മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് രണ്ട് തവണ അവസരം വന്നിരുന്നെന്ന് വെളിപ്പെടുത്തല്‍. പവാറിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേലാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് പട്ടേലിന്റെ പരാമര്‍ശം.
‘1991 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാജീവ് ഗാന്ധിയുടെ അവിചാരിതമായ മരണം കോണ്‍ഗ്രസില്‍ ഞെട്ടലുണ്ടാക്കി. ആ അവസ്ഥയില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശരദ് പവാറിനെ ഏല്‍പ്പിക്കണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന ചില ഗൂഢാലോചന ആ ആവശ്യം തള്ളിക്കളഞ്ഞു’, പട്ടേല്‍ പറയുന്നു.
പാര്‍ട്ടിയ്ക്ക് ശക്തമായ നേതൃത്വം വേണ്ടെന്നായിരുന്നു ചിലരുടെ താല്‍പ്പര്യമെന്നും അതിനാല്‍ നരസിംഹറാവുവിനെ പ്രസിഡണ്ടാക്കിയെന്നും പട്ടേല്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പവാറിനെ പ്രധാനമന്ത്രിയാക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ അതും നേതൃത്വം തള്ളിക്കളഞ്ഞെന്നും നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1989 ല്‍ പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത് മുതല്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
1996 ലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പവാറിന്റെ പേര് പരിഗണിച്ചിരുന്നു. അന്നും നരസിംഹറാവുവാണ് എതിര്‍ത്തതെന്നും പട്ടേല്‍ പറഞ്ഞു.
‘നരസിംഹറാവുവിന് പകരം ശരദ് പവാറിനെ പ്രധാനമന്ത്രിയാക്കാമെങ്കില്‍ പിന്തുണയ്ക്കാമെന്ന് ദേവഗൗഡയും മുലായം സിംഗ് യാദവും ഇടതുനേതാക്കളും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ റാവു ഇത് സമ്മതിച്ചില്ല. അതിനാലാണ് ദേവഗൗഡയെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചത്’, പട്ടേല്‍ പറഞ്ഞു.
1997 ല്‍ കോണ്‍ഗ്രസ് ദേവഗൗഡ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ 125 എം.പിമാര്‍ പവാറിനെ വസതിയിലെത്തി കണ്ടിരുന്നെന്നും അദ്ദേഹത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചെന്നും പട്ടേല്‍ വെളിപ്പെടുത്തി.
എന്നാല്‍ പാര്‍ട്ടിയില്‍ വിള്ളല്‍ വരുത്താതിരിക്കാന്‍ പവാര്‍ അത് നിരസിക്കുകയായിരുന്നെന്നും പട്ടേല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pawar’s detractors in Congress conspired twice to deny him PM’s chair: Patel