ട് ജസ്റ്റിസ് ലളിതും ഞാനും പറഞ്ഞു ‘ഇല്ല ഞങ്ങള്‍ അത് അനുവദിക്കില്ല’ എന്ന്’ – ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞതാണ്.

ഇന്ദു മല്‍ഹോത്രയെ ഓര്‍മയില്ലേ? ശബരിമല കേസില്‍ വിയോജന വിധിന്യായം എഴുതിയ ജഡ്ജിയാണ്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കരുത് എന്നായിരുന്നു നിലപാട്. അത് എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. എന്നാല്‍ ഇവിടെ അവര്‍ പറഞ്ഞത് പത്മനാഭസ്വാമി ക്ഷേത്ര കേസിലെ വിധിയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. എന്താണ് കേസ് എന്ന് നോക്കാം.

രാജകുടുംബത്തിന് ക്ഷേത്രത്തില്‍ അവകാശമില്ല, എന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്. തിരുവിതാംകൂര്‍ നാട്ടുരാജ്യം ഇന്ത്യയുമായി ലയിക്കുന്ന സമയത്ത് ഉണ്ടാക്കിയ കവനന്റില്‍, പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ ഭരണാധികാരിക്ക് നല്‍കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു.

എന്നാല്‍ ഇതിലെ ഭരണാധികാരി എന്ന പ്രയോഗം തിരുവിതാംകൂറിന്റെ അവസാന ഭരണാധികാരിയെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും, അദ്ദേഹത്തിന്റെ കാലശേഷം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് കൈമാറി കിട്ടാവുന്ന ഒന്നല്ല ജനാധിപത്യകാലത്ത് ഭരണാധികാര പദവി എന്നും ഹൈക്കോടതി നിരീക്ഷിച്ചു.പ്രിവീ പേഴ്‌സ് ഇല്ലാതാക്കിയതോടെ, രാജപദവി ഒക്കെ ഇല്ലാതായി എന്നായിരുന്നു കോടതി നിലപാട്. ഇത് രാജകുടുംബം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു.

ജസ്റ്റിസ് ലളിതിന്റെയും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെയും ബെഞ്ച് രാജകുടുംബത്തിന് ക്ഷേത്ര നടത്തിപ്പ് അവകാശം അനുവദിച്ചു.

ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ആയിരിക്കും ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുക. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ഉപദേശക സമിതിയും വേണം. ഈ സമിതികളില്‍ ഗവണ്‍മെന്റിന്റെയും രാജകുടുംബത്തിന്റെയും പ്രതിനിധികള്‍ ഉണ്ടായിരിക്കും.

ഇന്ദു മല്‍ഹോത്ര

യഥാര്‍ത്ഥത്തില്‍ ഈ നിര്‍ദേശങ്ങള്‍ കേസ് പരിഗണിക്കവേ രാജകുടുംബം തന്നെ മുന്നോട്ടുവെച്ചതാണ്. കോവന്റിലെ ഭരണാധികാരി എന്ന പദം സാഹചര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ചാല്‍ രാജകുടുംബത്തിന് ക്ഷേത്രത്തിന്റെ നടത്തിപ്പിനുള്ള അവകാശമുണ്ട് എന്ന് കോടതി വിലയിരുത്തി. ഗുരുവായൂര്‍ മോഡലില്‍ പ്രത്യേക ദേവസ്വം വേണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

എന്തായാലും ശബരിമല കേസിലെ പോലെ മറ്റൊരു വര്‍ഗീയമുതലെടുപ്പിനുള്ള അവസരം കൂടി ഉണ്ടാകരുത് എന്ന് കരുതിയതായിരിക്കും, കേരള സര്‍ക്കാര്‍ വിധിക്കെതിരെ അപ്പീല്‍ ഒന്നും പോയില്ല.

ജസ്റ്റിസ് യു.യു. ലളിത്

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ലെവലില്‍ ഉള്ള സാമൂഹ്യബോധം വെച്ചുകൊണ്ടാണ് അവര്‍ ആ വിധി എഴുതിയത് എന്ന് തുറന്നു സമ്മതിക്കുകയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. കമ്മ്യൂണിസ്റ്റുകള്‍ ക്ഷേത്രങ്ങള്‍ കീഴ്‌പ്പെടുത്തുകയാണെന്നും അവയുടെ വരുമാനം എടുക്കുകയാണ് എന്നുമുള്ള സംഘി ഗ്രൂപ്പുകളിലെ മെസ്സേജ് വായിച്ചിട്ടാണ് സുപ്രീംകോടതി ജഡ്ജി കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. 

ക്ഷേത്ര വരുമാനത്തില്‍ നിന്നും ദേവസ്വം വരുമാനത്തില്‍ നിന്നും ഒരു രൂപ പോലും ഗവണ്‍മെന്റ് ആവശ്യങ്ങള്‍ക്ക് എടുക്കുന്നില്ല എന്ന് പലവുരു വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലാക്കാന്‍ കാരണം ചരിത്രപരമായ സാഹചര്യങ്ങളാണ്.

അത് കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളില്‍ അങ്ങനെ തന്നെയാണ്. മോദിയുടെയും ബി.ജെ.പിയുടെയും പ്രിയ നാടായ ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല.

ഇത്തരം വികല ബോധത്തില്‍ നിന്നുകൊണ്ടാണ്, ഇവര്‍ ഇത്രയും കാലം വിധികള്‍ തയ്യാറാക്കിയിരുന്നത് എന്നത് ആശങ്ക ഉണര്‍ത്തുന്നു. ഒരുകണക്കിന് ഇടയ്ക്കിടെ ഇങ്ങനെ പ്രതികരിക്കുന്നതും പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുന്നതുമൊക്കെ നല്ലതാണ്. ഇവര്‍ ശരിക്കും എന്താണ് എന്ന് നാട്ടുകാര്‍ക്ക് മനസ്സിലാവുമല്ലോ.

വേറെ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞാന്‍ അത് ട്വീറ്റ് ചെയ്തപ്പോള്‍ ഭരണഘടനാ വിചക്ഷണനായ ഗൗതം ഭാട്ടിയ മറുപടി കുറിച്ചത് Res ipsa Loquito എന്നാണ്. The Thing speaks for itself.

Content Highlight: PB Jijeesh’s write up on retired SC Judge Indu Malhotra’s comment that Kerala’s communist gov is taking over Hindu temples

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more