ചെന്നൈ: ഭാഷ വിവാദത്തില്‍ പവന്‍ കല്യാണിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രകാശ് രാജ്. നിങ്ങളുടെ ഹിന്ദി ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പറഞ്ഞ പ്രകാശ് രാജ് ഇത് മറ്റൊരു ഭാഷയെ വെറുക്കുന്ന പ്രശ്‌നമല്ലെന്നും മറിച്ച് തങ്ങളുടെ മാതൃഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിനുള്ളതാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ജനസേന പാര്‍ട്ടി നേതാവും ആന്ധ്ര ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ ദേശീയ ഭാഷ നയത്തിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചത്. തമിഴ് സിനിമ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് ബോളിവുഡിന്റെ പണം വാങ്ങുന്ന തമിഴ്‌നാടിന് എന്തുകൊണ്ട് ഹിന്ദി പറ്റില്ലെന്നായിരുന്നു പവന്‍ കല്യാണിന്റെ പരാമര്‍ശം.
‘ചിലര്‍ സംസ്‌കൃതത്തെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ സാമ്പത്തിക നേട്ടത്തിനായി അവരുടെ സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുമ്പോള്‍ ഹിന്ദിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്?
അവര്‍ക്ക് ബോളിവുഡില്‍ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ സമ്മതമല്ല. അത് എന്ത് തരത്തിലുള്ള യുക്തിയാണ്?’ പവന്‍ കല്യാണ്‍ ചോദിച്ചു. പീതംപുരത്ത് പാര്‍ട്ടിയുടെ 12ാം സ്ഥാപക ദിനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പവന്‍ കല്യാണിന്റെ പരാമര്‍ശം.
തൊട്ടുപിന്നാലെ പവന്‍ കല്യാണിന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
‘നിങ്ങളുടെ ഹിന്ദി ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇതൊരിക്കലും ഏതെങ്കിലും ഭാഷയെ വെറുക്കുന്ന വിഷയമല്ല. മറിച്ച് ഞങ്ങളുടെ മാതൃഭാഷയേയും സംസ്‌കാരത്തേയും സ്വാഭിമാനത്തോടെ സംരക്ഷിക്കുക എന്നതാണ് ഇവിടുത്തെ വിഷയം. ആരെങ്കിലും ഇതൊന്ന് പവന്‍ കല്യാണിനെ പറഞ്ഞ് മനസിലാക്കൂ,’ പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോര്‍മുല നടപ്പിലാക്കാന്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബി.ജെ.പിയുടെ സഖ്യകക്ഷിയില്‍പ്പെട്ട പവന്‍ കല്യാണിന്റെ പ്രതികരണം. തെലുങ്ക് താരം ചിരഞ്ജീവി പവന്‍ കല്യാണിന്റ പ്രസംഗത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നാഷണല്‍ എജ്യുക്കേഷണല്‍ പോളിസി (എന്‍.ഇ.പി) ഇന്ത്യയെ വികസിപ്പിക്കുന്നതിനുപകരം ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കാവിവത്ക്കരിച്ച നയമാണെന്ന് ആരോപിച്ചിരുന്നു.
ഈ നയം തമിഴ്‌നാടിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഇ.പി നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തെ സമ്മര്‍ദത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പവന്‍ കല്യാണിന്റെ പ്രതികരണം വന്നത്.
Content Highlight: Pawan Kalyan’s Hindi dubbing remark; Prakash Raj says don’t impose your Hindi on us