അങ്ങനെ നിയമത്തില്‍ ഇല്ലാത്ത ഒരു തടസ്സവാദം ഉന്നയിക്കുന്നതിലൂടെ, രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ മതത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണുകയാണ് കോടതി. ഹിന്ദു- മുസ്ലിം വിവാഹത്തിന് സാധുത ഇല്ലെന്ന് പറയുന്നു. അങ്ങനെ 'ലൗ ജിഹാദ് പ്രചാരകര്‍'ക്ക് ഇന്ധനം ആവുക കൂടി ചെയ്യുന്നുണ്ട് ഈ കോടതി വിധി.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പൂര്‍ ബെഞ്ചിന്റെ വിചിത്രമായൊരു വിധി, ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മനുഷ്യന്റെ പ്രാഥമിക അവകാശങ്ങളെ നിഷേധിക്കുന്നതാണ്. വിവാഹം ചെയ്യുന്നതിന് വേണ്ടി സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രണയിതാക്കളുടെ ആവശ്യം നിരാകരിച്ചുകൊണ്ട്, ഇതര മതവിശ്വാസം പങ്കിടുന്നവരുമായുള്ള വിവാഹത്തിന് നിയമസാധുത ഇല്ലെന്ന അപകടകരമായ നിലപാട് എടുത്തിരിക്കുകയാണ് കോടതി.
മധ്യപ്രദേശ് ഹൈക്കോടതി
മുസ്‌ലിം യുവാവും ഹിന്ദു യുവതിയുമാണ് ഹര്‍ജിക്കാര്‍. തങ്ങള്‍ പ്രണയത്തിലാണെന്നും, ഇരു വീട്ടുകാരും വിവാഹത്തിന് തടസ്സം നില്‍ക്കുന്നുവെന്നും, സ്‌പെഷ്യല്‍ മാരേജ് ആക്ടിന് കീഴില്‍ വിവാഹിതരാകാന്‍ വേണ്ടി ആവശ്യമായ സംരക്ഷണം നല്‍കണം എന്നുമായിരുന്നു ആവശ്യം. എന്നാല്‍ കോടതി അതനുവദിച്ചില്ല.
പകരം വളരെ വിശദമായൊരു വിധിയിലൂടെ മുസ്‌ലിം വ്യക്തി നിയമത്തെ വിശകലനം ചെയ്ത്, വിഗ്രഹാരാധകരുമായുള്ള വിവാഹം ഇസ്ലാമിക നിയമത്തില്‍ നിഷിദ്ധമായതിനാല്‍ ഇവര്‍ ഇരുവരും തമ്മിലുള്ള വിവാഹത്തിന് നിയമ സാധുത ഉണ്ടാവില്ല എന്ന നിഗമനത്തിലാണ് ജസ്റ്റിസ് ഗുര്‍ബല്‍ സിംഗ് അലുവാലിയ എത്തിച്ചേരുന്നത്!
ഗുര്‍ബല്‍ സിംഗ് അലുവാലിയ
ദിനാഷാ ഫര്‍ദൂഞി മുല്ലയുടെ ‘പ്രിന്‍സിപ്പല്‍സ് ഓഫ് മുഹമ്മദന്‍ ലോ’ സുദീര്‍ഘമായി ഉദ്ധരിച്ചുകൊണ്ട് മുസ്‌ലിം വ്യക്തി നിയമത്തെ, വിധി, ഇഴകീറി പരിശോനിക്കുന്നുണ്ട്. ആയത് പ്രകാരം വിഗ്രഹാരാധകരോ, അഗ്‌നിയെ പൂജിക്കുന്നവരോ ആയിട്ടുള്ള വിവാഹം ഇസ്‌ലാമിക നിയമപ്രകാരം ‘ക്രമവിരുദ്ധ’മാണെന്ന് കോടതി കണ്ടെത്തുന്നു.
