”ഭരണഘടനാ സംഘടനകള്‍ രൂപീകരിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നത്, സംഘം ചേരുന്നതിലെ ആനന്ദത്തിന് വേണ്ടിയല്ല, അവരുടെ ആവലാതികള്‍ പരിഹരിക്കുന്നതിന് വേണ്ടി ഫലപ്രദമായി പോരാടാനാണ്. നമ്മുടെ ഭരണഘടന, തൊഴിലാളികളുടെ അവകാശങ്ങളെ പരിഗണിക്കുന്നതാണ്.”
ജസ്റ്റിസ്. വി ആര്‍ കൃഷ്ണയ്യര്‍
(Rohtas Industries Ltd & anr vs Rohtas Industries Staff Union, 1975)
ഭരണഘടനയുടെ വിമോചനാത്മക സ്വഭാവം തൊട്ടറിഞ്ഞ അപൂര്‍വം ന്യായാധിപരിലൊരാളാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍. സാമൂഹ്യനീതി ഭരണഘടനയുടെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്നാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ ഏറെ പ്രധാനമാണ് തൊഴിലാളികളുടെ അവകാശങ്ങള്‍. തൊഴിലാളികളുടെ ക്ഷേമം നിര്‍ദ്ദേശകതത്വങ്ങളുടെ ഭാഗമായി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ഭരണഘടനാ ശില്‍പി ഡോ. അംബേദ്കര്‍ എല്ലാ കാലത്തും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട വ്യക്തിയാണ്. 1942ല്‍ അദ്ദേഹം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായിരിക്കെയാണ് തൊഴില്‍സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തിക്കൊണ്ടുള്ള നിയമം അവതരിപ്പിച്ചത്.
ക്ഷാമബത്ത, ലീവ് ആനുകൂല്യങ്ങള്‍, ശമ്പളപരിഷ്‌കരണം, ഓവര്‍ടൈം വേതനം, ഇ.എസ്.ഐ അങ്ങനെ നമ്മള്‍ ഇന്നനുഭവിക്കുന്ന പല അവകാശങ്ങള്‍ക്കും വഴിയൊരുക്കിയത്, സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവും അദ്ദേഹം നടത്തിയ ഇടപെടലുകളാണ്. തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശം ഇല്ലായ്മ ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ബില്ലിനെതിരെ ബോംബെ നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്:
”സമരങ്ങളെ ക്രിമിനല്‍വല്‍ക്കരിക്കുന്നത് തൊഴിലാളികളെ അടിമകളാക്കുന്നതിന് തുല്യമാണ്… തൊഴിലാളികളെ അടിമകളാക്കുന്ന ജനാധിപത്യം എന്ത് ജനാധിപത്യമാണ്? അത് ജനാധിപത്യത്തെ പരിഹസിക്കലാണ്….” എന്നാണദ്ദേഹം പറഞ്ഞത്. പോസ്റ്റല്‍, ടെലികോം, റെയില്‍വേ തുടങ്ങിയ മേഖലകളിലെയൊക്കെ തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആ ബില്ലിനെ അംബേദ്കര്‍ നഖശിഖാന്തം എതിര്‍ത്തു.
രാജ്യത്തിന്റെ ജനാധിപത്യത്തിലേക്കുള്ള യാത്രയില്‍ സാമൂഹ്യ-സാമ്പത്തിക-നീതി അനിവാര്യമായ ഘടകമാണെന്ന തിരിച്ചറിവില്‍ അധിഷ്ഠിതമായിരുന്നു അംബേദ്കറുടെ ലോകവീക്ഷണം. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ ദര്‍ശനവും അത് തന്നെയാണ്.
എന്നാല്‍ അംബേദ്കര്‍ പറഞ്ഞതുപോലെ ഭരണഘടനയുടെ മേന്മ അത് കൈകാര്യം ചെയ്യുന്ന മനുഷ്യരെ ആശ്രയിച്ചിരിക്കും. ദൗര്‍ഭാഗ്യവശാല്‍ തൊഴില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ന്യായാധിപരും ഈ അടിസ്ഥാന ദര്‍ശനത്തെ ഉള്‍ക്കൊള്ളുന്നവര്‍ ആകണമെന്നില്ല. ജസ്റ്റിസ് കൃഷ്ണയ്യരുടെ നിലപാടല്ല, സമരം ചെയ്യാനുള്ള അവകാശത്തെ സംബന്ധിച്ച പ്രധാനപ്പെട്ട കേസുകള്‍ പരിഗണിച്ച ന്യായാധിപര്‍ക്ക് ഉണ്ടായിരുന്നത്.
1962ലെ ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ കേസിലെ സുപ്രീംകോടതി വിധി മുതല്‍ കഴിഞ്ഞ ദിവസം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്ന് പ്രസ്താവിച്ച കേരള ഹൈക്കോടതിയുടെ നിലപാട് വരെ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള കാലഹരണപ്പെട്ട നീതിബോധത്തിന്റെ തുടര്‍ച്ചയാണ്.
‘ഇന്ത്യയിലെ ജനങ്ങളാകുന്ന നമ്മള്‍’ അംഗീകരിച്ചു സ്വീകരിച്ച ഭരണഘടനാ അവകാശങ്ങളില്‍ അധിഷ്ഠിതമാണ്. ഭരണഘടനയുടെ ആത്മാവ് മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഭാഗമാണ്. അതില്‍ ചേര്‍ത്തിരിക്കുന്ന മൗലികാവകാശങ്ങളുടെ പട്ടികയില്‍ പക്ഷേ, സമരം ചെയ്യാനുള്ള അവകാശം എന്ന് വ്യതിരിക്തമായി ചേര്‍ത്തിട്ടില്ല. അനുച്ഛേദം 19 (സി) യില്‍ സംഘടിക്കാനും യൂണിയനുകള്‍ രൂപീകരിക്കാനുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
സ്വാഭാവികമായും യൂണിയനുകള്‍ രൂപീകരിക്കുന്നതിന്റെ ലക്ഷ്യം തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്നതാണല്ലോ. അതിനുള്ള സംഘടിത വിലപേശല്‍ ശക്തി അവര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള ഫലപ്രദമായ മാര്‍ഗം സമരമാണ്. അത്തരത്തിലൊരു ശക്തിയില്ലെങ്കില്‍ പിന്നെ സംഘടനാ സ്വാതന്ത്ര്യം അര്‍ത്ഥശൂന്യമല്ലേ. അതുകൊണ്ടുതന്നെ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം അനുച്ഛേദം 19 (സി)യുടെ അനുപേക്ഷണീയമായ ഘടകമാകേണ്ടതാണ്. എന്നിരുന്നാലും, ഇന്ത്യയിലെ തൊഴിലവകാശ നിയമവൈജ്ഞാനികത സഞ്ചരിച്ച വഴി അതല്ല.
