| Monday, 29th October 2012, 3:31 pm

ട്രെയിന്‍ യാത്രാനിരക്ക് വര്‍ധനവിനെ കുറിച്ച് ആലോചിക്കും: പവന്‍കുമാര്‍ ബന്‍സാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ട്രെയിന്‍ യാത്രാനിരക്ക് വര്‍ധനവിനെക്കുറിച്ച് വേണ്ടിവന്നാല്‍ ആലോചിക്കുമെന്നും പുതിയ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍.

എന്നാല്‍ റെയില്‍വേയ്ക്ക് ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയല്ല മെച്ചപ്പെട്ട സേവനം നല്‍കാനായിരിക്കും നിരക്കുവര്‍ധിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.[]

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുകയെന്നും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ബന്‍സാല്‍ പറഞ്ഞു.

കഴിഞ്ഞ റെയില്‍വേബജറ്റില്‍ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദി യാത്രാ നിരക്ക് നേരിയ തോതില്‍ വര്‍ധിപ്പിച്ചത് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കിയിരുന്നു. ഇതിനുശേഷം ചുമതലയേറ്റ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ റോയ് വര്‍ധന പിന്‍വലിക്കുകയും ചെയ്തിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ചതോടെ മുകുള്‍ റോയ് രാജിവെച്ച ഒഴിവിലാണ് ബന്‍സല്‍ ചുമതലയേറ്റിരിക്കുന്നത്. പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്ന അദ്ദേഹത്തിന് ഇന്നലത്തെ മന്ത്രിസഭാ പുനസംഘടനയില്‍ റെയില്‍വേയുടെ ചുമതല നല്‍കുകയായിരുന്നു.

പതിനായിരത്തിലധികം ട്രെയിനുകളാണ് ദിനംപ്രതി ഓടിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് റെയില്‍വേയിലുള്ള പ്രതീക്ഷ സംബന്ധിച്ച് സര്‍ക്കാരിന് നന്നായിട്ടറിയാം. ആ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രെയിന്‍ സമയം കൃത്യമായി പാലിക്കലും ശുചിത്വവും കര്‍ശനമാക്കുമെന്നും ശുചിത്വമില്ലാത്ത ടോയ്‌ലറ്റുകള്‍ ഒരു വലിയ പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more