| Sunday, 20th September 2020, 7:41 am

അനുരാഗ് കശ്യപിനെതിരെ പീഡനാരോപണവുമായി പായല്‍ ഘോഷ്; കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന് കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പീഡനാരോപണവുമായി തെലുങ്ക് -ഹിന്ദി നടി പായല്‍ ഘോഷ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കശ്യപിനെതിരെ പായല്‍ പരസ്യമായി രംഗത്തെത്തി.

എബി.എന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്റെ പേര് വെളിപ്പെടുത്താതെ നടി തനിക്കുണ്ടായ ‘മി ടൂ’ അനുഭവത്തെക്കുറിച്ച് ആരോപണം ഉയര്‍ത്തിയിരുന്നു. മുംബൈ ഇ.ആര്‍.ഡി റോഡില്‍ വസതിയുള്ള ഒരു സംവിധായകനില്‍ നിന്നുമാണ് ദുരനുഭവം ഉണ്ടായതെന്നും അതിനുശേഷം അദ്ദേഹവുമായി ഒരുതരത്തിലുള്ള പരിചയവും പുലര്‍ത്തിയിട്ടില്ലെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്.

അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും പായല്‍ ആവശ്യപ്പെട്ടു.

”ഈ സര്‍ഗ്ഗാത്മക വ്യക്തിയുടെ പിന്നിലുള്ള രാക്ഷസനെ രാജ്യത്തിന് കാട്ടിക്കൊടുക്കണം. ഇത് എന്നെ ദോഷകരമായി ബാധിക്കുമെന്ന് എനിക്കറിയാം, എന്റെ സുരക്ഷ അപകടത്തിലാണ്. എന്നെ സഹായിക്കണം,” പായല്‍ ട്വീറ്റ് ചെയ്തു.

പായലിന്റെ ട്വീറ്റിന് പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തി. വിശദമായ പരാതി സമര്‍പ്പിക്കാന്‍ പായലിനോട് ആവശ്യപ്പെടുകയും ചെയ്തു.

നടി കങ്കണ റാണൗത്ത് പായല്‍ ഘോഷിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Payal Ghosh accuses Anurag Kashyap of sexual abuse; Kangana Ranaut comes out in support of the actress & calls for his arrest

Latest Stories

We use cookies to give you the best possible experience. Learn more