പയ്യന്‍ ജയിലിലായ കഥ
Opinion
പയ്യന്‍ ജയിലിലായ കഥ
ഫാറൂഖ്
Sunday, 25th August 2019, 7:27 pm

രംഗം 1 – സൗദി അറേബ്യ
——————————–
റിയാദില്‍ നിന്ന് മരുഭൂമിയിലെ ഹൈവേയിലൂടെ മൂന്നാലു മണിക്കൂര്‍ വണ്ടി ഓടിച്ചാല്‍ സില്‍ഫി എന്ന കൊച്ചു നഗരത്തിലെത്തും. അവിടുന്ന് പൊടിപിടിച്ച ഒരു കൊച്ചു റോഡിലൂടെ വളഞ്ഞു പുളഞ്ഞു ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മൂന്നാലു കൊച്ചു കടകള്‍ മാത്രമുള്ള ആര്‍ത്താവിയ എന്ന ഒരു ഗ്രാമത്തിലെത്തും. തെറ്റിദ്ധരിക്കണ്ട, ഇത് മറ്റൊരു ആട് ജീവിതം മോഡല്‍ കഥയല്ല, അതൊക്കെ എല്ലാ ആഴ്ചയും ഓരോന്നിറങ്ങുന്നുണ്ട്, മലയാള സാഹിത്യത്തിന് ഇനി ഒന്ന് കൂടി താങ്ങാനുള്ള കരുത്തില്ലെന്നറിയാം. ഇതതല്ല.

ആര്‍ത്താവിയയില്‍ ആകെയുള്ളത് ഒരു ചെറിയ പെട്രോള്‍ സ്റ്റേഷന്‍, ആട് മേക്കുന്നവര്‍ മരുഭൂമിയിലൂടെ ഓടിച്ചു നടക്കുന്ന പഴയ ടൊയോട്ട പിക്കപ്പുകള്‍ റിപ്പയര്‍ ചെയ്യാന്‍ ഒരു സുഡാനി നടത്തുന്ന ചെറിയൊരു വര്‍ക്ക്‌ഷോപ്പ്, തൃശ്ശൂര്‍ക്കാരന്‍ രാധാകൃഷ്ണന്‍ നടത്തുന്ന ടൈലര്‍ ഷോപ്പ് എന്നിവയാണ്. ഒരു ചെറിയ ഹെല്‍ത്ത് സെന്ററുമുണ്ട്, ആടിന്റേയും ഒട്ടകത്തിന്റെയുമൊക്കെ ചവിട്ടു കൊണ്ട് വരുന്ന ബദുക്കള്‍ക്ക് മരുന്ന് വച്ച് കൊടുക്കാനുള്ള ഒരു മുറി എന്നെ പറയാനുള്ളു. ആ ഹെല്‍ത്ത് സെന്ററിലെ നേഴ്‌സ് ഡെയ്‌സി, നേരത്തെ പറഞ്ഞ ടൈലര്‍ രാധാകൃഷണന്‍, പെട്രോള്‍ പമ്പില്‍ പണിയെടുക്കുന്ന അസ്ലം എന്നിവരാണ് ഈ കൊച്ചു ഗ്രാമത്തിലെ മലയാളികള്‍.

ഡെയ്‌സിയും അസ്ലമും ശമ്പളം കിട്ടുന്ന ദിവസം നാട്ടിലേക്കയക്കാന്‍ ഒരു തുക രാധാകൃഷ്ണനെ ഏല്പിക്കും. അതിന്റെ കൂടെ തന്റെ വീട്ടിലേക്കുള്ള ചെറിയ ഒരു തുകയും കൂടെ ചേര്‍ത്ത് രാധാകൃഷ്ണന്‍ അത് ജോസിനെ ഏല്‍പ്പിക്കും. ജോസ് ആരാണെന്നു പറയും മുമ്പേ നിങ്ങളുടെ ഒരു സംശയത്തിന് മറുപടി പറയാം. ഇവര്‍ക്കൊന്നും ബാങ്കില്‍ പോയി പണം അയക്കാന്‍ പറ്റില്ല. ഏറ്റവും അടുത്തുള്ള ബാങ്ക് സില്‍ഫിയിലാണ്, അവിടെ റെമിറ്റന്‍സ് സൗകര്യം ഇല്ല. ഇനി അഥവാ ഉണ്ടെങ്കിലും രാധാകൃഷ്ണന്‍ അങ്ങോട്ട് പോകില്ല. സില്‍ഫിക്കാര്‍ കൂടോത്രക്കാരാണെന്നും അവര്‍ കണ്ണ് വച്ചാല്‍ നമ്മള്‍ നശിച്ചു പോകുമെന്നും വര്‍ക്ക് ഷോപ്പ് നടത്തുന്ന സുഡാനി രാധാകൃഷ്ണനോട് പറഞ്ഞിട്ടുണ്ട്. പിന്നെ പോകേണ്ടത് റിയാദിലോ ബുറൈദയിലോ ആണ് , ഒരു ദിവസത്തെ മെനക്കേടാണെന്നു മാത്രമല്ല, ഡൈസിക്ക് ഒറ്റക്ക് പോകാന്‍ പറ്റുകയും ഇല്ല.

