| Thursday, 5th March 2020, 9:44 pm

ജനസംഖ്യാ രജിസ്റ്റര്‍ ഭരണഘടനാവിരുദ്ധം; ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കല്‍

പി.ബി ജിജീഷ്

2003 -ല്‍ വാജ്‌പേയീ ഗവണ്മെന്റിന്റെ കാലഘട്ടത്തില്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ആണ് രാജ്യത്തെ പൗരന്മാരുടെ പട്ടിക തയ്യാറാക്കാനും സംശയമുള്ളവരെ മറ്റൊരു ലിസ്റ്റില്‍ പെടുത്തുവാനും ഗവണ്മെന്റിനെ അധികാരപ്പെടുത്തുന്നത്. ഇത്തരത്തില്‍ സംശയിക്കേണ്ടവരുടെ ലിസ്റ്റില്‍ പെടുന്നവര്‍ സ്വന്തം പൗരത്വം അധികാരികള്‍ക്ക് മുന്നില്‍ തെളിയിക്കേണ്ടി വരും.

തെളിവ് നല്‍കി നിരപരാധിയാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുമേല്‍ വന്നുചേരുന്നു എന്നര്‍ത്ഥം. ഒരുവന്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കപ്പെടുന്നതുവരെ നിരപരാധിയായിരിക്കും എന്നതാണ് സാമാന്യനീതി. ആനുമാനിക നിരപരാധിത്വം (presumtpion of innocence) എന്ന് പറയും. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലെ അനുച്ഛേദം 11-ന്റെ ഭാഗമാണിത്.

കുറ്റം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണയിലൂടെ കോടതിയ്ക്ക് മുന്നില്‍ സ്ഥാപിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തില്‍ അധികാരവും സംവിധാനങ്ങളും സ്ഥാപനങ്ങളും ഭരണകൂടത്തിന് അനുകൂലമായിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഈ സംവിധാനങ്ങള്‍ക്കെല്ലാം എതിരെ നിന്നുകൊണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരു വ്യക്തിക്ക് സാധിക്കില്ല. അതുകൊണ്ടാണ് പ്രാഥമികമായ അനുമാനം ഒരാള്‍ നിരപരാധിയാണ് എന്നായിരിക്കണം എന്ന് പറയുന്നത്.

എന്നാല്‍ നമ്മുടെ രാജ്യത്ത് നീതിയുടെ ഈ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടം ജനങ്ങളെ എല്ലാവരെയും കുറ്റവാളികള്‍ എന്ന് കാണുകയും തങ്ങള്‍ നിരപരാധികളാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങളുടെ ചുമലില്‍ വന്നു ചേരുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുകയാണ് നമ്മുടെ ഗവണ്മെന്റ്.

ഗവണ്‍മെന്റിന് രാജ്യത്ത് അനധികൃത കുടിയേറ്റക്കാര്‍ വ്യാപകമാകുന്നു എന്ന ആശങ്ക ഉണ്ടെങ്കില്‍ അത്തരത്തിലുള്ളവരെ കണ്ടെത്തി അവര്‍ കുടിയേറ്റക്കാര്‍ ആണെന്ന് തെളിവ് സഹിതം കോടതിയില്‍ സ്ഥാപിച്ച് അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഇക്കാലത്ത് ഒരു മനുഷ്യന്റെ പൂര്‍വകാലം അന്വേഷിച്ച്, അയാള്‍ അന്യദേശക്കാരനാണെങ്കില്‍ അയാളുടെ യാത്രാചരിത്രം കണ്ടെത്തി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസും, ഇന്റലിജന്‍സും, സര്‍വ്വവിധ സര്‍വൈലന്‍സ് സംവിധാനങ്ങളും ഉള്ള ഗവണ്‍മെന്റിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതല്ല.

