| Tuesday, 29th March 2016, 1:06 pm

പശു മാതാവെങ്കില്‍ ഈ വിധം ചെയ്യാമോ? ചോദ്യവുമായി പയ്യ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെ.പി ശശിയുടെ മൊഴിമാറ്റം നടത്തിയ മദര്‍ഹുഡ് എന്ന കവിതയ്ക്ക് ദൃശ്യ സാക്ഷാത്കാരം. പയ്യ് എന്ന് പേരിട്ടിരിക്കുന്ന സംഗീത വീഡിയോ ഒരുക്കിയിരിക്കുന്നത് മുസ്തഫ ദേശമംഗലമാണ്. കവിതയുടെ മൊഴിമാറ്റ രൂപംനേരത്തെ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

അടുത്തകാലത്തായി ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച പശുവിനെ തന്നെയാണ് ഈ വീഡിയോയില്‍ ബിംബമായി ഉപയോഗിച്ചിരിക്കുന്നത്. ദാദ്രി സംഭവവും ജാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരികളായ രണ്ടുപേരെ തൂക്കിക്കൊന്നതിനെ പറ്റിയും വീഡിയോയില്‍ പരാമര്‍ശമുണ്ട്. കൂടെ രോഹിത് വെമുലയും.

പശു മാതാവാണെന്ന് പ്രഖ്യാപിച്ച് രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ പയ്യ് കണക്കിന് കളിയാക്കുന്നുണ്ട്. പശുവിനെ മാതാവെന്ന് പറയുമ്പോഴും മറുവശത്ത് ഇതിന് വിരുദ്ധമായി നടക്കുന്ന പ്രവര്‍ത്തികളാണ് പയ്യെന്ന സംഗീത വീഡിയോയില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്.

കെ.പി ശശി എഴുതിയ വരികള്‍ സംഘപരിവാര്‍ ശക്തികളുടെ മുനയൊടിഞ്ഞ ദേശസ്‌നേഹ ജല്‍പ്പനങ്ങള്‍ക്ക് സംഗീതം കൊണ്ട് പ്രതിരോധം തീര്‍ക്കുന്നു.

ലീഫ്‌സ് ഓഫ് ഗ്രാസ് എന്ന ഗ്രൂപ്പിന്റെ ബാനറില്‍ മാര്‍ച്ച് 27നാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ ദേശത്തെ മോദിക്കും സംഘപരിവാറിനും തീറെഴുതി നല്‍കിയത് ആരാണെന്നും ദേശസ്‌നേഹത്തിന്റെ അളവെടുക്കാനുള്ള അധികാരം ആരാണിവര്‍ക്ക് നല്‍കിയതെന്നും വീഡിയോയില്‍ ചോദ്യമുയരുന്നു.

ഗണപതിയുടെ വാഹനമായ എലിയെയും ശിവന്റെ ജഡയെ താങ്ങിനിര്‍ത്തുന്ന സര്‍പ്പത്തെയും കൊല്ലാമോയെന്നും വിഷ്ണുവിന്റെ അവതാരമായ മത്സ്യത്തെ പൊരിച്ച് തിന്നാമോയെന്നും അങ്ങനെ ചെയ്താല്‍ അത് രാജ്യദ്രോഹമാകുമോയെന്നും ഇവര്‍ ചോദിക്കുന്നു.

മോദിയുടേയും സംഘപരിവാറിന്റെയും ദേശമാണിതെങ്കില്‍ താന്‍ ദേശവിരുദ്ധനായ ഇന്ത്യക്കാരനാണെന്നും വീഡിയോ പറയുന്നു. ഇന്ത്യ തന്റെ അമ്മല്ല അത് താന്‍ ജീവിക്കുന്ന മണ്ണ് മാത്രമാണെന്ന പരാമര്‍ശത്തോടെയാണ് പയ്യ് അവസാനിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more