Film News
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം; ഗ്രാന്‍ഡ് പോലും മുടങ്ങിയ പായല്‍ കപാഡിയ, ഇന്ന് കാനിൽ രാജ്യത്തിന്റെ അഭിമാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 26, 02:21 pm
Sunday, 26th May 2024, 7:51 pm

77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ചിത്രം ഓള്‍ വി ഇമാജിന്‍ഡ് ആസ് ലൈറ്റ് പുരസ്‌കാരത്തിളക്കത്തില്‍ ശോഭിക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമക്ക് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടുന്നത്. മത്സരവിഭാഗത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രി അവാര്‍ഡാണ് ചിത്രം നേടിയത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

രാജ്യത്തിന്റെ പേര് വാനോളമുയര്‍ത്തിയ പായലിന്റെ ഭൂതകാലം അത്ര സുഖകരമല്ല. പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങിയ ആളാണ് പായല്‍. എന്നാല്‍ പഠനകാലത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനെതിരെ സമരം ചെയ്തതിന്റെ പേരില്‍ ഗ്രാന്‍ഡ് പോലും നിഷേധിക്കപ്പെട്ടയാളാണ് പായല്‍ കപാഡിയ.

2015ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ടെലിവിഷന്‍ താരം ഗജേന്ദ്ര ചൗഹാന്‍ നിയമിതനായതാണ് പ്രശ്‌ന കാരണം. മതിയായ വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാത്ത ഒരാള്‍ സ്ഥാപനത്തിന്റെ മേധവിയായി വരുന്നതില്‍ പ്രതിഷേധിച്ച് പായല്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങിയിരുന്നു. നാല് മാസത്തോളം സമരം നീണ്ടുനിന്നു.

ഇതിന് പിന്നാലെയാണ് പായലിന് നേരെ അച്ചടക്ക നടപടിയുണ്ടായത്. പായലിന്റെ സ്‌കോളര്‍ഷിപ്പ് റദ്ദാക്കുകയും, ഫോറിന്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സാധിക്കാതെയും വന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 2017ല്‍ പായല്‍ ചെയ്ത ഷോര്‍ട്ട് ഫിലിം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഏഴ് വര്‍ഷത്തിന് ശേഷം തന്റെ ഫീച്ചര്‍ ഫിലിം അതേ വേദിയില്‍ നിറഞ്ഞ കൈയടികളോടെ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരം നേടുകയും ചെയ്തപ്പോള്‍ കണ്ടത്, ആത്മവിശ്വാസത്തിന്റെയും തിരിച്ചടികളില്‍ തളരാത്ത പോരാട്ടവീര്യവുമാണ്.

Content Highlight: Payal Kapadia once faced disciplinary action in Pune Film Institute