പാരിസ്: ടെലഗ്രാമിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഫ്രാന്‍സില്‍ അറസ്റ്റിലായതിന് പിന്നാലെ ടെലഗ്രാമില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താനൊരുങ്ങി പവേല്‍ ദുരോവ്. കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന ആപ്പിലെ ചില ഫീച്ചറുകള്‍ പിന്‍വലിച്ചതായും ചില പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതായും ദുരോവ് അറിയിച്ചിട്ടുണ്ട്.
‘ടെലഗ്രാം 10 മില്ല്യണ്‍ പെയിഡ് സബ്‌സ്‌ക്രൈബേഴ്‌സിലെത്തിയിരിക്കുകയാണ്. ഇന്ന് നമ്മള്‍ പുതിയ ചില ഫീച്ചേഴ്‌സ് അവതരിപ്പുകയും കാലഹരണപ്പെട്ട ചില ഫീച്ചേഴ്‌സ് പിന്‍വലിക്കുകയും ചെയ്യുകയാണ്. ടെലഗ്രാമില്‍ വെറും 0.1 ശതമാനം ആളുകള്‍ ഉപയോഗിച്ചിരുന്ന പീപ്പിള്‍ നിയര്‍ബൈ ഫീച്ചര്‍ പിന്‍വലിക്കും. കാരണം അത് തട്ടിപ്പുകാര്‍ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു.
അതിന് പകരം ബിസിനസ് നിയര്‍ബൈ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ബിസിനസ് കാറ്റലോഗുകള്‍ പ്രദര്‍ശിപ്പിക്കാനും പേയ്‌മെന്റുകള്‍ സ്വീകരിക്കാനും സാധിക്കും. ഇതിന് പുറമെ ടെലഗ്രാഫിലെ മീഡിയ അപ്‌ലോഡിങ് ഫീച്ചറും അജ്ഞാതരുടെ ദുരുപയോഗം കാരണം പ്രവര്‍ത്തനരഹിതമാക്കുകയാണ്,’ ദുരോവ് ടെലഗ്രാമില്‍ കുറിച്ചു.
ടെലഗ്രാമിലെ 99.999 ശതമാനം ഉപയോക്താക്കള്‍ക്കും കുറ്റകൃത്യവുമായി യാതൊരു ബന്ധമില്ലെന്നും എന്നാല്‍ ബാക്കിവരുന്ന 0.001 ശതമാനം ആളുകള്‍ കാരണം മുഴുവന്‍ ഉപയോക്താക്കളുടേയും പ്രതിച്ഛായ നഷ്ടപ്പെടുകയാണെന്നും അതിനാലാണ് ഈ വര്‍ഷം പുതിയ മാറ്റങ്ങള്‍ വരുത്തിയതെന്നും ദുരോവ് പോസ്റ്റില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ടെലഗ്രാം മേധാവിയായ ദുരോവിന് ഉപാധികളോട ഫ്രഞ്ച് ഭരണകൂടം ജാമ്യം അനുവദിച്ചത്. കേസില്‍ 50 ലക്ഷം രൂപ യൂറോ കെട്ടിവെച്ച് ആഴ്ച്ചയില്‍ രണ്ട് ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ദുരോവിന് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ നടപടി അവസാനിക്കുന്നത് വരെ രാജ്യം വിട്ട് പോവരുതെന്നും നിര്‍ദേശമുണ്ട്. ജയലില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ തന്റെ ആദ്യ പ്രതികരണത്തില്‍ ടെലഗ്രാമിലെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദുരോവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടികള്‍.
മയക്കുമരുന്ന് കടത്ത്, തട്ടിപ്പ്, സൈബര്‍ ബുള്ളിയിങ്, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഫ്രാന്‍സിലെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ഏജന്‍സിയായ ഒ.എഫ്.എം.ഐ.എന്‍ ആണ് ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 25ന് അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് പാരിസിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ദുരോവ് അറസ്റ്റിലാവുന്നത്.
എന്നാല്‍ അറസ്റ്റിന് ഒരാഴ്ച്ചയ്ക്ക് ശേഷം ജാമ്യത്തിലിറങ്ങിയ ദുരോവ് തന്റെ അറസ്റ്റ് തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്ന് പ്രതികരിച്ചിരുന്നു. തന്റെ ഉടമസ്ഥതയ്ക്ക് കീഴിലുള്ള മെസേജിങ് ആപ്പില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയാണെന്ന് പറയുന്നത് ആശ്ചര്യകരമാണെന്ന് പറഞ്ഞ ദുരോവ് ഫ്രഞ്ച് അധികാരികള്‍ അവരുടെ പരാതിയുമായി ആദ്യം സമീപിക്കേണ്ടിയിരുന്നത് കമ്പനിയെ ആയിരുന്നെന്നും അഭിപ്രായപ്പെട്ടു.
പുതിയ സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞ ദുരോവ് ആ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി നിര്‍മാതാവ് ഉത്തരം പറയേണ്ടിവരുമെന്ന് അറിഞ്ഞാല്‍ ആരും പുതിയ ടൂളുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കില്ലെന്നും പറഞ്ഞു.