പയ്യോളി മനോജ് വധം: സി.പി.ഐ.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
Kerala
പയ്യോളി മനോജ് വധം: സി.പി.ഐ.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th September 2012, 1:19 pm

ന്യൂദല്‍ഹി: പയ്യോളിയിലെ ബി.ജെ.പി പ്രവര്‍ത്തകനായ മനോജിനെ കൊന്ന കേസില്‍ അറസ്റ്റിലായ പതിനാല് സി.പി.ഐ.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ബി.ജെ.പി നല്‍കിയ പട്ടികപ്രകാരമാണ് പ്രതികളെ നിശ്ചയിച്ചെന്ന് കാണിച്ചായിരുന്നു പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയത്.[]

എന്നാല്‍ കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും ഇത് നടന്നില്ലെങ്കില്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നുമായിരുന്നു സുപ്രീം കോടതി നിലപാട്. ജസ്റ്റിസ് എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.

2012 ഫെബ്രുവരി 12നാണ് ബി.ജെ.പി പ്രവര്‍ത്തകനായ മനോജിനെ അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്.

ഗുരുതരമായി പരുക്കേറ്റ മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കേസിലെ 15 പ്രതികളില്‍ ഒരാള്‍ ഒഴികെ 14 പേരും കഴിഞ്ഞ ആറു മാസത്തിലേറെയായി റിമാന്‍ഡില്‍ കഴിയുകയാണ്.

കേസില്‍ തങ്ങളെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തേ  കോടതിയെ സമീപിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രതികളായതെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും ആവശ്യപ്പെട്ടായിരുന്നു നുണ പരിശോധന ആവശ്യപ്പെട്ടത്.

മൂന്ന്  മാസത്തിനുള്ളില്‍ ഇറക്കിത്തരാം എന്ന് പാര്‍ട്ടി പറഞ്ഞിട്ടാണ് താന്‍ കീഴടങ്ങിയതെന്ന് ഒന്നാം പ്രതി അജിത്കുമാര്‍ പറഞ്ഞിരുന്നു. നേരത്തെ പാര്‍ട്ടി നേതൃത്വം ഹരജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ സമീപിച്ചിരുന്നെങ്കിലും ഇവര്‍ വഴങ്ങിയിരുന്നില്ല. സ്വന്തമായി ഇവര്‍ അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നിയോഗിച്ച വക്കീല്‍ നേരത്തേ വക്കാലത്ത് ഒഴിഞ്ഞിരുന്നു.