മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും രാം ക്ഷേത്ര ഭൂമി പൂജയെ സ്വാഗതം ചെയ്യുകയും ചെയ്ത പാര്‍ത്ഥ് പവാറിന്റെ നടപടി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തന്റെ സഹോദരന്റെ മകനായ അജിത്ത് പവാറിന്റെ മകനായ പാര്‍ത്ഥ് പവാറിന്റെ നടപടികളെ എന്‍.സി.പി നേതാവ് ശരത് പവാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പവാര്‍ കുടുംബത്തില്‍ വീണ്ടും തര്‍ക്കമോ എന്ന ചര്‍ച്ച ആരംഭിച്ചിരുന്നു.
എന്നാല്‍ അങ്ങനെയൊരു തര്‍ക്കവും ഇല്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് എന്‍.സി.പി മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍. അജിത് പവാറിന് ഒരു അസന്തുഷ്ടിയുമില്ല. പവാര്‍ കുടുംബത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി പവാര്‍ കുടുംബാംഗങ്ങള്‍ കൂടിച്ചേര്‍ന്നിരുന്നു. സുപ്രിയ സുലേ, അജിത് പവാര്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. ജയന്ത് പാട്ടീലും ഉണ്ടായിരുന്നു.
ശരത് പവാര്‍ എന്‍.സി.പിയുടെയും കുടുംബത്തിന്റെയും തലവനാണ്. അദ്ദേഹത്തിന് നയിക്കാനും ഉത്തരവിടാനും മാര്‍ഗനിര്‍ദേശം നല്‍കാനുമുള്ള അധികാരമുണ്ടെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ നിലപാടുകള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.
അജിത് പവാര്‍ നടത്തിയ വിമത നീക്കങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിന് ശേഷം ഇപ്പോള്‍ അജിത് പവാറിന്റെ മകനിലൂടെ വീണ്ടും എന്‍.സി.പി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.