1962ലെ ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നാഷണല്‍ ഇന്‍ഡസ്ട്രീസ് ട്രൈബ്യൂണല്‍ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയാണ് ഈ നിയമവ്യവഹാരപാതയുടെ അടിത്തറ. സമരം ചെയ്യാനുള്ള അവകാശം മൗലികാവകാശങ്ങളില്‍ പ്രത്യേകമായി എടുത്തു പറഞ്ഞിട്ടില്ല എന്ന വസ്തുതയില്‍ നിന്നുമാണ് വിധിയുടെ യുക്തി തുടങ്ങുന്നത്. സമരം ചെയ്യാനുള്ള അവകാശം ഒരു അനുബന്ധ അവകാശം മാത്രമായാണ് കോടതി പരിഗണിച്ചത്.
അതായത് അനുച്ഛേദം 19 (1) (സി) ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ ലക്ഷ്യമാക്കുന്നതെന്താണോ, ആ ലക്ഷ്യങ്ങള്‍ കൂടി 19 (1) (സി)യിലെ അവകാശങ്ങളായി വായിച്ചെടുക്കാനാകുമോ എന്നാണ് കോടതി പരിശോധിച്ചത്. സംഘടനകള്‍ രൂപീകരിക്കാനുള്ള അവകാശത്തെയും ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനുള്ള അവകാശത്തെയും 19 (1) (സി)യുടെ ഭാഗമെന്നനിലയില്‍ ഒരുപോലെ കണക്കാക്കാം. എങ്കില്‍ അവയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നതുകൂടി 19 (1) (സി) ഉറപ്പുനല്‍കുന്ന അവകാശമാകുമോ എന്നായിരുന്നു ചോദ്യം.
ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ സംഘടിത വിലപേശലിനുള്ള അവകാശം ജോയിന്റ് സ്റ്റോക്ക് കമ്പനികളുടേതുള്‍പ്പെടെ ഏതൊരു കൂട്ടായ്മയുടെയും ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള അവകാശമായി മാറും. സ്വാഭാവികമായും ലാഭമുണ്ടാക്കുക എന്നതാണ് കമ്പനികളുടെ ലക്ഷ്യം. ലാഭം ഉണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി അനുച്ഛേദം 19(1)(സി) ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ഭാഗമായാല്‍, സര്‍ക്കാരിന് ബിസിനസുകള്‍ നിയന്ത്രിക്കാനുള്ള നിയമനിര്‍മാണങ്ങള്‍ നടത്തുന്നതിന് ഭരണഘടനാപരമായ തടസ്സങ്ങള്‍ നേരിടും. കാരണം അനുച്ഛേദം 19 (1) (സി)യുടെ ഭാഗമായ അവകാശങ്ങള്‍ നിയന്ത്രിക്കാനാകുന്നത് അനുച്ഛേദം 19 (4) അനുസരിച്ചാണ്.
ഫലത്തില്‍, രാജ്യത്തിന്റെ പരമാധികാരമോ അഖണ്ഡതയോ പൊതുസമാധാനമോ ധാര്‍മികതയോ ലംഘിക്കപ്പെട്ടാല്‍ മാത്രമേ ബിസിനസുകളെ നിയന്ത്രിക്കാനാകൂ എന്നുവരും.
എന്നാല്‍ ഈ പരിഗണന സംഘടനാ രൂപങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്കോ ബിസിനസുകള്‍ക്കോ മാത്രമേ ലഭിക്കുകയുള്ളൂ. പൗരര്‍ ഒറ്റയ്ക്ക് നടത്തുന്ന ബിസിനസുകള്‍ക്ക് സംരക്ഷണം ലഭിക്കുകയില്ല. കാരണം ഓരോ വ്യക്തിയുടെയും തൊഴില്‍ ചെയ്യാനും ബിസിനസ്സ് നടത്താനുമൊക്കെയുള്ള അവകാശങ്ങള്‍ നിര്‍വചിച്ചിരിക്കുന്നത് അനുച്ഛേദം 19 (1) (ജി)യിലാണ്.
അവിടെ അനുച്ഛേദം 19 (6) അനുസരിച്ച് വിപുലമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവകാശം ഗവണ്മെന്റിനുണ്ട്. ഫലത്തില്‍, ഒരാള്‍ ഒറ്റയ്‌ക്കൊരു ബിസിനസ് ചെയ്താല്‍ അതില്‍ വിപുലമായ രീതിയില്‍ ഇടപെടലുകള്‍ നടത്താന്‍ ഗവണ്‍മെന്റിന് അധികാരമുണ്ട് എന്ന് വരികയും, അതേ സമയം അയാള്‍ ഇതേ ബിസിനസ്സ് ഒരു പങ്കാളിയെക്കൂടി ഉള്‍പ്പെടുത്തി ആരംഭിച്ചാല്‍ ആര്‍ട്ടിക്കിള്‍ 19 (4) അനുസരിച്ചുള്ള വളരെ ചെറിയ നിയന്ത്രണങ്ങള്‍ മാത്രമേ സാധ്യമാവുകയുള്ളു എന്നും വരുന്നു. അത് അഭിലഷണീയമായ കാര്യമല്ല. ഇതിന്റെ മറുഭാഗമാണ് സമരം ചെയ്യാനുള്ള അവകാശം.
അതുകൊണ്ടു തന്നെ സംഘടിത വിലപേശലിനേയോ സമരത്തെയോ അനുച്ഛേദം 19 (1) (സി)ന്റെ ഭാഗമായ മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടുത്താനാകില്ല എന്നായിരുന്നു കോടതിയുടെ നിലപാട്.