ജോസ് റിയാദില്‍ നിന്നാണ് വരുന്നത്. ജോസിന്റെ ഭാര്യ റിയാദില്‍ നേഴ്‌സ് ആണ്, പേര് മറ്റൊരു ഡെയ്‌സി. പ്രതാപ് പോത്തന്റെ ഡെയ്‌സി എന്ന സിനിമ ഇറങ്ങിയതിനു ശേഷം, ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഡെയ്‌സി എന്ന് പേരിടുക എന്ന ഒരു ആചാരം കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിലുണ്ടായിരുന്നു. അങ്ങനെയുള്ള ആയിരക്കണക്കിന് ഡേയ്‌സിമാരില്‍ രണ്ടു പേരെയാണ് നമ്മള്‍ ഇപ്പോള്‍ പരിചയപ്പെട്ടത്. ഒരു പഴയ നിസ്സാന്‍ ഉര്‍വാന്‍ വാടകക്കെടുത്തു, പെട്രോള്‍ പാമ്പുകളിലെ കടകളില്‍ യാത്രക്കാരായ അറബികള്‍ വാങ്ങാന്‍ സാധ്യതയുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതാണ് ജോസിന്റെ പണി.

ജോസിന് അത് മാത്രമല്ല പണി. വഴിയിലുള്ള നൂറു കണക്കിന് രാധാകൃഷ്ണന്മാരുടെ കടകളില്‍ കയറി പണം പിരിക്കണം. അതൊക്കെ ഒരു കടലാസ്സില്‍ കൃത്യമായി എഴുതി കുട്ടിക്കയെ ഏല്‍പ്പിക്കണം. കുട്ടിക്കക്ക് ജോസിനെ പോലെ നൂറുകണക്കിന് ഏജന്റുമാരുണ്ട്. ഹസന്‍ കുട്ടി എന്നാണ് കുട്ടിക്കയുടെ ശരിക്കുള്ള പേര്, പത്തറുപതു വയസ്സുണ്ട്. സ്‌നേഹം കൂടുമ്പോള്‍ പേരിന്റെ നീളം കുറയണം എന്ന തിയറി വച്ച് സ്‌നേഹമുള്ളവരും ഉണ്ടെന്ന് ഭാവിക്കുന്നവരും ഹസ്സന്‍ കുട്ടിയെ കുട്ടിക്ക എന്ന് വിളിക്കും. റിയാദിലെ ഏറ്റവും തിരക്കേറിയ ബത്ത എന്ന സ്ഥലത്തു ചെറിയൊരു തുണിക്കട നടത്തുകയാണ് കുട്ടിക്ക.

രാധാകൃഷ്ണനും അസ്ലമിനും ഡെയ്സിക്കും മാത്രല്ല നാട്ടുകാര്‍ക്ക് മൊത്തം അറിയാം കുട്ടിക്കയുടെ ടീമിനെ ഏല്‍പ്പിച്ചാല്‍ നാട്ടില്‍ പണം എത്തിയിരിക്കും എന്ന്. കുട്ടിക്കക്ക് നരച്ച താടിയുണ്ട്, മുക്കാല്‍ പാന്റാണ് ധരിക്കുക്കുക, ഇരിങ്ങല്‍ പാറ പോലത്തെ നിസ്‌കാരത്തഴമ്പുണ്ട് നെറ്റിയില്‍. ചില ആള്‍ക്കാര്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും കുട്ടിക്ക ഈ പണം മുഴുവന്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്ന് നാട്ടിലേക്ക് അയച്ചു അവിടുന്ന് ഡെയ്‌സിയുടെയും രാധാകൃഷ്ണന്റെയും അസ്ലമിന്റെയും കുടുംബത്തിന് വിതരണം ചെയ്യുകയാണെന്ന്. തെറ്റി.

രംഗം 2 – കേരളം
———————-
കുട്ടിക്കാക്ക് നാട്ടില്‍ മൂന്ന് പ്രധാന മാനേജര്‍മാരുണ്ട്, മാനേജര്‍മാര്‍ എന്ന് ഹസ്സന്‍കുട്ടിക്ക പറയുന്നതാണ്, നാട്ടുകാര്‍ കുഴല്‍ ഏജന്റുമാര്‍ എന്നാണ് അവരെ വിളിക്കുന്നത്. മൂന്നു പേരുടെ പേരും ഷാജി. ഒരു സൗകര്യത്തിനു വേണ്ടി കുട്ടിക്ക ഇവരെ ഷുക്കൂര്‍, ശശി, ജോണി എന്നൊക്കെയാണ് വിളിക്കുന്നത്, മനുഷ്യന്മാരുടെ ജാതീം മതോം തിരിച്ചറിയാന്‍ പറ്റില്ലെങ്കില്‍ എന്തിനാണ് പേര് എന്നാണ് കുട്ടിക്കയുടെ ചോദ്യം. ഷാജിമാരുടെയും അവരുടെ അസ്സിസ്റ്റന്റുമാരുടെയും ജോലിയാണ് അസ്ലമിന്റെയും രാധാകൃഷ്ണന്റെയും ഡെയ്‌സിയുടെയും വീട്ടില്‍ പണം എത്തിക്കുക എന്നത്. അവര്‍ എവിടെ നിന്നാണ് പണം വാങ്ങേണ്ടത് എന്നും എവിടെയാണ് കൊടുക്കേണ്ടത് എന്നും കുട്ടിക്ക പറയും.

മൂന്നു ഷാജിമാരില്‍ ഷുക്കൂര്‍ പോയി പണം വാങ്ങേണ്ടത് സ്വര്‍ണക്കച്ചവടക്കാര്‍, റിയല്‍ എസ്റ്റേറ്റുകാര്‍, മറ്റു വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരോടാണ്. ഇവര്‍ ടാക്‌സ് വെട്ടിച്ച പണം അവരവരുടെ വീട്ടിലോ ഷോപ്പിലോ ഏതെങ്കിലും മൂലയ്ക്ക് വച്ചിട്ടുണ്ടാകും. ഷുക്കൂര്‍ ചെന്നാല്‍ അവര്‍ അതെടുത്തു കൊടുക്കും. ജോണി ഡീല്‍ ചെയ്യുന്നത് രാഷ്ട്രീയക്കാരെയും സമുദായ നേതാക്കളെയുമാണ്. നോട്ടെണ്ണുന്ന മെഷീന്‍ വച്ച കേകോ നേതാവ് മുതല്‍ മുടി വിറ്റു കാശാക്കുന്ന ആത്മീയ നേതാവ് വരെ ജോണി ചെന്നാല്‍ കാശെടുത്തു കൊടുക്കും. ശശിക്കാണ് ശരിക്കും ഗ്ലാമര്‍. സിനിമക്കാരുമായാണ് ഡീലിങ്‌സ്.

