കോട്ടയം: കലോത്സവ വേദികളിലെ ഊട്ടുപുരയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനന്‍ നമ്പൂതിരി. സ്‌കൂള്‍ മേളകളുടെ ടെന്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് പഴയിടം മാറ്റം വരുത്തിയത്. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകം ഏറ്റെടുത്തതായും കളമശ്ശേരിയിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ തന്റെ പാചകസംഘം സദ്യയൊരുക്കുമെന്നും പഴയിടം പറഞ്ഞു.
തങ്ങളുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കേണ്ട സമയം വന്നെന്നും കഴിഞ്ഞ ദിവസം എറണാകുളത്തെത്തി പാചകപുരയില്‍ അടുപ്പ് കത്തിച്ചത് താനാണെന്നും പഴയിടം പറഞ്ഞു. എന്നാല്‍ കലോത്സവ വേദികളിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ഇതൊരു തുടക്കമായി കണ്ടോളൂവെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘടകരുടെ നിര്‍ബന്ധം കാരണമാണ് പാചകച്ചുമതല ഏറ്റെടുത്തതെന്നും ശാസ്ത്രമേളയിലേക്കും ക്ഷണം കിട്ടിയപ്പോള്‍ രണ്ടും ഒരുമിച്ച് ചെയ്യാമല്ലോ എന്ന് കരുതിയാണ് തീരുമാനം മാറ്റിയതെന്നും പഴയിടം പറഞ്ഞു.
കഴിഞ്ഞുപോയ കലോത്സവങ്ങളുടെ ഊട്ടുപുരയില്‍ നോണ്‍ വെജ് വിഭവങ്ങള്‍ മാത്രം വിളമ്പുന്നതുമായി ബന്ധപെട്ട് അനവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കാലങ്ങളായി കലോത്സവ വേദികളിലെ ഊട്ടുപുരയുടെ ടെന്‍ഡര്‍ നേടിയിരുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്.
കലോത്സവത്തിന്റെ ഊട്ടുപുരയില്‍ മുന്നേ ഇല്ലാതിരുന്ന നിയന്ത്രണങ്ങള്‍ ഉണ്ടായതായും അത് ഭയപെടുത്തുന്നതുമാണെന്നും പഴയിടം പറഞ്ഞിരുന്നു. അതിനാല്‍ ഇനി വരുന്ന വര്‍ഷങ്ങളില്‍ ടെന്‍ഡര്‍ സ്വീകരിക്കില്ലെന്നും ഭക്ഷണ ക്രമം മാറ്റുന്നതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും പഴയിടം അന്ന് പ്രതികരിച്ചിരുന്നു.
നേരത്തെയും പഴയിടം മോഹനന്‍ നമ്പൂതിരി സ്‌കൂള്‍ കലോത്സവങ്ങളുടെ ടെന്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് പറയുകയും പിന്നീട് ടെന്‍ഡറുകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: Pazhayidam changed the decision not to accept tenders for arts fairs