തൃശ്ശൂര്‍: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി പായമ്മല്‍ ദേവസ്വം.
നാലമ്പല തീര്‍ത്ഥാടന വരുമാനത്തില്‍നിന്ന് ലഭിച്ച സഹായം ദുരിതബാധിതര്‍ക്കായിയ നല്‍കുമെന്ന് പായമ്മല്‍ ദേവസ്വം ചെയര്‍മാനും ക്ഷേത്രംതന്ത്രിയുമായ നെടുമ്പുള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ഈ ചൊവ്വാഴ്ച നാലമ്പല തീര്‍ഥാടനത്തിലൂടെ ലഭിച്ച 3,04,480 രൂപയാണ് നല്‍കുക.
നാലമ്പല തീര്‍ഥാടനത്തിലെ ശത്രുഘ്‌നക്ഷേത്രമാണ് പായമ്മലിലേത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള ഭക്തരാണ് തീര്‍ഥാടനത്തിന് കൂടുതലായി എത്തുന്നത്.
വയനാട്ടിലെ ജനങ്ങള്‍ക്ക് ആപത്ത് വരുമ്പോള്‍ സഹായിക്കേണ്ടത് കടമയാണെന്ന് നെടുമ്പുള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.
മറ്റുള്ളവര്‍ക്കുകൂടി ഇതൊരു പ്രചോദനമാകുമെങ്കില്‍ സന്തോഷമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 282 ആയി. 200ലധികം ആളുകളെയാണ് കാണാതായത്. 192 പേരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.
മൂന്നാം ദിന രക്ഷാ പ്രവര്‍ത്തനം വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു. സൈന്യത്തിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തിലാണ് ഇന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാലിയാറിലെ തിരച്ചിലും വ്യാഴാഴ്ച രാവിലെ തന്നെ ആരംഭിച്ചിച്ചുണ്ട്. ചാലിയാര്‍ പുഴ കേന്ദ്രീകരിച്ച് വ്യപക തിരച്ചില്‍ നടത്തുമെന്ന് ദൗത്യ സംഘം അറിയിച്ചു. വെള്ളത്തിന്റെ ഒഴുക്ക് കാരണം രൂപപ്പെട്ട തുരുത്തുകളില്‍ മൃതദേഹങ്ങള്‍ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത് 134 മൃതദേഹങ്ങളാണ്. ബുധനാഴ്ച രാത്രി ഏഴ് മണിവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളുമാണ്.
അപകടം നടന്ന സ്ഥലത്ത് നിന്ന് 70 കിലോ മീറ്റര്‍ അകലെ മലപ്പുറം കോഴിക്കോട് അതിര്‍ത്തിക്കടുത്ത് മാവൂരിലെ മണന്ത കടവില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും ലഭിച്ചിരുന്നു.
ചാലിയാറില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത് 28 പുരുഷന്‍മാരുടെയും 21 സ്ത്രീകളുടെയും രണ്ട് ആണ്‍കുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെ മൃതദേഹവുമാണ്. തിരിച്ചറിയാന്‍ സാധിക്കാത്ത 75 ശരീര ഭാഗങ്ങളും ലഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇതിനോടകം തന്നെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.