| Sunday, 26th May 2024, 3:32 pm

മലയാളികളെപ്പോലെ എല്ലാ തരം സിനിമകളെയും ഉള്‍ക്കൊള്ളുന്ന പ്രേക്ഷകര്‍ ഇന്ത്യയില്‍ വേറെ ഇല്ല: കാന്‍ ഫിലിം വേദിയില്‍ പായല്‍ കപാഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യന്‍ സിനിമ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പുരസ്‌കാരത്തിന് അര്‍ഹമായി. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി. മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും ഈ സിനിമയില്‍ ഭാഗമായത് മലയാളത്തിനും അഭിമാനിക്കാനുള്ള ഇടമുണ്ടായി.

അവാര്‍ഡ് ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയില്‍ ചിത്രത്തിന്റെ സംവിധായിക പായല്‍ കപാഡിയ മലയാളസിനിമയെക്കുറിച്ചും മലയാളി പ്രേക്ഷകരെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആര്‍ട്ട് ഹൗസ് സിനിമകളെപ്പോലും വലിയ രീതിയില്‍ വിതരണം ചെയ്ത് കൂടുതല്‍ ആള്‍ക്കാരിലേക്കെത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഇന്‍ഡസ്ട്രി മലയാളമാണെന്നും, കേരളത്തിലെപ്പോലെ എല്ലാതരം സിനിമകളും സ്വീകരിക്കുന്ന പ്രേക്ഷകരാണ് ഇതിന് കാരണമെന്നും പായല്‍ പറഞ്ഞു.

‘ഭാഷകളുടെ അതിര്‍ത്തികള്‍ ഇല്ലാതാക്കിക്കൊണ്ടാണ് ഈ സിനിമ നിര്‍മിച്ചത്. ബോളിവുഡ് സിനിമ പോലും ഇപ്പോള്‍ മികച്ച കണ്ടന്റുകള്‍ ഉണ്ടാക്കാന്‍ നോക്കുന്നുണ്ട്. പക്ഷേ അതിനെക്കാള്‍ എടുത്തുപറയേണ്ടത് മലയാളസിനിമയെക്കുറിച്ചാണ്. അളക്കാന്‍ പോലും പറ്റാത്ത രീതിയിലുള്ള സിനിമകളാണ് മലയാളത്തില്‍ ഉണ്ടാകുന്നത്.

ആര്‍ട്ട് ഹൗസ് സിനിമകളെപ്പോലും വലിയ രീതിയില്‍ വിതരണം ചെയ്യുന്ന ഇന്‍ഡസ്ട്രിയാണിത്. ഇന്ത്യയില്‍ വേറൊരിടത്തും ഇങ്ങനെ ഞാന്‍ കണ്ടിട്ടില്ല.
വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ കാണാനും അംഗീകരിക്കാനും മനസ്സുള്ള പ്രേക്ഷകരാണ് ഇതിന് കാരണം. കനിയും ദിവ്യ പ്രഭയും ഇതിന്റെ ഭാഗമാണ്. വിവിധ തരത്തിലുള്ള സിനിമകളില്‍ അവര്‍ ഭാഗമായിട്ടുണ്ട്,’ പായല്‍ പറഞ്ഞു.

Content Highlight: Payal Kapadia appreciates Malayali audience for accepting all kind of films

We use cookies to give you the best possible experience. Learn more