പാവറട്ടി കസ്റ്റഡി മരണക്കേസ്; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
Kerala News
പാവറട്ടി കസ്റ്റഡി മരണക്കേസ്; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2019, 9:41 am

തൃശ്ശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, നിധിന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും നേരത്തെ കേസില്‍ എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ഉമ്മര്‍, എം.ജി.അനൂപ്കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം.സ്മിബിന്‍, എം.ഒ.ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി.ശ്രീജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതിചേര്‍ക്കപ്പെട്ടവരില്‍ എക്സൈസ് ഡ്രൈവര്‍ വി ബി ശ്രീജിത്തിനെ ഒഴിവാക്കിയിരുന്നു. ശ്രീജിത്ത് മര്‍ദ്ദനത്തില്‍ പങ്കാളിയല്ലാത്തതിനാലാണ് ഇയാളെ കേസില്‍ പ്രതി ചേര്‍ക്കാത്തതെന്ന് പൊലീസ് പറഞ്ഞു.

തൃശ്ശൂര്‍ പാവറട്ടിയില്‍ കഞ്ചാവുമായി പിടികൂടിയ പ്രതി രഞ്ജിത്ത് എക്സൈസ് കസ്റ്റഡിയില്‍ മരണപ്പെടുകയായിരുന്നു. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്.

മലപ്പുറം തിരൂര്‍ സ്വദേശിയാണ് മരിച്ച രഞ്ജിത്ത് കുമാര്‍. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂര്‍ എക്സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രഞ്ജിത്തിന്റെ കുടുംബം പരാതിയുമായി രംഗത്തു വന്നിരുന്നു.

DoolNews Video