ജീവനക്കാരുടെ സമരങ്ങളെ നിരോധിക്കുന്ന നിയമങ്ങള്‍ രാജ്യത്ത് നിലവിലില്ല. ഭരണഘടനയുടെ അനുച്ഛേദം 309 പ്രകാരം വിജ്ഞാപനം ചെയ്ത സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് ഈ നിയന്ത്രണങ്ങളൊക്കെ നടപ്പാക്കുന്നത്. ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ സംബന്ധിച്ച നിയമനിര്‍മാണം നടക്കും വരെ അനുയോജ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ എക്‌സ്‌ക്യൂട്ടീവിനെ അധികാരപ്പെടുത്തതാണ് അനുച്ഛേദം 309. 1957ല്‍ ഇന്ത്യാ ഗവണ്മെന്റ് ‘കേന്ദ്ര സിവില്‍ സര്‍വീസ് കോണ്ടക്ട് റൂള്‍സ്’ ഭേദഗതി ചെയ്ത് വകുപ്പ് 34 (എ) കൂട്ടിച്ചേര്‍ക്കുന്നതോടെയാണ് ഇവിടെ സമരം നിരോധിക്കപ്പെടുന്നത്. അതുവരെ രാജ്യത്തു സമരങ്ങള്‍ നിയമവിരുദ്ധമായിരുന്നില്ല.
സമാനമായ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങളിലെ വകുപ്പ് 4 (എ) ചോദ്യം ചെയ്തപ്പോള്‍, സുപ്രീംകോടതി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ കേസിലെ നിലപാട് പിന്തുടരുകയായിരുന്നു ധകാമേശ്വര്‍ പ്രസാദ് സ്റ്റേറ്റ് ഓഫ് ബീഹാര്‍. ഗവണ്മെന്റ് ജീവനക്കാര്‍ വ്യതിരിക്തമായ ഒരു വിഭാഗമാണെന്നും ‘യുക്തിസഹമായ വിഭാഗീകരണത്തിന്റെ’ പരിധിയില്‍ വരുന്നതാണെന്നും കോടതി പറഞ്ഞു. എന്നിരുന്നാലും പ്രസ്തുത ചട്ടത്തിലെ ”സമരങ്ങളും പ്രകടനങ്ങളും” എന്നതിലെ ‘പ്രകടനം’ എന്ന വാക്കിനെ അഭിപ്രായ സ്വാതന്ത്യത്തിന്റെ ഭാഗമായി കണ്ട്, അതിനു മാത്രം സംരക്ഷണം അനുവദിച്ചു കോടതി. അങ്ങനെ ചട്ടത്തിലെ ആ ഭാഗം മാത്രം റദ്ദു ചെയ്യുകയും ചെയ്തു. 1959ല്‍ കേന്ദ്ര ഗവണ്മെന്റ് ചട്ട ഭേദഗതിയിലൂടെ ഗസറ്റഡ് അല്ലാത്ത വ്യവസായ തൊഴിലാളികളെ സമര നിരോധനത്തില്‍ നിന്നും ഒഴിവാക്കി എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ നിരോധനം തുടരുകയും ചെയ്യുന്നു.
എങ്കിലും എസ്മ [Essential Services Maintenance Act] പോലുള്ള ഒരു പ്രത്യേക നിയമം കൊണ്ടുവന്നിട്ടുണ്ട് എന്നുള്ളതല്ലാതെ പൊതുവായി സമരങ്ങളെ നിരോധിക്കുന്ന ഒരു നിയമം ഇന്നും രാജ്യത്തില്ല. വ്യവസായ നിയമമാകട്ടെ തൊഴിലാളികളുടെ സമരത്തെ ഒരു നിയമപരമായ അവകാശമായി അംഗീകരിക്കുകയും ചെയ്യുന്നു. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ടിന്റെ 22, 23, 24 വകുപ്പുകളും ട്രേഡ് യൂണിയന്‍ നിയമത്തിന്റെ 18, 19 വകുപ്പുകളുമാണ് സമരങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നത്.
അതിനപ്പുറത്തേക്ക് ജീവനക്കാരുടെ പൊതു അവകാശം എന്ന നിലയ്ക്ക് ‘സമരം ചെയ്യാനുള്ള അവകാശം’ ഇന്ത്യന്‍ നീതിന്യായ സംവിധാനം അംഗീകരിച്ചിട്ടില്ല. മറ്റെല്ലാ അവകാശങ്ങളും കാലാനുസൃതമായ വ്യാഖ്യാനങ്ങളിലൂടെ വിപുലീകരിക്കപ്പെട്ടപ്പോഴും തൊഴിലാളികളുടെ ഈ അവകാശം 1962ല്‍ നിന്നും തെല്ലും മുന്നോട്ടു പോയില്ല എന്ന് മാത്രമല്ല 2003-ല്‍ എത്തി നില്‍ക്കുമ്പോള്‍ സുപ്രീംകോടതി നടന്നത് പിന്നോട്ടാണ് എന്ന് കാണാം.
2003ല്‍ സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയാണ് രംഗരാജന്‍ കേസിനാധാരം. സര്‍ക്കാര്‍ നടപടി ശരിവച്ച സുപ്രീംകോടതി, സമരം മൗലിക അവകാശമല്ല എന്ന ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ കേസിലെ യുക്തി പിന്തുടര്‍ന്നുവെന്ന് മാത്രമല്ല, ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള ”നിയമപരമോ, ധാര്‍മികമോ, നീതിപൂര്‍വകമോ” ആയ അവകാശമില്ല എന്ന ഞെട്ടിപ്പിക്കുന്ന പ്രസ്താവന കൂടി നടത്തി.
മൗലിക അവകാശങ്ങളെയും പൗര സ്വാതന്ത്ര്യത്തെയും സംബന്ധിച്ച 1950കളിലെയും 60കളിലെയും കാഴ്ചപ്പാടുകളില്‍ നിന്ന് നമ്മുടെ നിയമവൈജ്ഞാനികത ഒരുപാട് മുന്നോട്ട് പോയെങ്കിലും അത്തരം പുരോഗതികളൊന്നും കണക്കിലെടുക്കാന്‍ ജസ്റ്റിസ് എ.ബി. ഷായും ജസ്റ്റിസ്. എം ആര്‍ ലക്ഷ്മണും അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് തയ്യാറായില്ല. 1978ലെ സുപ്രസിദ്ധമായ മനേകാ ഗാന്ധി കേസിലെ വിധിയോടെ മൗലികാവകാശങ്ങളെ പരസ്പരബന്ധമില്ലാത്ത ദ്വീപുകളായി കണക്കാക്കുന്ന രീതി അവസാനിച്ചു.
