രാജ്യത്തിനെതിരെ ‘സാമ്പത്തിക, സാംസ്‌കാരിക, സമൂഹിക , പ്രാദേശിക യുദ്ധം’ നടത്തിയതിന് അറസ്റ്റിലായ കാലാവസ്ഥാ പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ദേശദ്രോഹം സംബന്ധിച്ച നിരവധി സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചുകൊണ്ട്, പൗരാവകാശവും ഭരണഘടനാ ധാര്‍മികതയും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിധിന്യായമാണ് ഉണ്ടായിരിക്കുന്നത്.
‘യാതൊരു ക്രിമിനല്‍ റെക്കോര്‍ഡും നിലവിലില്ലാത്ത ഒരു 22 വയസുകാരിയ്ക്ക്, അവ്യക്തമായ തെളിവുകളുടെ പേരില്‍ ജാമ്യം നിഷേധിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല’ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ ജസ്റ്റിസ് ധര്‌മേന്ദര്‍ രാജ ഉത്തരവില്‍ എഴുതി.
ദിഷ കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണക്കുക മാത്രമാണോ, അതോ അതിന്റെ മറവില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവോ എന്നതാണ് പ്രശ്‌നം. കേദാര്‍ നാഥ് സിംഗ് കേസിലെ സുപ്രീംകോടതി വിധി പ്രകാരം 124A പ്രകാരം രാജ്യദ്രോഹകുറ്റകൃത്യമാകണമെങ്കില്‍ ‘അക്രമം’ ഉണ്ടാകണം. ഇവിടെ ദിഷയെ ആക്രമണവുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ യാതൊന്നുമില്ല.
അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഗൂഢാലോചന സ്ഥാപിച്ചെടുക്കാനാകില്ല. അതിന് തെളിവുകള്‍ വേണം. ഉത്തരവ് പറയുന്നു. പോയറ്റിക്ക് ജസ്റ്റിസ് ഫൗണ്ടേഷന്‍ (PJF) ഒരു നിരോധിത സംഘടനയല്ല. അതിന്റെ സ്ഥാപകരായ മോ ധാലിവലിനോ, അനിത ലാലിനോ എതിരെ ഒരു കേസും നിലനില്‍ക്കുന്നില്ല. മാത്രവുമല്ല അവരും ദിഷയും തമ്മില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുണ്ട് എന്ന് സ്ഥാപിക്കാനുമായിട്ടില്ല.
പ്രതിഷേധക്കാര്‍ക്കൊപ്പം ഒരു വേദി പങ്കുവച്ചു എന്നുകരുതി കുറ്റാരോപിത PJF നൊപ്പം വിഘടനവാദ പ്രവര്‍ത്തനങ്ങളിലോ അക്രമത്തിലോ ഏര്‍പ്പെട്ടുവെന്നു പറയാനാകില്ല. റിപ്പബ്ലിക്ക് ദിനത്തിലെ അക്രമസംഭവങ്ങളുമായി PJF നോ ദിഷയ്‌ക്കോ ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന തെളിവിന്റെ ഒരു കണികപോലുമില്ല.
സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായും ദിശയ്ക്ക് ബന്ധമൊന്നുമില്ല. കിസാന്‍ ഏക്താ എന്ന സംഘടനയ്ക്ക് രാജ്യദ്രോഹപരമായ ഏതെങ്കിലുമൊരു അജണ്ടയുണ്ടെന്ന് തോന്നുന്നില്ല. ‘ടൂള്‍ കിറ്റി’ല്‍ ഒരു അക്രമാഹ്വാനവുമില്ല. പൗരര്‍ ജനാധിപത്യത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരാണ്. ഗവണ്മെന്റ് നയങ്ങളോട് വിയോജിച്ചു എന്നുകൊണ്ടുമാത്രം അവരെ ജയിലിലടക്കാനാകില്ല.
