തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala News
തിക്കോടിയിലെ കൊലവിളി മുദ്രാവാക്യത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th June 2022, 8:52 am

കോഴിക്കോട്: തിക്കോടിയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു.
കണ്ടാലറിയുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു. 143 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല.

കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറുമെന്നായിരുന്നു മുദ്രാവാക്യം. കൃപേഷിനേയും ശരത്‌ലാലിനേയും ഓര്‍മ്മയില്ലേയെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ചോദിച്ചു. തിക്കോടി ടൗണിലായിരുന്നു പ്രകടനം നടന്നത്.

പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നു മോനായാലും വീട്ടില്‍ കേറി കുത്തികീറും. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാവും. കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ഓര്‍മ്മയില്ലേ ശരത് ലാലിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ, ഓര്‍മ്മയില്ലേ ഷുഹൈബിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ …’ എന്നായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

പ്രസ്ഥാനത്തിന് നേരെ തിരിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിതി ഓര്‍മയില്ലേയെന്ന് ചോദിച്ചായിരുന്നു മുദ്രാവാക്യം.

ശരത്‌ലാലിന്റേയും കൃപേഷിന്റേയും ഷുഹൈബിന്റേയും അവസ്ഥ ഓര്‍ത്ത് കളിച്ചോളൂവെന്നും പ്രസ്ഥാനത്തിന് നേരെ വന്നാല്‍ വീട്ടില്‍ കയറി കൊത്തിക്കീറുമെന്നുമാണ് മുദ്രാവാക്യം. സി.പി.ഐ.എമ്മിന് നേരെ വരുന്നത് ഇതൊക്കെ ഓര്‍ത്ത് വേണമെന്നും പ്രകോപനപരമായ മുദ്രാവാക്യത്തില്‍ പറയുന്നുണ്ട്.

Content Highlights: Payyoli police have registered a case against cpim members those who chanted slogans in Thikkodi.