മൂന്നു കോടി വാങ്ങുന്ന സൂപ്പര്‍സ്റ്റാര്‍ മുതല്‍ മൂന്നു ലക്ഷം വാങ്ങുന്ന ചോട്ടാ നടന്‍ വരെ പ്രൊഡ്യൂസറോട് പറയുന്നത് മൂന്നിലൊന്നു ബാങ്കിലൂടെയും മൂന്നില്‍ രണ്ടു ക്യാഷായും തരണമെന്നാണ്. ബ്ലോഗ് എഴുതുന്ന സൂപ്പര്‍സ്റ്റാറും , ട്വീറ്റ് ചെയ്യുന്ന സൂപ്പര്‍സ്റ്റാറും, പൊറോട്ട തിന്നാത്ത സൂപ്പര്‍സ്റ്റാറും, ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴക്കുന്ന സൂപ്പര്‍സ്റ്റാറും കെട്ടു കണക്കിന് ക്യാഷും വച്ച് ശശിയെ കാത്തിരിക്കുന്നവരാണ്. ഇതിനു മുമ്പ് ഒരു സുനിയായിരുന്നു സിനിമാക്കാരുടെ ക്യാഷ് ഡീല്‍ ചെയ്തിരുന്നത്. ഒരു ബലാത്സംഗകേസില്‍ പെട്ടതോടു കൂടി സുനിയെ ഹസന്‍കുട്ടിക്ക ഒഴിവാക്കി. കുഴല്‍ സത്യമുള്ള തൊഴിലാണ്, ബലാത്സംഗം ഞമ്മക്ക് ഹറാമാണ്.

ഷുക്കൂറും ശശിയും ചേര്‍ന്ന് ഡീല്‍ ചെയ്യുന്ന ഒരാളുണ്ട്. നമ്മുടെ കഥാനായകന്റെ അച്ഛന്‍. പുള്ളിക്ക് സമുദായ സംഘടനയുണ്ട്, രാഷ്ടീയ പാര്‍ട്ടിയുണ്ട്, അബ്കാരിയുണ്ട്, കോണ്‍ട്രാക്ട് ഉണ്ട്, കുറി കമ്പനിയുണ്ട്, കറക്കു കമ്പനിയുണ്ട്. എല്ലാ ഭാഗത്തു നിന്നും പണത്തിന്റെ ഒഴുക്കാണ്. കെട്ടു കെട്ടായി പണം വയ്ക്കാന്‍ സ്ഥലം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഷുക്കൂര്‍ വരുന്നതില്‍ പയ്യന്റെ അച്ഛന് വലിയ താല്പര്യമില്ല. അവന്റെ കൂളിംഗ് ഗ്ലാസും ലോ വേസ്റ്റ് ജീന്‍സും ബുള്ളറ്റും കണ്ടാലറിയാം അവനു ലവ് ജിഹാദിന്റെ ഏര്‍പ്പാടുണ്ടെന്ന്. ഇതൊക്കെ കണ്ടാല്‍ സമുദായത്തിലെ പെണ്‍കുട്ടികള്‍ കണ്‍ട്രോള്‍ പോയി മതം മാറി സിറിയയിലേക്ക് പോകും എന്ന് പയ്യന്റെ അച്ഛന്‍ കിട്ടാവുന്ന വേദിയിലൊക്കെ പറയാറുണ്ട്.

അല്ലെങ്കില്‍ തന്നെ പയ്യന്റെ അച്ഛന്‍ ഇതൊക്കെ ആഗ്രഹിച്ചു ചെയ്യുന്നതല്ല. ഈയടുത്തു വേറൊരു സമുദായ നേതാവ് കള്ള് നാട്ടിന് അപകടമാണ് എന്ന് പറഞ്ഞപ്പോള്‍ കള്ളല്ല കള്ളപ്പണമാണ് അപകടം എന്ന് തിരുത്തിയവനാണ് പയ്യന്റെ അച്ഛന്‍. ഈ കൊച്ചു ജീവിതത്തില്‍ സമുദായത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം, പോണം, അത്രയേ ഉളളൂ പയ്യന്റെ അച്ഛന്റെ ആഗ്രഹം.

രംഗം 3 – ദുബായ്
———————-
ദുബായ് ദൈറയിലാണ് ഗോള്‍ഡന്‍ ഷവര്‍ ഹോട്ടല്‍. പേര് ഗൂഗിള്‍ ചെയ്യണ്ട, അങ്ങനെ ഒരു ഹോട്ടല്‍ ദുബായിയില്‍ ഇല്ല. ദൈറ, ബുര്‍ദുബായ്, ഷെയ്ഖ് സൈദ് റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മലയാളി പണക്കാര്‍ താമസിക്കുന്ന കുറെ ഹോട്ടലുകളുണ്ട്. അവയെ ഒക്കെ കൂടി നമുക്ക് ഗോള്‍ഡന്‍ ഷവര്‍ ഹോട്ടല്‍ എന്ന് വിളിക്കാം എന്നെ ഉദ്ദേശിച്ചുള്ളു. എല്ലാ ഹോട്ടലിന്റെയും ഫോര്‍മാറ്റ് ഒരുപോലെയാണ്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ലോബ്ബിയോട് ചേര്‍ന്ന് ചെറിയൊരു സ്ഥലം. കോണ്ടിനെന്റല്‍ ബ്രേക്ഫാസ്‌റ് ആണെങ്കിലും പുട്ടും ഇഡ്ഡലിയും വെള്ളയപ്പവും ഉണ്ടാവും.