അവകാശങ്ങള്‍ പരസ്പരപൂരകങ്ങളാണെന്നും അവയെ സമഗ്രമായ അര്‍ത്ഥത്തില്‍ വായിക്കണെമന്നും കോടതി വിധിച്ചു. അങ്ങനെ ഭരണഘടനയില്‍ പ്രത്യേകം എടുത്തു പറയാത്ത എത്രയോ അവകാശങ്ങള്‍ ഇന്ന് നമ്മുടെ ദൈനംദിനവ്യവഹാരത്തിന്റെ ഭാഗമാണ്.
ജീവിക്കാനുള്ള അവകാശം എന്നാല്‍, ‘അന്തസ്സോടെയും അര്‍ത്ഥപൂര്‍ണമായും ജീവിക്കാനുള്ള അവകാശ’മാണെന്ന് വന്നു. ആരോഗ്യം, ജീവനമാര്‍ഗം, വെള്ളം, മാലിന്യരഹിതമായ പരിസ്ഥിതി, സ്വകാര്യത അങ്ങനെ ഭരണഘടനാ പട്ടികയാക്കാത്ത പലതും മൗലിക അവകാശങ്ങളാണ്. പക്ഷേ, ഇതൊന്നും രംഗരാജന്‍ കേസില്‍ കോടതി പരിഗണിച്ചില്ല. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച ജസ്റ്റിസ് കൃഷ്ണയ്യരുടെ വീക്ഷണവും അവഗണിക്കപ്പെട്ടു.
1960കളിലെ നീതിബോധം പിന്തുടര്‍ന്ന കോടതി അടുത്ത കാലത്തുള്ള രണ്ടേരണ്ടു വിധിന്യായങ്ങള്‍ മാത്രമാണ് പരിഗണിച്ചത്. ഒന്ന്, ഹരീഷ് ഉപ്പല്‍ [Capt. Harish Uppal vs Union of Inida, 2002], രണ്ട്, ഭരത്കുമാർ കേസ് [Bharat Kumar K. Palicha And Anr. vs State Of Kerala And Ors.1997]. ആദ്യത്തേത് അഭിഭാഷകര്‍ക്ക് പണിമുടക്കാനും കോടതി ബഹിഷ്‌കരിക്കാനുമുള്ള അവകാശമുണ്ടോ എന്ന പ്രശ്‌നം പരിശോധിച്ച കേസ് ആയിരുന്നു.
കോടതിബഹിഷ്‌കരിച്ചുള്ള സമരങ്ങള്‍ പാടില്ലെന്നായിരുന്നു വിധി. എങ്കില്‍പോലും പോലും അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യങ്ങളില്‍, ബാറിന്റെയും ബെഞ്ചിന്റെയും അന്തസ്സും സ്വാതന്ത്ര്യവും തുലാസിലാവുന്ന സന്ദര്‍ഭങ്ങളില്‍ കോടതികള്‍ക്ക് ഇത് അവഗണിക്കാം എന്നുകൂടി ചേര്‍ക്കുന്നുണ്ട് സുപ്രീംകോടതി. രണ്ടാമത്തെ കേസാണെങ്കില്‍ ബന്ദ് നിരോധിച്ചതുമായി ബന്ധപ്പെട്ടാണ്.
തൊഴിലാളികളുടെ പണി മുടക്കാനുള്ള അവകാശം എങ്ങനെയാണ് ബന്ദിന് തുല്യമാവുക? ഈ രണ്ടു കേസുകളും സമരം ചെയ്യാനുള്ള അവകാശത്തെ വിലയിരുത്താന്‍ ഉതകുന്നതാണ് എന്ന് തോന്നുന്നില്ലെന്നു മാത്രമല്ല ആ അവകാശം നിഷേധിക്കുന്നതിന് വേണ്ടി ബോധപൂര്‍വം തെരഞ്ഞെടുത്ത കേസുകളാണെന്നു തോന്നിപ്പിക്കുകയും ചെയ്യും.
ട്രേഡ് യൂണിയനുകളുടെ പണിമുടക്കിനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച 1990ലെ ബി.ആര്‍. സിംഗ് യൂണിയന്‍ ഓഫ് ഇന്ത്യ കേസും, പണിമുടക്കിന്റെ പേരില്‍ ഒരു കൂട്ടം തൊഴിലാളികളെയാകെ സംഘടിത കുറ്റകൃത്യമെന്നു കണക്കാക്കി പിരിച്ചുവിട്ട നടപടി റദ്ദു ചെയ്ത ഗുജറാത്ത് സ്റ്റീല്‍ ട്യൂബ് ലിമിറ്റഡ് കേസും അവഗണിക്കപ്പെട്ടു. ഇത് രണ്ടും 3 അംഗ ബെഞ്ചിന്റെ ഉത്തരവുകളായിരുന്നു. രംഗ രാജന്‍ കേസിലേത് രണ്ടംഗ ബെഞ്ചും. അങ്ങനെ, ഏതൊരു കോണില്‍ നിന്ന് നോക്കിയാലും തിരുത്തേണ്ട ഒരു വിധിന്യായമാണ് 2003ലേത്.
1962ലെ വിധികള്‍ അവകാശങ്ങളെ സംബന്ധിച്ച സമകാലിക സാമൂഹ്യവീക്ഷണങ്ങള്‍ക്ക് അനുയോജ്യമല്ല. ബിസിനസ് നടത്താനുള്ള അവകാശത്തെയും സമരം ചെയ്യാനുള്ള അവകാശത്തെയും ഒരേ നുകത്തില്‍ കെട്ടാന്‍ കഴിയും വിധം അനുച്ഛേദം 19 (സി)യുടെ ലക്ഷ്യത്തെയും മാര്‍ഗ്ഗത്തെയും മൗലിക അവകാശമായി കണക്കാക്കാന്‍ കഴിയുമോ എന്ന നൈയാമിക അന്വേഷണം തന്നെ തെറ്റായിരുന്നു.