അതിനു പകരം നാട്ടില്‍ ചില കള്ളന്മാര്‍ ഉണ്ടെന്നു കരുതി അത് കണ്ടെത്താന്‍ അന്നാട്ടിലെ മുഴുവന്‍ മനുഷ്യരും പോലീസ് സ്റ്റേഷനില്‍ ഹാജരായി തങ്ങള്‍ കള്ളന്മാരല്ല എന്ന് രേഖാമൂലം തെളിയിക്കണം എന്ന് പറയുന്നതിന് സമാനമായ അനീതിയാണ് ഇവിടെ നടപ്പിലായിക്കൊണ്ടിരിക്കുന്നത്. നീതിന്യായ സംവിധാനത്തെയാകെ തലകീഴായി നിര്‍ത്തിയിരിക്കുന്നു നമ്മള്‍.

സോനോവാല്‍ കേസിലെ തികച്ചും തെറ്റായ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അസാമില്‍ ഈ നയം നടപ്പിലാക്കിയപ്പോള്‍ സംഭവിച്ചതെന്താണെന്ന് നമ്മള്‍ കണ്ടു. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ കുടുംബത്തിനു പോലും തെളിവുകള്‍ സമയത്തിന് ഹാജരാക്കി കാര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണ പൗരരുടെ അവസ്ഥ എന്താകും?

1951 മുതല്‍ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച നടപടികള്‍ നിലനില്‍ക്കുന്ന, ഇത്തരം രേഖകള്‍ സൂക്ഷിക്കേണ്ടതാണെന്ന അവബോധം ജനങ്ങള്‍ക്കിടയില്‍ ഉള്ള, ആസാമിലെ അവസ്ഥ ഇതാണെങ്കില്‍ ഇത്തരമൊരു സാഹചര്യം സ്വപ്നം കണ്ടിട്ടുപോലും ഇല്ലാത്ത മറ്റിടങ്ങളില്‍ അത്യന്തം ഭീതിജനകമായ മാനുഷിക പ്രതിന്ധിയിലേക്കാകും ഇത് നയിക്കുക.

പൗരത്വം ഒരു മനുഷ്യന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന ആശയമാണ്; അവകാശങ്ങള്‍ക്കുള്ള അവകാശം. എല്ലാ ജനാധിപത്യ അവകാശങ്ങളും, ജീവിക്കാനുള്ള അവകാശം പോലും പൗരത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ പൗരത്വവുമായി ബന്ധപ്പെട്ട ഏതു നിയമവും കര്‍ശനമായ നിയമ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

2003-ലെ പൗരത്വ നിയമഭേദഗതി

2003-ല്‍ പൗരത്വ നിയമത്തില്‍ വകുപ്പ് 14(എ) കൂട്ടിച്ചേര്‍ക്കുന്നതിലൂടെയാണ് രാജ്യത്ത് ദേശീയ ഇന്ത്യന്‍ പൗരത്വ പട്ടിക (NRIC) നടപ്പിലാക്കാനുള്ള വഴിയൊരുങ്ങുന്നത്. നിയമഭേദഗതിപ്രകാരം ഗവണ്മെന്റിന് വേണമെങ്കില്‍ രാജ്യത്തെ എല്ലാ ജനങ്ങളെയും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ദേശീയ പൗരത്വ പട്ടിക രൂപീകരിക്കാനുമാകും.

ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന വാദം ആധാര്‍ കേസിന്റെ ഭാഗമായി ഉയര്‍ന്നു വന്നിരുന്നു. എന്‍.പി.ആര്‍.-നെ ആധാറുമായി ബന്ധിപ്പിക്കുന്ന 2015-ലെ വിജ്ഞാപനവും വിഷയമായി. എന്നാല്‍ അന്തിമവിധി വന്നപ്പോള്‍ മറ്റു വിഷയങ്ങള്‍ക്കിടയില്‍ എന്‍.പി.ആര്‍. മുങ്ങിപ്പോയി. 2003-ലെ പൗരത്വനിയമ ഭേദഗതിയുടെ ഭരണഘടനാപരതയെക്കുറിച്ച് വിധിയില്‍ നിരീക്ഷണങ്ങള്‍ ഒന്നുമില്ല. എന്നിരുന്നാലും പുതിയ സാഹചര്യത്തില്‍ ഇക്കാര്യം സ്വതന്ത്രവും വിശദവുമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ഭരണഘടനയുടെ അനുച്ഛേദം 11 അനുസരിച്ച് പൗരത്വത്തെ നിര്‍വചിക്കാനുള്ള അവകാശം പാര്‍ലമെന്റിനാണ്. എന്നാല്‍ ഈ നിയമത്തില്‍ വിശദാംശങ്ങളെല്ലാം ചട്ടങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇത് എക്‌സിക്യൂട്ടവിന് അമിതാധികാരങ്ങള്‍ നല്‍കുന്ന നടപടിയാണ്. അമിതാധികാരനിയോഗമാണ് (excessive delegation of power).