വിധി വായിച്ചു കഴിയുമ്പോള്‍, ഇസ്ലാമിക നിയമം വിശദീകരിക്കുന്നതിനു വേണ്ടി പാഴാക്കിയ സമയത്തിന്റെ നാലിലൊന്നെങ്കിലും സ്‌പെഷ്യല്‍ മാരേജ് ആക്ട് വായിക്കുന്നതിനു വേണ്ടി കോടതി ചെലവഴിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകും.
ദിനാഷാ ഫര്‍ദൂഞി മുല്ലയുടെ ‘പ്രിന്‍സിപ്പല്‍സ് ഓഫ് മുഹമ്മദന്‍ ലോ’
മുല്ല എഴുതിയ പുസ്തകം പാര്‍ലമെന്റ് പാസാക്കിയ നിയമമൊന്നുമല്ല. അദ്ദേഹം ഹിന്ദു നിയമത്തെക്കുറിച്ചും ക്രിമിനല്‍ നിയമങ്ങളെക്കുറിച്ചും ഒക്കെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരു ഇസ്ലാം മത വിശ്വാസി പോലും ആയിരുന്നില്ല; പാഴ്സിയായിരുന്നു. എന്തിനാണ് ഇത്രയധികം വിശദീകരണങ്ങള്‍ വേണ്ടി വന്നത് എന്ന് മനസ്സിലാകുന്നില്ല.
കേസിന്റെ പരിഗണനാ വിഷയത്തില്‍ കൂടുതല്‍ പ്രസക്തം സ്‌പെഷ്യല്‍ മാരേജ് ആക്ട് ആയിരുന്നു.
പ്രണയത്തെ മതവിശ്വാസം കൊണ്ട് നിര്‍വചിക്കാന്‍ ആഗ്രഹിക്കാതിരുന്ന ഹര്‍ജിക്കാര്‍, വിവാഹത്തിനു ശേഷവും സ്വന്തം വിശ്വാസപ്രമാണങ്ങള്‍ പിന്തുടരുവാനാണ് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ രജിസ്റ്റര്‍ വിവാഹമാണ് മുന്നിലുണ്ടായിരുന്ന വഴി. സ്‌പെഷ്യല്‍ മാരേജ് ആക്ടിന്റെ നാലാം വകുപ്പില്‍, ഈ നിയമത്തിന് കീഴില്‍ വിവാഹം നടത്തിക്കൊടുക്കുന്നത് സംബന്ധിച്ച ഉപാധികള്‍ വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള മറ്റേതൊരു നിയമത്തില്‍ പറയുന്നത് എന്തുതന്നെയായിരുന്നാലും, പ്രത്യേക വിവാഹ നിയമത്തില്‍ പറഞ്ഞിട്ടുള്ള ഉപാധികള്‍ പാലിക്കുന്നുണ്ടെങ്കില്‍ വിവാഹത്തിന് നിയമ സാധുതയുണ്ടെന്നാണ്.
നിയമത്തിന്റെ നാലാം വകുപ്പ് അനുസരിച്ച്, രജിസ്ട്രാര്‍ നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതും, അതേ തുടര്‍ന്ന് സെക്ഷന്‍ ഏഴ് അനുസരിച്ച്, ബന്ധപ്പെട്ട കക്ഷികള്‍ക്ക് വിവാഹം സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉന്നയിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ച് തീര്‍പ്പാക്കിയതിനുശേഷമാണ് വിവാഹത്തിന്റെ അന്തിമ സാക്ഷ്യപത്രം നല്‍കുക.
എന്നാല്‍, എന്ത് ആക്ഷേപവും ഉന്നയിക്കാന്‍ കഴിയില്ല. മുകളില്‍ വിശദീകരിച്ച, നിയമത്തിന്റെ നാലാം വകുപ്പ് അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് ആക്ഷേപത്തിന്റെ പരിധിയില്‍ വരിക. തുടര്‍ന്ന് കുടുംബത്തില്‍ നിന്നുള്ള വേര്‍പെടുത്തലും, പിന്തുടര്‍ച്ചാവകാശവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്.
