അമരാവതി: ദേശീയ വിദ്യാഭ്യാ നയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തമിഴ്നാടിനെതിരെ വിമര്‍ശനവുമായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന് കല്യാണ്‍. തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് പണം വാരുന്ന ആളുകള്‍ക്ക് എന്താണ് ഹിന്ദി അംഗീകരീക്കാന്‍ പറ്റാത്തതെന്നായിരുന്നു പവന് കല്യാണിന്റെ ചോദ്യം. ഹിന്ദിയെ എതിര്‍ക്കുമ്പോഴും തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പവന് കല്യാണിന്റെ പ്രതികരണം.
‘ചിലര്‍ സംസ്കൃതത്തെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല . തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ സാമ്പത്തിക നേട്ടത്തിനായി അവരുടെ സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുമ്പോള്‍ ഹിന്ദിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്?
അവര്‍ക്ക് ബോളിവുഡില്‍ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ സമ്മതമല്ല. അത് എന്ത് തരത്തിലുള്ള യുക്തിയാണ്?’ പവന് കല്യാണ്‍ ചോദിച്ചു. പീതംപുരത്ത് പാര്‍ട്ടിയുടെ 12ാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു പവന് കല്യാണ്‍.
ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ച പവന് കല്യാണ്‍, രാജ്യത്തിന് കേവലം രണ്ട് പ്രബല ഭാഷകളല്ല മറിച്ച് തമിഴ് ഉള്‍പ്പെടെയുള്ള ഒന്നിലധികം ഭാഷകള്‍ ആവശ്യമാണെന്ന് പറഞ്ഞു. ‘രണ്ടെണ്ണമല്ല, തമിഴ് ഉള്‍പ്പെടെ ഒന്നിലധികം ഭാഷകള്‍ ഇന്ത്യയ്ക്ക് ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വളര്‍ത്തിയെടുക്കാനും നാം ഭാഷാ വൈവിധ്യം സ്വീകരിക്കണം,’ പവന് കല്യാണ്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോര്‍മുല നടപ്പിലാക്കാന്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ സഖ്യകക്ഷിയില്‍പ്പെട്ട പവന് കല്യാണിന്റെ പരാമര്‍ശങ്ങള്‍.
അതേസമയം തെലുങ്ക് താരം ചിരഞ്ജീവിയും പവന് കല്യാണിന്റ പ്രസംഗത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ചിരഞ്ജീവി ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു നേതാവ് എത്തിയിരിക്കുന്നു എന്ന തന്റെ വിശ്വാസം ഇതോടെ കൂടുതല്‍ ശക്തമായെന്നും അഭിപ്രായപ്പെട്ടു.
അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നാഷണല്‍ എജ്യുക്കേഷണല്‍ പോളിസി (എന്‍.ഇ.പി) ഇന്ത്യയെ വികസിപ്പിക്കുന്നതിനുപകരം ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കാവിവത്ക്കരിച്ച നയമാണെന്ന് ആരോപിച്ചിരുന്നു.
ഈ നയം തമിഴ്നാടിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്‍.ഇ.പി നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തെ സമ്മര്‍ദത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നും സ്റ്റാലിന് ആരോപിച്ചു. ഇതിന് പിന്നാലെയാണ് പവന് കല്യാണിന്റെ പരാമര്‍ശം.
കേന്ദ്രത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്ന് തമിഴ്നാട് സര്‍ക്കാര്‍ രൂപ ചിഹ്നം നീക്കം ചെയ്തിരുന്നു.
മാര്‍ച്ച് 14ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിന് മുമ്പ് മുഖ്യമന്ത്രി സ്റ്റാലിന് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലോഗോ മാറ്റിയത്. ദ്രവീഡിയന്‍ മോഡല്‍, ടി.എന്‍ ബജറ്റ് 2025 എന്നീ ഹാഷ് ടാഗുകളോട് കൂടിയാണ് ടീസര്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിലുള്‍പ്പെടെ സംസ്ഥാനം ഉപയോഗിച്ചിരിക്കുന്നത് രൂപയുടെ ഔദ്യോഗിക ചിഹ്നം തന്നെയായിരുന്നു.
Content Highlight: Pawan Kalyan says wants Bollywood money by dubbing Tamil movies in Hindi; but why can’t accept Hindi