സംഘടിതമായി തുടങ്ങുന്ന ബിസിനസുകളുടെ ലക്ഷ്യം ലാഭം തന്നെയാണ്. അതിനുള്ള മാര്‍ഗമാണ് വ്യാപാര വ്യവഹാരങ്ങള്‍. അവയെ അനുച്ഛേദം 19 (1) (സി)യിലുള്ള അവകാശമായി കണക്കാക്കിയാല്‍ പൊതുസമാധാനത്തിനോ ധാര്‍മികതയ്‌ക്കോ വിരുദ്ധമായാലേ നിയന്ത്രിക്കാനാവൂ എന്നത് അതിരുകടന്ന വ്യാഖ്യാനമാണ്. വ്യാപാര വ്യവഹാരങ്ങള്‍ക്കുള്ള അവകാശം അനുച്ഛേദം 19 (1) (ജി)യില്‍ പ്രത്യേകം ഉള്‍പ്പെടുത്തുകയും അത് സംബന്ധിച്ച ഗവണ്മെന്റിന്റെ അധികാരപരിധി അനുച്ഛേദം 19(6)ല്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള നിലയ്ക്ക്, അതിനെക്കൂടി 19 (സി)യില്‍ കാണാന്‍ ശ്രമിക്കുന്നത് അസാധാരണയുക്തിയാണ്.
ഒരു പ്രവര്‍ത്തനത്തിന്റെ സംഘടനാപരമായ വശത്തേയും വൈയക്തികമായ വശത്തേയും വേര്‍തിരിച്ചു കാണേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍, ലാഭമുണ്ടാക്കുക എന്നത് അനുച്ഛേദം 19 (ജി)യില്‍ പറയുന്ന വൈയക്തികമായ അവകാശത്തോടു ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും, അതില്‍ സംഘടിത വിലപേശലിന്റെ വശമില്ലെന്നും കാണാം. അതേസമയം സമരങ്ങള്‍ക്കുള്ള അവകാശം അങ്ങാനീയല്ല. അത് ഭരണഘടനയില്‍ പ്രത്യേകം നിര്‍വചിച്ചിട്ടുമില്ല എന്നുകൂടി ഓര്‍ക്കണം.
അനുച്ഛേദം 19ല്‍ പറയുന്ന ‘സംഘടനകളും യൂണിയനും രൂപീകരിക്കാനുള്ള അവകാശം’ വെറുതെ കൂട്ടുകൂടി തമാശ പറയാനുള്ള അവകാശമല്ല, അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സംഘടിതമായ വിലപേശലിനുള്ള അവകാശമാണ്. അത്തരമൊരു വിലപേശല്‍ ശക്തിയാകാന്‍ കഴിയില്ലെങ്കില്‍ യൂണിയനുകള്‍ക്ക് എന്തര്‍ത്ഥമാണുള്ളത്? ദുര്‍ബല വിഭാഗങ്ങളുടെ സംഘടിത വിലപേശല്‍ മാര്‍ഗം എന്ന നിലയ്ക്ക് സമരം ചെയ്യാനുള്ള അവകാശം അതിന്റെ ഭാഗമായേ തീരൂ, അല്ലെങ്കില്‍ യൂണിയനുകള്‍ ഉണ്ടയില്ലാ തോക്കുകളായി അവശേഷിക്കും.
ഭരണഘടനയുടെ നാലാം ഭാഗം മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശക തത്വങ്ങളുടെ ദിശാ സൂചനയും ഇതേവഴിയിലാണ്. അനുച്ഛേദം 38, 39, 41, 42, 43, 43(എ) എന്നിവ ഓര്‍മപ്പെടുത്തുന്നത് സാമൂഹ്യ നീതിയും വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും തൊഴിലാളി ക്ഷേമവും ഉറപ്പുവരുത്താനുള്ള ഇന്ത്യന്‍ സ്റ്റേറ്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തെയാണ്. ഇതിനെ അനുച്ഛേദം 19 (1) (സി)യുമായി ചേര്‍ത്ത് വായിച്ചാല്‍ സംഘടിത വിലപേശല്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് അന്തര്‍ലീനമായ ഒരവകാശമാണ് എന്ന് മനസിലാക്കാനാവും.
ഗുജറാത്ത് സ്റ്റീല്‍ ട്യൂബ് ലിമിറ്റഡ് കേസിലെ തന്റെ വിധിന്യായത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഈ നിലയ്ക്കുള്ള ചില സൂചനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ സമരം ചെയ്യാനുള്ള അവകാശത്തിന്റെ മൗലികത കേസിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് 1962ലെ വിധിന്യായത്തെ പരാമര്‍ശിക്കുന്നുമില്ല. വിധിന്യായത്തില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ രേഖപ്പെടുത്തുന്നു:
”യൂണിയന്‍ രൂപീകരിക്കാനും, സംഘടിത വിലപേശലിന്റെ ഭാഗമായി, നിയമത്തിനും സാഹചര്യത്തിന്റെ മാനവികതയ്ക്കും അനുസൃതമായി സമരം ചെയ്യാനുമുള്ള അവകാശം, ഒരു ദുര്‍ബല വിഭാഗം എന്ന നിലയില്‍, തൊഴിലാളികള്‍ക്ക്, കരുത്തരായ മൂലധനത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും നീതി നേടാനുമുള്ള മാര്‍ഗമായി വ്യവസായ നിയമവൈജ്ഞാനികതയും സാമൂഹ്യനീതിയും അംഗീകരിച്ചിട്ടുള്ളതാണ്…. ഉത്പാദകരെങ്കിലും, തൊഴിലാളികളാണ് ദുര്‍ബലരായ വിഭാഗമെന്നും അവര്‍ക്ക് തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി പൊരുതാനുള്ള നിയമപരമായ അനുവാദവും ഉണ്ടെന്നതാണ് അതിന്റെ അടിസ്ഥാനം…. ഭരണഘടനയുടെ നാലാം ഭാഗവും അനുച്ഛേദം 19ഉം ചേര്‍ത്തുള്ള വായനയാണ് വളര്‍ന്നു വരുന്ന ഈ നിയമവൈജ്ഞാനികതയ്ക്ക് വിത്ത് പാകുന്നത്… സമരം ചെയ്യാനുള്ള അവകാശം സംഘടിത വിലപേശലിന്റെ അഭിവാജ്യ ഘടകമാണ്.”
ആധുനിക ജനാധിപത്യ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് വീക്ഷിച്ചാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംഘടനാ സ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയുമൊക്കെ ഭാഗമാണ് സമരം ചെയ്യാനുള്ള അവകാശവും. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന അനുച്ഛേദം 309 തുടങ്ങുന്നത് തന്നെ ”ഭരണഘടനാ നിബന്ധനകള്‍ക്ക് വിധേയമായി” എന്നാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ മറികടന്നുകൊണ്ട് ഉണ്ടാക്കുന്ന ചട്ടങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്.
