തൃശൂര്‍: സംസ്ഥാന കലോത്സവ മത്സരങ്ങള്‍ അരങ്ങ് തകര്‍ക്കുന്നതിനിടെ പാചക കലവറയ്ക്ക് സമീപത്തമായി ബയോ ടോയ്ലറ്റ് സ്ഥാപിച്ചതിനെതിരെ പഴയിടം മോഹനന് നമ്പൂതിരി.
കലോത്സവ നഗരിയിലെ തന്റെ പാചക കലവറ പൂട്ടി തന്റെ പണിനോക്കി പോകുമെന്ന് പഴയിടം മോഹനന് നമ്പൂതിരി ഭീഷണി മുഴക്കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍ സംഘാടകര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
പാചകപ്പുരയില്‍ നിന്ന് മൂത്രത്തിന്റെ മണം വിട്ടുപോകാതെ ആയതോടെയാണ് പഴയിടം ദേഷ്യപ്പെട്ടത്. കലവറയ്ക്ക് സമീപമായി താല്‍ക്കാലികമായി സ്ഥാപിച്ചതായിരുന്നു ബയോ ടോയ്ലറ്റ്.
ബയോ ടോയ്ലറ്റ് എത്രയും പെട്ടെന്ന് എടുത്തുമാറ്റിയില്ലെങ്കില്‍ കലവറയും പൂട്ടി താന്‍ സ്ഥലം വിടുമെന്നായിരുന്നു പഴയിടത്തിന്റെ ഭീഷണി. ഉടന്‍ തന്നെ വിഷയത്തില്‍ സംഘാടകര്‍ ഇടപെടുകയും ടോയ്ലറ്റ് മാറ്റാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു.
തൊഴിലാളികള്‍ക്ക് സംഭവിച്ച പിഴവാണെന്നും, ഉടന്‍ തന്നെ ടോയ്ലറ്റ് മാറ്റുമെന്നും ഭക്ഷണ കമ്മിറ്റി വൈസ് ചെയര്മാന് ജോണ്‍ സാമുവല്‍ അറിയിക്കുകയായിരുന്നു.