കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവത്തിന് നോണ്‍-വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള ചര്‍ച്ചകളോട് പ്രതികരിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി. നോണ്‍-വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും അതുകൊണ്ടാകാം സര്‍ക്കാരുകള്‍ ഇത്രയും നാളും വെജ് വിഭവങ്ങള്‍ മാത്രം വിളമ്പാന്‍ തീരുമാനിച്ചതെന്നും പഴയിടം നമ്പൂതിരി ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
‘നോണ്‍-വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തണോയെന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. എന്നോട് പറഞ്ഞ കാര്യം ഞാന്‍ ചെയ്യും. ഇതുവരെ സര്‍ക്കാര്‍ കലോത്സവങ്ങള്‍ക്ക് നോണ്‍-വെജ് ഉള്‍പ്പെടുത്താത്തതിന് കാരണങ്ങളുണ്ട്.
ഇപ്പോള്‍ തന്നെ കലോത്സവത്തിന് എത്തുമെന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞ കണക്കിലുള്ളതിനേക്കാള്‍ മൂന്നിരട്ടിയോ നാലിരട്ടിയോ കുട്ടികളാണ് ഭക്ഷണം കഴിക്കുന്നത്. എപ്പോഴും ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഇത്തരത്തില്‍ കൂടുതലാളുകള്‍ എത്തുമെന്ന് കണക്കാക്കി തന്നെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. നോണ്‍-വെജില്‍ അത് പ്രാക്ടിക്കല്‍ അല്ല. പീസ് റേറ്റിനാണ് നോണ്‍-വെജ് നല്‍കുന്നത്. ഇത്തരം സാഹചര്യത്തില്‍ അങ്ങനെ കണക്ക് കൂട്ടാന്‍ കഴിയില്ല.
കായികമേളയില്‍ നോണ്‍-വെജ് കൊടുക്കാറുണ്ട്. ഞാന്‍ നോണ്‍-വെജ് പാചകം ചെയ്യുന്നയാളല്ല. അതിനുവേണ്ടി എന്റെയൊപ്പം മികച്ച ഒരു ടീമുണ്ട്. കായികമേളയില്‍ ആദ്യം തരുന്ന കണക്കുകളും കഴിക്കാനെത്തുന്ന കുട്ടികളും തമ്മില്‍ ചെറിയ വ്യത്യാസമേ കാണൂ. അത് മാനേജ് ചെയ്യാന്‍ കഴിയും.
എന്നാല്‍, കലോത്സവത്തില്‍ അങ്ങനെയല്ല. ഇക്കാര്യങ്ങള്‍ കൊണ്ടാകാം സര്‍ക്കാര്‍ വെജ് തന്നെ മതിയെന്ന് ഇത്രയും നാള്‍ തീരുമാനിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഞാന്‍ ആദ്യം പറഞ്ഞതുപോലെ തന്നെ, ഇക്കാര്യങ്ങളിലെല്ലാം അവസാന തീരുമാനം പറയേണ്ടത് സര്‍ക്കാരാണ്. എനിക്കിതിലൊന്നും പറയാനില്ല,’ പഴയിടം പറഞ്ഞു.
തുടര്‍ച്ചയായി പഴയിടത്തിനെ തന്നെ കലോത്സവത്തിന് ഭക്ഷണം ഒരുക്കാന്‍ ചുമതലപ്പെടുത്തുന്നതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കൃത്യമായി ക്വട്ടേഷന്‍ നല്‍കിയതിന് ശേഷമാണ് സര്‍ക്കാര്‍ തന്നെ തെരഞ്ഞെടുത്തതെന്നാണ് ഇതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ തുകയെ കുറിച്ച് ബോധ്യമുണ്ടെന്നും മറ്റ് പല സര്‍ക്കാര്‍ പരിപാടികള്‍ക്കും ഭക്ഷണമൊരുക്കാറുണ്ടെന്നും എല്ലാ അധ്യാപക സംഘടനകളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രാന്‍ഡിനും ബിസിനസിനും വേണ്ടിയാണ് കലോത്സവത്തിന്റെ ഭക്ഷണപ്പുരയുടെ ചുമതല ഏറ്റെടുക്കുന്നതെന്ന വാദങ്ങളെയും അദ്ദേഹം നിഷേധിച്ചു. പതിനാറ് വര്‍ഷമായി ഈ മേഖലയിലുള്ള തനിക്ക് ആദ്യ വര്‍ഷങ്ങളിലല്ലാതെ ബ്രാന്‍ഡിനെ കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നും, തന്നെ തേടി ധാരാളം അവസരങ്ങളെത്തുന്നുണ്ടെന്നും പഴയിടം പറഞ്ഞു.
അതേസമയം അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിന് നോണ്‍-വെജ് വിഭവങ്ങള്‍ കൂടി വിളമ്പുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരിക്കുന്നത്. ഇറച്ചിയും മീനും വിളമ്പേണ്ട എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കലാത്സവത്തിന് കുട്ടികള്‍ക്ക് ബിരിയാണി നല്‍കണമെന്നായിരുന്നു ആഗ്രഹമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തുടര്‍ച്ചയായി പഴയിടം മോഹനന്‍ നമ്പൂതിരിക്ക് മാത്രം കലോത്സവത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നല്‍കുന്നതിനെതിരെയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കൊടുക്കുന്നതിനെതിരെയും വ്യാപകമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലടക്കം വന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെയും പഴയിടത്തിന്റെയും പ്രതികരണം.
Content Highlight: Pazhayidom Namboothiri about Non-veg food in Kerala Kalotsavam 2023