അമിതാധികാരനിയോഗം

അധികാരവിഭജനം ഭരണനിര്‍വഹണത്തിന്റെ മൗലീക സ്വഭാവങ്ങളിലൊന്നാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതല എക്‌സിക്യൂട്ടീവിനാണ്. അതുകൊണ്ടുതന്നെ നിയമനിര്‍വഹണത്തിനാവശ്യമായ പ്രായോഗിക ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അധികാരം നിയമം എക്‌സിക്യൂട്ടീവിനു നിയോഗിച്ചുനല്‍കുന്നു. ഇതിനാണ് അധികാരനിയോഗം (delegaton of poweൃ) എന്ന് പറയുന്നത്.

പക്ഷേ പാര്‍ലമെന്റിന്റെ അവശ്യധര്‍മങ്ങളില്‍ പെടുന്നതും നയരൂപീകരണത്തിന്റെ ഭാഗവുമായ, രാജ്യത്തെ പൗരരുടെ അവകാശങ്ങളെയും ബാധ്യതകളെയും സംബന്ധിച്ച കാര്യങ്ങള്‍ ഗവണ്‍മെന്റിന് ഡെലിഗേറ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകള്‍ ഈ വിഷയത്തില്‍ ഉണ്ട്.

”ജനങ്ങളുടെ പരമാധികാരം പരിരക്ഷിക്കുന്നതിന് അമിതാധികാരനിയോഗം നിയന്ത്രിക്കേണ്ടതുണ്ട്” എന്ന് 1973 -ല്‍ ഗ്വാളിയോര്‍ റയോണ്‍സ് കേസിലും ”അനിയന്ത്രിതമായ അധികാരനിയോഗം സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുക” എന്ന് 1979 -ല്‍ രജിസ്ട്രാര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് കേസിലും സുപ്രീംകോടതി പ്രസ്താവിച്ചിട്ടുണ്ട്.

വിവിധ വിധികളിലൂടെ അധികാരനിയോഗത്തെ സുപ്രീംകോടതി ഇപ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നു:

പാര്‍ലമെന്റിന്റെ അടിസ്ഥാന ധര്‍മങ്ങള്‍ എക്‌സിക്യൂട്ടീവിന്റെ അധികാരത്തിന് വിട്ടുനല്‍കാന്‍ കഴിയില്ല.

അടിസ്ഥാന നയരൂപീകരണങ്ങള്‍ ചട്ടങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ പാടില്ല.

ചട്ട നിര്‍മാണത്തിനായി എക്‌സിക്യൂട്ടീവിന് അധികാരനിയോഗം നടത്തുന്ന നിയമങ്ങളില്‍ ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ പിന്തുടരേണ്ട നയവും വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും വ്യക്തമാക്കിയിരിക്കണം

ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അവകാശം ലഭിച്ചവര്‍ അത് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകള്‍ നിയമത്തില്‍ ഉണ്ടായിരിക്കണം

2003-ലെ നിയമഭേദഗതിയുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. വകുപ്പ് 14(എ) വളരെ അനിര്‍ണിതമായി രചിക്കപ്പെട്ടതാണ്. ഇന്ത്യന്‍ പൗരരുടെ ഒരു പട്ടിക ഉണ്ടാക്കണമെന്നും ജനന-മരണ രജിസ്ട്രാര്‍ ഇന്ത്യന്‍ പൗരത്വ രജിസ്ട്രാര്‍ കൂടി ആയിരിക്കും എന്നും പറയുന്നതല്ലാതെ പൗരത്വരജിസ്റ്റര്‍ എങ്ങനെയാണ് തയ്യാറാക്കേണ്ടത്, അതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്, ഏതൊക്കെ രേഖകളാണ് പൗരത്വനിര്‍ണയത്തിന് ഉപയോഗിക്കുന്നത്, സംശയിക്കേണ്ടവരുടെ പട്ടികതയ്യാറാക്കുന്നത് എങ്ങനെയാണ്, ആരായായിരിക്കും പൗരത്വനിര്‍ണയം നടത്തുവാന്‍ അധികാരപ്പെടുത്തുന്നത്, സംശയങ്ങള്‍ ഉന്നയിക്കുവാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്… തുടങ്ങി പ്രാഥമികമായും പാര്‍ലമെന്റ് തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ ഒന്നും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പകരം ഈ നിയമത്തിനു കീഴില്‍ രൂപീകരിച്ച 2003 -ലെ പൗരത്വ (പൗരരുടെ രജിസ്ട്രേഷനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങള്‍ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] പ്രകാരമാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക.

2003-ലെ ചട്ടം 2(എല്‍)-അനുസരിച്ച് രാജ്യത്തു വസിക്കുന്ന എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അഥവാ എന്‍.പി.ആര്‍. അതായത് പൗരര്‍ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ താമസക്കാരെയും ഇതില്‍ ഉള്‍പ്പെടുത്തണം. ഇന്ത്യയില്‍ ആറു മാസമായി താമസിക്കുന്ന വിദേശീയര്‍, ഇവിടെ ജോലി ചെയ്യുന്നവര്‍, അനധികൃത കുടിയേറ്റക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍, എന്നിങ്ങനെ എല്ലാവരും ഉള്‍പ്പെടുന്ന പട്ടിക. ചട്ടം 3(4) അനുസരിച്ച് ലോക്കല്‍ രജിസ്ട്രാര്‍ ഓരോ പ്രദേശനിവാസികളുടെയും വിവരങ്ങള്‍ ശേഖരിച്ച് ജനസംഖ്യാ രജിസ്റ്റര്‍ ഉണ്ടാക്കേണ്ടതാണ്.

എന്നാല്‍ മാതൃനിയമമായ പൗരത്വ നിയമം വകുപ്പ് 14(എ)-ല്‍ രാജ്യത്തെ എല്ലാ പൗരരുടെയും പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. എങ്കിലും ചട്ടങ്ങള്‍ രൂപീകരിച്ചപ്പോള്‍ ‘ദേശീയ ജനസംഖ്യാ രജിസ്റ്റര്‍’ എന്ന പുതിയ ആശയം കൊണ്ട് വന്നിരിക്കുന്നു. നിയമത്തില്‍ ഇല്ലാത്ത പുതിയൊരു സംഗതി ചട്ടങ്ങള്‍ വഴി കൊണ്ടുവരാനുള്ള അധികാരം എക്‌സിക്യൂട്ടീവിന് ഇല്ല. അതുകൊണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അഥവാ എന്‍.പി.ആര്‍. നിയമവിരുദ്ധമാണ്; അമിതാധികാര പ്രയോഗമാണ്.

ചട്ടം 3(3)ല്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഇതും മാതൃനിയമത്തില്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ട കാര്യമാണ്. 2015-ല്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ആഭ്യന്തര മന്ത്രാലയം ഇതിനെ ആധാറുമായി ബന്ധിപ്പിക്കുകയും എന്‍.പി.ആര്‍. വിവരശേഖരത്തില്‍ വിരലടയാളവും കണ്ണിന്റെ റെറ്റിനയും ഉള്‍പ്പടെയുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ചട്ടങ്ങളില്‍ പോലുമില്ലാത്ത ഈ കാര്യങ്ങള്‍ എന്‍.പി.ആര്‍. ഹാന്‍ഡ്-ബുക്കില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇത് അമിതാധികാരനിയോഗം മാത്രമല്ല ഉപനിയോഗം (sub -delegation of powers ) കൂടിയാണ്. നമ്മള്‍ വാടകക്കെടുത്ത കെട്ടിടം മറ്റൊരാള്‍ക്ക് മറിച്ചു വാടകയ്ക്ക് കൊടുക്കുന്നതുപോലെ നിയമവിരുദ്ധമാണിതും.