ഭരണഘടനയുടെ മൂന്നാം ഭാഗം ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ഏതേത് സന്ദര്‍ഭങ്ങളിലാണ് പാര്‍ലമെന്റിന് അധികാരമുള്ളത് എന്ന് ഭരണഘടനയുടെ അനുച്ഛേദം 33ല്‍ വിശദീകരിക്കുന്നുണ്ട്. അവിടെ സായുധ സേന, ക്രമസമാധാനപാലനത്തിനു നിയോഗിക്കപ്പെടുന്ന സേന, ഇന്റലിജന്‍സ് ഏജന്‍സികളിലെ ജീവനക്കാര്‍, സേനയും ഇന്റലിജന്‍സുമായി ബന്ധപ്പെട്ട വിവരവിനിമയ സംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ എണ്ണമിട്ട് രേഖപ്പെടുത്തിയ നാല് വിഭാഗങ്ങളുടെ മൗലികാവകാശം നിയന്ത്രിക്കാനാണ് പാര്‍ലമെന്റിനെ അധികാരപ്പെടുത്തുന്നത്. അതായത് സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരെപ്പോലെയും തുല്യ അവകാശങ്ങള്‍ പങ്കു വയ്ക്കുന്നവരാണ്.
ലോകമെങ്ങും കണക്കാക്കപ്പെടുന്നതും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഭരണഘടനാവിരുദ്ധമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ നിയമ വൈജ്ഞാനിക ചരിത്രം ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്കൊപ്പമായിരുന്നില്ല. ജസ്റ്റിസ് കൃഷ്ണയ്യര്‍ ‘വളര്‍ന്നു വരുന്ന നിയമ വൈജ്ഞാനികത’ എന്ന് വിശേഷിപ്പിച്ച, തൊഴിലാളികളുടെ അവകാശത്തെക്കുറിച്ചുള്ള നിയമവിചാരം അദ്ദേഹം പ്രതീക്ഷിച്ചതുപോലെ വളര്‍ന്നതേയില്ല. ഉണ്ടായ ഇത്തിരിപ്പോളം വളര്‍ച്ചയെ മുളയിലേ നുള്ളുന്ന സമീപനമായിപ്പോയി രംഗരാജന്‍ കേസില്‍ സുപ്രീംകോടതി സ്വീകരിച്ചത്.
സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളിലൊന്നായി പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളെല്ലാം തന്നെ അംഗീകരിച്ചുകഴിഞ്ഞതാണ്. നമ്മള്‍ പലതരത്തിലും പിന്തുടരുന്ന ഇഗ്‌ളീഷ് നിയമവൈജ്ഞാനികത പരിശോധിച്ചാല്‍, ”ഒരോ തൊഴിലാളിയിലും അന്തര്‍ലീനമായ അടിസ്ഥാന അവകാശമാണ് സമരം ചെയ്യാനുള്ള അവകാശമെ”ന്നാണ് ലോര്‍ഡ് ഡാണിംഗ് പ്രസ്താവിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയുടെ അനുച്ഛേദം 23 ജനങ്ങള്‍ക്ക് ”ട്രേഡ് യൂണിയനില്‍ ചേരാനും പ്രവര്‍ത്തിക്കാനും സമരം ചെയ്യാനു”മുള്ള അവകാശം ഉറപ്പു നല്‍കുന്നു. ബ്രസീലിയന്‍ ഭരണഘടനയുടെ അനുച്ഛേദം 9, ജപ്പാനില്‍ അനുച്ഛേദം 28, ദക്ഷിണ കൊറിയയില്‍ അനുച്ഛേദം 33, എത്യോപ്യയില്‍ അനുച്ഛേദം 42, അംഗോളയില്‍ അനുച്ഛേദം 34, റുവാണ്ടയില്‍ അനുച്ഛേദം 32… എന്നിങ്ങനെ വിവിധ രാജ്യങ്ങള്‍ ഭരണഘടനാപരമായി തന്നെ സംഘടിത വിലപേശലിനെ അംഗീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്രനിയമത്തിലും തൊഴിലാളികളുടെ അടിസ്ഥാന അവകാശമെന്ന നിലയില്‍ സംഘടിത വിലപേശലിനും സമരം ചെയ്യാനുമുള്ള അവകാശം അംഗീകൃതമാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഭരണഘടനയില്‍ സമരത്തിനുള്ള അവകാശം പ്രത്യേകം ചേര്‍ത്തിട്ടില്ലെങ്കിലും, അത് സംഘടിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് കമ്മിറ്റി ഓഫ് എക്‌സ്‌പെര്‍ട്‌സ് ഓണ്‍ ആപ്ലിക്കേഷന്‍ ഓഫ് കണ്‍വെന്‍ഷന്‍സ് ആന്‍ഡ് റെക്കമന്‍ഡേഷന്‍സ് (CEAR) വ്യക്തമാക്കിയിട്ടുണ്ട്. ട്രേഡ് യൂണിയനുകളുടെ സമരം ചെയ്യാനുള്ള അവകാശം ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ നിര്‍മിക്കാന്‍ അംഗരാജ്യങ്ങളെ ചുമതലപ്പെടുത്തുന്ന റസലൂഷനും നിലവിലുണ്ട്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളുമായി ചേര്‍ത്ത് വായിച്ചാല്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അതിശക്തമായ ഒരു വാദമുഖമാണ്.
അന്താരാഷ്ട്ര നിയമത്തിലും പല രാജ്യങ്ങളുടെയും ഭരണഘടനയിലും വ്യക്തമായി നിര്‍വചിക്കപ്പെട്ട അവകാശമാണ് സമരം ചെയ്യാനുള്ള അവകാശമെങ്കിലും, ഭരണഘടനയില്‍ ഈ അവകാശത്തെക്കുറിച്ചു വ്യതിരിക്തമായി പറഞ്ഞിട്ടില്ലാത്ത രാജ്യങ്ങളില്‍ വളരെക്കാലം ഒരു അവ്യക്തമേഖലയായി ഇത് നിലനിന്നിരുന്നു. എന്നാലിപ്പോള്‍, ഏതാണ്ടെല്ലാ ജനാധിപത്യ രാജ്യങ്ങളിലും തന്നെ ഭരണഘടനാ കോടതികള്‍ അതിനെക്കുറിച്ചുള്ള വ്യക്തമായ നിലപാടിലേക്ക് എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ കാലഹരണപ്പെട്ട നിയമജ്ഞത അതിലേറെ പ്രതിലോമകരമായി ആവര്‍ത്തിക്കപ്പെടുന്നത്.
