ന്യൂദല്‍ഹി: റെയില്‍വേയില്‍ ഉന്നത ജോലി വാഗ്ദാനം ചെയ്ത് അനന്തരവന്‍ കോഴവാങ്ങിയ സംഭവത്തില്‍ രാജിവെച്ച മുന്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു.[]
“സത്യം എന്നെങ്കിലും പുറത്ത് വരും. ഞാന്‍ അഴിമതി നടത്തിയിട്ടില്ല”. പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബന്‍സല്‍ രാജിവെച്ചത്. അഴിമതിയെ കുറിച്ചുള്ള സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ അനന്തരവനുമായി തനിക്ക് യാതൊരു ബിസ്സിനസ്സ് ബന്ധങ്ങളില്ലെന്നും സത്യം എന്നെങ്കിലും പുറത്ത് വരുമെന്നും ബന്‍സല്‍ പറഞ്ഞു. ബന്‍സല്‍ വഹിച്ചിരുന്ന റെയില്‍വേ വകുപ്പ് ഗതാഗത മന്ത്രി സി.പി ജോഷിയാണ് കൈകാര്യം ചെയ്യുന്നത്.
ബന്‍സലിന്റെ മരുമകന്‍ റെയില്‍വേ മുന്‍ ബോര്‍ഡംഗമായിരുന്ന വ്യക്തിക്ക് കൂടുതല്‍ വരുമാനമുള്ള പദവിയിലേക്ക് മാറാന്‍ 90 ലക്ഷം കൈക്കൂലി വാങ്ങിയത് കയ്യോടെ പിടിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങളാണ് ബന്‍സലിനെ പുറത്തേക്ക് നയിച്ചത്.
കൈക്കൂലി കേസില്‍ അനന്തരവന്‍ വിജയ് സിംഗ്ല പിടിയിലായ സംഭവത്തില്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനോട് കോണ്‍ഗ്രസ് നേരത്തെ വിശദീകരണം തേടിയിരുന്നു.
വിജയ് സിംഗ്ലയെ കൈക്കൂലിക്കേസിലാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. 90 ലക്ഷം രൂപയുമായി മുംബൈയില്‍ റെയില്‍വേബോര്‍ഡ് മെമ്പര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വിജയ് സിംഗ്ലയും പിടിയിലായത്.
സ്ഥാനക്കയറ്റത്തിനായി സിംഗ്ലയ്ക്ക് കൈക്കൂലി നല്‍കുന്നതിനായാണ് പണം കൊണ്ടുപോകുന്നതെന്ന് അറസ്റ്റിലായ റെയില്‍വേബോര്‍ഡംഗം മഹേഷ് കുമാര്‍ സി.ബി.ഐ.ക്ക് മൊഴിനല്‍കിയിരുന്നു.
1975 ബാച്ചിലെ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥനാണ് മഹേഷ് കുമാര്‍. പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരായിരുന്ന മഹേഷ് കുമാറിനെ ഈയിടെയാണ് റെയില്‍വേ ബോര്‍ഡംഗമാക്കിയത്.