മധ്യപ്രദേശ് ഹൈക്കോടതി
എന്നാലിവിടെ, മധ്യപ്രദേശ് ഹൈക്കോടതി, സ്‌പെഷ്യല്‍ മാരേജ് ആക്ട് നാലാം വകുപ്പ്, ഉപവകുപ്പ് ഡി-യില്‍ പരാമര്‍ശിക്കുന്ന വിലക്കപ്പെട്ട നിലയിലുള്ള ബന്ധങ്ങള്‍ എന്നതിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയാണ്. ഇസ്‌ലാമിക നിയമപ്രകാരം നിരോധിത ബന്ധമായതിനാല്‍ ഹിന്ദു-മുസ്ലിം വിവാഹത്തിന് നിയമസാധുത ഇല്ല എന്നാണ് ഹൈക്കോടതി വ്യാഖ്യാനിക്കുന്നത്.
എന്നാല്‍ നിയമത്തിലെ നിരോധിത ഡിഗ്രിയിലുള്ള ബന്ധം എന്ന പ്രയോഗത്തിന്, വകുപ്പ് 2 (ബി)-യുടെ വിശദീകരണം 1(എ), 1 (ബി), 1(സി) എന്നിവയിലൂടെ സ്പഷ്ടീകരണം നല്‍കിയിട്ടുണ്ട്. രക്തബന്ധം കൊണ്ടോ, ദത്ത് മുഖേനയോ, ‘അനുവദനീയമല്ലാത്ത ഡിഗ്രിയിലുള്ള ബന്ധങ്ങളാണ് ഇവിടെ പ്രതിപാദ്യം. മാത്രവുമല്ല സാമാന്യഭാഷയില്‍ ആ വാക്കിന്റെ അര്‍ത്ഥവും അതുതന്നെയാണ്, അല്ലാതെ വ്യത്യസ്ത മതത്തില്‍പ്പെട്ട മനുഷ്യര്‍ വിവാഹം കഴിക്കുന്നതിനല്ല നിരോധിത ഡിഗ്രിയിലുള്ള ബന്ധങ്ങള്‍ എന്നു പറയുന്നത്.
ചുരുക്കത്തില്‍ ഹൈക്കോടതി പറയുന്നതുപോലൊരു ‘നിരോധിത ബന്ധം’ നിയമ പുസ്തകങ്ങളില്‍ എവിടെയുമില്ല.
അങ്ങനെ നിയമത്തില്‍ ഇല്ലാത്ത ഒരു തടസ്സവാദം ഉന്നയിക്കുന്നതിലൂടെ, രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ മതത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണുകയാണ് കോടതി. ഹിന്ദു- മുസ്ലിം വിവാഹത്തിന് സാധുത ഇല്ലെന്ന് പറയുന്നു. അങ്ങനെ ‘ലൗ ജിഹാദ് പ്രചാരകര്‍’ക്ക് ഇന്ധനം ആവുക കൂടി ചെയ്യുന്നുണ്ട് ഈ കോടതി വിധി.
ഹൈക്കോടതി, ഈ നിലപാടിന് സാധൂകരണമായി 2013-ലെ, മുഹമ്മദ് സലീം കേസിലെ സുപ്രീംകോടതി വിധിയും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത വിധി പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ടതായിരുന്നു. അതിന് ഈ കേസുമായി ബന്ധമൊന്നുമില്ല.