താഴത്തെ നിലയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ്, ഇന്ത്യന്‍ എന്ന് ഒരു ജാഡക്ക് പറയുന്നു എന്നേയുള്ളു, ഭക്ഷണം കേരളയാണ്. കരിമീന്‍ പൊള്ളിച്ചത്, അമ്മൂമ്മേടെ കോഴിക്കറി, അമ്മായീടെ സാമ്പാര്‍, ബീഫ് ഒലത്തിയത്, പയ്യോളി ഗോപാലന്‍ ചിക്കന്‍ ഫ്രൈ, തുടങ്ങിയ ഐറ്റംസ് ആണ്. കള്ളു വിതരണം ഉണ്ടാവും, മലയാളി മങ്കമാരാണ് ഒഴിച്ച് തരുന്നത്.

മൂന്നാം നിലയില്‍ ചൈനീസ്, ഇറ്റാലിയന്‍ തുടങ്ങിയ വെറൈറ്റി റെസ്റ്റോറന്റ് ആണ്. സ്‌പെഗാട്ടി, പാസ്ത തുടങ്ങിയ ഐറ്റംസ്. ഫിലിപിനോ യുവതികളാണ് വിളമ്പുന്നത്. മുകളില്‍ നിന്ന് തൊട്ടു താഴത്തെ നിലയില്‍ ജിം ഉണ്ട്. അതെ നിലയില്‍ തന്നെയാണ് മസ്സാജ് പാര്‍ലറും ബുട്ടി പാര്‍ലറും. തായ്ലന്‍ഡ് ഫിലിപ്പീന്‍സ്, ചൈനീസ് യുവതികളാണ് മസ്സാജ് ചെയ്യുന്നത്. ടെറസില്‍ സ്വിമ്മിങ്പൂള്‍. പണ്ട് ബാലന്‍ കെ നായര്‍ ചെയ്തത് പോലെ വെള്ളത്തില്‍ കിടന്നു കള്ളു കുടിക്കാം. ചിക്കന്‍ ഗ്രില്‍ ചെയ്തതും വെള്ളത്തില്‍ കിട്ടും. മുകളില്‍ നിന്ന് രണ്ടാമത്തെ നിലയില്‍ ഡാന്‍സ് ബാറുകളാണ്. രാത്രി പത്തു മണിക്ക് തുടങ്ങുന്ന ഡാന്‍സ് രാവിലെ രണ്ടു മണി വരെ നീളും.

ഈ ഹോട്ടലിലെ സ്ഥിരം താമസക്കാരാണ് നാട്ടിലെ രാഷ്ട്രീയക്കാരുടെ മക്കള്‍, സിനിമാക്കാര്‍, ബിസിനെസ്സ്‌കാര്‍, ഇവരുടെയൊക്കെ മച്ചുനന്മാര്‍, അളിയന്മാര്‍, ഡ്രൈവര്‍മാര്‍. ചുരുങ്ങിയത് മൂന്നു മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെ ഈ ഹോട്ടലിന്റെ ലോബ്ബിയില്‍ എപ്പോഴും കാണാം. ഇപ്പോഴുള്ള ഒരു കേന്ദ്രമന്ത്രിയെ കാണണമെങ്കില്‍ ഡല്‍ഹിയില്‍ പോവണ്ട, ദുബായിയില്‍ വന്നാല്‍ മതി. പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ ഇവിടെ കുറെ കാലം താമസിച്ചത് കൊണ്ടാണ് ഇപ്പോള്‍ ഡി.എന്‍.എ സാമ്പിള്‍ കൊടുക്കേണ്ടി വരുന്നത്. ഇവിടുത്തെ റെസ്റ്റോറന്റില്‍ ഉള്ളിക്കറി ഒരു സ്‌പെഷ്യല്‍ ഐറ്റം ആണ്.

ഇവരൊക്കെ ഇവിടെ വന്നു അട്ടിപ്പേറായി കിടക്കാന്‍ ഒരു കാരണമുണ്ട്. എന്‍.ആര്‍.ഐ സ്റ്റാറ്റസ്. ഒരാള്‍ എന്‍.ആര്‍.ഐ ആവണമെങ്കില്‍ ചുരുങ്ങിയത് ആറു മാസം വിദേശത്തു കഴിയണം. സ്റ്റാറ്റസ് നിലനിര്‍ത്തണമെങ്കിലും ഇടക്കിടക്ക് വരണം. എന്‍.ആര്‍.ഐ സ്റ്റാറ്റസ് ഉണ്ടെങ്കിലേ നാട്ടിലെ ബാങ്കില്‍ എന്‍.ആര്‍.ഐ അക്കൗണ്ട് നില നിര്‍ത്താന്‍ പറ്റൂ. ഈ എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് എത്ര പണം വേണം എങ്കിലും അയക്കാം, ടാക്‌സ് ഇല്ല, സോഴ്‌സ് കാണിക്കണ്ട, ഫുള്‍ വൈറ്റ്. ഇങ്ങനെ എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് അയക്കാനുള്ള ക്യാഷ് എവിടുന്നു കിട്ടും – റിയാദില്‍ നിന്ന് ഹസന്‍കുട്ടിക്ക അയച്ചു തരും !