അമേരിക്കന്‍ ഭരണഘടന സമരം ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് പ്രത്യേകിച്ചു പ്രതിപാദിക്കുന്നില്ല. എന്നാല്‍ കോടതികള്‍, അഭിപ്രായ പ്രകടനത്തിനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഒന്നാം ഭേദഗതിയുടെയും അടിമത്തം നിരോധിക്കുന്ന പതിമൂന്നാം ഭേദഗതിയുടെയും തുല്യതയും നീതിയുക്തമായ നിയമവഴിയും സംരക്ഷിക്കുന്ന പതിനാലാം ഭേദഗതിയുടെയും ഭാഗമാണ് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും എന്നു വായിച്ചെടുത്തിട്ടുണ്ട്. സംഘടിക്കാനുള്ള അവകാശത്തിന്റെയും, സ്വയം നിര്‍ണയാധികാരത്തിന്റെയും, മനുഷ്യ അന്തസ്സിന്റെയും, തുല്യതയുടെയും സ്വാഭാവിക നൈരന്തര്യമായാണ് സമരം ചെയ്യാനുള്ള അവകാശത്തെ അമേരിക്കന്‍ കോടതി മനസിലാക്കിയത്. സമരങ്ങള്‍ നിരോധിക്കുവാനായി കന്‍സാസ് സംസ്ഥാനം വിജ്ഞാപനം ചെയ്ത നിയമം റദ്ദു ചെയ്തുകൊണ്ട് 1923-ല്‍ തന്നെ അമേരിക്കന്‍ സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയതാണ് [Chas. Wolff Packing Co. V. Court of Industrial Relations of State of Kansas].
കനേഡിയന്‍ ഭരണഘടനയുടെ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സിന്റെ അനുച്ഛേദം 2 (ഡി)യില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പു നല്കുന്നിടത്ത് സമരം ചെയ്യാനുള്ള അവകാശത്തെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല. എന്നാല്‍ അതും സംരക്ഷിത അവകാശമാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം വിധയെഴുതിയിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധിയുടെയും സുപ്രീംകോടതിയുടെ രംഗരാജന്‍ കേസിലെ തീരുമാനത്തിന്റെയും പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് കനേഡിയന്‍ കോടതി വിധി [Health Services and Support – Facilities Subsector Bargaining Anss v British Columbia, [2007] 2 SCR 391 [Health Services], the Supreme Court of Canada].
പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്റ് കൊണ്ടുവന്ന ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് ഇമ്പ്രൂവ്‌മെന്റ് നിയമത്തിന്റെ ഭരണഘടനാപരതയായിരുന്നു കോടതി പരിശോധിച്ചത്. സംഘടിത വിലപേശലിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന സംഘടിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോ? ആണെങ്കില്‍ ഈ നിയമം അതിനുമേല്‍ കടന്നുകയറുന്നതാണോ? അങ്ങനെയെങ്കില്‍ അത് ഭരണഘടനാപരമായി ന്യായീകരിക്കാവുന്നതാണോ? എന്നീ ചോദ്യങ്ങളാണ് കോടതി പരിശോധിച്ചത്.
കനേഡിയന്‍ സുപ്രീംകോടതിയുടെ വിധിന്യായത്തില്‍ നിന്ന്: ”ഒന്നാമതായി, സംഘടിത വിലപേശല്‍ അനുച്ഛേദം 2(ഡി)-യുടെ ഭാഗമല്ല എന്ന തരത്തിലുള്ള കനേഡിയന്‍ കോടതിയുടെ തന്നെ മുന്‍കാലവിധികളിലെ ന്യായവാദങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതല്ല. രണ്ട്, മറിച്ചുള്ളൊരു അഭിപ്രായം സംഘടിതവിലപേശലിനെക്കുറിച്ചുള്ള കാനഡയുടെ ചരിത്രപരമായ കാഴ്ചപ്പാടിന് എതിരാണ്. മൂന്ന്, അന്താരാഷ്ട്ര നിയമങ്ങളില്‍ സംഘടിത വിലപേശല്‍ സംഘടനാ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അവസാനമായി, സംഘടനാ സ്വാതന്ത്ര്യത്തെ 2(ഡി)യുടെ ഭാഗമായി വ്യഖ്യാനിക്കുന്നത് ചാര്‍ട്ടറിലെ മറ്റ് അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും മൂല്യങ്ങളുടെയും വികാസത്തിന് ഉതകുന്നതാണ്.”
ഇന്ത്യയിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. അനുച്ഛേദം 19 (സി) സംബന്ധിച്ച ആള്‍ ഇന്ത്യ ബാങ്ക് എമ്പ്‌ലോയേഴ്‌സ് അസോസിയേഷന്‍ കേസിലെ വിധിന്യായം കാലഹരണപ്പെട്ടതാണ്. സമാനമായ നൈയാമിക യുക്തി മുന്നോട്ടു വച്ച പഴയ കനേഡിയന്‍ വിധിയെ 2007-ല്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചു തിരുത്തുന്നത് കാണുക: ”മാത്രവുമല്ല സംഘടിത വിലപേശലിന് ഒരു പ്രക്രിയ എന്ന നിലയ്ക്ക് അതിന്റെ ഫലത്തില്‍ നിന്ന് വിഭിന്നമായ അസ്തിത്വമുണ്ട്. ഫലം പലപ്പോഴും സംഘടിത വിലപേശലിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളുടെയോ മറ്റോ ഭാഗമായി ഉരുത്തിരിയുന്നതാകാം.
വിലപേശലിന്റെ ഫലത്തിന് (ലക്ഷ്യത്തിന്) അവകാശമെന്ന നിലയിലുള്ള സംരക്ഷണം കൊടുക്കാതെ തന്നെ ഒരു ‘നടപടിക്രമം’ എന്ന നിലയ്ക്ക് അടിസ്ഥാന അവകാശമായി കണക്കാക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ സംഘടിത വിലപേശലിനെ ഒരു ‘ലക്ഷ്യ’മായി ചിത്രീകരിക്കുന്നത് സംഘടിത വിലപേശലിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കുന്നതിന് എതിരെയുള്ള തത്വാധിഷ്ഠിത ന്യായീകരണം ആകുന്നില്ല.” ബാങ്ക് എംപ്ലോയീസ് യൂണിയന്‍ കേസിലെ ഇന്ത്യന്‍ സുപ്രീംകോടതിയുടെ നിലപാടിനെക്കുറിച്ചും ഇതു തന്നെയാണ് പറയാനുള്ളത്.
