| Friday, 14th June 2024, 11:54 am

മുന്നറിയിപ്പില്ലാതെ കൂട്ടപിരിച്ചുവിടല്‍ ; പേടിഎമ്മിനെതിരെ തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കി ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പേടിഎമ്മിന്റെ കൂട്ടപ്പിരിച്ചുവിടലിനെതിരെ തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കി ജീവനക്കാര്‍. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണം. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.

ജീവനക്കാരില്‍ നിന്നും രാജി എഴുതിവാങ്ങുകയാണെന്നും മുന്‍കൂട്ടി പറയാതെയാണ് പലരേയും ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതെന്നും പലരുടേയും ശമ്പളവും ആനുകൂല്യവും തടഞ്ഞുവെച്ചിരിക്കുകയാണെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘മീറ്റിങ്ങില്‍ ഞാന്‍ കരയുകയായിരുന്നു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. പക്ഷേ അവര്‍ സമ്മതിച്ചില്ല. ജൂണ്‍ ആദ്യത്തോടെ രാജിക്കത്ത് നല്‍കാനാണ് എച്ച്.ആര്‍ ഡിപാര്‍ട്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്,’ രാജിഭീഷണി നേരിടുന്ന പേടിഎം ജീവനക്കാരന്‍ പറയുന്നു.

പേടിഎം പേയ്മെന്റ് ബാങ്കും വാലറ്റ് ബിസിനസും അവസാനിപ്പിക്കാനുള്ള ആര്‍.ബി.ഐയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ അറിയിപ്പു പോലും നല്‍കാതെ നിരവധി ജീവനക്കാരോട് സ്വമേധയാ രാജി ആവശ്യപ്പെട്ടത്. നിരവധി പേര്‍ക്ക് വേതനം പോലും നിഷേധിക്കപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ ജോയിനിംഗ് ബോണസും റിട്ടന്‍ഷന്‍ ബോണസും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേടിഎമ്മിലെ ജീവനക്കാര്‍ പറഞ്ഞു.

എച്ച്.ആര്‍ വഴി രാജിക്കത്ത് ആവശ്യപ്പെടുകയാണ്. മറ്റ് ഔദ്യോഗികമായി മറ്റൊരു അറിയിപ്പും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എച്ച്.ആറുമായി നടത്തുന്ന മീറ്റുങ്ങുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ലെന്ന മുന്നറിയിപ്പും കമ്പനി നല്‍കുന്നുണ്ട്. കോളുകള്‍ റെക്കോഡ് ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. രാജിക്കാര്യത്തില്‍ ഒരു ഡോക്യുമെന്റേഷനും ഞങ്ങള്‍ക്ക് കൈമാറിയിട്ടില്ല, ജീവനക്കാര്‍ ആരോപിച്ചു.

കമ്പനി നല്‍കിയ ഓഫര്‍ ലെറ്റര്‍ പ്രകാരം ജോലിയില്‍ പ്രവേശിച്ച് 18 മാസത്തിന് മുന്‍പ് തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ കമ്പനിക്ക് ജോയിനിങ് റീട്ടെന്‍ഷന്‍ ബോണസ് തുക ‘വീണ്ടെടുക്കാന്‍’ കഴിയുമെന്ന് പറയുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ഏത് കാരണം കൊണ്ട് ജോലി വിടേണ്ടി വന്നാലും ഈ ക്ലോസ് ബാധകമാകും. ഇതും ജീവനക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

പിരിച്ചുവിടുന്ന സാഹചര്യത്തില്‍ ബോണസ് തിരിച്ചടക്കുന്നതിനെ കുറിച്ച് തങ്ങളുടെ ഓഫര്‍ ലെറ്ററുകളില്‍ പരാമര്‍ശിക്കുന്നില്ലെന്ന് ചില ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് പിരിച്ചുവിടലെന്ന ജീവനക്കാരുടെ ആരോപണത്തിനെതിരെ പേടിഎം രംഗത്തെത്തിയിട്ടുണ്ട്.

