| Sunday, 3rd March 2024, 12:42 pm

എവിടെ ആയിരുന്നു ഇത്രയും കാലം? കൊടുങ്കാറ്റായി ധോണിയുടെയും കോഹ്‌ലിയുടെയും പഴയ തുറുപ്പുചീട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വെറ്ററന്‍സ് പ്രീമിയര്‍ ലീഗില്‍ വി.വി. ഐ.പി ഉത്തര്‍പ്രദേശിന് തകര്‍പ്പന്‍ വിജയം. ഛത്തീസ്ഗഡ് വാരിയേഴ്‌സിനെ 16 റണ്‍സിനാണ് ഉത്തര്‍പ്രദേശ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഉത്തര്‍പ്രദേശിനായി ഇന്ത്യന്‍ താരം പവന്‍ നേഗി മികച്ച പ്രകടനമാണ് നടത്തിയത്. 54 പന്തില്‍ 83 റണ്‍സ് നേടിക്കൊണ്ടായിരുന്ന താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. അഞ്ച് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്‌സുകളുമാണ് നേഗിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 153.70 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

മത്സരത്തില്‍ ടോസ് നേടിയ ഛത്തീസ്ഗഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. പവന്‍ നേഗിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഉത്തര്‍പ്രദേശിനെ കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്.

ഛത്തീസ്ഗഡ് ബൗളിങ്ങില്‍ കാലിം ഖാന്‍, ഗുര്‍ക്രീത് സിങ് മാന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ വാരിയേഴ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനാണ് സാധിച്ചത്.

വാരിയേഴ്സ് ബാറ്റിങ്ങില്‍ നമാൻ ഓജ 48 പന്തില്‍ 72 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാലു വീതം ഫോറും സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഗുര്‍ക്രീത് സിങ് മാന്‍ 28 പന്തില്‍ 37 റണ്‍സും ജതിന്‍ സ്‌കസേന 14 പന്തില്‍ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയിട്ടും 16 റണ്‍സകലെ ചത്തീസ്ഗഡിന് വിജയം നഷ്ടമാവുകയായിരുന്നു.

ഉത്തര്‍പ്രദേശ് ബൗളിങ്ങില്‍ മോനു കുമാര്‍ നാല് വിക്കറ്റും ക്രിസ് എംപോഫു മൂന്നു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Pavan negi great performance in Indian veterans premiere league

We use cookies to give you the best possible experience. Learn more