| Thursday, 20th December 2018, 12:58 pm

'നിങ്ങളെങ്കിലും വാക്കുപാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു, താഴെകാണുന്ന ലിങ്കിലേക്ക് പണമയക്കാം': എ.എ.പിയെ വെല്ലുവിളിച്ച ബി.ജെ.പി നേതാവിന് കിട്ടിയത് എട്ടിന്റെ പണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ അരവിന്ദ് കെജ് രിവാള്‍ സര്‍ക്കാറിനെ വെല്ലുവിളിച്ച ബി.ജെ.പി നേതാവ് മനോജ് തിവാരിക്ക് കിട്ടിയത് എട്ടിന്റെ പണി. ദല്‍ഹി മെട്രോയുടെ നാലാം ഘട്ടം പൂര്‍ത്തിയാക്കിയാല്‍ എ.എ.പിയുടെ ഫണ്ടിലേക്ക് ഒരുലക്ഷത്തി പതിനൊന്നായിരം രൂപ സംഭാവന ചെയ്യുമെന്നു പറഞ്ഞതാണ് മനോജ് തിവാരിക്ക് പണിയായത്.

ഇപ്പോള്‍ ഒരു ലക്ഷം രൂപ സംഭാവനയാവശ്യപ്പെട്ട് മനോജ് തിവാരിയെ സമീപിച്ചിരിക്കുകയാണ് എ.എ.പി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന പാര്‍ട്ടിക്ക് ഇതൊരു തുണയാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

രണ്ടുമാസം മുമ്പായിരുന്നു എ.എ.പി സര്‍ക്കാറിനെ വെല്ലുവിളിച്ചുകൊണ്ട് മനോജ് തിവാരി ട്വീറ്റു ചെയ്തത്. ദല്‍ഹി മെട്രോയുടെ നാലാം ഘട്ടം മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ എ.എ.പിയുടെ ഫണ്ടില്‍ 1.11ലക്ഷം രൂപ താന്‍ തരുമെന്നായിരുന്നു വെല്ലുവിളി.

Also read:മഹാസഖ്യത്തോടൊപ്പം; നിലപാട് വ്യക്തമാക്കി ബി.ജെ.പി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ; “രാഹുല്‍ പ്രധാനമന്ത്രി കസേരയിലിരിക്കും”

“അരവിന്ദ് കെജ്‌രിവാള്‍, നിങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളെ ശിക്ഷിക്കരുത്. ദല്‍ഹി 70ല്‍ 67 സീറ്റും കെജ്‌രിവാളിനു നല്‍കി. പക്ഷേ അദ്ദേഹം പറയുന്നത് അവര്‍ക്ക് മെട്രോ നല്‍കില്ലെന്നാണ്. നിങ്ങള്‍ക്ക് സംഭാവന വേണമെങ്കില്‍ മെട്രോയുടെ നാലാം ഘട്ടം പാസാക്കൂ. എന്റെ കഴിവുകൊണ്ട് ഞാന്‍ നേടിയ തുകയില്‍ നിന്നും ഞാന്‍ നിങ്ങള്‍ക്ക് 1,11,100 രൂപ നല്‍കാം” എന്നായിരുന്നു ഒക്ടോബറില്‍ മനോജ് തിവാരി ട്വീറ്റു ചെയ്തത്.

നാലാം ഘട്ടത്തിന്റെ സാധ്യത സംബന്ധിച്ച് ചോദ്യമുയര്‍ന്നതോടെയാണ് പ്രോജക്ട് പാതിവഴിയിലായതെന്നാണ് എ.എ.പി പറഞ്ഞത്. ബുധനാഴ്ച നാലാം ഘട്ടം സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയും ഇതിനു പിന്നാലെ ബി.ജെ.പി അധ്യക്ഷനെ പഴയ വാഗ്ദാനം ഓര്‍മ്മിപ്പിക്കുകയും ചെയ്യുകയായിരുന്നു എ.എ.പി.

“മോദിയില്‍ നിന്നും ബി.ജെ.പി സര്‍ക്കാറില്‍ നിന്നും വ്യത്യസ്തമായി മനോജ് തിവാരിയെങ്കിലും വാക്കു പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താഴെപ്പറയുന്ന ലിങ്കിലേക്ക് പണം നിക്ഷേപിച്ചുകൊണ്ട് നിങ്ങള്‍ക്ക് വാഗ്ദാനം പാലിക്കാം. അതുവഴി നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യയുടെ കൂടെ ഭാഗമാകാം” എന്നായിരുന്നു എ.എ.പിയുടെ ട്വീറ്റ്.

We use cookies to give you the best possible experience. Learn more