ഇങ്ങനെ ഗോള്‍ഡന്‍ ഷവര്‍ ഹോട്ടലില്‍ സുഖിച്ചു താമസിച്ച്, ഹസന്‍കുട്ടിക്ക അയച്ചു തരുന്ന പണം എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് അയച്ചു വെളുപ്പിച്ചു കൊണ്ടിരിക്കെ പയ്യന് ഒരു തോന്നല്‍. കുട്ടിക്ക അയച്ചു തരുന്ന പണം മുഴുവന്‍ എന്തിനാണ് നാട്ടിലേക്ക് അയക്കുന്നത് ? അതില്‍ കുറച്ചു പണമെടുത്ത് ഇവിടെ ബിസിനസ് നടത്തിയാല്‍ എന്താണ് കുഴപ്പം. ബ്ലോഗെഴുതുന്ന സൂപ്പര്‍സ്റ്റാര്‍ ദുബായിയില്‍ മൂന്നാലു ഹോട്ടല്‍ തുടങ്ങിയ കാലമാണ്, ആരാധകര്‍ ദിവസവും വന്നു രണ്ടു പൊറാട്ട വീതം കഴിക്കും എന്നായിരുന്നു പ്രതീക്ഷ. ബ്ലോഗ് എഴുതാത്ത സൂപ്പര്‍സ്റ്റാര്‍ പുട്ടുകടകളും സൗത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് പറയുന്ന ഒരേ ഒരു സൂപ്പര്‍സ്റ്റാര്‍ ബ്യുട്ടി പാര്‍ലറുകളും തുടങ്ങിയിട്ടുണ്ട്. എല്ലാം ഹസന്‍കുട്ടിക്ക അയച്ച ക്യാഷ്.

പയ്യനാണെങ്കില്‍ പാരമ്പര്യവും ഉണ്ട്. അച്ഛന്‍ കൊടി കെട്ടിയ കോണ്‍ട്രാക്ടര്‍ ആയിരുന്നു. പയ്യന്‍ ഗുലുമാല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന പേരില്‍ ഒരു കോണ്‍ട്രാക്ടിങ് കമ്പനി തുടങ്ങുന്നു. ഗള്‍ഫില്‍ കോണ്‍ട്രാക്ട് കിട്ടണമെങ്കില്‍ ഒന്നുകില്‍ ക്രെഡന്‍ഷ്യല്‍സ് സൂപ്പര്‍ ആയിരിക്കണം, അല്ലെങ്കില്‍ ടെന്‍ഡര്‍ തുക ഏറ്റവും കുറഞ്ഞതായിരിക്കണം. ഈഫല്‍ ടവര്‍ മുതല്‍ വൈറ്റ്‌ഹൌസ് വരെ പണിഞ്ഞ കമ്പനികള്‍ നുരക്കുന്ന ഗള്‍ഫില്‍ പയ്യനെന്തു ക്രെഡന്‍ഷ്യല്‍സ്. പയ്യന്‍ ടെന്‍ഡര്‍ തുക കുറച്ചു വര്‍ക്ക് പിടിച്ചു. പണ്ട് അച്ഛന്‍ ചെയ്തതു പോലെ സിമന്റ് കുറച്ചു പൂഴി കൂട്ടി, കോണ്‍ക്രീറ്റിനു കമ്പി കുറച്ചു, മുള്ളാണിക്കു പകരം മുളയാണി വച്ച് വര്‍ക്ക് ലാഭത്തിലാക്കാം എന്നായിരുന്നു പയ്യന്റെ പ്ലാന്‍.

ഒരു തേങ്ങയും നടന്നില്ല. എന്തെങ്കിലും തരികിട കാണിച്ചാല്‍ ഉണ്ട തിന്നേണ്ടി വരുമെന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ പയ്യന് കത്തി. റോഡ് ഉണ്ടാക്കിയാല്‍ ഹേമമാലിനിയുടെ കവിള്‍ പോലെ മിനുസമുണ്ടാകണം, ബില്‍ഡിംഗ് ഉണ്ടാക്കിയാല്‍ വൈറ്റ് ഹൌസ് പോലെ തിളങ്ങണം, ഇല്ലങ്കില്‍ കോണ്‍ട്രാക്ട് എടുത്തവന്‍ ജയിലിലാണ്. ലാഭമായാലും നഷ്ടമായാലും പണി തീര്‍ത്തു കൊടുക്കുകയും വേണം. ദുബായിയിലെ മുഴുവന്‍ സപ്ലയര്‍മാര്‍ക്കും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കും ബ്ലാങ്ക് ചെക്ക് കൊടുത്തു സാധനം വാങ്ങിയും പണി ചെയ്യിച്ചും എങ്ങനെയൊക്കെയോ പയ്യന്‍ തടി സലാമത്താക്കി നാട് പിടിച്ചു.

അഞ്ചു പത്തു കൊല്ലം പിന്നെ പയ്യന്‍ ആ വഴിക്ക് വന്നിട്ടില്ല. പക്ഷെ എന്‍.ആര്‍.ഐ സ്റ്റാറ്റസ് ഇല്ലാതെ എല്ലാ കാലവും ഇങ്ങനെ ജീവിക്കാന്‍ പറ്റുമോ ? ഹസ്സന്‍കുട്ടിക്ക അയക്കുന്ന പൈസ ഇപ്പോള്‍ അലക്കി വെളുപ്പിക്കുന്നതു അളിയനും മച്ചാനും കൊച്ചച്ചനും ഒക്കെയാണ്. അവര്‍ കണക്കൊക്കെ തരുന്നുണ്ട്, അതൊക്കെ ഇന്ത്യയുടെ ജി.ഡി.പി നമ്പര്‍ പോലെയാണ്, പറയുന്നവനും കേള്‍ക്കുന്നവനും അറിയാം കള്ള കണക്കാണെന്നു. എങ്ങനെയെങ്കിലും തിരിച്ചു ദുബായിയില്‍ പോണം, അലക്കി വെളുപ്പിക്കല്‍ സ്വന്തം കണ്‍ട്രോളില്‍ ആക്കണം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ആണ് പയ്യന് ഒരു ഇന്റര്‍നാഷണല്‍ കാള്‍ വരുന്നത്, അങ്ങേത്തലക്കല്‍ ഒരു സ്ത്രീയാണ്.