മറ്റൊരു പ്രശ്‌നം ചട്ടം-7 വഴി കുടുംബനാഥന് മേല്‍ വന്നിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. വീട്ടിലെ അല്ലാ അംഗങ്ങളുടെയും കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കുടുംബനാഥനാണ്. അതില്‍ വീഴ്ച വരുത്തിയാല്‍ ആയിരം രൂപ പിഴ ശിക്ഷയ്ക്കും വകുപ്പുണ്ട്. പൗരത്വ നിയമത്തില്‍ ഗൃഹനാഥനെന്തു പ്രസക്തിയാണുള്ളത്? ഇതേക്കുറിച്ച് മാതൃനിയമത്തില്‍ യാതൊന്നും പറയുന്നില്ല എന്ന് കാണാം. ഇതും അമിതാധികാരനിയോഗമല്ലാതെ മറ്റൊന്നുമല്ല.

ഐച്ഛികത

എല്ലാവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി രൂപം നല്‍കിയ ജനസംഖ്യാ രജിസ്ടര്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി അതില്‍ നിന്നും തയ്യാറാക്കേണ്ട പട്ടികയാണ്, ദേശീയ ഇന്ത്യന്‍ പൗരത്വ രജിസ്റ്റര്‍ (NRIC) എന്ന് ചട്ടം 3(5)ല്‍ പറയുന്നു. ചട്ടം-4-ല്‍ ആണ് പൗരത്വരജിസ്റ്ററിന്റെ രൂപീകരണത്തെക്കുറിച്ചു വിശദീകരിച്ചിട്ടുള്ളത്. വീടുവീടാന്തരം കയറിയിറങ്ങി വിവരശേഖരണം നടത്തി ജനസംഖ്യാ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ച്, അത് പരിശോധിച്ച് അതില്‍ നിന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാനാണ് നിര്‍ദ്ദേശം.

ഉപചട്ടം-4 അനുസരിച്ച് ലോക്കല്‍ രജിസ്ട്രാര്‍ക്ക് പൗരത്വത്തില്‍ സംശയം തോന്നുന്ന പക്ഷം അവരെ മറ്റൊരു പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വളരെ പ്രധാനപ്പെട്ട ലെജിസ്‌ളേറ്റീവ് അധികാരമാണ് പൗരത്വ നിര്‍ണയം. പൗരത്വം എന്നാല്‍ അവകാശങ്ങള്‍ക്കുള്ള അവകാശമാണ്. പൗരത്വപട്ടികയില്‍ നിന്നും ഒരാള്‍ പുറത്തു പോകുക എന്നാല്‍ അയാള്‍ക്ക് അവകാശങ്ങളെല്ലാം നഷ്ടപ്പെടുന്നു എന്നാണ് അര്‍ഥം.

അതുകൊണ്ടുതന്നെ പൗരത്വസംബന്ധിയായ ഏതൊരു നിയമനിര്‍മാണവും പാര്‍ലമെന്റിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ട കാര്യമാണ്. എന്നാല്‍ ഇവിടെ പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യില്‍ പൗരത്വ പട്ടിക ഉണ്ടാക്കണം എന്നല്ലാതെ അതിനെക്കുറിച്ചുള്ള എന്തെങ്കിലും വിശദീകരണങ്ങളോ, വ്യവസ്ഥയോ മാനദണ്ഡങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല. അക്കാര്യങ്ങള്‍ ചട്ടങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു എന്നത് തന്നെ ഭരണഘടനാ പദ്ധതിയ്ക്ക് എതിരാണ്. എന്നുമാത്രമല്ല, ഇവിടെ ചട്ടങ്ങളില്‍ പോലും ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല എന്ന് കാണാം.

