തിരുവനന്തപുരം: പായിപ്പാട് അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്. ജില്ലയ്ക്ക് പുറത്തുള്ളവരും പ്രതിഷേധത്തിന്‌ല എത്തി. ഇവരെ ഇവിടെയെത്തിക്കാന്‍ ഏതോ സംഘടന രണ്ട് മൂന്ന് ദിവസമായി നെറ്റ് വര്‍ക്കിങ് നടത്തുന്നുണ്ടെന്നും ഐസക് പറഞ്ഞു. എഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘പത്തനംതിട്ടയില്‍നിന്നുള്ളവരടക്കം പായിപ്പാട് വന്നിട്ടുണ്ട്. അതിന് പലരും കാരണമായി പറഞ്ഞത് തീവണ്ടി വരുന്നുണ്ട്, പുറത്തുനിന്നും സ്‌പെഷ്യല്‍ വണ്ടി ഏര്‍പ്പാട് ചെയ്തിട്ടുണ്ട് എന്നൊക്കെയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം ആളുകള്‍ വരുന്നത്. ഇവിടെ വരുന്നവരെ ഒരു പ്രക്ഷോഭത്തിലേക്ക് കൊണ്ടുപോവുക എന്നതായിരുന്നു ഉദ്ദേശം’, തോമസ് ഐസക് പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധ വിമര്‍ശനങ്ങള്‍ നടത്തുക എന്നതൊന്നും പ്രശ്‌നമല്ല. മറിച്ച്, മൂവായിരത്തോളം ആളുകള്‍ വലിയ ആള്‍ക്കൂട്ടമായി എല്ലാ നിബന്ധനകളും ലംഘിക്കുന്നു എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
വളരെ ആസൂത്രിതമായ പ്രതിഷേധം പായിപ്പാട് സൃഷ്ടിക്കുകയാണ് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. നാടാകെ കോവിഡ് 19-നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണിത്. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികള്‍ എന്ന സംബോധന തന്നെ ഈ നാടിന്റെ കരുതലിന്റെ സൂചനയാണ്. ഇവിടെ അവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്ന സൂചനയുണ്ട്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.