'കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കരിമ്പ് കൃഷി ചെയ്യാമെന്ന് പവാര്‍ ഞങ്ങളെ പഠിപ്പിച്ചു'; കുറുമാറിയവര്‍ക്ക് മഹാവികാസ് അഘാഡിയില്‍ ചേരാമെന്നും താക്കറെയുടെ ഓഫര്‍
Maharashtra
'കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കരിമ്പ് കൃഷി ചെയ്യാമെന്ന് പവാര്‍ ഞങ്ങളെ പഠിപ്പിച്ചു'; കുറുമാറിയവര്‍ക്ക് മഹാവികാസ് അഘാഡിയില്‍ ചേരാമെന്നും താക്കറെയുടെ ഓഫര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th December 2019, 2:37 pm

പൂനെ: കുറഞ്ഞ ഭൂരിപക്ഷത്തോടെ എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ തങ്ങളെ പഠിപ്പിച്ചു തന്നിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെ. ശരത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു താക്കറെയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എങ്ങനെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കരിമ്പ് കൃഷി ചെയ്യാമെന്ന് ശരത് പവാര്‍ ഞങ്ങളെ പഠിപ്പിച്ചു തന്നു. കുറച്ച് എം.എല്‍.എമാരെ കൊണ്ട് സര്‍ക്കാര്‍ രൂപീകരിച്ച് അദ്ദേഹം അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. അത് എങ്ങനെ രൂപീകരിക്കാമെന്ന് ഞങ്ങളെ പഠിപ്പിച്ചു തന്നിരിക്കുന്നു’ ഉദ്ധവ് താക്കറെ പറഞ്ഞു.

ബി.ജെ.പിക്ക് കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കിലും ശിവസേന അതിനെ മറികടന്നെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പൂനെയിലെ വസന്ത്ഡാഡ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പ്രവര്‍ത്തകനായ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍, ശരത് പവാറിനൊപ്പം കാബിനറ്റ് അംഗമായിരുന്ന വിജയ് സിംഗ് മൊഹിത് പട്ടീല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹര്‍വര്‍ധന്‍ പട്ടീല്‍ കോണ്‍ഗ്രസ് വിടുകയും ബി.ജെ.പി ടിക്കറ്റില്‍ മഹാരാഷ്ട്രയില്‍ ജനവിധി തേടുകയും ചെയ്ത വ്യക്തിയാണ്.


സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്‍പ് കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്ക് ഇപ്പോള്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡിയില്‍ ചേരാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.