കോഴിക്കോട്: പയ്യോളിയിലെ ബി.ജെ.പി പ്രവര്‍ത്തകനായ ചൊറിയന്‍ചാല്‍ താരേമ്മല്‍ മനോജിന്റെ (39) കൊലപാതകത്തില്‍ തങ്ങളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രതികൂടി കോടതിയില്‍ അപേക്ഷ നല്‍കി.
ഇതോടെ ഈ ആവശ്യമുന്നയിച്ച് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയവരുടെ എണ്ണം ആറായി. ഇവരെല്ലാം സി.പി.ഐ.എം പ്രവര്‍ത്തകരാണ്.[]
പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് ഇവര്‍ പ്രതികളായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ നുണപരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതകത്തില്‍ പങ്കില്ലെന്നും പാര്‍ട്ടി ആവശ്യപ്രകാരം പ്രതിയായതാണെന്നുമാണ് പ്രതികള്‍ പറയുന്നത്.
കേസിലെ 15 പ്രതികളില്‍ 14 പേരാണ് വിചാരണ നേരിടുന്നത്. ഒന്നാം പ്രതി അജിത് കുമാര്‍ അടക്കമുള്ളവരാണ് നുണപരിശോധന ആവശ്യപ്പെട്ട് ഹരജി നല്‍കിയിരിക്കുന്നത്.
മൂന്നു മാസത്തിനുള്ളില്‍ ഇറക്കിത്തരാം എന്ന് പാര്‍ട്ടി പറഞ്ഞിട്ടാണ് താന്‍ കീഴടങ്ങിയതെന്ന് അജിത്കുമാര്‍ പറഞ്ഞു. നേരത്തെ പാര്‍ട്ടി നേതൃത്വം ഹരജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ സമീപിച്ചിരുന്നെങ്കിലും ഇവര്‍ വഴങ്ങിയിരുന്നില്ല. സ്വന്തമായി ഇവര്‍ അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തിരുന്നു.
പ്രതിയാക്കപ്പെട്ട ശേഷം ഇവര്‍ക്ക് ജാമ്യം ലഭ്യമാക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടി ഉപേക്ഷ വിചാരിച്ചതായി ആക്ഷേപമുണ്ട്. പ്രതികളുടെ അപേക്ഷകള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം, പാര്‍ട്ടി നിയോഗിച്ച അഭിഭാഷകന്‍ കേസിന്റെ വക്കാലത്ത് ഒഴിഞ്ഞു. 2012 ഫെബ്രുവരി 12നാണ് ബി.ജെ.പി പ്രവര്‍ത്തകനായ മനോജിനെ അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരുക്കേറ്റ മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കേസിലെ 15 പ്രതികളില്‍ ഒരാള്‍ ഒഴികെ 14 പേരും കഴിഞ്ഞ ആറു മാസത്തിലേറെയായി റിമാന്‍ഡില്‍ കഴിയുകയാണ്.