അതുപോലെ തന്നെ, തൊഴില്‍ സമരങ്ങള്‍ ബ്രിട്ടീഷ് കാലം മുതലേ നമ്മുടെ സാമൂഹ്യ മുന്നേറ്റങ്ങളുടെ അഭിവാജ്യ ഭാഗമാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ എണ്ണമറ്റ തൊഴിലാളി സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. മദ്രാസ് ഗവണ്മെന്റ് പ്രസ്സില്‍, കല്‍ക്കത്താ ഗവണ്മെന്റ് പ്രസ്സില്‍, റെയില്‍വേയില്‍, തപാല്‍ വകുപ്പില്‍, മുനിസിപ്പല്‍ ജീവനക്കാര്‍ക്കിടയില്‍, അദ്ധ്യാപകരുടെ…. ഓവര്‍ടൈം വേതനത്തിന്, വേതന വര്‍ദ്ധനവിന്, അനധികൃത പിരിച്ചുവിടലിനെതിരെ, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യത്തിന്… 1900 മുതല്‍ 1947 വരെയുള്ള കാലഘട്ടത്തില്‍ തന്നെ അങ്ങനെ നിരവധി സമരങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. അവയില്‍ ഭൂരിപക്ഷവും വിജയിച്ച സമരങ്ങളുമായിരുന്നു. 1920ല്‍ വേല്‍സ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നോര്‍ത്ത്-വെസ്റ്റേണ്‍ റെയില്‍വേ തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ വിജയം വലിയ ആവേശമാണുയര്‍ത്തിയത്.
1928ലെ ഈസ്റ്റ്-ഇന്ത്യന്‍ റെയില്‍വെയിലെ സമരം നാല് മാസമാണ് നീണ്ടു നിന്നത്. അങ്ങനെ എത്രയോ സമരഗാഥകളുടെ ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന അവകാശങ്ങള്‍. ഭരണഘടനയ്ക്കും മുന്നേ തൊഴിലാളികള്‍ അനുഭവിച്ചുവരുന്ന ഒരു അവകാശമാണ്. വെറുതെ ലഭിച്ചതല്ല, ചരിത്രപരമായി അടിച്ചമര്‍ത്തലിനും ചൂഷണത്തിനും ഇരയായിരുന്ന ഒരു ദുര്‍ബല വിഭാഗം പോരാട്ടങ്ങളുടെ രക്തരൂക്ഷിതമായ ചരിത്ര ഘട്ടങ്ങളിലൂടെ നേടിയെടുത്തതാണത്. അങ്ങനെയാണ് ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിലും ട്രേഡ് യൂണിയന്‍ നിയമങ്ങളിലുമെല്ലാം സമരം ഒരു നിയമപരമായ അവകാശമായി അംഗീകരിക്കപ്പെട്ടത്.
നമ്മുടെ ഭരണഘടനാ ശില്പികള്‍ക്ക് ഇക്കാര്യം അജ്ഞാതമായിരുന്നില്ല. തീര്‍ച്ചയായും അനുച്ഛേദം 19(1)(സി) കൊണ്ട് അവര്‍ ഉദ്ദേശിച്ചത് വെറുതെ സംഘം ചേരാനുള്ള അവകാശമായിരുന്നില്ല. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ തന്നെയായിരിക്കും. ഐ.എല്‍.ഓയുടെ പ്രമേയങ്ങള്‍ക്കൊക്കെ മുന്‍പ് നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നത് ഒരു സൂചനയാണ്.
നമ്മുടെ ഭരണഘടനയുടെ ആമുഖം മുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യ നീതി, തുല്യത, അന്തസ്സോടെയുള്ള ജീവിതം തുടങ്ങിയ ഉദാത്തമായ ധാര്‍മികത അവകാശാധിഷ്ഠിത ജനാധിപത്യത്തിന്റേതാണ്. മൗലികാവകാശങ്ങളുടെ ജനാധിപത്യപരമായ സ്വാഭാവിക വികാസത്തിന് സംഘടിത വിലപേശലിനുള്ള അവകാശം അനുഗുണമാവുക തന്നെ ചെയ്യും. പിന്നെ സ്വാഭാവികമായും അന്താരാഷ്ട്ര നിയമതത്വങ്ങള്‍ക്കനുസൃതമായി നമ്മളും നമ്മുടെ ഭരണഘടനയെ മനസിലാക്കേണ്ടതുണ്ട്.
സമരമെന്നത് ഒരു ആഭാസ വാക്കാണെന്ന പ്രാചീന മുതലാളിത്ത ആഖ്യാനം പരിഷ്‌കൃത സമൂഹങ്ങളിലെ നീതിന്യായ വ്യവസ്ഥിതികളെല്ലാം തള്ളിക്കളഞ്ഞിട്ടും, ഇന്ത്യന്‍ കോടതികള്‍ ആ പ്രാകൃത നീതിബോധം പേറി നടക്കുന്നത് ദു:ഖകരമാണ്. സമരങ്ങളുടെ ലക്ഷ്യങ്ങളെയെല്ലാം തമസ്‌കരിച്ച്, ചുരുക്കം ചില അനിഷ്ട സംഭവങ്ങളെ മാത്രം പെരുപ്പിച്ചു കാണിച്ച്, അവകാശപ്പോരാട്ടങ്ങളെയാകെ അപകീര്‍ത്തിപ്പെടുത്തുന്ന മുതലാളിത്ത തന്ത്രത്തിന് നിറം പകരുന്ന മാധ്യമനിര്‍മിത മധ്യവര്‍ഗബോധമല്ല, തൊഴിലവകാശങ്ങളിലെ സമകാലീന നിയമവൈജ്ഞാനിക വികാസമാകണം വിധിപ്രസ്താവങ്ങളുടെ ആധാരശില. ഇതു സംബന്ധിച്ച ഇന്ത്യയിലെ ഭരണഘടനാകോടതികളുടെ നിലപാട് എത്രയും വേഗം തിരുത്തേണ്ടതാണ്.
Content Highlight: PB Jijeesh on Workers protests, trade unions and the Supreme Court of India’s stand on it- through different cases and verdicts