| Saturday, 27th April 2024, 4:34 pm

ഫ്‌ളാറ്റില്‍ തളച്ചിട്ട ബോഡി ഗാര്‍ഡ്, അഥവാ പവി കെയര്‍ടേക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിയര്‍ ഫ്രണ്ടിന് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ബാന്ദ്ര, തങ്കമണി എന്നീ വന്‍ പരാജയങ്ങള്‍ക്ക് ശേഷം ദിലീപ് നായകനായ ചിത്രത്തിന്റെ ട്രയ്‌ലറും ടീസറുമെല്ലാം ഫീല്‍ ഗുഡ് സിനിമ എന്ന ഫീലായിരുന്നു തന്നത്. ദിലീപ് തന്റെ സേഫ് സോണായ കോമഡിയിലേക്ക് തിരിച്ചെത്തുന്നു എന്നായിരുന്നു ദിലീപ് ആരാധകരുടെ വാദം.

എന്നാല്‍ സിനിമയില്‍ കോമഡി ചെയ്യാന്‍ കഷ്ടപ്പെടുന്ന ദിലീപിനെയാണ് കാണാന്‍ സാധിച്ചത്. മലയാളസിനിമയിലെ കോമഡിയുടെ നിലവാരം മാറിയതറിയാതെ തലയില്‍ മൈദയും മുളകുപൊടിയും വീഴുന്നതൊക്ക തമാശയായി കരുതുന്ന ദിലീപിന്റെ കാട്ടിക്കൂട്ടലുകളാണ് സിനിമയുടെ ആദ്യപകുതി. 2010ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ബോഡിഗാര്‍ഡിന്റെ അതേ പ്രമേയത്തിലേക്ക് മൂന്ന് നായികമാരെയും, ഒറ്റക്ക് ജീവിക്കുന്ന നായകന് കൂട്ടായി നില്‍ക്കുന്ന നായയെയും ചേര്‍ത്തതാണ് സിനിമയുടെ കഥ.

നഗരത്തിലെ ഫ്‌ളാറ്റിലെ കെയര്‍ടേക്കര്‍ കം സെക്യൂരിറ്റിയായ പവിത്രനായാണ് ദിലീപ് എത്തുന്നത്. അന്യരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നത് തന്റെ കടമയാണെന്ന കരുതുന്ന കഥാപാത്രമാണ് പവിത്രന്‍. ആദ്യപകുതിയിലെ വീണുകൊണ്ടുള്ള കോമഡിയും അലറിക്കൊണ്ടുള്ള കോമഡിയും കാണുമ്പോള്‍ 2000ല്‍ നിന്ന് വണ്ടി കിട്ടിയില്ലേ എന്ന് തോന്നിപോകും. കോമഡിക്ക് ക്ഷാമമുള്ളതുകൊണ്ടാകാം, സ്ത്രീകളുടെ വസ്ത്രങ്ങള്‍ വെച്ചുള്ള കോമഡി വലിയ സംഭവമായി ഇപ്പോഴും അവതരിപ്പിക്കുന്നത്.

രണ്ടാം പകുതിയില്‍ പരസ്പരം കാണാതെയുള്ള പ്രണയത്തിന്റെ സീനുകളും ക്ലൈമാക്‌സും കാണുമ്പോള്‍ ബോഡിഗാര്‍ഡിനാണോ ടിക്കറ്റെടുത്തതെന്ന് തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. സിനിമയില്‍ ആകെ ആശ്വാസം തോന്നിയ സീനുകള്‍ ബ്രോ എന്ന നായയും ദിലീപും തമ്മിലുള്ള ഇമോഷണല്‍ ബോണ്ടിങും, അഭിലാഷ് ജോര്‍ജിന്റെ പ്രിന്‍സ് എന്ന കഥാപാത്രവും മാത്രം.

സ്ത്രീകളറിയാതെ അവരുടെ വീഡിയോ എടുക്കുന്ന പയ്യനോട് ദേഷ്യപ്പെടുന്നതും, ഒളിക്യാമറ വെക്കാത്തത് തന്റെ മാന്യതയാണെന്നുള്ള ഡയലോഗും സ്വയം വെളുപ്പിക്കാന്‍ വേണ്ടി നിര്‍മാതാവ് കൂടിയായ ദിലീപ് മനഃപൂര്‍വം ഉള്‍പ്പെടുത്തിയതാണോ എന്ന സിനിമ കണ്ടപ്പോള്‍ ഓര്‍ത്തുപോയി. ഇതേ കഥാപാത്രം പിന്നീട് ഡ്രോണ്‍ ഉപയോഗിച്ച് നായികയുടെ റൂമിലേക്ക് ഒളിഞ്ഞുനോക്കുന്നതൊക്കെ അസഹനീയമെന്നേ പറയാന്‍ കഴിയൂ.

പ്രായത്തിന്റെ അവശത മുഖത്ത് കാണാന്‍ സാധിക്കുന്ന ദിലീപിന്റെ റൊമാന്‍സും സിനിമയില്‍ കല്ലുകടിയാകുന്നുണ്ട്. സിനിമയുടെ മുന്നോട്ടുള്ള പോക്കില്‍ പ്രത്യേകിച്ചൊരു ഇംപാക്ടും ഉണ്ടാക്കാത്ത രണ്ട് സ്ത്രീ കഥാപാത്രങ്ങളും സിനിമയിലുണ്ട്. ആരാധകവൃന്ദം ഫീല്‍ ഗുഡ് കോമഡി എന്ന് അവകാശപ്പെടുന്ന സിനിമയില്‍ ഇക്കിളിയിട്ടാല്‍ പോലും ചിരി വരാത്ത കോമഡികളുടെ അതിപ്രസരം കൊണ്ട് ശരാശരിയില്‍ താഴെ നില്‍ക്കുന്ന അനുഭവം മാത്രമായി മാറുന്നു.

Content Highlight: Pavi Caretaker personal opinion

We use cookies to give you the best possible experience. Learn more