സ്‌നേഹത്തെ മതം കൊണ്ട് അളക്കാന്‍ പ്രേരിപ്പിക്കുന്ന കീഴ്വഴക്കങ്ങളൊന്നും സ്വതന്ത്ര ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തിലോ, നിയമപുസ്തകത്തിലോ കണ്ടെത്താന്‍ കഴിയില്ല. മറിച്ച്, ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഹാദിയ കേസില്‍, ” ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നെന്ന നിലയ്ക്ക്, വിവാഹത്തിന് സ്വന്തം മാതാപിതാക്കളെ കൂടി വിശ്വാസത്തിലെടുക്കേണ്ടതുണ്ട്” എന്നു നിരീക്ഷിച്ചു കൊണ്ട് വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി വിധി റദ്ദു ചെയ്ത്, പ്രായപൂര്‍ത്തിയായ മനുഷ്യരുടെ, പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
ഹാദിയ
സ്വയം കാര്യങ്ങള്‍ തീരുമാനിക്കാനും തെരഞ്ഞെടുപ്പുകള്‍ നടത്തുവാനും ഉള്ള മനസ്സികാരോഗ്യം ഇല്ലാത്തവരുടെയോ, പ്രായപൂര്‍ത്തി ആവാത്തവരുടെയോ, കാര്യത്തില്‍ മാത്രമാണ് രക്ഷിതാക്കളുടെ പദവി കടന്നുവരുന്നത്. അല്ലാതെ സ്വതന്ത്ര വ്യക്തികളുടെ അവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുവാന്‍ ആര്‍ക്കും അധികാരമില്ല.
തെരഞ്ഞെടുക്കുവാനുള്ള അവകാശത്തെ, ജീവിക്കാനുള്ള അവകാശം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 21 ന്റെ ഭാഗമായിട്ടാണ് കോടതി കണ്ടത്. അനുഛേദം 226-ന് കീഴില്‍ കേസ് പരിഗണിച്ചു വിവാഹം റദ്ദ് ചെയ്ത കേരള ഹൈക്കോടതിയുടെ നടപടി അധികാരപരിധിക്കപ്പുറമുള്ളതാണെന്ന് സുപ്രീംകോടതി കണ്ടെത്തി.
പട്ടുസ്വാമി കേസില്‍ സ്വകാര്യത ഒരു മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയോടു കൂടി, ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടുള്ളതാണ്.
2005-ലെ കോമണ്‍ കോസ് കേസിലും ”ഏതു ഭക്ഷണം കഴിക്കണം, എന്തു വസ്ത്രം ധരിക്കണം, ആരോട് എന്ത് സംസാരിക്കണം, ആര് പ്രണയിക്കണം, ആരെ പങ്കാളിയാക്കണം’ മുതലായ കാര്യങ്ങളിലെല്ലാം വ്യക്തിയുടെ അവകാശങ്ങളെ സുപ്രീംകോടതി, പരമപ്രധാനമെന്നു കണ്ടിട്ടുണ്ട്.
ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ്, കോടതി, വിവാഹമെന്നത് ഭരണഘടനയില്‍ പ്രത്യേകിച്ച് എടുത്തുപറയുന്ന ഒരു അവകാശമല്ലെങ്കിലും, അനുഛേദം 21-ല്‍ അത് അന്തര്‍ലീനമാണെന്ന് വിധിച്ചത്.
വ്യക്തി നിയമങ്ങള്‍ കൊണ്ട് മനുഷ്യരുടെ മൗലിക അവകാശങ്ങളെ റദ്ദു ചെയ്യാനാവില്ല.
വിവാഹിതരാകാനുള്ള അവകാശത്തെക്കുറിച്ച് ഇത്ര സ്പഷ്ടമായി പറയുന്ന വിധി ഉണ്ടായിരുന്നിട്ടും, അതേക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാതെയാണ് ഈ കേസില്‍ മധ്യപ്രദേശ് ഹൈക്കോടതി തീരുമാനമെടുത്തത്. മൗലികാവകാശങ്ങള്‍ക്കും, ജനാധിപത്യ-മതേതര മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഈ വിധി എത്രയും വേഗം തിരുത്തേണ്ടതാണ്.
content highlights: PB Jeejeesh writes on the Madhya Pradesh High Court verdict banning intermarriage by interpreting Muslim law