ഇപ്പോള്‍ പയ്യന്‍ ഗോള്‍ഡന്‍ ഷവര്‍ ഹോട്ടലിലിരുന്നു ഉമ്മൂമ്മാന്റെ പോത്തു വരട്ടിയതും തലശ്ശേരി പത്തിരിയും ഫോര്‍സ്റ്റെര്‍സ് ബിയറും കയറ്റി കൊണ്ടിരിക്കുകയാണ്. രണ്ടു പേര്‍ അടുത്ത സീറ്റില്‍ വന്നിരുന്നു സ്വയം പരിചയപ്പെടുത്തുന്നു, ഞാന്‍ സി.ഐ.ഡി ദാസന്‍, ഇവന്‍ സി.ഐ.ഡി വിജയന്‍.

രംഗം 4 – വീണ്ടും കേരളം
——————————-
പയ്യന്റച്ഛന്‍ പിള്ള വക്കീലിനെ വിളിച്ചു.
പിള്ള വക്കീല്‍ അമിട്ടിനെ വിളിച്ചു.

അമിട്ടണ്ണാ, പയ്യനെ എങ്ങനെയെങ്കിലും ജാമ്യത്തില്‍ ഇറക്കണം.
അതിനാണോ പ്രയാസം, ജഡ്ജിക്ക് എന്റെ ഒരു ഫോട്ടോ കാണിച്ചു കൊടുത്താല്‍ മതി, ജാമ്യം തന്നോളും.
ഇത് ആര്‍ഷഭാരതത്തിലെ കേസല്ല, കാശു കെട്ടി വെക്കേണ്ടി വരും.
ഡേയ്, ഇവിടെ വ്യവസായികളെല്ലാം ജെട്ടി കീറി ഇരിക്കുന്നത് നിനക്കറിയില്ലേ?
കയ്മാന്‍ ഐലണ്ടിലുള്ള ഡോവലിന്റെ മക്കളെ വിളിച്ചാലോ?
അവരുടെ ഈയാഴ്ചത്തെ അയപ്പ് കഴിഞ്ഞു. കര്‍ണാടകയില്‍ 16 എം.എല്‍.എ, സിക്കിമില്‍ പത്തു, ഗോവയില്‍ 12 , ടി.ഡി.പി യുടെ 4 എം.പി മാര്‍, മായാവതിയുടെയും കെജ്രിവാളിന്റെയും പാര്‍ട്ടി മുഴുവന്‍,ഈ മാസത്തെ ഷോപ്പിങ് ലിസ്റ്റാണ്. തട്ടിമുട്ടി ജീവിച്ചു പോണമെങ്കില്‍ ദിവസം ഒരു നൂറു കോടി വേണം. നീയൊക്കെ അങ്ങോട്ട് വാങ്ങിച്ചതല്ലാതെ ഒരു നയാപൈസ ഇങ്ങോട്ടു തന്നിട്ടുണ്ടോ ?
മെഡിക്കല്‍ കോളേജ് ..
എന്നെ കൊണ്ടൊന്നും പറയിക്കണ്ട.
പയ്യന്‍ മുന്നണി വിടും !
അവന്‍ ഒലത്തും? എന്താ നിന്റെ പണി ?
വക്കീല്‍ .
അതല്ല, എന്‍.ആര്‍.സീ ജോലി.?
അതെന്താ ?
നിന്റെ അപ്പനപ്പൂപ്പന്മാര്‍ ചെയ്തു വന്ന ജോലി, പൗരത്വ രജിസ്റ്റര്‍ വരുമ്പം കൊടുക്കാന്‍ വച്ച രേഖയിലുള്ളത് ?
യുദ്ധം, ഞങ്ങള്‍ പടക്കുറുപ്പന്മാരുടെ ഫാമിലയാ.
യു മീന്‍ യുദ്ധം ലൈക് ബാഹുബലി ?
കുറച്ചു കൂടി ചെറുത് .
പ്ലാസി യുദ്ധം ?
കുറച്ചു കൂടി പോരട്ടെ .
പാനിപത് ?
ഇനിയും പോരട്ടെ .
ഇനി എത്രത്തോളം പോരണം എന്ന് പറ.
ഞങ്ങള്‍ അഞ്ചെട്ടു പിള്ളമാര്‍ കോണകമുടുത്തു അങ്ങോട്ട് ചെല്ലും, അവര്‍ അഞ്ചെട്ടു നായന്മാര്‍ തോര്‍ത്തുടുത്തു ഇങ്ങോട്ടു വരും. പിന്നെ പൊരിഞ്ഞ പോരാട്ടമാണ്.
ഭയങ്കരം തന്നെ. ബൈ ദി ബൈ, എന്താണ് കോണകം ?
ആര്‍ഷ ഭാരതത്തിലെ ജെട്ടി, ഞങ്ങള്‍ പതിനായിരം കൊല്ലമായി ധരിക്കുന്നതാണ് .
നീയൊക്കെ പതിനായിരം കൊല്ലമായി അവിടെയുണ്ടോ ? ഞങ്ങള്‍ ഇറാനില്‍ നിന്ന് വന്നിട്ട് കഷ്ടിച്ച് മുന്നൂറു കൊല്ലം തികച്ചായിട്ടില്ല, എന്നിട്ട് 130 കോടി കോണകക്കാരെ ഞാന്‍ ഒറ്റക്ക് ഭരിക്കുന്നില്ലേ, ആ എന്നെയാണോ നീ കളി പഠിപ്പിക്കുന്നത്? അവന്‍ ഒരു മുന്നണിയിലും പോകില്ല, ചെട്ടിയാര്‍ ഉണ്ട തിന്നുന്നത് കണ്ടില്ലേ?, ഫ്രാങ്കോയെ കുര്‍ബാന പഠിപ്പിക്കരുത്, കേട്ടോടാ. അവന്റെ കോണകത്തിന്റെ കളര്‍ വരെ ഇവിടെ സീ ബീ ഐയുടെ ഓഫീസില്‍ ഉണ്ട്.
മഞ്ഞയല്ലേ ?
അല്ല പച്ച.
ഓക്കേ , ഞാന്‍ പറഞ്ഞേക്കാം,
കോണകത്തിന്റെ ഒരു സ്‌പെസിമെന്‍ യോഗസ്വാമിക്ക് അയച്ചു കൊടുത്തേക്ക്. പറ്റുമെങ്കില്‍ വിറ്റു കാശാക്കിക്കോട്ടെ, അയാളുടെ കാര്യം വലിയ കഷ്ടമാണ്.
ഡണ്‍. ബൈ.