പൗരന്മാരെ എങ്ങനെയാണ് കണ്ടെത്തുന്നത് എന്നോ, എങ്ങനെയാണ് ലോക്കല്‍ രജിസ്ട്രാര്‍ പട്ടിക പരിശോധിക്കേണ്ടത് എന്നോ വിശദീകരിച്ചിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് ജനസംഖ്യാ രജിസ്റ്ററില്‍ നിന്ന് ഒരാളെ സംശയിക്കേണ്ടവരുടെ പട്ടികയിലേക്ക് മാറ്റേണ്ടത് എന്ന് പറഞ്ഞിട്ടില്ല. പട്ടികയില്‍ നിന്ന് പുറത്തു പോകുന്നവരുടെ പരാതി താലൂക്ക് രജിസ്ട്രാര്‍ പരിഗണിച്ച് 90 ദിവസത്തിനകം തീര്‍പ്പാക്കണം എന്നാണ് ചട്ടം.

എന്നാല്‍ അതിനായി ഏതേതു രേഖകള്‍ ആണ് ഒരാള്‍ സമര്‍പ്പിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തൊക്കെ രേഖകളാണ് ഒരാളുടെ പൗരത്വത്തിന് തെളിവാകുന്നത് എന്ന് ഭരണഘടനാ കോടതികള്‍ക്കു പോലും നിശ്ചയമില്ലാത്ത ഒരു രാജ്യത്താണ്, ഇത് പോലത്തെ തോന്ന്യാസങ്ങള്‍ നിയമമാകുന്നത്.

ഇക്കാര്യങ്ങളത്രയും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ റദ്ദു ചെയ്യുന്ന നടപടികള്‍ ആയിരുന്നിട്ടു പോലും നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥ ചെയ്യാതെ വളരെ താഴ്ന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായിട്ടാണ് തീരുമാനിക്കുക എന്ന് വരുന്നു. ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അവകാശം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകള്‍ നിയമത്തില്‍ ഉണ്ടായിരിക്കണം എന്ന് പരമോന്നത നീതിപീഠം വിധിയെഴുതിയിട്ടുള്ളതാണ്.

എന്നിട്ടാണ് ചട്ടങ്ങള്‍ പോലുമില്ലാതെ അടിസ്ഥാന നയങ്ങളും പാര്‍ലമെന്റിന്റെ അവശ്യ ധര്‍മവും വരെ ഒരു താലൂക്ക് രജിസ്ട്രാര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നത്. ഇത് അമിതാധികാര നിയോഗം മാത്രമല്ല, മൗലീകാവകാശങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ ഒരു ഉദ്യോഗസ്ഥന് വിട്ടു നല്‍കുന്നതിലൂടെ ഐച്ഛികവുമായി കണക്കാക്കേണ്ടി വരും. എന്ന് വച്ചാല്‍ എക്‌സിക്യൂട്ടീവിന്റെ തോന്ന്യാസങ്ങള്‍ക്കാണ് 2003-ലെ പൗരത്വ നിയമ ഭേദഗതി വഴിയൊരുക്കുന്നത് എന്ന് സാരം.

മാത്രമല്ല, ഉപവകുപ്പ് 6 പ്രകാരം ദേശീയപൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ ഒരാളെ സംബന്ധിച്ച് ആര്‍ക്കും ആക്ഷേപം ഉന്നയിക്കാം. അതിന് യാതൊരുവിധ മാനദണ്ഡങ്ങളും നിശ്ചയിക്കപ്പെട്ടിട്ടില്ല. ശത്രുക്കള്‍ക്കോ, രാഷ്ട്രീയ എതിരാളികള്‍ക്കോ, മറ്റാര്‌ക്കെങ്കിലുമൊക്കെയൊ ദുരുപയോഗത്തിനുള്ള സാധ്യതകളാണ് ഈ ചട്ടം തുറന്നിടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പൊതുജനത്തിന് പോലും ഇത്തരം ഐഛീകമായ അമിതാധികാരങ്ങള്‍ കല്പിച്ചു കൊടുക്കുന്ന ഈ പദ്ധതി ഭരണഘടനയുടെ അനുച്ഛേദം 14-ന്റെ നഗ്‌നമായ ലംഘനമാണ്.

