Kerala
പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പെണ്‍കുട്ടിക്കു നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 29, 03:20 am
Monday, 29th April 2019, 8:50 am

കണ്ണൂര്‍: കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പ്രതികളായ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദലി, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പയ്യാമ്പലം ബീച്ചില്‍ പെണ്‍കുട്ടികളെ കമന്റടിച്ചതു ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ഇവര്‍ ആക്രമിച്ച് കൈയ്യൊടിക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ബീച്ചിലിരുന്ന് സംസാരിക്കുകയായിരുന്ന രണ്ടു പെണ്‍കുട്ടികളെ ബൈക്കിലെത്തിയ പ്രതികള്‍ ശല്യം ചെയ്തത്. ഈ സമയം സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ പള്ളിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടിയെ പ്രതികള്‍ ബലമായി പിടിച്ച് തള്ളി. കടല്‍ഭിത്തി നിര്‍മിച്ച കരിങ്കല്ലുകള്‍ക്കിടയിലേക്കു തെറിച്ച് വീണ പെണ്‍കുട്ടിയുടെ ഇടതു കൈ ഒടിഞ്ഞു.

ആക്രമണത്തില്‍ ഇടതു കൈയ്യൊടിഞ്ഞ പെണ്‍കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബീച്ചിലെത്തിയ ബൈക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ചിത്രം കടപ്പാട്- മനോരമ