വിജയവാഡ: മഴക്കെടുതിമൂലം 17ഓളം പേര്‍ മരണപ്പെട്ട ആന്ധ്രാപ്രദേശിലെ ദുരന്തത്തില്‍ പ്രതികരണവുമായി നടനും ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്ല്യാണ്‍. ടി.ഡി.പിക്ക് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന വൈ.എസ്.ആര്‍.സി.പി ഗവണ്‍മെന്റ് ആന്ധ്രയിലെ ചെറുകിട ജലസേചന പദ്ധതികളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത് നിലവിലെ ദുരന്തത്തിന ആക്കം കൂട്ടിയെന്നാണ് പവന്‍ കല്ല്യാണ്‍ ആരോപിച്ചിരിക്കുന്നത്.
ഇതിന് പുറമെ തെലങ്കാനയില്‍ നിന്ന് ഒഴുകിയെത്തുന്ന പ്രളയജലവും സംസ്ഥാനത്തെ ദുരന്തത്തിന് ആക്കം കൂട്ടിയെന്ന് പറഞ്ഞ പവന്‍ കല്ല്യാണ്‍ ദുരന്തത്തില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും ചെയ്തിട്ടുണ്ട്.
‘മുന്‍കാല ഗവണ്‍മെന്റ് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ പരാജയപ്പെട്ടു. അതുപൊലെ തന്ന ബുഡാമേരു കനാല്‍ സ്ട്രീമിന്റെ കാര്യത്തിലും അവര്‍ ജാഗ്രതക്കുറവ് കാണിച്ചു. എന്തിന് ചെറുകിട ജലസേചന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പോലും അവര്‍ ശ്രദ്ധ കാണിച്ചില്ല. എന്നാല്‍ ഞങ്ങള്‍ അണ്ണാമയ്യ പ്രൊജക്ടിന്റെ സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് കൊണ്ടിരിക്കുകയാണ്.
ബുഡാമേരു കനാല്‍ പ്രൊജക്ട് ആന്ധ്രാപ്രദേശിലെ ബുഡാമേരു നദിയുടെ വഴിതിരിച്ചുവിടുന്നതിനായി ആരംഭിച്ച പദ്ധതിയാണ്. കൊല്ലേരു തടാകത്തിലെ ജലനിരപ്പ് 14 ഇഞ്ച് കുറയ്ക്കുക ഇതുവഴി 25,000 ഏക്കര്‍ ഭൂമിയെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കുക എന്നതുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
നാല് ദിവസങ്ങളായി അതിതീവ്രമഴയാല്‍ സംസ്ഥാനം ദുരിതത്തിലാണ്. അതിനാല്‍ തന്നെ ഈ നിമിഷത്തില്‍ വിജയവാഡയുടെ കാര്യത്തില്‍ അല്‍പ്പം കൂടി ശ്രദ്ധ നല്‍കേണ്ടതുണ്ട്. നിലവില്‍ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി 262 പഞ്ചായത്തിരാജ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ സന്ദര്‍ഭത്തില്‍ ഒരു കോടി രൂപ ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. ഈ സന്ദര്‍ഭത്തില്‍ എല്ലാവരും അവര്‍ക്ക് കഴിയുന്നത് പോലെ സഹായിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. സര്‍ക്കാര്‍ ദുരന്തം ബാധിച്ച ഓരോ ജില്ലയ്ക്ക് വേണ്ടിയും 80 കോടി രൂപയാണ് ചെലവാക്കുന്നത്,’ പവന്‍ കല്ല്യാണ്‍ പറഞ്ഞു.
ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ 33 പേര്‍ (തെലങ്കാന-16, ആന്ധ്രപ്രദേശ്-17) മരണപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കനത്ത മഴ കാരണമുണ്ടായ വെള്ളപ്പൊക്കമാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Pavan Kalayan criticize Y.R.S.C.P Govt over flood in Andhra Pradesh