ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സാമ്യം ആദ്യമൊക്കെ ആസ്വദിച്ചെങ്കിലും അതിപ്പോള്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ് പയ്യന്നൂര്‍കാരന്‍ രാമചന്ദ്രന്.
സോഷ്യല്‍മീഡിയയില്‍ ഫോട്ടോ വന്നതിന് ശേഷം ഫോണിന് വിശ്രമമില്ല. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വകാര്യതയെല്ലാം പോയി. മാത്രമല്ല ട്വിറ്ററില്‍ തന്റെ ചിത്രത്തിന്റെ പേരില്‍ ട്രോള്‍ ഗ്രൂപ്പിനെതിരെ കേസായതായും ഇതിനിടെ കേട്ടു. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ആകെയൊരു വഴിയേ ഉളളൂ. താടി വടിക്കുകയെന്നതാണ് ആ തീരുമാനമെന്നും രാമചന്ദ്രന്‍ പറയുന്നു.
തല മാറ്റിവെക്കുവാന്‍ പറ്റില്ലല്ലോ എന്നും ജനങ്ങള്‍ തന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നതിനാല്‍ കൂടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ബ്ലാക്ക് ക്യാറ്റും പരിവാരങ്ങളൊന്നുമില്ലാതെ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം. മോദിയെ വാര്‍ത്തു വെച്ചതു പോലുള്ള ഈ അപരനെ കണ്ട് ഇന്ത്യ തന്നെ ഞെട്ടി. കേരളത്തിലെ ഏതോ റെയില്‍വെ സ്റ്റേഷനാണെന്നും കോഴിക്കോട്ടെ വടകരയിലാണ് മോദി നില്‍ക്കുന്നതെന്നുമൊക്കെ ട്രോളുകളുണ്ടായിരുന്നു.
അതേസമയം സംഭവത്തെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അപരന്റെ ചിത്രം മോര്‍ഫ് ചെയ്ത് മോദിയ്ക്കെതിരെ ട്രോളുണ്ടാക്കിയ എ.ഐ.ബി റോസ്റ്റിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ട്രോള്‍ ഗ്രൂപ്പ് ഈ ചിത്രത്തിനോടൊപ്പം സ്‌നാപ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോദി ചിത്രം എടുക്കുന്നത് വിവാദമായതോടെ നരേന്ദ്രമോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിക്കുകയും ചെയ്തിരുന്നു.