| Tuesday, 28th May 2024, 9:42 pm

നല്ല സിനിമകളെ സപ്പോര്‍ട്ട് ചെയ്യുന്ന സര്‍ക്കാരുള്ള നാടാണ് കേരളം: പായല്‍ കപാഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമക്ക് അഭിമാനനേട്ടമായി മാറിയ ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 30 വര്‍ഷത്തിന് ശേഷം കാന്‍ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയാണിത്. ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ സിനിമക്കുള്ള ഗ്രാന്‍ഡ് പ്രി പുരസ്‌കാരവും ലഭിച്ചു. മലയാളി താരങ്ങളായ കനി കുസൃതിയും, ദിവ്യ പ്രഭയുമാണ് സിനിമയിലെ പ്രധാന താരങ്ങള്‍.

ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അധികം വൈകാതെ തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും സംവിധായിക പായല്‍ കപാഡിയ പറഞ്ഞു. മറ്റേത് സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും കേരളത്തില്‍ ഉറപ്പായും റിലീസ് ചെയ്യുമെന്നും പായല്‍ പറഞ്ഞു.

നല്ല സിനിമകളെ എല്ലാ കാലവും സ്വീകരിക്കുന്ന പ്രേക്ഷകരും നവാഗതരുടെ സിനിമകള്‍ക്ക് വേണ്ടി ഫണ്ട് ചെയ്യാന്‍ തയാറായ ഗവണ്മെന്റുമുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും പായല്‍ പറഞ്ഞു. ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നതാണ് ഇപ്പോഴുള്ള സിനിമകളെന്നും പായല്‍ കൂട്ടിച്ചേര്‍ത്തു.

‘കാനില്‍ ഇത്രയധികം ശ്രദ്ധിക്കപ്പെട്ട സിനിമ ഇനി കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കണമെന്നാണ് ആഗ്രഹം. അധികം വൈകാതെ ഈ സിനിമ തിയേറ്ററുകളിലെത്തിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. വേറെ ഏത് സ്ഥലത്ത് റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കേരളത്തില്‍ റിലീസ് ചെയ്യാന്‍ പരമാവധി ശ്രമിക്കും.

ഏത് തരം സിനിമയായാലും അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരാണ് കേരളത്തിലുള്ളത്. അതുപോലെ പുതിയ സംവിധായകര്‍ക്ക് ഗ്രാന്‍ഡ് നല്‍കുന്ന ഗവണ്മെന്റ് ഉള്ള ഒരേയൊരു സ്ഥലമാണ് കേരളം. നല്ല കണ്ടന്റുള്ള സിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പരമാവധി ശ്രമിക്കുന്ന ഗവണ്മെന്റിനെ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല,’ പായല്‍ പറഞ്ഞു.

Content Highlight: Payal Kapadia praises Kerala Government for giving grand for female debutant directors

We use cookies to give you the best possible experience. Learn more