‘ജീവനക്കാര്‍ക്കെതിരായ ഏതെങ്കിലും നിര്‍ബന്ധിത നടപടിയോ അന്യായമായ പെരുമാറ്റമോ ഉണ്ടായതായ ആരോപണങ്ങള്‍ ഞങ്ങള്‍ നിഷേധിക്കുന്നു. ഞങ്ങളുടെ എച്ച്.ആര്‍ ടീമുകള്‍ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ ജീവനക്കാരെ അവരുടെ പിരിച്ചുവിടലിനെക്കുറിച്ച് അറിയിച്ചിട്ടുള്ളൂ. അത് ഞങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

എല്ലാ കാര്യങ്ങളും മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടാണ് നടക്കുന്നതെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ അപ്പോയിന്‍മെന്റ് ലെറ്ററില്‍ പറഞ്ഞിരിക്കുന്ന നോട്ടീസ് പിരീഡ് കാലയളവ് കമ്പനി ഉറപ്പുവരുത്തും. ബോണസ് പോലുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കാനുണ്ടെങ്കില്‍ അതും ചെയ്യും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട മറ്റ് തൊഴിലുകള്‍ ലഭിക്കാന്‍ സഹായിക്കും,’ കമ്പനി പറഞ്ഞു.

പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭയന്ന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിരവധി പേരാണ് കമ്പനിയില്‍ നിന്ന് രാജിവെച്ചുപോകുന്നത്. എന്നാല്‍ ഒരു വിഭാഗം ജീവനക്കാര്‍ കമ്പനിയുടെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. രാജിവെക്കാന്‍ ഒരുക്കമല്ലെന്ന് പറഞ്ഞ ഇവര്‍ പേടിഎമ്മിന്റെ ഇന്റേണല്‍ എംപ്ലോയീസ് എസ്‌കലേഷന്‍ ടീമിനോട് തങ്ങളുടെ ആശങ്കകളും പരാതികളും അറിയിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ തൊഴില്‍ മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്.

പ്രധാന ബിസിനസുകളില്‍ ശ്രദ്ധേകന്ദ്രീകരിക്കുമെന്നും ചെലവ് ചുരുക്കി കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും മെയ് 22ന് ഓഹരി ഉടമകള്‍ക്കയച്ച കത്തില്‍ സി. വിജയ് ശേഖര്‍ ശര്‍മ സൂചിപ്പിച്ചിരുന്നു.

ജീവനക്കാരുടെ ഉള്‍പ്പടെയുള്ള ചെലവ് കുറച്ച് പ്രതിവര്‍ഷം 400-500 കോടി രൂപ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024 മാര്‍ച്ച് പാദത്തിലെ കണക്കുപ്രകാരം സെയില്‍സ് വിഭാഗം ജീവനക്കാരുടെ എണ്ണം 3,500 കുറഞ്ഞ് 36,521 ആയിരുന്നു. പേടിഎം പേയ്മെന്റ് ബാങ്കിന്റെ സേവനം റിസര്‍വ് ബാങ്ക് വിലക്കയിതിന് പിന്നാലെയായിരുന്നു ഇത്.

മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ നഷ്ടം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 167.5 കോടി രൂപയില്‍നിന്ന് 550 കോടിയായിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ആര്‍.ബി.ഐ വിലക്കിയത്. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍ എന്നിവയില്‍ നിന്ന് പേടിഎം പേയ്മെന്റ്സിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍.ബി.ഐ ഉത്തരവിറക്കിയിരുന്നു.

നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നുമാണ് നിര്‍ദേശത്തില്‍ പറഞ്ഞത്. കൂടാതെ പേടിഎം ബാങ്ക് യു.പി.ഐ സര്‍വീസീനും ആര്‍.ബി.ഐ പൂട്ടിട്ടിരുന്നു.

ആര്‍.ബി.ഐ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പേടിഎം തുടര്‍ച്ചയായി വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കടുത്ത നടപടികളിലേക്ക് ആര്‍.ബി.ഐ കടന്നത്.

Content Highlight: Pay TM Employees Job Loss

We use cookies to give you the best possible experience. Learn more