പയ്യന്റച്ഛന്‍ നോക്കുമ്പോള്‍ മൂന്നു മിസ്സ്‌കാള്‍ – സഖാവാണ്.
സഖാവിനെ തിരിച്ചു വിളിച്ചു.

സഖാവെ പണി പാളിയെന്നാ തോന്നുന്നത്.
ഞാന്‍ മീഡിയയിലൂടെ അറിഞ്ഞു.
ങേ, മീഡിയ മുഴുവന്‍ കള്ളമാണെന്ന് പറഞ്ഞിട്ട് ?
അതാണോ ഇപ്പോഴത്തെ വിഷയം? കാര്യമാത്ര പ്രസക്തമായി സംസാരിക്കാന്‍ നിങ്ങള്‍ ഇത് വരെ പഠിച്ചിട്ടില്ല.
സോറി.
പയ്യനെ വേറൊരു മലയാളി ദുഷ്ടന്‍ ചതിച്ചതാണെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
എപ്പോ ?
അതൊക്കെ എപ്പോഴേ ബോധ്യപ്പെട്ടു.
സന്തോഷം.
ഞാന്‍ ചെട്ടിയാര്‍ക് ഇമെയില്‍ അയക്കാം.
ചെട്ടിയാര്‍ അകത്തല്ലേ ?
ഇതതല്ല,വിദേശം .
അയാള്‍ ചെട്ടിയാര്‍ അല്ല, റ്റാം-ബ്രാം.
എന്ന് പറഞ്ഞാല്‍?
തമിഴ് ബ്രാഹ്മണന്‍ എന്നുള്ളത് പരിഷ്‌കരിച്ചു ഞങ്ങള്‍ ഐ.ഐ.ടി ക്കാര്‍ പറയുന്നതാണ്.
യു മീന്‍ പട്ടര്‍ ?
അങ്ങനെയും പറയാം.
എന്ത് ഹലാക്കെങ്കിലും ആകട്ടെ, ഇമെയില്‍ അയക്കാം.
വിളിക്കുന്നതല്ലേ നല്ലത് ?
റ്റാം-ബ്രാമിന് ഇംഗ്ലീഷ് അറിയാം
അത് കൊണ്ട്?
എനിക്ക് ഹിന്ദി ഒട്ടും അറിയില്ല.

ഇമെയില്‍ കിട്ടിയ റ്റാം-ബ്രാം അപ്പോള്‍ തന്നെ അമിട്ടിനു ഫോര്‍വേഡ് ചെയ്തു. പതിനയ്യായിരം കൊല്ലം പാരമ്പര്യമുള്ള റ്റാം-ബ്രാം മുന്നൂറു കൊല്ലം മുമ്പ് വന്ന അമിട്ടിനു കീഴെ. പൗരത്വ പട്ടിക വരട്ടെ, അല്ലെങ്കില്‍ ഡി.എന്‍.എ പ്രൊഫൈലിങ്, ശരിയാക്കാം, റ്റാം-ബ്രാം മനസ്സില്‍ കുറിച്ചിട്ടു.

ഒരു ഇമെയില്‍ തുറന്നു നോക്കാതെ ചവറ്റു കോട്ടയില്‍ ഇടേണ്ടത് എങ്ങനെയാണെന്ന് സെക്രട്ടറി അമിട്ടിനെ പഠിപ്പിച്ചിട്ടുണ്ട്. ഇമെയില്‍ ലിസ്റ്റിന്റെ ഇടത്തു ഭാഗത്ത് ചെറിയ ഒരു വട്ടമോ ചതുരമോ കാണാം. എന്‍കൗണ്ടര്‍ കഴിഞ്ഞു കിടക്കുന്ന ആള്‍ക്കാര്‍ക്ക് നെഞ്ഞത്തുണ്ടാവുന്ന ചെറിയ ഒരു തുളയില്ലേ, അതുപോലെ. അവിടെ മൗസ് വച്ച് ഒരു ക്ലിക്ക്. അപ്പോള്‍ ഒരു ശരിയാടയാളം വരും. മുകളിലെ ചവറ്റു കുട്ടയുടെ മുകളില്‍ പോയി വേറെ ഒരു വെടി, സോറി ക്ലിക്ക്. തീര്‍ന്നു.