സ്വകാര്യതാ ലംഘനം

2003-ല്‍ പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും രൂപീകരിക്കുമ്പോള്‍ സ്വകാര്യതാ മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ച ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നില്ല. 2018-ലാണ് പട്ടുസ്വാമി കേസില്‍, രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുവാനുള്ള ധനാത്മകമായ ബാധ്യത ഗവണ്മെന്റിനുണ്ട് എന്ന് വിധിക്കുന്നത്. ഇതുപ്രകാരം ആവശ്യമായ വിവരസംരക്ഷണ നിയമങ്ങള്‍ ഗവണ്മെന്റ് കൊണ്ടുവരേണ്ടതാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെയുള്ള വിവരശേഖരണം ഭരണഘടനാവിരുദ്ധമാണ്.

എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് പൗരത്വനിയമത്തിലെ മേല്‍പ്പറഞ്ഞ ഭേദഗതികള്‍. സ്വകാര്യത സംബന്ധിച്ച അവകാശവാദങ്ങള്‍ ആരംഭിക്കുന്നതിനും എത്രയോ കാലം മുന്‍പുള്ള സെന്‍സസ് നിയമത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള സ്വകാര്യതാ പരിരക്ഷകള്‍ ഒന്നും തന്നെ ഈ നിയമത്തില്‍ ഇല്ല. നിയമത്തില്‍ യാതൊരു പരാമര്‍ശവും ഇല്ലാത്ത കാര്യങ്ങളാണ് ജനസംഖ്യാ രജിസ്റ്ററിന്റെ രൂപീകരണവും പൗരത്വരജിസ്റ്ററിനായുള്ള വിവര ശേഖരണവും. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ പിന്‍ബലമില്ലാതെ ബയോമെട്രിക്‌സ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു.

അതുപോലെ തന്നെ ആധാര്‍ ഗവണ്മെന്റിന്റെ സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടൊള്ളു എന്നും സുപ്രീംകോടതി വിധിയുണ്ട്. ഇതിനു വിരുദ്ധമായി, ആധാര്‍ ആക്ടിന്റെ സെക്ഷന്‍-7-ന്റെ പരിധിയില്‍ വരാത്ത എന്‍.പി.ആര്‍.-മായി ആധാര്‍ ബന്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യങ്ങളൊന്നും നിയമത്തില്‍ അനുവദിക്കപ്പെട്ടിട്ടില്ല.

നിയമത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍, പ്രത്യേകിച്ചും അവ മൗലീകാവകാശ നിയന്ത്രണങ്ങളുടെ പരിധിയില്‍ വരുമ്പോള്‍, ചട്ടങ്ങള്‍ വഴി നടപ്പിലാക്കാന്‍ കഴിയില്ല. ഇവിടെ ആധാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ 2003-ലെ ചട്ടങ്ങളില്‍ പോലും ഇല്ലാത്തതാണ് എന്ന് കാണാം. അതുകൊണ്ടു തന്നെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്കും ആധാര്‍ വിധിക്കും വിരുദ്ധമാണ് എന്‍.പി.ആറും സെക്ഷന്‍ 14(എ)-യും.

നിയമത്തിനും മുന്നേ വന്ന ചട്ടങ്ങള്‍

ഇതില്‍ ഏറ്റവും കൗതുകകരമായ കാര്യം ദേശീയ പൗരത്വ ചട്ടങ്ങള്‍ സാങ്കേതികമായിപ്പോലും നിലനിക്കുന്നതല്ല എന്നതാണ്. 2003-ലാണ് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ. അഡ്വാനി പ്രസ്തുത പൗരത്വനിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നത് 2004, ജനുവരി 7-നാണ്. വിജ്ഞാപനത്തിലൂടെ നിയമം നിലവില്‍ വരുന്നത് 2004 ഡിസംബര്‍ 3-നും.

എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2003 ഡിസംബര്‍ 10-നു തന്നെ പൗരത്വ (പൗരരുടെ രജിസ്ട്രേഷനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങള്‍ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] വിജ്ഞാപനം ചെയ്തിരുന്നു. അതായത് നിയമം നിലവില്‍ വരുന്നതിനും ഒരു വര്ഷം മുന്‍പ് ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടു! പാര്‍ലമെന്റ് പാസാക്കിയ നിയമം നിയോഗിച്ചു നല്‍കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചാണ് ചട്ടങ്ങള്‍ രൂപീകരിക്കുക.

ഇവിടെ നിയമം നിലവില്‍ വരുന്നതിനു മുന്നേ ചട്ടങ്ങള്‍ രൂപീകരിച്ചു എന്നുകാണാം. മാതാപിതാക്കള്‍ക്ക് മുന്നേ കുഞ്ഞു ജനിച്ചു എന്ന് പറയുന്നതുപോലെ. എത്രമാത്രം ധിക്കാരപൂര്‍വ്വമായ നിയമവിരുദ്ധതയാണിത്. മനുഷ്യന്റെ അടിസ്ഥാനഅവകാശങ്ങള്‍ സംബന്ധിച്ച നയരൂപീകരണങ്ങളില്‍ ഇത്ര ഭീകരമായ ഭരണഘടനാ വിരുദ്ധത കടന്നു വരുമ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

2019-ലെ സി.എ.എ. റദ്ദാക്കിയാല്‍ മതിയാവില്ല.

അമിതാധികാര നിയോഗം (excessive delegation of power), ഐച്ഛികത (arbitrariness), സ്വകാര്യതാ ലംഘനം എന്നീ മൂന്നു കാരണങ്ങള്‍ കൊണ്ട് പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യും, ദേശീയ ജനസംഖ്യാ രജിസ്റ്ററും, ദേശീയ ഇന്ത്യന്‍ പൗരത്വ രജിസ്റ്ററും ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ സമൂഹം പ്രതീക്ഷിക്കുന്ന സമാന്യനീതിബോധത്തിനു നിരക്കാത്തതാണ് ഇവിടെ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളും നടപടിക്രമവും.

പൗരത്വം തെളിയിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം ജനങ്ങള്‍ക്കുമേല്‍ ചാര്‍ത്തുന്ന അതിപ്രധാനമായ തീരുമാനം എടുത്തിരിക്കുന്നത് പാര്‍ലമെന്റിന്റെ അനുമതിയോ നിയമമോ ഇല്ലാതെ ഏതൊക്കെയോ ഉദ്യോഗസ്ഥ തലത്തിലാണ്. ഇത് ജനാധിപത്യത്തിന്റെ നിഷേധമാണ്. ‘ഇന്ത്യയിലെ ജനങ്ങളാകുന്ന നമ്മള്‍’ നമുക്ക് ഉണ്ടെന്നു കരുതുന്ന പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്.

ഇങ്ങനെ തോന്ന്യാസപരമായ രീതിയില്‍ പൗരത്വപട്ടിക നിലവില്‍ വന്നാല്‍ ബഹിഷ്‌കൃതരാകുന്നത് രാജ്യത്തെ ഏറ്റവും ദരിദ്രരായ, അശരണരായ, അധസ്ഥിതരായ, നിരാലംബരായ, അരികുവത്കരിക്കപ്പെട്ട ജനതയായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഈ നിയമം റദ്ദു ചെയ്യപ്പെടാതെ 2019-ലെ പൗരത്വ നിയമഭേദഗതി റദ്ദു ചെയ്തു എന്ന് വന്നാല്‍ പോലും ദേശീയ പൗരത്വ രജിസ്റ്റര്‍ നമ്മള്‍ ഇന്ത്യക്കാരുടെയെല്ലാപേരുടെയും കഴുത്തില്‍ ചേര്‍ത്തു വച്ച വാള്‍തലപ്പായി നിലനില്‍ക്കും, ചോര കൊതിക്കുന്ന ഏതൊരു അധികാരഭ്രാന്തനും ഏതുനിമിഷവും വച്ച് കയറ്റുവാന്‍ കഴിയും വിധം.

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more