ഗവണ്മെന്റുകളുടെ മുറിവേറ്റ ദുരഭിമാനത്തിനു ശമനം നല്‍കാന്‍ വേണ്ടി രാജ്യദ്രോഹക്കുറ്റം ചാര്‍ത്താന്‍ കഴിയില്ല. വിയോജിപ്പും വിസമ്മതവും ഗവണ്മെന്റ് നയങ്ങള്‍ക്ക് വ്യക്തതയും ദിശാബോധവും പകരുവാന്‍ ഉതകുന്നതാണ്. അറിവും അവകാശബോധവുമുള്ള ജനത ആരോഗ്യപൂര്ണമായ ജനാധിപത്യത്തിന്റെ ലക്ഷണമാണ്. ഭരണഘടനയുടെ അനുച്ഛേദം 19 അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. വിദേശങ്ങളിലും അഭിപ്രായം പ്രകടിപ്പിക്കുന്നതിന് പൗരര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.
ടൂള്‍ കിറ്റിലെ ‘ഹൈപ്പര്‍ ലിങ്കു’കളിലും രാജ്യദ്രോഹമൊന്നുമില്ല. Askindiawhy. comല്‍ ആക്ഷേപകരമായി ഒന്നുമില്ല. ജെനോസൈഡ് വാച്ചിന്റെ വിഭവങ്ങളില്‍ യോജിക്കാനാകാത്ത പലതുമുണ്ടെങ്കിലും അതു രാജ്യദ്രോഹമല്ല. തെറ്റുകളും, അതിശയോക്തികളും ഉണ്ടതില്‍. പക്ഷേ, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊന്നുമില്ല എന്നതുകൊണ്ടുതന്നെ രാജ്യദ്രോഹപരമാകില്ല. 1989-ലെ ബല്‍ബിര്‍ സിംഗ് സൈന കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിക്കുന്നുണ്ട് സെഷന്‍സ് ജഡ്ജി ഇവിടെ.
ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും ടൂള്‍ കിറ്റ് എഡിറ്റു ചെയ്യുന്നതുമൊന്നും ഒരു കുറ്റമല്ല. PJFമായോ ടൂള്‍ കിറ്റുമായോ ബന്ധമുള്ളത് കുറ്റമല്ല എന്നു കണ്ടെത്തിയതുകൊണ്ടുതന്നെ അതു സംബന്ധിച്ച തെളിവ് നശിപ്പിക്കുന്നതിനു വേണ്ടി വാട്സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്തു എന്ന ആരോപണത്തിന് പ്രസക്തിയില്ല. അനാവശ്യ വിവാദങ്ങളില്‍ നിന്നു മാറിനില്കാനുള്ള ഒരു ശ്രമമായി മാത്രമേ അതിനെ കാണാനാകൂ.
ദിഷ ടൂള്‍കിറ്റ് ഗ്രെറ്റ തുമ്പര്‍ഗിന് അയച്ചുകൊടുത്തത് എങ്ങനെയാണ് വിഘടനവാദത്തിന് പ്രോത്സാഹനമാകുന്നത് എന്നു മനസിലാകുന്നില്ല.
ഏതെങ്കിലും ഇന്ത്യന്‍ എംബസിക്കു മുന്നില്‍ അക്രമങ്ങള്‍ നടന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. അനുകൂല മുന്‍വിചാരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പൗരന്റെയും സ്വാതന്ത്ര്യം ഹനിക്കാനാകില്ല. അഞ്ചു ദിവസം ചോദ്യം ചെയ്തിട്ടും പുതിയതായൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല പൊലീസിന്. ഇനിയും ജയിലില്‍ ഇടുന്നത് നിയമത്തിനോ യുക്തിക്കോ നിരക്കുന്നതല്ല.
NB: എന്നിട്ടും ഒരു ലക്ഷം രൂപയുടെ 2 ആള്‍ജാമ്യത്തിനാണ് മോചനം എന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഒരു ദുരവസ്ഥയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: PB Jijeesh Disha Ravi Bail