ഇതൊന്നും നടപടിയാകുന്ന ലക്ഷണമില്ല സഖാവെ, വിളിക്ക്.
ആരെ ?
അവതാര പിറവിയുടെ മുഴുവന്‍ രൗദ്ര ഭാവങ്ങളും ..
നിര്‍ത്ത്, ഇയാള്‍ നമസ്‌കാരം പറഞ്ഞാല്‍ തന്നെ ആള്‍ക്കാര്‍ക്ക് മനസിലാവില്ല, അപ്പോഴാണ് പഞ്ചു ഡയലോഗ്.
ഇക്കയെ വിളിക്ക്.
ഞാനതോര്‍ത്തില്ല. ഡണ്‍.

അസ്സലാമു അലൈകും.
വഅലൈകും മുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു.
ഗഫൂര്‍ക്ക പഠിപ്പിച്ചതിനെക്കാളും നീളമുണ്ടല്ലോ ?
നിങ്ങള്‍ കാര്യം പറയൂ.
നമ്മുടെ പയ്യന്‍ അവിടെ ജയിലിലുണ്ട്, ഇക്ക കുറച്ചു കാശ് വീശണം.
വെല്‍, വീശി.

വീശിയ കാശ് പത്തിരട്ടിയായി തിരിച്ചു വീശാന്‍ ഇക്കാക്കറിയാം. അട്ടയുടെ കണ്ണ് കണ്ടയാള്‍ എന്ന പഴയ പ്രയോഗമൊന്നും ഇക്കയുടെ കാര്യത്തില്‍ നടപ്പില്ല. പൂയം പിറന്ന മങ്ക എന്ന പ്രയോഗം സരിതാനായര്‍ മകത്തില്‍ ജനിച്ചതു കൊണ്ടാണ് മകം പിറന്ന മങ്ക എന്നാക്കി മാറ്റിയത് എന്ന് വി.കെ.എന്‍ പറഞ്ഞിട്ടുണ്ട്. അത് പോലെ പുതിയ ഒരു പ്രയോഗം ഇക്കാക്ക് വേണ്ടി കണ്ടു പിടിക്കണം. രണ്ടായിരത്തഞ്ഞൂറു ദിര്‍ഹത്തിനു ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്നു വാങ്ങിയ ജോര്‍ജിയോ-അര്‍മാനി പെര്‍ഫ്യൂം ക്‌ളോസറ്റില്‍ ഒഴിച്ച് അതേ കുപ്പിയില്‍ ഗോമൂത്രം നിറച്ചു യോഗിമുഖ്യന് കൊടുത്തു ലഖ്‌നോവിലെ കണ്ണായ സ്ഥലത്തു കച്ചവടം തുടങ്ങാന്‍ സ്ഥലം തരപെടുത്തിയ മുതലാണ് ഈ ഇക്ക.

പയ്യന്‍ പുറത്തിറങ്ങി. രണ്ടു മൂന്നു മീറ്റിംഗുകളില്‍ പങ്കെടുക്കാനുണ്ട്, എന്തെങ്കിലും കാര്യം ഉണ്ടായിട്ടല്ല, സമുദായമാണ് വലുത്. കുഴല്‍പണ ഇടപാടിലൂടെ ന്യൂനപക്ഷക്കാര്‍ കേരളത്തിലെ സ്ഥലങ്ങള്‍ മുഴുവന്‍ വാങ്ങി കൂട്ടുന്നതില്‍ പയ്യന് ആശങ്കയുണ്ട്. അതൊക്കെ മീറ്റിംഗില്‍ സ്വസമുദായക്കാരെ ഉല്‍ബോധിപ്പിച്ചില്ലെങ്കില്‍ ഉറക്കം വരില്ല. കിടക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞതാണോര്‍മ വരിക, ഇതൊരു കൊച്ചു ജീവിതമാണ്, ഉള്ള സമയത്തു സമുദായത്തെ സേവിക്കണം, പോണം.

രംഗം 5 – വീണ്ടും സൗദി
——————————
നിസ്സാന്‍ ഉര്‍വാനും ഓടിച്ചു റിയാദ് – സില്‍ഫി റൂട്ടില്‍ പോയികൊണ്ടിരിക്കുന്ന ജോസിന്റെ വാട്‌സാപ്പില്‍ ഒരു മെസ്സേജ്. ഡെയ്‌സിക്ക് യു.കെ യില്‍ ജോലിക്ക് ശ്രമിക്കാന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷിന് ചേര്‍ന്നിട്ടുണ്ട് ഭാര്യയും ഭര്‍ത്താവും. കൊച്ചിയില്‍ ഇരുന്നു സുരേഷ് കുമാര്‍ വാട്‌സാപ്പിലൂടെ ജോസിനെയും ഭാര്യയെയും ഇംഗ്ലീഷ് പഠിപ്പിക്കും. ദിവസവും പുതിയ ഓരോ വാക്ക് അയച്ചു തരും, വൊക്കാബുലറി നന്നാക്കാനാണ്. ജോസ് മെസ്സേജ് വായിച്ചു.

ഇന്നത്തെ വാക്ക് – പ്രിവിലേജ്ഡ് – അര്‍ഥം – പ്രത്യേകം അവകാശമുള്ളവര്‍, പണക്കാര്‍, അധികാരം ഉള്ളവര്‍, സ്വാധീനമുള്ളവര്‍, നിയമത്തെ ഭയക്കേണ്ടാത്തവര്‍ തുടങ്ങിയവ.

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